“ ടീച്ചറമ്മേ! അരുത്, ഇങ്ങനെ ചിന്തിക്കുക പോലും ചെയ്യല്ലേ. അറിയോ? അച്ഛൻ മരിച്ചയന്ന് ഈ നശിച്ച നാട്ടിൽനിന്ന് പോകാനൊരുങ്ങിയതാ ഞാൻ. ഇവിടെ എന്നെ പിടിച്ചുനിർത്തിയ ഒരേയൊരു ഘടം ടീച്ചറാ… ഇനി ടീച്ചറൂടി എന്നെ വിട്ട് പോയാൽ… പിന്നെ ഞാനെന്തിനാ ഇവിടെ? വേണ്ട, മതി. ഇനി ആരെന്ത് പറഞ്ഞാലും എനിക്കൊന്നുമില്ല. ടീച്ചറെ വിട്ട് ഞാനൊരിടത്തോട്ടും പോകില്ല.” നീതുവിനെ നോക്കി തറപ്പിച്ചാണ് അവനത് പറഞ്ഞത്.
“ ദേ ചെക്കാ… നീയും ഈ തള്ളയും കാരണം എന്റെ ജീവിതം കുട്ടിച്ചോറായാൽ, രണ്ടിനേയും കൊണ്ട് എന്റെ ശവം തീറ്റിക്കും. പറഞ്ഞില്ലെന്ന്, വേണ്ട.” നീതു കലി തുള്ളി അകത്തേക്ക് പോയി എടുക്കാനുളളതൊക്കെ എടുത്ത് ഇറങ്ങിപ്പോയി. അന്നാണ് കണ്ണൻ അവളെ ആദ്യമായും അവസാനമായും കാണുന്നതും.
കാലം കടന്നുപോയി. മകൾക്ക് പോലും അവരുടെ ബന്ധം ഉലയ്ക്കാനായില്ല. കണ്ണൻ കോളേജിൽ ബി.എയ്ക്ക് ചേർന്നു. ഇപ്പോൾ നാട്ടുകാരുടെ സംശയം കോളേജിൽ ഇംഗ്ലീഷ് ലിറ്ററേച്ചർ പഠിക്കുന്ന കണ്ണന് ബയോളജി പഠിപ്പിക്കുന്ന ടീച്ചർ എന്ത് ട്യൂഷനാണ് എടുക്കുന്നതെന്നാണ്. അതോർത്ത് ഉറക്കം പോയ നാട്ടുകാരെ തക്കം പാർത്തിരുന്ന സതീശന്‍ ഒരു രാത്രിയില്‍ അംബികയുടെ വീടിന് ചുറ്റും വിളിച്ചുകൂട്ടി.
“ ഇങ്ങോട്ട് ഇറക്കിവിടെടീ അവനെ… രാത്രി 10 മണി കഴിഞ്ഞിട്ടും അവന്റെ ‘ബയോളജി’ നീ തീർത്തുകൊടുത്തില്ലേ? ഇത്രേം സ്റ്റാമിനയോ?”
“ സംഗതി ജോറായി കേട്ടോ. ഇതിപ്പൊ കുറെ വർഷമായി സ്പെഷ്യൽ ക്ലാസെന്നും പറഞ്ഞ് ഈ ചെക്കൻ രാത്രി സമയങ്ങളിൽ ഈ വീട്ടിൽ കേറിയിറങ്ങുന്നു. അന്നേ സംശയമുണ്ടായിരുന്നു. ഇപ്പൊ വ്യക്തമായല്ലോ.” ആരോ വിളിച്ച് പറഞ്ഞു.
“എന്നാലും ടീച്ചറാള് പുലിയാണ് കേട്ടോ. ഗൾഫിലുള്ള ആ പാവം കെട്ട്യോൻ ഇതറിയുമ്പോ കേറി വല്ല കടുംകയ്യും ചെയ്യുമോന്നാ.”
ആൾക്കൂട്ടത്തിൽ കമന്റുകൾ കേൾക്കെ കതക് അടച്ച് ഉള്ളിലിരുന്ന അംബിക ആകെ പരിഭ്രാന്തയായിപ്പോയിരുന്നു. വേച്ച് വീഴാൻ തുടങ്ങിയ അവളെ താങ്ങിപ്പിടിച്ച് നിൽക്കുകയായിരുന്നു കണ്ണൻ.
ആളുകൾ കൂവിവിളിച്ചുകൊണ്ടിരിക്കുമ്പോഴേക്കും പുറത്ത് പോലീസ് ജീപ്പ് വന്നുനിന്നു. അതുകണ്ടതും സതീശന്റെ മിഴികൾ ഒന്ന് തിളങ്ങി. ആൾക്കൂട്ടത്തിനിടയിലൂടെ എസ് ഐയും മറ്റ് പോലീസുകാരും വീടിന് മുന്നിലേക്ക് എത്തുമ്പോൾ അയാൾ അരികിലേക്ക് ഓടിച്ചെന്നു.
“ സാറേ… ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയ പരിപാടിയല്ല. കൊല്ലം കുറെയായി ആ ചെക്കന് ബയോളജി പറഞ്ഞുകൊടുക്കാനാണെന്ന് പറഞ്ഞ് രാത്രി മൊത്തം അവനെ വീട്ടിൽ വിളിച്ചുകേറ്റുന്നു. അന്ന് പിന്നെ പറഞ്ഞാൽ സദാചാരമായിപ്പോകും. ഗുരുശിഷ്യബന്ധം എന്നൊക്കെ പറഞ്ഞ് നമ്മളെ ഊമ്പനാക്കും. പക്ഷേ ഇപ്പൊ കോളേജിൽ ബി.എയ്ക്ക് പഠിക്കുന്ന ഇവൻ എന്തുണ്ടാക്കാനാ രാത്രി ട്യൂഷനെടുക്കുന്നത്? ചെന്ന് ചോദിക്ക് സാറെ.”
സതീശന്റെ വാക്കുകൾ കേട്ടുകൊണ്ട് എസ്ഐ ചുറ്റുമൊന്ന് കണ്ണോടിച്ചു.
“ അതിരിക്കട്ടെ, ഇവരെ പൂട്ടിയിടാൻ നിങ്ങൾക്കാരാ അനുവാദം തന്നത്?”
“ അവരെയാരും പൂട്ടി ഇട്ടിട്ടൊന്നുമില്ല.. ആൾക്കാര് കൂടിയപ്പോ അകത്തുനിന്നും ഡോർ ലോക്കാക്കിയേക്കുവാ. നാണംകെട്ട കൂട്ടം.” സതീശന്‍ അറപ്പോടെ പറഞ്ഞു.
“ ഓക്കെ, താനൊന്ന് മാറിക്കേ… ടീച്ചറേ, ഒന്ന് പുറത്തേക്ക് വന്നേ.. ബാക്കി കാര്യങ്ങൾ നമുക്ക് അതുകഴിഞ്ഞ് സംസാരിക്കാം.” എസ് ഐ കതകിൽ മുട്ടി.
അത് പറഞ്ഞപ്പോഴേക്കും കണ്ണൻ വീടിന്റെ മുൻവാതിൽ തുറന്നു. എല്ലാവരും ആർത്തിയോടെ എത്തിയൊളിഞ്ഞു ഉള്ളിലേക്ക് നോക്കവേ അംബികയുമായി അവൻ പതിയെ പുറത്തേക്ക് വന്നു. അതുകണ്ട് ചുറ്റും കൂടിയവർ കൂകിവിളിക്കുമ്പോൾ ആരൊക്കെയോ ആ രംഗങ്ങൾ മൊബൈലിൽ പകർത്താനുള്ള തിരക്കിലായിരുന്നു.
“ അകത്തൂന്ന് പൂട്ടിയോണ്ട് തുണിയും കോണാനുമൊക്കെ ഉടുക്കാൻ ആവശ്യത്തിന് സമയം കിട്ടി. അല്ലേ ടീച്ചറേ…” വഷളൻ ചിരിയുയോടെ സതീശന്‍ ചോദിച്ചു.
“ അംബികേ… പയ്യന്മാർക്ക് മാത്രേ അവസരമുള്ളോ… ഞങ്ങളെ കൂടി പരിഗണിക്കണേ…” വയസ്സൻ വറീതേട്ടൻ കമന്റടിക്കുമ്പോൾ അംബിക ഭയന്ന് കണ്ണന്റെ തോളില്‍ അള്ളിപ്പിടിച്ച് നിന്നു. കണ്ണന്റെ മുഖം കോപം കൊണ്ട് ചുവന്നു. അവൻ എസ് ഐയോട് ചോദിച്ചു.
