വർഷങ്ങൾക്ക് ശേഷം – 7അടിപൊളി  

*** *** *** *** *** പിറ്റേന്ന് രാവിലെ….

മുറ്റത്ത് നിർത്തിയ ടാക്സി കാറിലേക്ക് റോഷൻ തന്റേയും ശ്രീലക്ഷ്മിയുടേയും ലഗ്ഗേജുകൾ എടുത്തു വക്കും നേരം പിന്നിൽ രേഷ്മ ചേച്ചിയെ കെട്ടിപ്പിടിച്ചു യാത്ര പറയുകയായിരുന്നു ശ്രീലക്ഷ്മി.

“മോൾക്ക് നല്ലതേ വരൂ… ധൈര്യായിട്ട് പോട്ടോ…”, അവളുടെ നെറുകയിൽ ചുംബിച്ചു കൊണ്ട് ചേച്ചി പറഞ്ഞു.

അളവറ്റ സ്നേഹത്തോടെ ശ്രീലക്ഷ്മി ചേച്ചിയെ ഇറുക്കി കെട്ടിപ്പിടിച്ചു. ഇരുവരുടേയും കണ്ണുകൾ നിറഞ്ഞൊഴുകി.

ശ്രീലക്ഷ്മി വണ്ടിയിലേക്ക് കയറി. തന്റെ എല്ലാമെല്ലാമായ ചേച്ചിയോട് റോഷനും യാത്ര പറഞ്ഞു.

“പോട്ടെ….”, ഡ്രൈവർ കാണാതെ ചേച്ചിക്ക് അവസാനമായി ഒരു ഉമ്മ കൂടി നൽകിക്കൊണ്ട് അവൻ പറഞ്ഞു.

ചേച്ചി തലയാട്ടി. അവർക്ക് നേരെ കൈ വീശി കാണിച്ചുകൊണ്ട്, ആ കാർ റോഡിലൂടെ നീങ്ങി. നിരർത്ഥമായ തന്റെ ജീവിതത്തിലേക്ക് കടന്ന് വന്ന്, കുറച്ചു നിറമുള്ള ദിവസങ്ങൾ പകർന്ന് വീണ്ടും യാത്രയാകുന്ന തന്റെ ഗന്ധർവ്വനെ ആ സ്ത്രീ നിറകണ്ണുകളോടെ നോക്കി നിന്നു.

അകത്ത് നിന്നും അജിയേട്ടൻ ഉറക്കെ ചുമച്ചു. അടുത്ത നിമിഷം, തന്റെ കണ്ണുനീർ തുടച്ചുകൊണ്ട് പഴയ കുടുംബിനിയുടെ വേഷം അണിയാനായി രേഷ്മ ചേച്ചി അകത്തേക്ക് നടന്നു.

*

പോകും വഴി വിമലിന്റെ വീട്ടിൽ അവനൊന്ന് വണ്ടി ചവിട്ടി. ഭാർഗ്ഗവി സസന്തോഷം ഇരുവരേയും സ്വീകരിച്ചനുഗ്രഹിച്ചു. അച്ചുവിനോട് യാത്ര പറഞ്ഞുകൊണ്ട് റോഷൻ വിമലിനരികിലേക്ക് നീങ്ങി.

താൻ ഇന്നലെ കാണിച്ച സ്വാർത്ഥത മനസ്സിൽ കിടന്നത് കൊണ്ടാകണം, അവന് റോഷനെ ഫേസ് ചെയ്യാൻ മടിയുണ്ടായിരുന്നു. എന്നാൽ അതൊന്നും മനസ്സിൽ വക്കാതെ, ആ നന്മ നിറഞ്ഞ ശ്രീനിവാസൻ അവനേയും ചേർത്ത് കെട്ടിപ്പിടിച്ചു.

“സോറി ഡാ…”, മറ്റാരും കേൾക്കാതെ, കുറ്റബോധം നിറഞ്ഞ സ്വരത്തിൽ അവൻ റോഷനോട് പറഞ്ഞു.

റോഷൻ പുഞ്ചിരിച്ചു. തന്നെ ഏറ്റവും അധികം വേദനിപ്പിച്ച സുഹൃത്തിനോട്, ക്ഷമിക്കാൻ മാത്രമേ അവനപ്പോഴും കഴിഞ്ഞുള്ളൂ… “ഇവൻ പൊട്ടനല്ല, മരപ്പൊട്ടനാ…”, റോഷന്റെ ഭാവം കണ്ട് അലവലാതി വിളിച്ചു കൂവി. “അതേടാ… ചില ഇഷ്ട്ടങ്ങൾ നമ്മളെ പൊട്ടനാക്കും… എത്രയോ ആഴത്തിൽ അവരോട് വെറുപ്പ് തോന്നിക്കഴിഞ്ഞതിന് ശേഷവും…”, മനസ്സിന്റെ മറുപാതി അലവലാതിയോട് ആത്മവേദന അറിയിച്ചു.

“അഞ്ജു…?”, അവളോട് കൂടി യാത്ര പറയാനെന്നോണം, അവൻ എല്ലാവരോടുമായി ചോദിച്ചു.

“സുഖമില്ലെന്ന് പറഞ്ഞ് രാവിലെ തൊട്ട് മുറിയിൽ അടച്ചിരിപ്പാ… നീ പോകുന്ന കാര്യം ഞാൻ പറഞ്ഞു… പക്ഷെ വയ്യെന്ന് പറഞ്ഞ് ഇറങ്ങുന്നില്ല…”, മറുപടി പറഞ്ഞത് ഭാർഗ്ഗവിയായിരുന്നു.

ആത്മവേദന നിറഞ്ഞ ഒരു ചിരി റോഷനിൽ നിന്നും പുറത്തേക്ക് വന്നു. അവളുടെ പ്രവർത്തി മറ്റാരേക്കാളും അവനാണല്ലോ എന്നും മനസ്സിലായിട്ടുള്ളത്. അവൻ തലയാട്ടിക്കൊണ്ട്, കാറിലേക്ക് നീങ്ങി.

കാർ വീട്ടിൽ നിന്നും അകന്ന് പോകും നേരം, അവസാന പ്രതീക്ഷയെന്നോണം അവൻ അഞ്ജുവിന്റെ ജനാലയിലേക്ക് കണ്ണുകൾ തിരിച്ചു. ഇല്ല… ആ ജാലക വാതിൽ ഇനി ഒരിക്കലും തുറക്കപ്പെടില്ല’, അലവലാതി സഹതപിച്ചു.

റോഷന്റെ കണ്ണുകൾ നിറഞ്ഞു. നഷ്ട്ടപ്രണയത്തിന്റെ വേദനയിൽ അവൻ സീറ്റിലേക്ക് ചാഞ്ഞിരുന്നു. അവന്റെ അവസ്ഥ മനസ്സിലാക്കിയ ശ്രീലക്ഷ്മിയാവട്ടെ അവന്റെ കയ്യിൽ ചേർത്ത് പിടിച്ചു, സാന്ത്വനം പകർന്നു.

അവൻ പുഞ്ചിരിക്കാൻ ശ്രമിച്ചു. പക്ഷെ കഴിഞ്ഞില്ല. ഹൃദയം സമ്മതിക്കുന്നില്ല.

തന്റെ കയ്യിനകത്ത് എന്തോ തടയുന്ന പോലെ തോന്നി, അവൻ കൈ തുറന്നു നോക്കി. അവനെ സമാധാനിപ്പിക്കും നേരം, കൈവശം സൂക്ഷിച്ചിരുന്ന ഒരു സാധനം ശ്രീലക്ഷ്മി ആ കയ്യിലേക്ക് വച്ച് നൽകിയിരുന്നു.

അത് കണ്ടതും റോഷന്റെ കണ്ണുകൾ ഒടുക്കമില്ലാത്ത വണ്ണം നിറഞ്ഞൊഴുകി. തലേന്ന് അഞ്ജു വലിച്ചെറിഞ്ഞ ലോക്കറ്റായിരുന്നു അത്. റോഷൻ എന്ന് പേരെഴുതിയ ലോക്കറ്റ്…

*

കരഞ്ഞ്, മനസ്സിന് അൽപം സമാധാനം കിട്ടിയ അവസരത്തിൽ, പോവുകയാണെന്ന് അറിയിച്ചുകൊണ്ട് റോഷൻ ശരണ്യക്കും ടെക്സ്റ്റ് ചെയ്തു.

“ഒന്നുമോർത്ത് മനസ്സ് വിഷമിക്കാതെ, സന്തോഷത്തോടെ പോയി വാ… ടേക്ക് കെയർ… 😘😘😘”, നിമിഷങ്ങൾക്കകം തന്നെ അവളുടെ മറുപടി ടെക്സ്റ്റും വന്നെത്തി.

മനസ്സറിഞ്ഞുള്ള ആ വാചകങ്ങൾ… തന്നെ കൃത്യമായി മനസ്സിലാക്കുന്ന ആരെക്കെയോ തനിക്കൊപ്പമുണ്ടെന്നുള്ളത്, അവന്റെ ഹൃദയത്തിന് അൽപം ആശ്വാസം പകർന്ന് നൽകി.

പെട്ടന്ന് കാർ സഡൻ ബ്രേക്കിട്ട് നിന്നു.

“സാർ പറഞ്ഞ സ്ഥലമെത്തി…”, ഡ്രൈവർ റോഷനോടായി പറഞ്ഞു.

റോഷൻ മൂളി. ശ്രീലക്ഷ്മി കാര്യമറിയാനെന്നോണം റോഷനെ നോക്കി.

“ഒരു സുഹൃത്തിനോട് കൂടി യാത്ര പറയാനുണ്ട്. രണ്ട് മിനുട്ട്…”, റോഷൻ പറഞ്ഞു.

ശ്രീലക്ഷ്മി തലയാട്ടി. ആളൊഴിഞ്ഞ ഒരു റോഡിലാണ് ഇപ്പോൾ അവർ. അവൻ ഡോർ തുറന്ന് വെളിയിലേക്ക് ഇറങ്ങി, നടന്നു.

അവൻ നടന്ന് അവളുടെ കൺവെട്ടത്ത് നിന്നും മറഞ്ഞ നിമിഷം പെട്ടന്ന് ഒരു ശബ്ദം അവന്റെ കാതിലേക്ക് വിരുന്നെത്തി.

“റോഷാ….”

അവൻ തിരിഞ്ഞു. അജ്മലാണ്, ശ്രീലക്ഷ്മിയുടെ അജുക്കാ. അവൻ പുഞ്ചിരിച്ചു. അജ്മൽ തിരിച്ചും. ഇരുവരും തുടർന്ന് ഒരുമിച്ച് നടക്കാൻ തുടങ്ങി.

“അവളെ കാണുന്നില്ലേ…?”, നടക്കുന്നതിനിടയിൽ അവൻ ചോദിച്ചു.

“വേണ്ട റോഷൻ… അവരുടെ മനസ്സിൽ പണ്ടേ മരിച്ചു പോയവനാണ് ഞാൻ. അത് അങ്ങനെ തന്നെ ഇരിക്കട്ടെ… “, എന്തൊ തീരുമാനിച്ചുറപ്പിച്ച സ്വരത്തിൽ അയാൾ പറഞ്ഞു.

അവൻ മറുത്തൊന്നും പറയാൻ നിന്നില്ല. ഒരു പ്രേതമായി ജീവിതം ജീവിച്ചു തീർക്കുന്ന ആ മനുഷ്യനോട് അല്ലെങ്കിലും എന്താണ് പറയാൻ കഴിയുക…!’, അലവലാതി ഓർത്തൂ…

നിർത്തിയിട്ടിരിക്കുന്ന തന്റെ കാറിന്റെ ഡിക്കി അജ്മൽ തുറന്നു. അതിനകത്ത് ദേഹം മുഴുവൻ ചോര ഒലിപ്പിച്ച് നമ്മുടെ മെയിൻ വില്ലൻ കിടപ്പുണ്ടായിരുന്നു; നിക്സൻ.

തന്റെ മുന്നിൽ നിൽക്കുന്ന റോഷനേയും അജ്മലിനെയും അവനൊന്ന് കണ്ണുയർത്തി നോക്കി. അവന്റെ ശരീരം അപ്പോഴും, അജ്മലിന്റെ പക്കൽ നിന്നും കിട്ടിയതിന്റെ വേദനയാൽ ഞെരുങ്ങുന്നുണ്ടായിരുന്നു.

“നീ ബാലിയുടെ കഥ കേട്ടിട്ടുണ്ടോ, നിക്സാ..?”, ജയിച്ചവന്റെ പുഞ്ചിരിയോടെ റോഷൻ അവനോട് ചോദിച്ചു.

ഇവനിത് എന്ത് തേങ്ങയാണ്’ പറയുന്നതെന്ന മട്ടിൽ നിക്സൻ മുഖം ചുളിച്ചു.

റോഷൻ : “എതിരാളിയുടെ ശക്തി അപഹരിക്കുന്ന ബാലിയെ എതിരിടാൻ ശ്രീരാമൻ അയച്ചത് ബാലിയുടെ സ്വന്തം കൂടപ്പിറപ്പിനെ തന്നെയായിരുന്നു…”

പറച്ചിലിനൊപ്പം റോഷൻ അജ്മലിന്റെ തോളിൽ കൈവച്ചു. അജ്മൽ പുഞ്ചിരിച്ചു.

“കഥ മുഴുവനായി പറഞ്ഞു തരാൻ സമയമില്ല, പക്ഷെ…”, കാര്യം പിടിക്കിട്ടാതെ ഉഴലുന്ന നിക്സനെ നോക്കി റോഷൻ തുടർന്നു, “കഥയുടെ ക്ലൈമാക്സ്‌ ഏതാണ്ട് ഇങ്ങനെ വരും…”

പറഞ്ഞു തീർന്നതും, തന്റെ സകല ശക്തിയും കയ്യിലേക്ക് ആവാഹിച്ചു, റോഷൻ അവന്റെ കവിളിൽ ആഞ്ഞിടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *