എവിടേക്കാണ് സാർ പോകേണ്ടത് – ഷാജി ചോദിച്ചു
ഗ്രാൻഡ് ഹയാത്തിൽ ആണ് ഇവർക്ക് താമസം ഒരുക്കിയിരിക്കുന്നത് അങ്ങോട്ട് ആദ്യം .. അവിടെ നിന്നും എനിക്ക് റാന്നിക്ക് പോകണം – . ബോസിനും ഭാര്യക്കും ..നാളെ മുതൽ രണ്ടാഴ്ച ആയുർവേദിക് സുഖ ചികിത്സ ഉണ്ട് അതിനു ശേഷം കേരള ടൂർ എന്നതാണ് അവരുടെ പ്ലാൻ.. നാളെ രാവിലെ ആയുർവേദിക് റിസോർട്ടിൽ നിന്നും വണ്ടി വന്നു അവരെ ഹോട്ടലിൽ നിന്നും കൂട്ടികൊണ്ട് പൊക്കോളും.. ബിനു ഗൗരവത്തിൽ തന്നെ പറഞ്ഞു.ഷാജി തലയാട്ടി സമ്മതിച്ചു അവരെ ഹോട്ടലിൽ കൊണ്ട് ചെന്നാക്കി..
ഷാജിയുടെ മാന്യമായ പെരുമാറ്റത്തിൽ സംതൃപ്തനായ ബോസ് തിരികെ പോകാൻ നേരം അമ്പതു ഡോളർ എടുത്ത് അവന് ടിപ്പ് ആയി നൽകി.. സന്തോഷപൂർവം അതും വാങ്ങി ഷാജിയും ബിനുവും ഹോട്ടലിൽ നിന്നും യാത്ര തിരിച്ചു.. ബിനു ഗൗരവത്തിൽ തന്നെ ഇരിക്കുകയാണ് ..നഗരത്തിരക്ക് ഒന്ന് കഴിഞ്ഞപ്പോ സൈഡ് ചേർത്ത് വണ്ടി ഒന്ന് നിർത്താൻ ബിനു ആവശ്യപ്പെട്ടു ..സൈഡ് ചേർന്ന് നിർത്തിയതും ബിനു എടുത്തണിഞ്ഞിരുന്ന ഗൗരവമുഖം മാറ്റി പൊട്ടിച്ചിരിക്കാൻ തുടങ്ങി ..അവന്റെ ചിരി കണ്ടു ഷാജിയും ചിരി തുടങ്ങി
എന്ത് കോലം ആണെടാ ഇത് …നീ കറുത്ത പാന്റും വെള്ള ഉടുപ്പും ..നീയങ്ങു ടാക്സി ഡ്രൈവർ ആയി അഭിനയിച്ചു തകർക്കുക ആയിരുന്നല്ലോ ഒരു തൊപ്പി കൂടി വേണമായിരുന്നു
നീയല്ലേ പറഞ്ഞത് പക്കാ ഡ്രൈവർ ആകണം എന്ന് ..എന്നാൽ പിന്നെ ഒട്ടും കുറക്കണ്ട എന്ന് ഞാനും കരുതി
ഏതായാലും നന്നായിട്ടുണ്ട്
കോപ്പ് എനിക്കീ പാന്റ് ഇടുന്നതു പണ്ട് തൊട്ടേ ഇഷ്ടം അല്ല എന്ന് നിനക്കറിയില്ലേ.. മുണ്ടാണ് നമ്മുടെ ഫേവറേറ്റ് ..
ഏതായാലും നീ പാന്റും ഒക്കെ ഇട്ടു നല്ല ഡീസന്റ് ഡ്രൈവർ ആയി വന്നതുകൊണ്ട് പറഞ്ഞത് കൂടാതെ അമ്പതു ഡോളർ ടിപ്പ് കിട്ടിയില്ലേ സ്മരണ വേണം തേവരേ സ്മരണ
സ്മരണ ഇപ്പോഴും ഉണ്ടാകും തേവരേ നീ ഇങ്ങനെ നല്ല ഒരു ഓട്ടം പിടിച്ചു തന്നില്ലായിരുന്നു എങ്കിൽ തെണ്ടിപ്പോയേനെ സാമാന്യം നല്ല കടത്തിൽ നിൽക്കുവാരുന്നു ഈ മാസം എങ്ങനെ ഓടിക്കും എന്നോർത്ത് നിന്നപ്പോഴാ നിന്റെ ഓഫർ .. കണ്ണടച്ച് സമ്മതിക്കാൻ സ്മിതയും പറഞ്ഞു ഒരു മാസം കഴിഞ്ഞിട്ട് തിരിച്ചു വന്നാലും മതി കടം തീർക്കാനുള്ള കാശു കൊണ്ടേ വരാവൂ എന്ന് പറഞ്ഞു – സ്മിത ഷാജിയുടെ ഭാര്യയാണ് ആ കഥ പിന്നീട് വിശദമായി പറയാം ..
അവൾ അങ്ങനെ പറഞ്ഞെങ്കിൽ അത് നിന്റെ ശല്യം കാരണം ആകും ഒരു മാസം റസ്റ്റ് കിട്ടൂല്ലോ എന്നോർത്ത് കാണും ..നിന്റെ ആക്രാന്തം ഇതുവരെ കുറഞ്ഞില്ലെടേ കല്യാണം കഴിഞ്ഞിട്ട് കൊല്ലം രണ്ടായില്ലേ
റസ്റ്റ് ആക്രാന്തം അതിനെക്കുറിച്ചൊന്നും പറയാതിരിക്കുകയാ ഭേദം ..അതൊക്കെ പിന്നെ പറയാം.. ഏതായാലും ഓർക്കാപ്പുറത്തു പത്തുനാലായിരം രൂപ ടിപ്പ് ആയി കിട്ടിയതല്ലേ, രണ്ടെണ്ണം വീശണം ഏതേലും ബാറിൽ പോയാലോ
ബാറിലും കീറിലും ഒന്നും പോകണ്ടടാ എന്റെ ഫ്രണ്ടിന്റെ ഹോട്ടൽ ഉണ്ട് ഇവിടെ .. അവനതു തുടങ്ങിയപ്പോ മുതൽ വിളിക്കുന്നതാ ഇതുവരെ പോകാൻ സമയം കിട്ടിയില്ല നമുക്ക് അങ്ങോട്ട് പോകാം, ഞാൻ ആണെങ്കിൽ നല്ലപോലെ ഒന്ന് ഉറങ്ങിയിട്ട് നാല് ദിവസം ആയി, പോരുന്നതിനു മുൻപ് തീർക്കേണ്ട ഒത്തിരി വർക്കുകൾ ഉണ്ടായിരുന്നു .. നിന്നോടിനി ഒരു മാസം കഴിഞ്ഞു വീട്ടിലോട്ട് ചെന്നാൽ മതി എന്നല്ലേ സ്മിതയും പറഞ്ഞിരിക്കുന്നത്..
എന്നാൽ പിന്നെ അങ്ങനെ ആകട്ടെ ഏതേലും ബിവറേജിൽ നിന്നും സാധനം വാങ്ങാം
നീ ഒരു കോപ്പും വാങ്ങേണ്ട സാധനം എന്റെ കയ്യിൽ ഉണ്ട് ഡ്യുട്ടി ഫ്രീയിൽ നിന്നും വാങ്ങിയിരുന്നു
ഹേ എന്നിട്ട് നീ അതിതു വരെ പറഞ്ഞില്ലല്ലോ ..വണ്ടിയിൽ എടുത്തു വച്ചിട്ടും ഞാൻ അറിഞ്ഞില്ലല്ലോ മണം പോലും കിട്ടിയില്ലല്ലോ അല്ലേലും പണ്ടാരം കൊറോണ വന്നതിനു ശേഷം മണം ഒന്നും കിട്ടില്ല
അല്ലേലും ഫുൾ പാക്കഡ് സാധനത്തിന്റെ മണം കിട്ടില്ലടാ പൊട്ടാ – ഏതായാലും ഞാൻ തോമസിനെ വിളിക്കട്ടെ , നിന്റെ മൊബൈൽ ഒന്ന് തന്നേ – ഷാജിയുടെ മൊബൈലിൽ നിന്നും വിനു സുഹൃത്തായ തോമസിനെ വിളിച്ചു.. അവര് ടൗണിൽ തന്നെ ഉണ്ട് എന്ന് അറിഞ്ഞപ്പോ തോമസ് പെട്ടന്ന് ഹോട്ടൽ ലൊക്കേഷൻ അയച്ചു കൊടുത്തു,
