യക്ഷി – 3

കണ്ട മാത്രയിൽ ‘പുണ്ടച്ചി മക്കളെ’.. എന്ന് വിളിച്ച പപ്പക്ക് ഇപ്പൊൾ, സോഫിയയും മക്കളും ‘പുന്നാര മക്കളായി’ എന്നത് കാലം കാത്തു വെച്ച കാവ്യ നീതി!!

ഇന്ന് സോഫിയ ചേച്ചിക്ക് അടിപൊളി വീട് ആയി. സ്കൂട്ടി എടുത്തു. വീടിനോട് ചേർന്ന് ആടുഫാം തുടങ്ങി, ചേച്ചീടെ മക്കൾക്ക് നല്ല വിദ്യാഭ്യാസം കൊടുത്തു… പക്ഷേ എന്തൊക്കെ വന്നാലും ഞങ്ങടെ വീട്ടിൽ വരുമ്പോൾ ആ പഴയ സോഫിയ തന്നെ ആണ്…

***x** ***x** ***x**

ണി ണി ണി ണി….

അലാറം കിടന്നു തൊള്ള തുറക്കുവാണ്…

 

ഓരോന്ന് ആലോചിച്ച് ഉറക്കവും പോയി നേരവും പുലർന്നു. ഞാൻ മടുപ്പോടെ എണീച്ചു. അടുക്കളയിൽ നിന്നും പഴയ മലയാള ഗാനങ്ങൾ റേഡിയോയിൽ കേൾക്കാം.. അമ്മ എഴുന്നേറ്റിട്ടുണ്ട്.. ഞാൻ വേഗം കുളിച്ചു ഡ്രസ്സെല്ലാം മാറ്റി. ഭക്ഷണവും കഴിച്ചു. നേരത്തെ ഇറങ്ങാം എന്ന് വെച്ചു. ഇന്നലത്തെ സംഭവങ്ങൾ എല്ലാം കൂടി കാരണം തല പെരുത്ത് ഇരിക്കുകയാണ്. വീട്ടിൽ ഇരിക്കാൻ തോന്നുന്നുന്നില്ല. അപ്പോഴേക്ക് അമ്മ പോയി കഴിഞ്ഞിരിക്കുന്നു. ഞാനും ഇറങ്ങി…

“ഇന്നെന്നാടാ നേരത്തെ”..? ദുശ്ശകുനം പോലെ പുറകിൽ നിന്നൊരു ചോദ്യം.. പപ്പയാണ്. സിറ്റ് ഔട്ടിൽ ഇരുന്നു പത്ര പാരായണത്തിൽ ആയിരുന്നു. തലയിൽ നൂറു ചിന്തകൾ ഉള്ളതിനാൽ ഞാൻ അങ്ങോരെ കണ്ടില്ല…

“അത്.. പിന്നെ.. അൺ..  അല്ല..രാജീവൻ സാറിന്റെ ക്ലാസ്സോണ്ടായിരുന്നു പപ്പാ”.. പെട്ടന്നുള്ള ചോദ്യം കേട്ടപ്പോൾ ഞാൻ തപ്പി തടഞ്ഞു.

പപ്പ, പത്രം താഴ്ത്തി കണ്ണടക്ക് മുകളിലൂടെ ലോകത്തിലെ എല്ലാ തന്തപ്പിടീസും നോക്കുന്ന പോലെ എന്നെ ഒന്ന് ഇരുത്തി നോക്കി. എന്നിട്ട് ഒരു കണ്ണ് പകുതി അടച്ചുകൊണ്ട് ഏതാണ്ട് വലിയത് കണ്ടുപിടിച്ചപോലെ എന്നോട് ചോദിച്ചു..

 

“നീ ആ മാനസയെ കാണാൻ പോകുവല്ലേടാ”..??

 

എനിക്കങ്ങു ചൊറിഞ്ഞു കയറി. പക്ഷെ കയറിയ ചൊറി തീർക്കാൻ പറ്റിയ ഒരാൾ അല്ല എബ്രഹാം കോശി എന്ന് എനിക്ക് നന്നായി അറിയുന്നത് കൊണ്ട് ഞാൻ വളരെ അനുനയത്തിൽ പറഞ്ഞു.

“എന്റെ പൊന്നു പപ്പ.. എന്നെങ്കിലും പപ്പ പറഞ്ഞത് പോലെ മാനസയോട് എനിക്ക് എന്തെങ്കിലും തോന്നുവാണെങ്കിൽ ഞാൻ ആദ്യം വന്നു പപ്പയോട് പറയാം. പപ്പ അതങ്ങു കുളമാക്കി തന്നാ മതി. പ്രോമിസ്..”

പപ്പ എന്നെ അവിശ്വസനീയതോടെ നോക്കി. ഇതുവരെ പപ്പയോട് ഞാൻ ഇങ്ങനെ വലിയ കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ല.

“എന്നാൽ പപ്പ ഒരു കാര്യം ചെയ്, എന്നെ വിശ്വാസം ഇല്ലെങ്കിൽ ആ സത്യനങ്കിളിനെ വിളിച്ചൊന്ന് ചോദിക്ക് അവൾ ഇറങ്ങിയോ എന്ന്” ഞാൻ എൻ്റെ നിഷ്കളങ്കത മറച്ച് വെച്ചില്ല…

ഇങ്ങനെ ഒരു ഡയലോഗ് അടിച്ചാൽ മക്കളെ 100% വിശ്വസിക്കുന്ന തന്തമാരാണ് ലോകത്തുള്ള 99.9% പേരും… എന്നാൽ എബ്രഹാം കോശി അവശേഷിക്കുന്ന 0.1% കീടാണുവാണ്. ചിലപ്പോൾ എന്നെ അവിടെ നിർത്തി തന്നെ സത്യനങ്കിളിനെ വിളിച്ച് കളയും. എന്റെ ഭാഗ്യക്കേടിന് ആ പണ്ടാര പെണ്ണ് എങ്ങാനും അവളെ അമ്മയെ കെട്ടിക്കാൻ വീട്ടിൽ നിന്നും നേരത്തെ സ്‌കൂളിലേക്ക് ഇറങ്ങിയിട്ടുണ്ടെങ്കിൽ.. ഞാൻ പപ്പയുടെ ചുറ്റും ഒന്ന് നോക്കി.. കൈയെത്തും ദുരത്ത് പപ്പക്ക് ആക്സസ് ചെയാൻ പറ്റുന്ന ടൂൾസ് എന്തൊക്കെ ഉണ്ടെന്ന്..

സുബാഷ്..! മണി പ്ലാനിന്റെ ചട്ടിയിൽ എന്റെ കൈത്തണ്ടയുടെ വണ്ണമുള്ള നല്ല മുളവടി ചൂടിക്കയർ ചുറ്റി വെച്ചിട്ടുണ്ട്. അതെടുത്തു മോന്തക്ക് ഇട്ടു കുത്ത് ആണോ അതോ നേരെ തലയിൽ അടിയാണോ എന്ന് മാത്രം നോക്കിയാൽ മതി.. എന്റെ ഉച്ചിയിലൊരു തരിപ്പ് കയറി..

 

പപ്പ പയ്യെ ടീപ്പോയിൽ ഇരുന്ന കോഡ്‌ലെസ്സ് ഫോൺ എടുത്തു. എനിക്ക് ഉറപ്പായിരുന്നു ഈ തന്തക്കഴുവേറി അത് ചെയ്യും എന്ന്.. എന്നിട്ട് പതിയെ എന്നെ നോക്കി.. തുടർന്ന് വളരെ പതിയെ നമ്പറുകൾ കുത്താൻ തുടങ്ങി. ഇതാണ് മകൻ എന്ന നിലയിൽ പപ്പ എനിക്ക് തരുന്ന അവസാന അവസരം. ഒന്നെങ്കിൽ ഈ അവസരം വിനിയോഗിച്ച് പപ്പയുടെ കാലിലേക്ക് സ്റാഷ്ടന്ഗം വീണു ഞാൻ നുണ പറഞ്ഞതാണ് പപ്പാ എന്ന് വിളിച്ചു കരയണം. പപ്പക്കും അതാണ് വേണ്ടത്. ഞാൻ നുണ പറയുകയായിരുന്നു എന്ന് ഞാൻ തന്നെ പറയണം. അങ്ങനെ ആണെങ്കിൽ  എന്നെ പിടിച്ചു ഇപ്പൊ അച്ചാലും മുച്ചാലും പൊട്ടിക്കാം അതല്ല, മറിച്ച് പപ്പ തന്നെ കണ്ടു പിടിക്കുകയാണെങ്കിൽ, ഇവിടെ ആന ഇല്ലാത്ത ഒരു ആറാട്ട് തന്നെ നടക്കും! പിടിച്ചു മാറ്റാൻ അമ്മ പോലും ഇല്ല. അതുകൊണ്ട് തീരുമാനം എന്റേതാണ്.. എനിക്ക് അറിയാവുന്ന എല്ലാ ഹിന്ദു ദൈവങ്ങളേയും ക്രിസ്ത്യൻ ദൈവങ്ങളെയും വിളിച്ച് പ്രാർത്ഥിച്ചു..

മാനസ വീട്ടിൽ നിന്നും ഇറങ്ങിക്കാണല്ലേ…!

 

കൈയിൽ കിട്ടിയ എലിയെ കൊല്ലുന്നതിനു മുൻപ് പൂച്ച ഇട്ടു കളിപ്പിക്കുന്ന ഒരു കളിയുണ്ട്. ഒരുപാടങ്ങു രസിച്ചു മടുക്കുമ്പോൾ മാത്രമാണ് പൂച്ച എലിയെ കൊല്ലുക. അതുപോലെ ഈ രംഗം കോശി രസിച്ചുകൊണ്ട് ഇരിക്കുകയാണ്. നമ്പർ കുത്തി ഫോൺ ചെവിയിൽ വെച്ചു. എന്നിട്ട് പത്രം മടക്കി ടീപ്പോയിൽ വെച്ചു, കണ്ണട ഊരി അതിനു മുകളിൽ വെച്ചു. ഞാൻ ആകെ പേടിച്ചു വിറച്ച് ഇതെല്ലാം കണ്ട് നിൽക്കുകയാണ്. ചാരി ഇരുന്ന പപ്പ അൽപ്പം മുന്നോട്ട് ഒന്ന് ആഞ്ഞു ഇരുന്നു. ഇനി എന്താ നടക്കാൻ പോവുക എന്നത് ദൈവത്തിനു പോലും പിടിയില്ല. അത്രക്കും അപ്രവചനീയമാണ് നരിമറ്റത്തിൽ എബ്രഹാം കോശി…

 

എന്റെ തലക്കുള്ളിൽ നന്മ നിറഞ്ഞ മറിയവും രാമാ രാമാ.. കൃഷ്ണ കൃഷ്ണ.. കാസറ്റും തിരിച്ചും മറിച്ചും ഇട്ടു ഓടിക്കുകയാണ്. പപ്പ എന്നെ നോക്കാതെ മൂക്കിലെ പൊറ്റ തെരുപ്പിടിപ്പിച്ച്, നുള്ളി വലിച്ചു ഉരുട്ടി ഇരിക്കുകയാണ്. ഞാൻ എന്ത് ചെയ്യണം ഓടിയാലോ..? അതോ നിൽക്കണോ..? രണ്ടാണെങ്കിലും ഇന്ന് എന്റെ അന്ത്യമാണ്. ഇനി എല്ലാം മാനസയുടെ കൈയിൽ ആണ്… ഞാൻ ശവം പോലെ അങ്ങനെ നിന്നു. നിമിഷങ്ങൾക്ക് മണിക്കൂറിന്റെ ദൈർഗ്യം ഉള്ളത് പോലെ തോന്നി..

“ആഹ് എന്നടാവ്വെ.. ഇന്ന് ഡ്യൂട്ടി ഇല്ലായോ”..? പപ്പ നീട്ടി ചോദിക്കുവാണ്..

തീർന്നു… ഫോണിന്റെ മറുപുറം സത്യനങ്കിൾ തന്നേ..!! എന്റെ ഇടതുകാലിന്റെ പാദം നിലത്ത് നില്കാതെ പതിയെ വിറക്കാൻ തുടങ്ങി. ഇപ്പൊ മാനസ ഇറങ്ങിയോ എന്ന് ചോദിക്കും. അതോടെ തീരും എല്ലാം… ഞാൻ തല താഴ്ത്തി ശ്വാസം അടക്കിപ്പിടിച്ചു നിന്നു.

“ആഹാ.. അതുശരി.. എപ്പോ..!? ആഹാ.. ആഹാ.. യെന്നാന്നു..? ഓഹ്.. ഓഹ്.. അതുശരി” പപ്പയുടെ പതിവ് ശൈലിയിൽ ഇരുന്ന് സംസാരിക്കുകയാണ്.. എന്തെങ്കിലുമാവട്ടെ ഇതൊന്നു തീരുമാനം ആയി കിട്ടിയാൽ മതിയെന്നായി എനിക്ക്…

അപ്പൊ മോളോ..? മോളെന്തിയെ”… പപ്പ നൈസായിട്ട് വിളിച്ച കാര്യത്തിലേക്ക് കടന്നു…

“ഓഹോ..!! എപ്പോ”..!? പപ്പയുടെ ശബ്ദം അൽപ്പം കൂടി..

തീർന്നു.. എല്ലാം തീരുമാനം ആയി.. ആ പിശാച് പിടിച്ചപെണ്ണ് ഇന്ന് ഊക്കാനായിട്ട് നേരത്തെ ഇറങ്ങി. അല്ലെങ്കിൽ കണ്ട അവിടേം ഇവിടേം തട്ടി തടഞ്ഞ് നിന്ന് അവസാനം സ്‌കൂളിലേക്ക് കെട്ടി എടുക്കുന്നവളാണ്. ഇന്ന് അവൾ ആരുടെ അമ്മക്ക് പിണ്ഡം വെക്കാൻ നേരത്ത കെട്ടി എഴുന്നെള്ളിയതാ..!? ഇനി ഒരിക്കലും ആ നായിന്റെ മോൾക്ക് ഞാൻ കോപ്പി അടിക്കാൻ നിന്നു കൊടുക്കില്ല…

Leave a Reply

Your email address will not be published. Required fields are marked *