യക്ഷി – 3 2

ഒരു പുലകാർലെ, കക്കൂസില്ലാത്തിനാൽ പറമ്പിൽ വെളിക്കിറങ്ങിയ സോഫിയേടെ അമ്മച്ചി മറിയ ചേടത്തി, പതിവ് സമയം കഴിഞ്ഞിട്ടും തിരിച്ച് വരാത്തതിനാൽ അന്വേഷിച്ച് പോയപ്പോൾ കണ്ടത് കാട്ട് പന്നി കുത്തി നട കീറി രണ്ടായി പിളർന്നു കിടക്കുന്നതാണ്. അതോടെ ഒറ്റക്കായി സോഫിയ..

 

അമ്മച്ചി മരിച്ച് ഒരാണ്ട് കഴിയും മുന്നേ കാട് ഇറങ്ങി, തോടും മുറിച്ച് കടന്ന് വന്ന പുലിയോ കടുവയോ മറ്റും സോഫിയയുടെ ഏക വരുമാന മാർഗ്ഗമായ പൈയിനെയും കിടാവിനെയും കയറോടെ വലിച്ച് കൊണ്ട് പോയി. ജീവിതം വീണ്ടും വഴി മുട്ടിയ സോഫിയ മൂത്ത കൊച്ച് നിലീനെ ഏതോ അനാഥാലയത്തിൽ കൊണ്ട് ചെന്നാക്കി. അന്ന് അമ്മയുടെ കൈയിൽ നിന്നും ഒരുപാട് വഴക്ക് കേട്ടെങ്കിലും സോഫിയ പറഞ്ഞത്

“അവിടെ ആകുമ്പോൾ നേരത്തിന് അതിന് വല്ലതും തിന്നാൻ എങ്കിലും കിട്ടുമല്ലോ ടീച്ചറേ” എന്നാണ്.. പിന്നെ അമ്മ ഒന്നും പറഞ്ഞില്ല.

ദിവസേന രണ്ടും മൂന്നും വീടുകളിൽ പണി എടുത്ത സോഫിയ, കാശ് കൂട്ടി വെച്ച് കുറി പൈസയിൽ ഒരു സെക്കൻ്റ് തൈയ്യൽ മിഷ്യൻ വാങ്ങി. എന്നിട്ട് രാത്രി ഇരുന്ന് തുന്നൽ പഠിച്ചു… ഒറ്റക്ക്!! പയ്യെ പയ്യെ മിഷ്യൻ ചവിട്ടി കറക്കി ലക്കും ലഗാനുമില്ലാതെ കറങ്ങുന്ന ജീവിതത്തെ നേരെയാക്കി…

 

ടൗണിലെ രണ്ട് മൂന്ന് കട മുറികൾ കൂടാതെ ടൗണിന് പുറത്ത് റോഡിനോട് ചേർന്നുള്ള ഒരു കുഞ്ഞ് ഒറ്റ മുറി പീടിക ഉണ്ടായിരുന്നു ഞങ്ങൾക്ക്. കാലങ്ങളായി പൂട്ടിയിട്ട മുറി. അവിടെ പണ്ട് ബീഡി തെറുപ്പായിരുന്നു. ബീഡി തെറുത്ത് തെറുത്ത്, കടം കയറി ഒരു ദിവസം തെറുത്തവൻ കേറി അങ്ങ് തൂങ്ങി.. അതോടെ ആരും ആ മുറി മാത്രം വാടകക്ക് എടുക്കുകില്ലായിരുന്നു.. ഒന്ന് രണ്ടു യുക്തിവാദികൾ ഭാഗ്യം പരീക്ഷിച്ചു. പക്ഷേ അവരും വലിയ നഷ്ടത്തിൽ കലാശിച്ചു. അവസാനം വാടകക്ക് എടുത്തവൻ നഷ്ടം കയറി തൂങ്ങി, എങ്കിലും ചത്തില്ല. അതോടെ അവിടെ എന്ത് തുടങ്ങിയാലും പച്ച പിടിക്കത്തില്ല എന്ന് ഒരു വെപ്പ് വന്നു, അതിനു താഴും വീണു. ഒരു പത്തു വർഷം എങ്കിലും ആയി പൂട്ടി കിടക്കുകയാണ്.

 

അങ്ങനെ ഇരിക്കെ സോഫിയ ചേച്ചി ആ കടമുറിയിൽ ഒരു തയ്യൽ കട തുടങ്ങാൻ അമ്മയോട് അനുവാദം ചോദിച്ചു. പക്ഷേ അമ്മ അത് എതിർത്തു.

‘ഭാഗ്യം കെട്ട ഒരു മുറിയാണ് സോഫി’ എന്ന് ആവതും അമ്മ പറഞ്ഞു നോക്കി. പക്ഷേ എന്ന് സോഫിയ പറഞ്ഞത്

“ഭാഗ്യം ഉള്ളവർക്ക് അല്ലേ ഭാഗ്യക്കേടിനെ പേടിക്കണ്ടു ടീച്ചറേ”… എന്നാണ്. പിന്നെ അമ്മ ഒന്നും പറഞ്ഞില്ല. പപ്പയോട് പറഞ്ഞ് താക്കോൽ എടുത്ത് കൊടുത്തു. പപ്പക്ക് ബഹുത് സന്തോഷം… വാടക കിട്ടുമല്ലോ…

അങ്ങനെ സോഫിയ അവിടെ ഇരുന്നു മിഷ്യൻ ചവിട്ടി ഒന്ന് പച്ച പിടിച്ചു. നിലീനെ  ഓർഫനേജിൽ നിന്നും തിരിച്ചു കൊണ്ട് വന്നു കൂടെ നിർത്തി. പക്ഷേ സോഫിയെ തിരിഞ്ഞ് വീണ്ടും ദൗർഭാഗ്യം എത്തി… ഇത്തവണ പേമാരിയുടെ രൂപത്തിൽ… ആർത്തലച്ച് വന്ന മഴയും കാറ്റും കൂര ഒന്നാകെ അടിച്ച് എടുത്ത് കൊണ്ട് പോയി. വീട്ടിലെ സാധങ്ങൾ എല്ലാം ഞങ്ങടെ തോട്ടം നിറയെ ചിതറി. കട്ടിൽ വരെ പൊളിഞ്ഞ് പാറി പോയ കാറ്റും മഴയും ആയിരുന്നു അത്. അതോടെ ഞങ്ങളുടെ വീടിൻ്റെ ചായ്പ്പിൽ ആയി സോഫിയും കുഞ്ഞും കുറച്ച് കാലം…

 

വീണ്ടും സോഫിയ നിലീനെ അനാഥാലയത്തിൽ കൊണ്ട് ചെന്നാക്കി. ജീവിതവുമായി ഉള്ള മല്ലയുദ്ധം റൗണ്ട് ടൂ തുടങ്ങാൻ… പകൽ വീട് പണികളും രാത്രി മിഷ്യൻ തുന്നലും ആയി സോഫി പൂർവാധികം ശക്തി ആയി പൊരുതാൻ തുടങ്ങി. ഇതിനിടയിൽ സൗജന്യ നിയമ സഹായത്തിനു അപേക്ഷിച്ച് കുറെ നിയമം ഒക്കെ പഠിച്ച്, പഴയ കെട്ടിയവൻ്റെ കുടുംബത്തിന് എതിരെ ഗാർഹിക പീഡനവും വഞ്ചന കുറ്റവും എന്തിന് വധ ശ്രമവും അടക്കം പറ്റാവുന്ന എല്ലാ വിധ നിയമ കുരുക്കുകളും ഉപയോഗിച്ച് വരിഞ്ഞങ്ങു മുറുക്കി. ആദ്യമൊന്നും അവർ മൈൻഡ് പോലും ചെയ്തില്ല. പക്ഷേ പിന്നെ പിന്നെ ഇന്ത്യൻ നീതി ന്യായ വ്യവസ്ഥയെ അങ്ങനെ അങ്ങ് മൈൻഡ് ആക്കാതെ ഇരിക്കാൻ ആവില്ല എന്ന് മനസ്സിലായപ്പോൾ അവർ കൊടി കെട്ടിയ വക്കീലിനെ കൊണ്ട് വന്ന് കേസ് വാദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *