വർഷങ്ങൾക്ക് ശേഷം – 5 2അടിപൊളി  

അകത്തെ കോർട്ട്യാർഡിലൂടെ റോഷൻ ശ്രീലക്ഷ്മിക്കൊപ്പം നടന്നു… ഇന്റീരിയറിന് ഭംഗി കൂട്ടാൻ അകത്ത് നട്ടിട്ടുള്ള മുളകൾ ആ വീടിന്റെ അഴക് വർദ്ധിപ്പിക്കുന്നുണ്ടായിരുന്നു. മുളങ്കൂട്ടത്തിനിടയിലൂടെ, വീശുന്ന കാറ്റിനൊപ്പം, അവൾ റോഷനുള്ള ഉത്തരങ്ങളുടെ ഭാണ്ടക്കെട്ട് അഴിച്ചു.

“LLB കഴിഞ്ഞ്, ജോസഫ് വക്കീലിന്റെ അസിറ്റന്റ് ആയി ജോലി നോക്കുന്ന സമയത്താണ് ഞാൻ ലാക്സൻ ചേട്ടായീനെ പരിചയപ്പെടുന്നത്. അവരുടെ കമ്പനിയുടെ ലീഗൽ മാറ്റേഴ്സ് കൈകാര്യം ചെയ്തിരുന്നത് ജോസഫ് വക്കീലായിരുന്നു. അവിടെ വച്ച് തുടങ്ങിയ സൗഹൃദം മെല്ലെ ഞങ്ങൾ പോലും അറിയാതെ ഒരു പ്രണയത്തിലേക്ക് വഴി മാറി….“, ഓർമ്മകളിലെ നല്ല നിമിഷങ്ങൾ അയവിറക്കിക്കൊണ്ട് ശ്രീലക്ഷ്മി സ്വയം പുഞ്ചിരിച്ചു.

റോഷനും അവളുടെ ആ പുഞ്ചിരിയിൽ പങ്ക്ച്ചേർന്നു… അവൾ തുടർന്നു…

ശ്രീലക്ഷ്മി : “ചേട്ടായീടെ അമ്മക്കും എന്നെ സ്വന്തം മോളെപ്പോലെ കാര്യമായിരുന്നു. അത് കൊണ്ട് തന്നെ ഞങ്ങളുടെ കാര്യം വീട്ടിൽ പറഞ്ഞപ്പോൾ, രണ്ടു മതമായിരുന്നെങ്കിൽ കൂടി കല്യാണത്തിനു ഇരു വീട്ടുകാരും എതിർപ്പ് കാണിച്ചില്ല… ഒരാൾ ഒഴികെ…”

സംസാരത്തിന് ഒരു ഒരു നൈസർഗ്ഗിക ഇടവേള നൽകി, അവൾ അവിടെ കിടന്നിരുന്ന ചൂരൽ കസേരകളിൽ ഒന്നിൽ ഇരുന്നു. ഒപ്പം റോഷനോടും ഇരിക്കാൻ ആവശ്യപ്പെട്ടു.

“നിക്സൻ…?”, ഇരിക്കുന്നതിനൊപ്പം, അവൾ പറഞ്ഞു നിർത്തിയ മൗനം റോഷൻ ഒരു ചോദ്യരൂപേണ പൂരിപ്പിച്ചു.

ശ്രീലക്ഷ്മി അതെ’യെന്ന് തലകുലുക്കി.

ശ്രീലക്ഷ്മി : “അവന്റെ എതിർപ്പ് പക്ഷെ ചേട്ടായീ കണക്കാക്കിയില്ല. ചേട്ടായീയേക്കാൾ നിക്സന് ഭയം അജ്മൽ ഇക്കയെയായിരുന്നു…

“അജ്മൽ ഇക്ക…?”, റോഷൻ സംശയത്തോടെ ചോദിച്ചു.

അവൾ ഒരിക്കൽ കൂടി ചുമരിലേക്ക് റോഷന്റെ നയനങ്ങളെ നയിച്ചു. അവിടെ ലാക്സൻ-ശ്രീലക്ഷ്മി എന്നിവർക്കൊപ്പം, അവരേക്കാൾ സന്തോഷവാനായി ചിരിക്കുന്ന, ആരോഗ്യധൃഡഗാത്രനായ, ഒരു മനുഷ്യന്റെ ഫോട്ടോ അവൻ കണ്ടു. ആ ഫോട്ടോയിലേക്ക് സന്തോഷത്തോടെ നോക്കിക്കൊണ്ട്, ശ്രീലക്ഷ്മി അയാളെക്കുറിച്ചും പറയാൻ തുടങ്ങി.

ശ്രീലക്ഷ്മി : “ അജ്മൽ ഇക്ക… ചേട്ടായീടെ അടുത്ത കൂട്ടുകാരൻ.. വലം കൈ… പെങ്ങന്മാർ ഇല്ലാത്ത ഇക്കക്ക്, എന്നെ സ്വന്തം കൂടപ്പിറപ്പിനെ പോലെ ഇഷ്ട്ടമായിരുന്നു… ചേട്ടായിക്ക് എന്തെങ്കിലും ഒരു ഏനക്കേട് വന്നാൽ ആദ്യം പ്രതികരിക്കുക ഇക്കയാണെന്ന് നിക്സന് നല്ലപോലെ അറിയാം… അതുകൊണ്ട് തന്നെ ഉള്ളിൽ ഇഷ്ടം ഇല്ലാതിരുന്നിട്ട് കൂടി, നിക്സന് ഞങ്ങടെ മിന്നുകെട്ടിന് സഹകരിക്കേണ്ടി വന്നു…”

തന്റെ സിഗരറ്റ് പാക്കറ്റിൽ നിന്നും ഒരു ലൈറ്റ്സ് എടുത്തുകൊണ്ട്, റോഷൻ സമ്മതം ചോദിക്കും വിധം അവളെ ഒന്ന് നോക്കി. ശ്രീലക്ഷ്മി അനുവാദം നൽകും മട്ടിൽ മൂളി.

ശ്രീലക്ഷ്മി : “കല്യാണം കഴിഞ്ഞ് എല്ലാം വളരെ സന്തോഷത്തിലാണ് പോയിരുന്നത്. ഇടക്ക് നിക്സനായിട്ട് ഉണ്ടാക്കി വക്കുന്ന അല്ലറ ചില്ലറ പൊല്ലാപ്പുകൾ ഒഴിച്ചാൽ ശരിക്കും ഞങ്ങളുടെ ജീവിതം സ്വർഗ്ഗം തന്നെയായിരുന്നു….”

റോഷൻ ലൈറ്റ്സിന് തീ കൊടുക്കവെ, ഓർക്കാൻ ഇഷ്ടമില്ലാത്ത എന്തോ പറയാനെന്നവണ്ണം ശ്രീലക്ഷ്മി ഒന്ന് സ്വയം തയ്യാറെടുത്തു.

ശ്രീലക്ഷ്മി : “ഒരു ദിവസം… അവൻ ഉണ്ടാക്കി വച്ച മറ്റൊരു ഇടപാടിന്റെ പ്രശ്നം പരിഹരിക്കാൻ ചേട്ടായിക്ക് മംഗലാപുരത്തേക്ക് പോവേണ്ടി വന്നു. അജ്മൽ ഇക്കയാണെങ്കിൽ ഒരു കല്യാണം കൂടാനായി ദുബായിൽ പോയിരിക്കുകയായിരുന്നു ആ സമയം…”

“എന്നിട്ട്…?”, റോഷൻ ജിജ്ഞാസയോടെ ചോദിച്ചു.

ശ്രീലക്ഷ്മി :”മംഗലാപുരത്ത് വച്ചുണ്ടായ ഒരു വാക്ക് തർക്കത്തിനിടെ ആരോ ഒരുത്തൻ ചേട്ടായീടെ വയറ്റിൽ കത്തി കൊണ്ട് കുത്തി… 6 ദിവസം വേദന സഹിച്ചു ചേട്ടൻ ICU വിൽ കിടന്നു… വിവരമറിഞ്ഞു ഇക്ക നാട്ടിലെത്തിയപ്പോഴേക്കും… ചേട്ടായീ…….”

അവൾ ഒന്ന് നിർത്തി… പക്ഷെ കരഞ്ഞില്ല… എന്തിനും ഏതിനും സങ്കടം വരുന്ന ആ പഴയ ശ്രീലക്ഷ്മിയിൽ നിന്നും അവളെത്തി നിൽക്കുന്ന മാറ്റം കണ്ടു റോഷൻ അതിശയം പൂണ്ടു.

അവൾക്കൊരു ഇടവേള നൽകി, റോഷൻ സിഗരറ്റിൽ നിന്നും രണ്ടു പുക എടുത്തു വിട്ടു… അവളും തന്റെ ശ്വാസഗതി നേരയാക്കി, ശേഷം വീണ്ടും തുടർന്നു….