വർഷങ്ങൾക്ക് ശേഷം – 5 2അടിപൊളി  

റോഷൻ അതെ’ യെന്ന് തലകുലുക്കി.

ആശുപത്രിയിൽ എത്തി, ഉച്ചക്ക് നിക്സന്റെ വീട്ടിൽ വച്ചു സംഭവിച്ച കാര്യങ്ങൾ മുഴുവൻ ഇരുവരോടും പറഞ്ഞ് കഴിഞ്ഞപ്പോൾ റോഷന് തെല്ലൊരു ആശ്വാസം തോന്നി… ലാക്സനുമായുള്ള വിവാഹം അറിയാമെന്നല്ലാതെ, ബാക്കി കഥകളെല്ലാം റോഷൻ പറയും വരെ അവർക്കും അജ്ഞാതമായിരുന്നു…

“വിശ്വസിക്കാനേ പറ്റുന്നില്ലെടാ… ആ പാവം ഇതൊക്കെ എങ്ങനെ സഹിക്കുന്നു… നമുക്ക് എന്തെങ്കിലും ചെയ്യണം, റോഷാ…”, അച്ചു രോഷത്തിൽ പറഞ്ഞു.

“എന്തോ… ആദ്യം ഈ കിടക്കയിൽ നിന്നും ഒന്ന് എണീറ്റിട്ട് പോരേ…”, വിമൽ കളിയാക്കുന്ന മട്ടിൽ, അച്ചുവിനെ അവന്റെ അവസ്ഥ ഓർമ്മിപ്പിച്ചു.

അതിന് തൽകാലം മറുപടി ഒന്നും കയ്യിലില്ലാത്തത് കൊണ്ട് അച്ചു, റോഷൻ വാങ്ങിക്കൊണ്ടുവന്ന ഓറഞ്ചിൽ നിന്നും ഒരെണ്ണമെടുത്ത് തൊലി പൊളിക്കാൻ തുടങ്ങി.

“എന്നാ ഇവന്റെ ഡിസ്ചാർജ്ജ് പറഞ്ഞേ…?”, റോഷൻ വിമലിനോടായി ചോദിച്ചു.

വിമൽ : “ അത് നാളെ ഈവെനിംഗ് ആവും…”

“ഓഹ്… അപ്പോ മറ്റന്നാളത്തെ ആറാട്ട് കൂടാൻ പറ്റും… ഭാഗ്യം”, അച്ചു സ്വയം പറഞ്ഞാശ്വസിച്ചു.

“ആറാട്ട്… കോപ്പ്… അനങ്ങാതെ പോയി വീട്ടിൽ കുത്തിയിരുന്നോണം. 1 വീക്ക്‌ ബെഡ് റെസ്റ്റാ പറഞ്ഞേക്കുന്നെ…”, അച്ചുവിന്റെ പറച്ചില് കേട്ടതും വിമലിന് ചൊറിഞ്ഞു വന്നു.

ഇത് കേട്ട് അച്ചു വിമൽ കാണാതെ റോഷനെ ഒന്ന് നോക്കി. എന്നിട്ട് ദയനീയമായ ഭാവത്തിൽ, കുപ്പി എങ്കിലും എത്തിക്കണം’, എന്ന് ശബ്ദം പുറത്ത് വരാതെ പറഞ്ഞു. റോഷൻ ചിരിച്ചുകൊണ്ട്, റെഡിയാക്കാം’, എന്ന് തിരിച്ചും.

“എന്നാ നീ പോയൊന്ന് ഫ്രഷായിട്ട് വാടാ… ഇന്നലെ തൊട്ട് ഇരിക്കണതല്ലേ..”, റോഷൻ വിമലിന്റെ മൊത്തത്തിലുള്ള രൂപം നോക്കി പറഞ്ഞു.

വിമൽ : “അത് സാരമില്ലെടാ…”

“പൊക്കോ… ഇവിടെ ഇപ്പോ ആവശ്യത്തിന് ഇവനില്ലേ… പോരാത്തതിന് സുന്ദരിമാരായ നല്ല നേഴ്‌സ് പെൺപിള്ളേരും ഉണ്ട്…”, കുപ്പി കിട്ടും എന്ന ആവേശത്തിൽ അച്ചു റോഷനെ പിന്തുണച്ചു.

അവന്റെ പറച്ചില് കേട്ട്, വിമൽ അച്ചുവിനെ പുച്ഛിക്കും വിധം ഒന്ന് നോക്കി. വിമലിന്റെ ഭാവം കണ്ട് റോഷൻ വിട്ടേക്ക്’, എന്ന മട്ടിൽ വിമലിന്റെ മുതുകിൽ ഒന്ന് മെല്ലെ തട്ടിക്കൊടുത്തു.

വിമൽ : “ആഹ്… എന്നാ ഞാൻ പോയിട്ട് നൈറ്റ്‌ വരാം…”

കുറച്ചു നേരം കൂടി, എന്തെക്കെയോ വിശേഷം പറഞ്ഞ ശേഷം വിമൽ വീട്ടിലേക്ക് തിരിച്ചു. അച്ചുവും റോഷനും വീണ്ടും കുറേ നേരം സംസാരിച്ചു. ഒടുവിൽ എപ്പഴോ അച്ചുവും ഉറക്കത്തിലേക്ക് വഴുതി വീണു…

വെറുതെയിരുപ്പിൽപ്പെട്ടതും റോഷൻ പലരേയും പോലെ, തന്റെ ഫോൺ എടുത്ത് വാട്ട്‌സ്സാപ്പ് ചെക്ക് ചെയ്യാൻ തുടങ്ങി… കമ്പനി ഗ്രൂപ്പിൽ എന്തോ മെസ്സേജ് വന്നിട്ടുണ്ട്… അവൻ എടുത്ത് നോക്കി…

RK കാർസ്’ എന്ന അവൻ ജോലി ചെയ്യുന്ന സ്ഥാപനം കൊച്ചിയിൽ പുതുതായി ബ്രാഞ്ച് തുടങ്ങാൻ പോകുന്നതിന്റെ പോസ്റ്റർ ആരോ ഷെയർ ചെയ്തിരിക്കുന്നതാണ്… ബാംഗ്ലൂർ, മൈസൂർ, ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിലവിൽ ശാഖകളുള്ള ആ സ്ഥാപനത്തിന്റെ ബാംഗ്ലൂർ ബ്രാഞ്ചിന്റെ മാനേജറാണ് റോഷൻ. അപ്പോ RK കേരളത്തിലും വേരുറപ്പിക്കാൻ പോകുന്നു”, അലവലാതി മൊഴിഞ്ഞു.

ഗ്രൂപ്പിൽ നിന്നുമിറങ്ങിയതും അവനെ തേടി മറ്റൊരു പേർസണൽ വോയിസ്‌ നോട്ട് വന്നു. നോക്കിയപ്പോൾ ബാലാജിയാണ്. ബാലു അണ്ണൻ എന്ന് റോഷൻ വിളിക്കുന്ന ബാലാജി വെങ്കിട്ടരാമൻ… ബാംഗ്ലൂരിലെ പ്രധാനപ്പെട്ട ബിസിനസ്സ് ടൈക്കൂണൂകളിൽ ഒരുവൻ…

പ്രീമിയം വണ്ടികൾ റെന്റിന് കൊടുക്കുന്ന സ്ഥാപനത്തിലാണ് റോഷൻ ജോലി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഉന്നതപദവിയിൽ ഇരിക്കുന്ന പലരേയും പരിചയപ്പെടാനും, അവരിൽ ചിലരുമായി അടുത്ത സൗഹൃദം വച്ച് പുലർത്താനും ഈ കാലയളവിൽ റോഷന് സാധിച്ചിരുന്നു. അക്കൂട്ടത്തിൽ ഒരാളാണ് ബാലാജി…

അവൻ വോയിസ്‌ നോട്ട് പ്ലേ ചെയ്തു…

ബാലാജി : “എന്ന റോഷൻ തമ്പി… ഊർക്ക്‌ പോയിരിക്കെന്ന് കേൾവി പട്ടേ… 23rd ക്ക് ഒരു 7 സീരീസ് BMW ബുക്ക് പണ്ണലാം ന്താ കൂപ്പിട്ടേ… അപ്പുറം വരുമ്പോത് മറക്കാമെ കേരള ചിപ്സ് കൂടെ വാങ്കീട്ട് വന്തിടുങ്കെ…”