വർഷങ്ങൾക്ക് ശേഷം – 7അടിപൊളി  

വിമൽ അത് പറയവെ, സത്യത്തിൽ അവൻ അവന്റെ തടി കഴച്ചിലാക്കാനാണ് ശ്രമിക്കുന്നതെന്ന് റോഷന് മനസ്സിലായി… അവൻ നിരർത്ഥകമായി ഒന്ന് പുഞ്ചിരിച്ചു….

“ഇന്ന് കേറണ കാര്യം നോക്കേ വേണ്ട വിമലേ… സിറ്റി മൊത്തം അവന്റെ ആളുകൾ കറങ്ങുന്നുണ്ട്… പോവാണെങ്കിൽ, ആ പരിപാടി നാളത്തേക്ക് പിടിച്ചാ മതി.”, വിമലിന്റെ മനസ്സിലെ സദ്ദുദ്ദേഷം’ പിടികിട്ടാതെ, അച്ചു ചാടി കേറി പറഞ്ഞു….

“എന്നാ അതാ നല്ലത്…. വെറുതേ ആപത്ത് വരുത്തി വക്കണ്ടാ….”, ഭാർഗ്ഗവിയും അതിനെ പിന്താങ്ങി…

അവരുടെ പറച്ചിൽ കേട്ട വിമൽ, തന്റെ ഉദ്ദേശം നടക്കാത്തത്തിന്റെ ചൊരുക്കിൽ, അമ്മയുടെ അടുത്തേക്ക് തട്ടി കേറി…

വിമൽ : “അമ്മ ഇത് എന്തറിഞ്ഞിട്ടാ… മറ്റെവിടേം എത്തിയില്ലെങ്കിലും ഇവിടെ അവന്റെ ആളുകൾ വീണ്ടും തിരക്കി എത്താൻ ചാൻസ് ഇണ്ട്. മര്യാദക്ക് ഞാൻ പറയണത് കേൾക്ക്…”

ഭാർഗ്ഗവി: “എന്ന് വച്ച് ഇവനിന്നിനി എവിടെ പോവാനാ… അല്ലെങ്കിൽ നിങ്ങളൊക്കെ കൂടി സ്റ്റേഷനിൽ ചെന്ന് കാര്യം പറയ്‌… ഇവിടെ നിയമവും പോലീസുമൊക്കെ ഇണ്ടല്ലോ…!”

“ആ ബെസ്റ്റ്… സിറ്റിയിൽ തിരയുന്ന ആളുകളിൽ പകുതി, ആ നിക്സന്റെ കിമ്പളം വാങ്ങുന്ന പോലീസാ… അപ്പഴാ….”, അച്ചു ഉത്കണ്ഠയോടെ പറഞ്ഞു…

എന്ത് മറുപടി പറയണമെന്നറിയാതെ, ഭാർഗ്ഗവി നിശബ്ദത പൂണ്ടു… തന്റെ പേർ ചൊല്ലി തർക്കിക്കുന്ന മൂവരേയും റോഷൻ ഒരു നിമിഷം മാറി മാറി നോക്കി… എന്നിട്ട് ആലോചനയോടെ, ഒരു ദീർഘശ്വാസം എടുത്തു വിട്ടു.

“വിമൽ പറഞ്ഞപോലെ, ഈ വീട്ടിൽ ഇനി നിക്കുന്നത് ഒട്ടും സേഫ് അല്ല അമ്മേ…”, അവൻ ഭാർഗ്ഗവിയോടായി പറഞ്ഞു. എന്നിട്ട് അച്ചുവിനോടും വിമലിനോടുമായി തുടർന്നു…

റോഷൻ : “നാളെ ഞാനും ശ്രീലക്ഷ്മിയും ബാംഗ്ലൂർക്ക് കേറും… അത് വരെ നിക്കാൻ ഒരിടം ഞാൻ കണ്ടു വച്ചിട്ടുണ്ട്…”

റോഷന്റെ പറച്ചില് കേട്ട് ഇരുവരും ഒരു നിമിഷം പരസ്പരം നോക്കി. ശേഷം അവനോടായി, ഒരേ സ്വരത്തിൽ ചോദിച്ചു, “എവിടെ….?”

*** *** *** *** ***

“കൂത്താട്ടുകുളം”, ശ്രീലക്ഷ്മിക്ക് മുൻപിൽ, തന്റെ വിവാഹ ആൽബത്തിന്റെ പേജ് മറിച്ചുകൊണ്ടു അഞ്ജു തുടർന്നു, “അവിടെ വച്ചായിരുന്നു വിവാഹം… ഇടദിവസമായിരുന്നത് കൊണ്ട് ആളുകളും കുറവായിരുന്നു…”

ശ്രീലക്ഷ്മി പുഞ്ചിരിച്ചുകൊണ്ട്, ആൽബത്തിലേക്ക് വീണ്ടും കണ്ണുകൾ തിരിച്ചു… ഈ സമയം, അഞ്ജുവിന്റെ മുറി വാതിക്കലിലേക്ക് റോഷൻ കടന്നു വന്നത് കണ്ട് ഇരുവരും ആൽബം അടച്ചു വച്ചു… പുറം പേജിലുള്ള അഞ്ജു-വിമൽ ജോടികളുടെ വിവാഹ ഫോട്ടോ റോഷന്റെ കണ്ണിലുടക്കും വിധം തെളിഞ്ഞ് കണ്ടു.

“ശ്രീലക്ഷ്മി… നമുക്ക് ഉടനേ ഇവിടെ നിന്നും ഇറങ്ങണം…”, അവൻ ഗൗരവ്വത്തിൽ പറഞ്ഞു.

ശ്രീലക്ഷ്മി തലയാട്ടി. അവൾ അഞ്ജുവിനെ ഒന്ന് നോക്കിയ ശേഷം, തൊട്ടടുത്ത മുറിയിലേക്ക്, സാധനങ്ങൾ എടുക്കാനായി നീങ്ങി.

തന്റെ അരികിലൂടെ ശ്രീലക്ഷ്മി കടന്നു പോയതും, അവൻ അഞ്ജുവിനെ നോക്കി. നഗ്നനേത്രങ്ങൾക്ക് അദൃശ്യമായ ഒരു മതിൽ ഇരുവർക്കുമിടയിൽ അവൻ കണ്ടു. അവൻ തിരിഞ്ഞ്, പുറത്തേക്ക് നടക്കാൻ ഒരുങ്ങി.

“റോഷാ…”, പെട്ടന്ന് അഞ്ജുവിന്റെ വിളി അവന്റെ കാതിലേക്ക് വന്നെത്തി.

അവൻ നിർഭാവത്തോടെ, അവൾക്ക് നേരെയായി തിരിഞ്ഞു നിന്നു.

അഞ്ജു: “എനിക്ക് ഒരു കാര്യം സംസാരിക്കാനുണ്ട്… അകത്തേക്ക് വരാമോ…?”

കേട്ടതും, റോഷൻ ഒരു നിമിഷം ഉമ്മറത്തേക്ക് കണ്ണെത്തിച്ചു നോക്കി… ഇല്ല, എല്ലാവരും മറ്റെന്തോ സംസാരത്തിലാണ്’, അലവലാതി മൊഴിഞ്ഞു. അവൻ മടിച്ചു മടിച്ചു അവളുടെ മുറിക്കകത്തേക്ക് കയറി.

സങ്കർഷം തിങ്ങുന്ന മനസ്സുമായി, തന്റെ മുന്നിൽ നിൽക്കുന്ന അവനെ അവളൊന്ന് സഹതാപപൂർവ്വം നോക്കി… ശേഷം…

“ആര് പറയണതും കേക്കാൻ നിക്കണ്ടട്ടൊ… റോഷൻ ചെയ്യുന്നതാ കറക്ട്… ആ കുട്ടിയുടെ അവസ്ഥ അത്രക്ക്…..”, അഞ്ജു വാചകം പൂർത്തീക്കരിക്കാതെ നിർത്തി…

“മ്മ്…”, അവൻ മൂളി. അവളിൽ നിന്നുമുള്ള ആ വാക്കുകൾ അവനെന്തോ സമാധാനം പകർന്ന് നൽകി.

അഞ്ജു: “നാളെ പോവാണല്ലേ…?”

റോഷൻ: “ആഹ്…”

അഞ്ജു: “ഇനി എന്നാ…?”

റോഷൻ : “അറിയില്ല…”

“മ്മ്…”, ചോദ്യങ്ങൾ അവസാനിപ്പിക്കുന്ന മട്ടിൽ അവളും മൂളി…

ഇരുവരും കുറച്ച് നിമിഷങ്ങൾ മൗനം അവലംബിച്ചു… അവരുടെ ഉള്ളിലെ പ്രണയം ആദൃശ്യമായ ആ മതിലിൽ തട്ടി, ഒഴുകാനാവാതെ തടഞ്ഞ് നിന്നു. കണ്ണുകൾ പരസ്പരം ഉടക്കാതെ, അവരുടെ നോട്ടങ്ങൾ ഇരുമുഖങ്ങളിലും തറച്ചു, മറഞ്ഞു.

“ഞാനൊരു കാര്യം കൂടി ചോദിച്ചോട്ടെ…?”, മൗനത്തിന്റെ ഇടവേളയെ മുറിച്ചുകൊണ്ടു അഞ്ജു വീണ്ടും സംസാരം തുടങ്ങാൻ ശ്രമിച്ചു.

“അഞ്ജു… വേണ്ട…”, അവളുടെ മനസ്സ് ആരേക്കാളും നന്നായി അറിയാവുന്ന റോഷൻ, ചോദിക്കും മുന്നേ തന്നെ അവളെ തടഞ്ഞു.

മതിൽ വളരുകയായിരുന്നു…. ഇരുവരുടെയും കാഴ്ച്ചയെ മറക്കും വിധം… ഉയരത്തിൽ…..

“ഇനിയങ്ങോട്ടപ്പോ എന്നും എന്നീന്ന് ഒഴിഞ്ഞ് നടക്കാനാണോ തീരുമാനം…?”, ചോദിക്കുമ്പോൾ, നിരാശ ഗദ്ഗദമായി അഞ്ജുവിന്റെ ശബ്ദത്തിൽ പ്രതിഫലിച്ചു…

“അഞ്ജു… പുറത്തിരിക്കുന്നത് എന്നെ എടുത്ത് വളർത്തിയ അമ്മയാ, ഒപ്പമുള്ളത് എനിക്കൊപ്പം കളിച്ചു വളർന്ന കൂടപ്പിറപ്പും… അവന്റെ പെണ്ണാ നീ…. ആ നിന്നെ ഞാൻ മോഹിച്ചതേ തെറ്റ്…”, പറഞ്ഞത് മുഴുമിക്കാനാവാതെ റോഷൻ മുഖം തിരിച്ചു.

അഞ്ജുവിന്റെ കണ്ണുകൾ നിറയാൻ തുടങ്ങിയിരുന്നു… റോഷൻ കാണാതെ അവൾ തന്റെ മുന്താണി കൊണ്ട്, അത് തുടച്ചു നീക്കി.

“കൂടപ്പിറപ്പ് നിന്റെ പെണ്ണിനെ സ്വന്തമാക്കിയപ്പോ കൊഴപ്പമില്ല…. തിരിച്ച് ഒരു നിമിഷത്തെക്കുറിച്ചു ചിന്തിക്കാൻ പറ്റുന്നില്ല, അല്ലേ…?”, അവളുടെ മറുചോദ്യം അപ്രതീക്ഷിതമായിരുന്നു.

റോഷൻ ഞെട്ടി…. അവൻ സംശയത്തോടെ അപ്പുറത്തെ മുറിയിൽ, ബാഗ് പാക്ക് ചെയ്യുകയായിരുന്ന ശ്രീലക്ഷ്മിയെ കണ്ണെത്തിച്ച് നോക്കി…

“അവളല്ല…”, അവന്റെ നോട്ടം ശ്രദ്ധിച്ച്, അഞ്ജു മറുപടി നൽകി.

റോഷൻ ആലോചനയോടെ അഞ്ജുവിന് നേരെ മുഖം തിരിച്ചു…

“രേഷ്മ ചേച്ചി…?”, അവൻ സംശയത്തോടെ ചോദിച്ചു.

“മ്മ്…”, അവൾ സമ്മതിക്കും മട്ടിൽ മൂളി…

വീണ്ടും ഉയർന്ന് പൊന്തുന്ന മതിൽ സമയം അപഹരിക്കാൻ ആരംഭിച്ചു…

“സത്യത്തിൽ എനിക്ക് വിമലിനോട് അസൂയയാണ് തോന്നുന്നേ… നിന്നെപ്പോലെ ഒരുവനെ സുഹൃത്തായി കിട്ടിയതിൽ…!”, അഞ്ജു ആരോടെന്നില്ലാതെ തുടർന്നു…, “ഇത്രയൊക്കെ വിമൽ നിന്നോട് ചെയ്തിട്ടും, ഇപ്പോഴും എങ്ങനെയാടാ നിനക്കവനെ ആത്മാർഥമായി സ്നേഹിക്കാൻ കഴിയുന്നേ…?”

റോഷൻ നിർവികാരമായി ചിരിച്ചു…

“എന്തിന്റെ പേരിലാണോ, ഞാൻ അവനെ വെറുത്തത്, സത്യത്തിൽ അത് തന്നെയല്ലേ ഞാനും ചെയ്യുന്നേ…!”, തന്റെ യഥാർത്ഥ സംഘർഷം അവളെ അറിയിക്കും വിധം അവൻ ചോദിച്ചു…

ഇത്തവണ നിർവികാരയായി ചിരിച്ചത് അഞ്ജുവായിരുന്നു…

“അപ്പോ ആ ഹൃദയത്തിലെ എന്റെ സ്ഥാനം…?”,വേദനയോടെ അവളൊരു മറുചോദ്യം ഉന്നയിച്ചു…

Leave a Reply

Your email address will not be published. Required fields are marked *