വർഷങ്ങൾക്ക് ശേഷം – 5 2അടിപൊളി  

റോഷൻ : “എന്നാ ഒരു ദിവസം അങ്ങോട്ട് ഇറങ്ങടി… ഞങ്ങൾ കുറച്ചു പേർ ഇപ്പോഴും ആ അമ്പലത്തിന്റേം കലുങ്ങിന്റേം ഒക്കെ ചുറ്റുമായി തന്നെയുണ്ട്…. കുറച്ച് ദിവസത്തേക്കെങ്കിലും… ”

അത് കൂടി കേട്ടതോടെ, അവളറിയാതെ തന്നെ അവളുടെ കണ്ണിൽ നിന്നും വെള്ളം പൊടിഞ്ഞു…

“ആഗ്രഹം ഇല്ലാഞ്ഞിട്ടല്ലെടാ… ഇതൊരു ജയിലാ…. ജീവിതകാലം മുഴുവൻ.. പരോൾ പോലും കിട്ടാത്ത ജയിൽ…”, തന്റെ കണ്ണീർ റോഷൻ കാണാതിരിക്കാൻ പ്രയാസപ്പെട്ടുക്കൊണ്ട്, ശ്രീലക്ഷ്മി എങ്ങനെയോ പറഞ്ഞൊപ്പിച്ചു.

“കുറ്റമൊന്നും ചെയ്യാതെ ജയിലിൽ കിടക്കാൻ നീ ജയിലർ ഒന്നുമല്ലല്ലോ…?”, റോഷൻ മൂഡ് മാറ്റാനായി, കളിയും അതേ സമയം കാര്യവും നിറഞ്ഞ സ്വരത്തിൽ തിരിച്ചടിച്ചു.

അവന്റെ ആ പറച്ചില് കേട്ടതും വേദനക്കിടയിലും ശ്രീലക്ഷ്മി അറിയാതെ ചിരിച്ചുപ്പോയി… അവളുടെ ആ ചിരി റോഷനെ തന്റെ സഹപാഠിയായിരുന്ന പഴയ +2ക്കാരി ശ്രീലക്ഷ്മിയെ ഓർമ്മിപ്പിച്ചു …

“ഒരർത്ഥത്തിൽ ജയിലർ തന്നെയാടാ…”, അവൾ ഒരു തമാശ പറയും മട്ടിൽ തുടർന്നു… “പ്രസവിച്ചതല്ലെങ്കിലും മുകളിൽ കിടക്കുന്നത് എന്റെ അമ്മ തന്നെയാ… ആ അമ്മയുടെ കാലം കഴിയും വരെ എനിക്കിവിടെ തുടർന്നേ പറ്റൂ…. ഇല്ലേൽ… അവന്റെ കാലം കഴിയണം…”

അവസാന വാചകം പറയവേ, അവളുടെ കണ്ണുകളിൽ നേരത്തെക്കൂട്ട് ഒരു തീ എരിഞ്ഞത് റോഷൻ ശ്രദ്ധിച്ചു.

“എനിക്ക് അമ്മയെ ഒന്ന് കാണാൻ പറ്റുമോ..?”, റോഷൻ ചിന്തയോടെ ചോദിച്ചു.

“അതിനെന്താ…! നീ വാ…”, അവൾ അതീവ സന്തോഷത്തോടെ അവന്റെ കയ്യും പിടിച്ച്, അമ്മയുടെ മുറിയിലേക്ക് നടന്നു.

അകത്തെ മുറിയിൽ കിടക്കുകയായിരുന്ന നിക്സന്റെ അമ്മ റോഷനെ കണ്ട് സംശയത്തോടെ നോക്കി.

“അമ്മേ ഇതെന്റെ കൂടെ പഠിച്ച കൂട്ടുകാരനാ… റോഷൻ”, ശ്രീലക്ഷ്മി അവനെ അമ്മക്ക് പരിചയപ്പെടുത്തി.

അമ്മ റോഷനെ നോക്കി ചിരിച്ചു… അവൻ തിരിച്ചും…

“മോൻ എവിടെത്തെയാ…?”, നിക്സന്റെ അമ്മയുടെ സ്വരം അവരുടെ ശാരീരികമായ വയ്യായ്കകൾ വിളിച്ചോതി.

റോഷൻ : “മങ്ങാട്ടെയാ… പണ്ട് ഞാൻ ഇവിടെ ഒക്കെ വന്നിട്ടുണ്ട്…. അമ്മേടെ കയ്യീന്ന് കൊറെ വെള്ളം വാങ്ങി കുടിച്ചിട്ടുമുണ്ട്… നിക്സനെ എനിക്കറിയാം.”

റോഷന്റെ പറച്ചില് കേട്ട ശ്രീലക്ഷ്മി, പണ്ട് റോഷൻ വന്ന മറ്റൊരു കഥ ഓർത്ത് പഴയ ട്യൂബ് ലൈറ്റ് കണക്ക് അറിയാതെ ചിരിച്ചു… എങ്കിലും ആ കഥ അമ്മയെ ഓർമ്മിപ്പിക്കാൻ അവൾ മുതിർന്നില്ല…

“കാലമാടനാ എന്റെ മോൻ… എല്ലാർക്കും ദുരിതമേ കൊടുക്കൂ… ആവതുണ്ടെങ്കിൽ ഞാൻ തന്നെ അവനെ വെട്ടി കൊന്നേനെ…”, നിക്സന്റെ പേര് പറഞ്ഞതും അമ്മയുടെ മറുപടി ഇങ്ങനെയായിരുന്നു….

“വേണ്ട… അമ്മ അധികം പറഞ്ഞു സ്വയം വിഷമിക്കേണ്ടാ…”, ശ്രീലക്ഷ്മി അമ്മയെ സമാധാനിപ്പിച്ചു കിടത്തി.

റോഷൻ കുറച്ച് സമയം കൂടി അമ്മയുടെ അടുത്തിരുന്ന് വർത്തമാനം പറഞ്ഞു… റോഷനൊപ്പമുള്ള സമയം നിക്സന്റെ അമ്മ വളരേ സന്തോഷവതിയായി കാണപ്പെട്ടു… ഇത് കണ്ട ശ്രീലക്ഷ്മി, കാലങ്ങൾക്ക് ഇപ്പുറം അമ്മ മനസ്സ് തുറന്ന് പുഞ്ചിരിച്ച ആ നിമിഷങ്ങൾ, ഒരു ഓർമ്മക്കെന്നോണം തന്റെ ഫോണിൽ പകർത്തിയെടുത്തു… ഇത് ശ്രദ്ധിച്ച റോഷൻ തന്റെ ഫോട്ടോ എടുക്കുന്നോ…!’ എന്ന മട്ടിൽ, ശ്രീലക്ഷ്മിയെ നോക്കി കളിയായി, കണ്ണുരുട്ടി… ആ ശ്രീനിവാസഭാവം’ കണ്ട് അവൾ പൊട്ടിച്ചിരിച്ചു…

“കണ്ടില്ലേ…! ഇതാ അമ്മയുടെ അവസ്ഥ….”, ഇറങ്ങാൻ നേരം ശ്രീലക്ഷ്മി നിസ്സംഗമായി പറഞ്ഞു.

മറുപടിയെന്നോണം റോഷൻ തലയാട്ടി. ശേഷം അവളുടെ ഫോൺ മേടിച്ച്, അവന്റെ നമ്പർ ടൈപ്പ് ചെയ്ത്, തിരിച്ചു നൽകി.

റോഷൻ : “എപ്പോഴെങ്കിലും ഈ ജയിലിൽ നിന്നും ഇറങ്ങാൻ തോന്നാണെങ്കിൽ വിളിക്കാൻ മടിക്കരുത് … എന്തു പേപ്പർ വർക്കിനും കൂടെ ഞാനുണ്ട്…”

അവൾ നന്ദിപ്പൂർവ്വം പുഞ്ചിരിച്ചു… ശ്രീലക്ഷ്മിയോട് യാത്ര പറഞ്ഞ് റോഷൻ ആ വീട്ടിൽ നിന്നും ഇറങ്ങി…

“ഡാ… വിമലിനോടും അച്ചുവിനോടും എന്റെ അന്വേഷണം പറയട്ടോ…?”, പോകാൻ നേരം, പഴയ +2 ക്കാരിയെ അനുസ്മരിപ്പിക്കും വിധം, അവൾ വിളിച്ചു പറഞ്ഞു.

“ഞ്മ്മ്…”, ഒരു തമാശയെന്നോണം അവൻ ഇല്ല’ എന്ന് തോളുകുലുക്കി…