വർഷങ്ങൾക്ക് ശേഷം – 5അടിപൊളി  

“പോയതിലല്ലാ സങ്കടം… പറയാതെ പോയതിലാണ്… അപ്പോൾ എന്റെ ലോകം അവൻ മാത്രമായിരുന്നു… ആ ലോകം അവസാനിച്ചു എന്നറിയാതെ എത്രയോ കാലം ഞാൻ അവനായി കാത്തിരുന്നു… കണ്ണീർ വാർത്തു… ഒരു പക്ഷെ… പറഞ്ഞിട്ട് പോയിരുന്നേൽ പ്രതീക്ഷിക്കേണ്ടായിരുന്നല്ലോ….!”, അവൾ നിർത്തി വീണ്ടും ഒരു പുകയെടുത്തു.

റോഷൻ : “എന്താ അവന്റെ പേര്…?”

അത് കേട്ടതും അവളവനെ നോക്കിയൊന്ന് ചിരിച്ചു. എന്നിട്ട് തന്റെ ചുരിദാറിന്റെ തോളോട് ചേർന്നുള്ള ഭാഗത്തെ തുണി ഒന്നൽപം നീക്കിക്കാണിച്ചു. അവിടെ പച്ച കുത്തിയിരുന്ന ആ പേര് വായിച്ചതും അവന്റെ കണ്ണുകൾ അത്ഭുതം കൊണ്ട് വിടർന്നു; റോഷൻ…

അതെ… അവളുടെ മുൻകാമുകനും റോഷന്റെ അതേ പേര് തന്നെയായിരുന്നു….

അവൻ അതിശയത്തോടെ അവളെ നോക്കി. അവൾ റോഷനെ നോക്കി വേദന നിറഞ്ഞ ഒരു ചിരി ചിരിച്ചു. അവൻ കണ്ണെടുത്തതും അവൾ ചുരിദാർ തുണി തിരികെയിട്ടു.

“അപ്പോ കട്ട പ്രേമം ആയിരുന്നു, അല്ലേ..?”, റോഷൻ കൗതുകത്തോടെ ചോദിച്ചു.

“ആ സംശയമുണ്ടോ…!!! And its my first love also… അപ്പോ ഊഹിക്കാമല്ലോ…”, അഞ്ജു ചെറു ചിരിയോടെ തുടർന്നു, “അന്നാളിൽ ഇങ്ങനെ കുറേ പ്രാന്ത് കാണിച്ചു കൂട്ടിയിരുന്നു… ദേ ഇത് കണ്ടോ…”

അഞ്ജു തന്റെ കഴുത്തിലെ താലിമാലയിൽ, ആരാലും കാണാതെ കോർത്തിട്ടിരിക്കുന്ന മറ്റൊരു ലോക്കറ്റ് റോഷന് കാണിച്ചു കൊടുത്തു… Roshan’ എന്ന് സ്വർണ്ണം കൊണ്ട്, മനോഹരമായ ലിപിയിൽ എഴുതിയിട്ടുള്ള ഒരു ലോക്കറ്റ്… അതുകണ്ട് റോഷൻ അവൾക്ക് വീണ്ടുമൊരു തണുത്ത ചിരി സമ്മാനിച്ചു.

അഞ്ജു : “അവനായി വാങ്ങിയതാ… പക്ഷെ കൊടുക്കും മുന്നേ അവൻ മുങ്ങി… ഇന്നും ഇത് എന്റെ കഴുത്തിലുണ്ട്… ഇടക്ക് നോക്കുമ്പോൾ അവനെ ഓർമ്മ വരും… ഞങ്ങളുടെ മൊമെന്റ്സ് ഓർമ്മ വരും… എന്തൊക്കെ പറഞ്ഞാലും ഒരിക്കൽ എന്നേക്കാൾ ഇഷ്ട്ടപ്പെട്ടതല്ലേടോ…”

നഷ്ട്ടപ്രണയത്തിന്റെ വേദനയോടെ, അവളത് പറയുമ്പോൾ റോഷൻ ഓർത്തത് ശ്രുതിയെക്കുറിച്ചായിരുന്നു… എവിടെയായിരിക്കും ഇപ്പോൾ അവൾ… താൻ ഓർക്കുന്ന പോലെ അവൾ തന്നെ-..’, പെട്ടന്ന് തന്നെ അലവലാതിയെ നിയന്ത്രിച്ചുകൊണ്ട് അവൻ അഞ്ജുവുമായുള്ള വർത്തമാനത്തിലേക്ക് തിരികെ വന്നു.

“വിമലിനു അറിയാമോ ഈ കഥയൊക്കെ…?”, അവൻ ഒരു ചെറിയ കുസൃതിയോടെ ചോദിച്ചും

“പിന്നല്ലാതെ… വിമൽ ഇടക്കെ പറയും.. ഇത് നാട്ടുംപ്പുറമാണ്… അതോണ്ട് ദയവു ചെയ്ത് ഈ കഥ തൽകാലം വേറെ എവിടേം എഴുന്നള്ളിക്കരുത്… എന്നൊക്കെ”, അവൾ ചിരിച്ചുകൊണ്ടു പറഞ്ഞു.

ആ ചിരിയിൽ റോഷനും കൂട്ടുകൂടി. ഇരുവരും വീണ്ടും രണ്ടു പുക കൂടി എടുത്ത് വിട്ടു.

“അപ്പോ എന്നോട് പറഞ്ഞതോ…?”, വലിക്ക് ഒരു അവധി നൽകി, അവൻ സംശയരൂപേണ വീണ്ടും ചോദിച്ചു.

“അങ്ങനെ ചോദിച്ചാൽ…”, റോഷന്റെ മുഖത്ത് നിന്നും കണ്ണെടുത്ത് അഞ്ജു അവൻ ചോദിച്ചത്തിനെക്കുറിച്ച് ചിന്തിച്ചു.

“അറിയില്ല… പറയാൻ തോന്നി…”, റോഷന്റെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് അവൾ മറുപടി പറഞ്ഞു.

റോഷനും അവളെ നോക്കി… ഒരു നിമിഷം ഇരുവരുടേയും കണ്ണുകൾ പരസ്പരം ഉടക്കി നിന്ന്, ആ നിമിഷത്തെ തങ്ങളുടെ മനസ്സുകളിലേക്ക് പകർത്താൻ സമയം അനുവദിച്ചു. അവൾ പുഞ്ചിരിച്ചു… അവനും…

അഞ്ജു സിഗരറ്റിൽ നിന്നും അവസാന പുക കൂടി അകത്തേക്ക് എടുത്തു, കുറ്റി മുൻപിലെ തോട്ടിലേക്ക് വലിച്ചെറിഞ്ഞു… ആരുടെയൊക്കെയോ ഭാണ്ടങ്ങൾ പേറി ഒഴുകുന്ന ആ തോട്, അവളുടെ മനസ്സിന്റെ ഭാരം കൂടി ഏറ്റെടുത്തു. *** *** *** *** ***

“ഞാൻ ഒന്ന് അമ്മയെ കണ്ടിട്ട് വരാം… എന്നിട്ട് പോകാം… ”, ഉത്സവപ്പറമ്പിൽ, സ്കൂട്ടർ നിർത്തി ഇറങ്ങവെ അഞ്ജു പറഞ്ഞു.

റോഷൻ തലയാട്ടി… ഉത്സവപ്പറമ്പിലെ ജനക്കൂട്ടത്തിനിടയിലൂടെ ഭാർഗ്ഗവിയെ തേടി അഞ്ജു നടന്നു… റോഷൻ അവൾ തിരികെയെത്തും വരെ, ആളുകൾക്കൊപ്പം സ്റ്റേജ് പരിപാടി കാണാൻ നിന്നു…

കഥകളിയാണ്… ബാലിവധം…” അവിടെ കൂടി നിൽക്കുന്ന പലരേയും പോലെ, നടക്കുന്ന കഥ മനസ്സിലാവാതെ അവനും ആ ആട്ടവും കണ്ട് നിന്നു. കൂടെ കളി കാണാൻ നിൽക്കുന്നവരിൽ, പ്രായമായ ഒരു അപ്പൂപ്പൻ കൂടെയുള്ള ആർക്കോ കഥ പറഞ്ഞു കൊടുക്കുന്നത് അവൻ ശ്രദ്ധിച്ചു.

അപ്പൂപ്പൻ : “ആ കത്തി വേഷം കെട്ടിയതാണ് ബാലി… ശക്തനായ ബാലിയെ നേരിട്ട് തോൽപ്പിക്കാൻ ആവില്ലെന്ന് മനസ്സിലാക്കി, രാമൻ സുഗ്രീവനെ, അതായത് ബാലിയുടെ സ്വന്തം അനിയനെ പോരിന് അയക്കും.”

മദ്യം അകത്ത് ചെന്നതിന്റെ നല്ല വാറിലാണ് അപ്പൂപ്പന്റെ കഥ പറച്ചിൽ…

അപ്പൂപ്പൻ : “എന്നിട്ട് ബാലിയും സുഗ്രീവനും യുദ്ധം ചെയ്യുന്ന സമയം ഈ രാമൻ ബാലി കാണാതെ പുറകിൽ നിന്നും അമ്പ് എയ്ത് ബാലിയെ കൊല്ലും.”

“അപ്പോ ഈ രാമൻ ഭയങ്കര ഉടായിപ്പായിരുന്നു, അല്ലേ…?”, കൂട്ടത്തിൽ കഥ കേട്ടു നിന്ന ഒരുത്തൻ അപ്പൂപ്പനെ മൂപ്പിക്കാനായി ചോദിച്ചു.

അപ്പൂപ്പൻ : “എന്താ സംശയം… മനുഷ്യനായിട്ട് ഉണ്ടാക്കിയ ദൈവങ്ങൾ അല്ലേ… മനുഷ്യനേക്കാൾ ഉടായിപ്പ് ആയില്ലങ്കില്ലല്ലേ അത്ഭുതമുള്ളൂ…!”

അപ്പൂപ്പന്റെ ആ ഡയലോഗ് കേട്ട് റോഷൻ അറിയാതെ ചിരിച്ചു… ഈ സമയം ആരോ അപ്പുറത്ത് നിന്നും വിളിച്ച് പറഞ്ഞു…

“ദേ… ബാലിയുടെ അങ്ക പുറപ്പാടായി…”

എല്ലാവരുടെയും കണ്ണുകൾ സ്റ്റേജിലേക്ക് തിരിഞ്ഞു… സ്റ്റേജിൽ വലിച്ചു പിടിച്ച തിരശ്ശീലക്ക് പിന്നിൽ നിന്നുകൊണ്ട് ആ കത്തിവേഷധാരി നടനം തുടങ്ങി… ചെണ്ടമേളത്തിന്റെ ശബ്ദം അവിടെ ആകമാനം മുഴങ്ങി കേട്ടു….

ഈ സമയം ഉത്സവപ്പറമ്പിൽ, റോഷൻ നിൽക്കുന്നതിന് പിന്നിലായി ഒരു ബെൻസ് കാർ വന്ന് നിർത്തി…

സ്റ്റേജിൽ, തിരശ്ശീല പകുതി താഴ്ത്തി ആ രൂപം വെളിയിലേക്ക് തന്റെ കൈകൾ നീട്ടി…

ബെൻസിൽ നിന്നും ഒരാൾ ഇറങ്ങി, റോഷന് അടുത്തേക്ക് നടന്നടുത്തു…

തിരശ്ശീല പൂർണ്ണമായും താഴ്ത്തപ്പെട്ടു… ചെണ്ടമേളം കത്തിക്കയറി…

പിന്നിൽ വന്നയാൾ റോഷനെ തോളിൽ തട്ടി വിളിച്ചു. റോഷൻ തിരിഞ്ഞു…

സ്റ്റേജിന്റെ മധ്യത്തിലേക്ക് കയറി നിന്നു കൊണ്ട് ബാലി അലറി….

വന്നായാൾ റോഷനെ നോക്കി, നിഗൂഢമായ ഒരു ചിരി ചിരിച്ചു… ആ ചിരിയിൽ അയാളുടെ മുൻ നിരയിലെ സ്വർണ്ണം കെട്ടിയ രണ്ട് പല്ലുകൾ തിളങ്ങി….

(തുടരും..)