വർഷങ്ങൾക്ക് ശേഷം – 7 3അടിപൊളി  

“മ്മ്…”, ചോദ്യങ്ങൾ അവസാനിപ്പിക്കുന്ന മട്ടിൽ അവളും മൂളി…

ഇരുവരും കുറച്ച് നിമിഷങ്ങൾ മൗനം അവലംബിച്ചു… അവരുടെ ഉള്ളിലെ പ്രണയം ആദൃശ്യമായ ആ മതിലിൽ തട്ടി, ഒഴുകാനാവാതെ തടഞ്ഞ് നിന്നു. കണ്ണുകൾ പരസ്പരം ഉടക്കാതെ, അവരുടെ നോട്ടങ്ങൾ ഇരുമുഖങ്ങളിലും തറച്ചു, മറഞ്ഞു.

“ഞാനൊരു കാര്യം കൂടി ചോദിച്ചോട്ടെ…?”, മൗനത്തിന്റെ ഇടവേളയെ മുറിച്ചുകൊണ്ടു അഞ്ജു വീണ്ടും സംസാരം തുടങ്ങാൻ ശ്രമിച്ചു.

“അഞ്ജു… വേണ്ട…”, അവളുടെ മനസ്സ് ആരേക്കാളും നന്നായി അറിയാവുന്ന റോഷൻ, ചോദിക്കും മുന്നേ തന്നെ അവളെ തടഞ്ഞു.

മതിൽ വളരുകയായിരുന്നു…. ഇരുവരുടെയും കാഴ്ച്ചയെ മറക്കും വിധം… ഉയരത്തിൽ…..

“ഇനിയങ്ങോട്ടപ്പോ എന്നും എന്നീന്ന് ഒഴിഞ്ഞ് നടക്കാനാണോ തീരുമാനം…?”, ചോദിക്കുമ്പോൾ, നിരാശ ഗദ്ഗദമായി അഞ്ജുവിന്റെ ശബ്ദത്തിൽ പ്രതിഫലിച്ചു…

“അഞ്ജു… പുറത്തിരിക്കുന്നത് എന്നെ എടുത്ത് വളർത്തിയ അമ്മയാ, ഒപ്പമുള്ളത് എനിക്കൊപ്പം കളിച്ചു വളർന്ന കൂടപ്പിറപ്പും… അവന്റെ പെണ്ണാ നീ…. ആ നിന്നെ ഞാൻ മോഹിച്ചതേ തെറ്റ്…”, പറഞ്ഞത് മുഴുമിക്കാനാവാതെ റോഷൻ മുഖം തിരിച്ചു.

അഞ്ജുവിന്റെ കണ്ണുകൾ നിറയാൻ തുടങ്ങിയിരുന്നു… റോഷൻ കാണാതെ അവൾ തന്റെ മുന്താണി കൊണ്ട്, അത് തുടച്ചു നീക്കി.

“കൂടപ്പിറപ്പ് നിന്റെ പെണ്ണിനെ സ്വന്തമാക്കിയപ്പോ കൊഴപ്പമില്ല…. തിരിച്ച് ഒരു നിമിഷത്തെക്കുറിച്ചു ചിന്തിക്കാൻ പറ്റുന്നില്ല, അല്ലേ…?”, അവളുടെ മറുചോദ്യം അപ്രതീക്ഷിതമായിരുന്നു.

റോഷൻ ഞെട്ടി…. അവൻ സംശയത്തോടെ അപ്പുറത്തെ മുറിയിൽ, ബാഗ് പാക്ക് ചെയ്യുകയായിരുന്ന ശ്രീലക്ഷ്മിയെ കണ്ണെത്തിച്ച് നോക്കി…

“അവളല്ല…”, അവന്റെ നോട്ടം ശ്രദ്ധിച്ച്, അഞ്ജു മറുപടി നൽകി.

റോഷൻ ആലോചനയോടെ അഞ്ജുവിന് നേരെ മുഖം തിരിച്ചു…

“രേഷ്മ ചേച്ചി…?”, അവൻ സംശയത്തോടെ ചോദിച്ചു.

“മ്മ്…”, അവൾ സമ്മതിക്കും മട്ടിൽ മൂളി…

വീണ്ടും ഉയർന്ന് പൊന്തുന്ന മതിൽ സമയം അപഹരിക്കാൻ ആരംഭിച്ചു…

“സത്യത്തിൽ എനിക്ക് വിമലിനോട് അസൂയയാണ് തോന്നുന്നേ… നിന്നെപ്പോലെ ഒരുവനെ സുഹൃത്തായി കിട്ടിയതിൽ…!”, അഞ്ജു ആരോടെന്നില്ലാതെ തുടർന്നു…, “ഇത്രയൊക്കെ വിമൽ നിന്നോട് ചെയ്തിട്ടും, ഇപ്പോഴും എങ്ങനെയാടാ നിനക്കവനെ ആത്മാർഥമായി സ്നേഹിക്കാൻ കഴിയുന്നേ…?”

റോഷൻ നിർവികാരമായി ചിരിച്ചു…

“എന്തിന്റെ പേരിലാണോ, ഞാൻ അവനെ വെറുത്തത്, സത്യത്തിൽ അത് തന്നെയല്ലേ ഞാനും ചെയ്യുന്നേ…!”, തന്റെ യഥാർത്ഥ സംഘർഷം അവളെ അറിയിക്കും വിധം അവൻ ചോദിച്ചു…

ഇത്തവണ നിർവികാരയായി ചിരിച്ചത് അഞ്ജുവായിരുന്നു…

“അപ്പോ ആ ഹൃദയത്തിലെ എന്റെ സ്ഥാനം…?”,വേദനയോടെ അവളൊരു മറുചോദ്യം ഉന്നയിച്ചു…

കാഴ്ച്ചയെ മറച്ച മതിലിന്റെ വിടവുകളിൽ, അലവലാതി ആ ചോദ്യത്തിനുള്ള ഉത്തരം തേടി അലഞ്ഞു… ഒടുവിൽ അതേ കൽകെട്ടുകളിൽ പരാജിതൻ’ എന്ന് സ്വയം കരി കൊണ്ട് കുറിച്ചിട്ടു…

“ഇതിനൊരു ഉത്തരം തരാൻ എനിക്കറിയില്ലടീ…. ഒരുപക്ഷെ കണ്ണകന്നാൽ ഈ വേദനയും അകലുമായിരിക്കും….”, ഉള്ളിലെ വേദന കടിച്ചു പിടിച്ചുകൊണ്ടു അവൻ മന്ത്രിച്ചു….

അഞ്ജുവിന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു…

അഞ്ജു: “എന്നിട്ട്… ശ്രുതിയുടെ വേദന നിന്റെ മനസ്സീന്ന് പോയോ… റോഷൻ എന്റെ മനസ്സീന്ന് പോയോ…?”

റോഷൻ തലകുനിച്ചു… എന്നിട്ട് വേദനയെ മറക്കും വിധം വീണ്ടും ചിരി കൈ കൊള്ളാൻ ഒരു പാഴ്ശ്രമം നടത്തി…

റോഷൻ: “ചിലത് അങ്ങനെയാണ് അഞ്ജു… പറിച്ചെറിയണമെന്ന് എത്ര വിചാരിച്ചാലും, അതിങ്ങനെ മനസ്സിൽ തന്നെ കുരുങ്ങിക്കിടക്കും… നിന്റെ മാലയിലെ ലോക്കറ്റ് പോലെ…”

അവനത് പറഞ്ഞത്, മനപ്പൂർവം അവൾക്ക് വേദനിക്കണമെന്ന് കരുതി തന്നെയായിരുന്നു… അങ്ങനെയെങ്കിലും അവൾ തന്നെ വെറുക്കട്ടെയെന്ന് അവന്റെ മറുമനസ്സ് ചിന്തിച്ചുറപ്പിച്ചിരുന്നു…

അവന്റെ ഉദ്ദേശം പോലെ തന്നെ, ആ വാക്കുകൾ കേട്ടതും അവളുടെ കണ്ണുകളിലെ പ്രണയം ദേഷ്യമായി പരിണാമം പ്രാപിച്ചു.

“ഈ ഒരു കാരണം കൊണ്ടാണ് ഞാൻ നിന്നെ സ്നേഹിക്കുന്നതെന്ന് കരുതുന്നുണ്ടോ…?”, മാലയിൽ കൈ പിടിച്ചുകൊണ്ട്, അവൾ രൂക്ഷ സ്വരത്തിൽ അവനോട് ആരാഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *