ഇതുകണ്ട സാം പതിയെ തിരിഞ്ഞു നടന്നു പെട്ടെന്നാണ് റിയയുടെ അച്ഛൻ സാമിന്റെ മുന്നിലെത്തിയത്
“ആരാടാ നീ ”
അച്ഛൻ സാമിനോടായി ചോദിച്ചു
“അങ്കിളെ ഞാൻ ”
“ആരാടാ നിന്റെ അങ്കിൾ നിനക്കെന്താ എന്റെ വീട്ടിൽ കാര്യം ”
“ഞാൻ റിയയുടെ ഫ്രണ്ടാ..”
അടുത്ത നിമിഷം റിയയുടെ അച്ഛൻ സാമിന്റെ കുത്തിനു പിടിച്ചു
“നല്ല വീട്ടിലെ പെൺപിള്ളാരെ വഴിതെറ്റിക്കാൻ നിന്നെ പോലെ കുറേയെണ്ണം എല്ലായിടത്തും ഉണ്ടാകും എന്താടാ നിന്റെ ഉദ്ദേശം ”
“അങ്കിളെ പതിയെ റിയയെങ്ങാൻ കേട്ടാൽ അവൾക്ക് വിഷമമാകും നമുക്ക് വേണമെങ്കിൽ അല്പം മാറിനിന്ന് സംസാരിക്കാം ”
“എന്റെ മോളുടെ കാര്യം നോക്കാൻ എനിക്കറിയാം അതിന് നിന്റെ ഉപദേശം വേണ്ട ഇനി നിന്നെയെങ്ങാൻ അവളുടെ കൂടെ കണ്ടാൽ ”
“നിങ്ങളുടെ ഈ ശ്രദ്ധ റിയയുടെ എല്ലാകാര്യത്തിലും ഉണ്ടായിരുന്നെങ്കിൽ അവൾ ഒരിക്കലും ഇത്രയും വിഷമിക്കില്ലായിരിരുന്നു ”
“നീ എന്താടാ പറഞ്ഞത് ”
“ഞാൻ പറഞ്ഞതാണ് സത്യം അവളോട് നിങ്ങൾക്ക് ഒരു തരിപോലും ഇഷ്ടമില്ല ഈ അടുത്ത കാലത്തെപ്പോഴെങ്കിലും നിങ്ങൾ അവളുടെ അടുത്ത് ഒന്നിരുന്നിട്ടുണ്ടോ അവളോട് ഒന്ന് സ്നേഹത്തിൽ സംസാരിച്ചിട്ടുണ്ടോ ഒന്ന് ചിരിക്കുകയെങ്കിലും ചെയ്തിട്ടുണ്ടോ ഇല്ല എന്നെനിക്കുറപ്പാണ് അങ്ങനെ ചെയ്തിരുന്നെങ്കിൽ അവൾക്ക് ഇത്രയും വേദന തിന്നേണ്ടി വരില്ലായിരുന്നു”
“വേദനയോ അവൾക്ക് എന്താ കുഴപ്പം ”
“അത് ഞാൻ പറഞ്ഞിട്ടല്ല നിങ്ങൾ അറിയേണ്ടത് അവളോട് തന്നെ നേരിട്ട് ചോദിച്ചു മനസ്സിലാക്കാൻ നോക്ക് പിന്നെ ഇന്നവളുടെ പിറന്നാളാണ് അതും അങ്കിൾ മറന്നുകാണും അല്ലെ പറ്റുമെങ്കിൽ അവളെ ഒന്ന് വിഷ് ചെയ്തേക്ക് ഇതൊന്നും ഇപ്പോൾ ചെയ്തില്ലെങ്കിൽ പിന്നീട് ദുഖിക്കേണ്ടി വരും നിങ്ങളുടെ വിഷമം ഞാൻ ഒരുപാട് കണ്ടിട്ടുള്ളതാണ് ”
ഇത്രയും പറഞ്ഞു സാം പതിയെ മുന്നോട്ടേക്കു നടക്കാൻ തുടങ്ങി ശേഷം പതിയെ പിൻതിരിഞ്ഞു അയാളോട് വീണ്ടും സംസാരിക്കാൻ തുടങ്ങി
“അങ്കിൾ പേടിക്കണ്ട ഞാൻ അവളെ ഉപദ്രവിക്കാനോ ചതിക്കാനോ ഒന്നും കൂടെ കൂടിയതല്ല അവളോട് എനിക്കൊരു കടമുണ്ട് അതെനിക്ക് വീട്ടണം പിന്നെ എനിക്കവളെ ഇഷ്ടവുമാണ് ”
ഇത്രയും പറഞ്ഞു സാം അവിടെ നിന്ന് നടന്നകന്നു
അല്പസമയത്തിനു ശേഷം സാം തന്റെ വീട്ടിൽ
“അമ്മ മുറ്റത്ത് തന്നെ നിൽപ്പുണ്ടല്ലോ ഇന്ന് പ്രശ്നമാകുമെന്നാ തോന്നുന്നത് ”
സാം പതിയെ അമ്മയുടെ അടുത്തേക്ക് എത്തി
“എവിടെയായിരുന്നെടാ നീ മനുഷ്യൻ ഇവിടെ തീ തിന്നുകയാ ”
“അമ്മ എന്തിനാ ഇങ്ങനെ പേടിക്കുന്നെ ഞാൻ ഒരാൺകുട്ടിയല്ലേ ”
“ടാ നിന്റെ ചേച്ചിയെ കാണുന്നില്ല ”
“ചേച്ചി എവിടെ പോയി ”
“അറിയില്ല നീ പോയതിനു പിന്നാലെ ഇവിടെ നിന്നിറങ്ങിയതാ ഇതുവരെയും ഒരു വിവരവുമില്ല എനിക്കെന്തോ പേടിയാക്കുന്നുണ്ട് ”
“അമ്മ പേടിക്കാതെ ഞാൻ ഒന്ന് വിളിച്ചു നോകാം ”
“അതൊക്കെ ഞാൻ ചെയ്തതാ ഫോൺ സ്വിച്ച് ഓഫ് ആണ് ”
“അമ്മേ ജൂണോയെങ്ങാനും ഇന്നിവിടെ വന്നിരുന്നോ ”
“ഇല്ലടാ..
പെട്ടെന്നാണ് ലിസിയും ജൂണോയും ഗേറ്റ്കടന്ന് അവിടേക്കെത്തിയത്
“എടി ഒരുമ്പെട്ടവളെ എവിടെ പോയികിടക്കുവായിരുന്നെടി നീ ”
വർദ്ധിച്ച ദേഷ്യത്തോടെ അമ്മ ലിസിയുടെ അടുത്തേക്ക് എത്തി അവളെ അടിക്കാൻ കൈ ഓങ്ങി എന്നാൽ പെട്ടെന്ന് തന്നെ ജൂണോ ലിസിയുടെ മുന്നിലേക്ക് കയറി നിന്ന് അവളെ സംരക്ഷിച്ചു
“എന്താ ആന്റി ഈ കാണിക്കുന്നത് ചേച്ചിക്ക് വയ്യാതിരിക്കുകയാ ഞങ്ങൾ ഒരു പ്രശ്നത്തിൽ പെട്ടുപോയി അതാ വരാൻ വൈകിയത് ”
“മാറി നിക്കെടാ എന്റെ മോളുടെ കാര്യത്തിൽ ഇടപെടാൻ നീ ആരാ നീ എവിടെയടാ ഇവളെ കൊണ്ട് പോയത് നിനക്ക് ഈ വീട്ടിൽ അല്പം സ്വാതന്ത്ര്യം കൂടി പോയി ഇനി ട്യൂഷനും പഠിത്തവും ഒന്നും വേണ്ട നീ ഇനി ഇവിടെ വരരുത് ജൂണോ “
“അമ്മ എന്തൊക്കെയാ ഈ പറയുന്നേ അതിന് മാത്രം ഇവിടെ ഒന്നും ഉണ്ടായില്ലല്ലോ ”
സാം വേഗം അവിടേക്കെത്തി പറഞ്ഞു
“നീ നിർത്ത് സാമേ ഒന്നും ഉണ്ടാകാതിരിക്കാനാ ഞാൻ ഈ പറയുന്നത് ”
“അമ്മ ചേച്ചിയേയും കൊണ്ട് അകത്തേക്ക് പൊക്കോ ഞാൻ ജൂണോയോട് സംസാരിക്കാം ”
