“ആ ഞാൻ നാളെ അങ്ങോട്ട് വിളിക്കാം. എന്നും പറഞ്ഞു ഞാൻ ഫോൺ വെച്ചു.
വാസ്തവത്തിൽ അവൾ ഇങ്ങോട്ട് വിളിക്കുമ്പോൾ തന്നെ എനിക്ക് മരണ ടെൻഷൻ ആണ്. നാളെ അങ്ങോട്ട് വിളിക്കണല്ലോ എന്നാലോചിച്ചു എനിക്ക് ഉറക്കം പോയി. പിറ്റേന്ന് രാവിലെ സ്കൂളിൽ വെച്ച് ആരും കാണാതെ അവൾ ഓര്മിപ്പിക്കേം ചെയ്തു.
“ഇന്ന് വിളിക്കൂലേ…
‘ആ വിളിക്കാം, ഫോൺ നിന്റെ കയ്യിൽ തന്നെ ആവൂലെ?..
.ഞാൻ സംശയിച്ചു കൊണ്ടു ചോദിച്ചു.
“ആ പേടിക്കണ്ട എന്റെ ഫോൺ തന്നെ ആണ് “
അതും പറഞ്ഞു
നിറഞ്ഞ പുഞ്ചിരി സമ്മാനിച്ചു അവൾ പോയി. പോവുന്നതിന്റെ ഇടക്ക് എന്നെ പലകുറി തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.
അങ്ങനെ വീട്ടിലെത്തി വൈകുന്നേരം ആയി അമ്മ സീരിയൽ കാണുന്നതിന്റെ ഇടക്ക് ഞാൻ ഫോൺ പൊക്കി ഞാൻ മുറ്റത്തേക്കിറങ്ങി. അവളുടെ നമ്പർ ഡയൽ ചെയ്തു.റിങ് ചെയ്യുന്നതിനോടൊപ്പം എന്റെ ഹൃദയമിടിപ്പും കൂടി വന്നു. മറുതലക്കൽ ഫോൺ എടുത്തു
ഹലോ….
ഞാൻ വിറയാർന്ന ശബ്ദത്തോടെ പറഞ്ഞു.
ഹലോ.. ഇതാരാ..
മറുതലക്കൽ ഗംഭീര്യമുള്ള ഒരു സ്ത്രീ ശബ്ദം!.
അവൾ അല്ലെന്ന് അറിഞ്ഞതും.എന്റെ പകുതി ജീവൻ പോയി. അവളല്ലാതെ ആരെങ്കിലും ഫോൺ എടുക്കുവാണേൽ ആ നിമിഷം റോങ് നമ്പർ എന്നും പറഞ്ഞു ഫോൺ വെക്കണം എന്ന് ഇക്കാര്യത്തിൽ ഗുരു സ്ഥാനീയനായ എന്റെ ചങ്ക് ജിഷ്ണു എന്നോട് വിശദമായി ക്ലാസ്സ് എടുത്തു തന്നിരുന്നെങ്കിലും അതൊന്നും എനിക്കപ്പോൾ തോന്നിയില്ല
“ഇത്.. അഭിലാഷ് ആണ്. ആതിര ഇല്ലേ..”
മരപ്പൊട്ടനായ ഞാൻ പേരടക്കം പറഞ്ഞു കൊടുത്തു.
“ആതിരാ കുളിക്കാണ് എന്ത് വേണം.?
സ്ത്രീ ശബ്ദം കൂടുതൽ കനത്തു. അത് അവളുടെ അമ്മയാണെന്ന് ഞാൻ ഊഹിച്ചു.
“ഞാൻ അവളെ കിട്ടാൻ വിളിച്ചതാണ്… “ഞാൻ പതിയെ പറഞ്ഞു.
“അവളെ എന്തിനാ വിളിക്കുന്നെ അത് പറ “
“അത്.. സംസാരിക്കാൻ..
ഞാൻ ധൈര്യം സംഭരിച്ചുകൊണ്ടു പറഞ്ഞു.
“നിനക്കെന്താടാ എന്റെ മോളോടിത്ര സംസാരിക്കാൻ”
അവളുടെ അമ്മയുടെ ശബ്ദം ഉയർന്നു.
“ഞാൻ കുറെ ദിവസമായി ഇത് ശ്രദ്ധിക്കുന്നു.അവൾ എന്നും നിന്റെ ഫോണിലേക്ക് വിളിക്കുന്നുണ്ട്. എന്റെ മോളെ ശല്യം ചെയ്താൽ നിന്നെ ഞാൻ ശരിയാക്കും. മേലാൽ ഈ ഫോണിലേക്ക് വിളിച്ചു പോവരുത്. “.ആ താടക പറഞ്ഞു നിർത്തി.
തൊമ്മനും മക്കളും സിനിമയിൽ സലീം കുമാർ പറയുന്ന പോലെ അതെനിക്ക് ഇഷ്ടായില്ല. അല്ലെങ്കിലും അമ്മ അല്ലാതെ വേറൊരു പെണ്ണ് നമ്മളോട് ശബ്ദം ഉയർത്തി സംസാരിക്കുന്നത് ഒരു ശരാശരി മലയാളിക്ക് ഇഷ്ടം അല്ലല്ലോ.
“നിങ്ങള് പോയി പണി നോക്ക് തള്ളേ, അവളെ എനിക്ക് ഇഷ്ടമാണ് ഞാൻ ഇനീം വിളിക്കും “
ഒറ്റശ്വാസത്തിൽ പറഞ്ഞു ഞാൻ ഫോൺ വെച്ചു. എവിടുന്നാ ഈ ധൈര്യം വന്നത് എന്ന് ഞാൻ ശങ്കിച്ചു. മണ്ടത്തരമായോ? ഏയ്..
അതങ്ങനെ അവസാനിച്ചെന്ന് കരുതിയതാണ്. പിറ്റേന്ന് സ്കൂളിൽ ചെന്നപ്പോൾ അതാ സ്റ്റാഫ് റൂമിന്റെ വരാന്തയിൽ അവളും അവളുടെ അമ്മയും നിക്കുന്നു.
തലേന്നത്തെ ശൗര്യം ഒന്നും എനിക്കപ്പോൾ ഉണ്ടായിരുന്നില്ല. അവരെ കണ്ടതും എന്റെ തല ചുറ്റാൻ തുടങ്ങി. ആതിര എന്നെ ചൂണ്ടിക്കൊണ്ട് ആ സ്ത്രീയോട് എന്തൊക്കെയോ പറയുന്നുണ്ട്. എന്റെ ക്ലാസ്സിലെ മുഴുവൻ നാറികളും സർക്കസ് കാണാൻ നിക്കുന്ന പോലെ വരാന്തയിൽ തടിച്ചു കൂടീട്ടുണ്ട്.എന്നെ കണ്ടതും ജിഷ്ണു ഓടി വന്നു.
“നീ ഒന്നും പേടിക്കണ്ടടാ, ഞാൻ ഇതൊക്കെ എത്ര കണ്ടതാ “.
കാര്യം അറിഞ്ഞു കഴിഞ്ഞപ്പോൾ അവൻ പറഞ്ഞു. ഞാൻ ക്ലാസ്സിൽ തന്നെ ഇരുന്നു.അതിനിടെ ഓരോ നാറികളും വന്നു എന്നെ പോസ്റ്റ് മോർട്ടം ചെയ്യുന്നുണ്ടായിരുന്നു. ആതിര നിസ്സഹായ ഭാവത്തിൽ എന്നെ നോക്കി. കുറച്ചു കഴിഞ്ഞപ്പോൾ ക്ലാസ്സ് ടീച്ചറായ ഉഷ ടീച്ചർ വന്നു എന്നെ സ്റ്റാഫ് റൂമിലേക്ക് വിളിച്ചു. ചെന്ന് നിന്നത് എല്ലാ മാഷുമ്മാരുടെയും നടുക്ക്. എല്ലിൻ കഷ്ണം കിട്ടിയ നായ്ക്കളെ പോലെ അവർ എന്നെ പങ്കുവെച്ചു. അതിനിടെ ആ തള്ളയും എന്നെ എന്തൊക്കെയോ പറഞ്ഞു.ആകെ കഞ്ചാവടിച്ച അവസ്ഥ ആയിരുന്നത് കൊണ്ട് എനിക്കൊന്നും ഓർമ ഇല്ല
“നീ പഠിക്കുന്ന കുട്ടി ആയോണ്ടാണ് TC തരാത്തത്”
എല്ലാം കഴിഞ്ഞ് ഒടുവിൽ ഉഷ ടീച്ചർ ശവത്തിൽ ആണിയും അടിച്ചു. ആ സംഭവം കുറച്ചു കാലം ചർച്ചാ വിഷയം ആയിരുന്നു. പിന്നെ പലരും അത് മറന്നു തുടങ്ങി. ഒടുവിൽ ഞാൻ പോലും മറന്നു തുടങ്ങിയ നേരത്താണ് ഇവളെ വീണ്ടും കാണുന്നത്. ഞാൻ പ്ലസ് ടു ഓർമകളിൽ കുടുങ്ങി കിടക്കുകയാണെന്ന് മനസ്സിലായ ആതിര എന്റെ കയ്യിൽ തട്ടി എന്നെ ഉണർത്തി.
