ഇല്ല അമ്മായി കഴിയാത്ത സമയമാ..
ഹോ.
രണ്ടും കൂടെ കിടന്നുറങ്ങിയോടി.
ഹ്മ്മ് സൈനുവിന് വയ്യ എന്ന് പറഞ്ഞപ്പോ ഒന്ന് കൂടെ കിടന്നതാ ഉറങ്ങിപ്പോയി..
ഹ്മ്മ് .
ഉമ്മയെവിടെ അമ്മായി.
ഹാ മോളു എണീറ്റോ എന്ന് പറഞ്ഞോണ്ട് ഉമ്മ അങ്ങോട്ടേക്ക് വന്നു.
എങ്ങിനെയുണ്ടെടി സൈനുവിന്റെ തലവേദന കുറവുണ്ടോ.
ഹ്മ്മ് ഉറക്കമാ അതാ വിളിക്കാഞ്ഞേ.
ഹ്മ്മ് രണ്ടുമൂന്നു ദിവസമായിട്ടു ഒഴിവു ഇല്ലല്ലോ അതാ.
ഒന്നുറങ്ങി എണീറ്റാൽ മാറിക്കോളും.
അതിനു രണ്ടും കൂടെ ഉറങ്ങുക തന്നെ ആയിരുന്നോ എന്ന് പറഞ്ഞോണ്ട് അമ്മായി ഉമ്മയെ നോക്കി.
അവര് പിള്ളേരല്ലേ അവരുടെ ഇഷ്ടങ്ങൾ എല്ലാം … എന്ന് പറഞ്ഞോണ്ട് ഉമ്മ തിരിഞ്ഞു നടന്നു..
പെണ്ണെ ഇതുപോലെ ഒരു അമ്മായിയാമ്മയെ കിട്ടിയത് നിന്റെ ഭാഗ്യം തന്നെയാ..
നി കഷ്ടപ്പെട്ടതെല്ലാം ഓർക്കുമ്പോ..
ഹ്മ്മ് ശരിയാ അമ്മായി.
സൈനുവിന്റെ ഉമ്മയെപോലെ എന്റെ ഉമ്മപോലും എന്നെ ഇത്രയും സ്നേഹിച്ചിട്ടുണ്ടാകില്ല
ഹ്മ്മ് അല്ലേലും എൻറെ നാത്തൂൻ ആയതോണ്ട് പറയുകയല്ല പാവം ആണ്.
അവൾക്കു സൈനുവും ഇക്കാക്കയും എന്ന ഒരൊറ്റ ചിന്തയെ ഉണ്ടായിരുന്നുള്ളൂ.
ഇപ്പൊ നിയും പിള്ളേരും കഴിഞ്ഞേ മറ്റെന്തും ഉള്ളൂ
സൈനുവിനെ അങ്ങിനെ വളർത്തിയതാ രണ്ടുപേരും കൂടെ.
അവനും അതുപോലെ നല്ല ഒരു മകനായിട്ട് തന്നെയാ വളർന്നെ..
ഉമ്മയുടെയും മകന്റെയും അടുപ്പം കണ്ടാൽ അന്നൊക്കെ ഞങ്ങൾ എത്ര കളിയാക്കിയിരുന്നതാ.
അവന്റെ പെണ്ണായി മാറിയതാ മോളെ നിന്റെ ഏറ്റവും വലിയ സൗഭാഗ്യം.
അല്ലേടി എങ്ങിനെ നി അവനെ വളച്ചു.
ഒരു വേണ്ടാതീനത്തിനും പോകാത്ത ചെക്കൻ ആയിരുന്നു.
ഹ്മ്മ് അതൊക്കെ നടന്നു അമ്മായി. ഇനിയിപ്പോ അത് പറഞ്ഞിട്ടെന്തു കാര്യം.
ദൈവം എനിക്ക് വേണ്ടി കാത്തു വെച്ചതായിരിക്കാം എന്റെ സൈനുവിനെ..
അല്ലെങ്കിൽ അന്ന് അങ്ങിനെ ഒന്നും നടക്കില്ലായിരുന്നല്ലോ അല്ലേ എന്ന് മനസ്സിൽ ആലോചിച്ചു കൊണ്ടു സലീന നിന്നു.
അപ്പോയെക്കും ഉമ്മയുടെ വിളി
കേട്ടവൾ .
മോൻ എന്തെങ്കിലും ഒപ്പിച്ചിട്ടുണ്ടാകും അമ്മായി ഞാനൊന്ന് പോയി നോക്കട്ടെ എന്ന് പറഞ്ഞോണ്ട് അങ്ങോട്ടേക്ക് പോയി.
അമ്മായി അവളുടെ പ്രസരിപ്പും ചുറു ചുറുക്കും കണ്ടു അവളെ തന്നെ നോക്കി കൊണ്ടിരുന്നു.
എങ്ങിനെ കഴിഞ്ഞ പെണ്ണാ കരച്ചിൽ നിന്ന നേരം അവൾക്കുണ്ടായിരുന്നില്ല. ഇപ്പോ കണ്ടില്ലേ അവളുടെ അത്രയും സന്തോഷവും സമാധാനവും ഉള്ള ഒരുത്തി ഉണ്ടാകില്ല..
ഹ്മ്മ് അവളുടെ ഭാഗ്യം അല്ലാതെ എന്താ എന്ന് മനസ്സിൽ പറഞ്ഞോണ്ട് അമ്മായി തിരിഞ്ഞു നടന്നു.
ഉമ്മയുടെ അരികെ എത്തിയ സലീന.
എന്താ ഉമ്മാ വിളിച്ചേ..
ദെ ഇങ്ങോട്ട് നോകിയെ.
അതുകണ്ടു ചിരിക്കാനേ അവൾക്കു കഴിഞ്ഞുള്ളു.
മോൻ ഒപ്പിച്ച കുസൃതി കണ്ടു അവൾ ഉമ്മയുടെ മുഖത്തെക്കും ഉമ്മ അവളെയും നോക്കി ചിരിച്ചോണ്ടിരുന്നു.
കൂടെ ഉപ്പയും.
എല്ലാ വീട്ടിലും കയറി സുഖാന്വേഷണങ്ങൾ കഴിഞ്ഞപ്പോയെക്കും
ഇരുട്ടി തുടങ്ങി.
ഓരോ വീട്ടിൽ കയറി ചെല്ലുമ്പോഴും സലീന എന്റെ കൈകൾ കോർത്തു പിടിച്ചോണ്ട് തലയുയർത്തി നടക്കുന്നത് കണ്ടു എനിക്ക് ചിരി വന്നെങ്കിലും ഞാൻ പുറത്ത് കാണിച്ചില്ല.
കാണിച്ചാൽ അറിയാല്ലോ അതിന്റെ പേരിലായിരിക്കും അടുത്ത പിണക്കം..
അവളുടെ പഴയ വീട്ടിലെ വാടകക്ക് താമസിക്കുന്നവരെയും കണ്ടു അവരോടു സംസാരിച്ചെങ്കിലും സലീന അങ്ങോട്ട് വന്നതേ ഇല്ല.
അവൾക്കു അത്രയും വെറുപ്പായിരുന്നു ആ വീടിനോട്.
അവളെ കുറ്റപ്പെടുത്തിയിട്ടും കാര്യമില്ല അത്രയും യാഥനകൾ നിറഞ്ഞതായിരുന്നല്ലോ അവിടുത്തെ ഓർമ്മകൾ..
ആ വീട്ടിൽ നിന്നും വാടകയിനത്തിൽ കിട്ടുന്നത് മുഴുവൻ മോളുടെ പേരിൽ ബാങ്കിലേക്ക് ചേർത്ത് കൊണ്ടിരിക്കുന്നതിനാൽ അതിനെ പറ്റി ഞാനോ സലീനയോ ചോദിക്കാറുമില്ല സംസാരിക്കാറുമില്ല..
ഉപ്പ എന്നോടും സലീനയോടും പറഞ്ഞിട്ടുണ്ട്. മോളുടെ കല്യാണം കഴിഞ്ഞതിന്നു ശേഷം എത്ര തുകയാണോ ഉള്ളത് അതെടുത്തു അവളേ ഏൽപ്പിച്ചാൽ മതി.
കല്യാണത്തിന് പോലും നിങ്ങൾ അത് ഉപയോഗിച്ചേക്കരുത്..
ഞാനുണ്ടെങ്കിലും ഇല്ലെങ്കിലും അങ്ങിനെ ചെയ്തേക്കണേഎന്ന് രണ്ടു പേരോടും പറഞ്ഞിട്ടുള്ളതിനാൽ ഞങ്ങൾ അതിലേക്കു ശ്രദ്ധ കൊടുക്കാറില്ല..
