വായുവിലേക്കു മഞ്ചാടിക്കുരുക്കൾ വാരിയെറിഞ്ഞിട്ട് അതു ചെന്ന് കൃത്യമായി വൃത്തത്തിൽ വീഴുന്നയിടം കുഴിക്കാൻ അദ്ദേഹം കല്പന നൽകി
നിലത്തു വീണ മഞ്ചാടിക്കുരുക്കൾ വൃത്തത്തിൽ ഒരു വലയം സൃഷ്‌ടിച്ച ഭാഗത്തേക്ക് കാലെടുത്തു വെച്ചവർ അത്രയും പേരെയും കൊണ്ട് അവിടുത്തെ ഭൂമി ഇരുപതു അടിയോളം ഇടിഞ്ഞു താണു
ഒരു ചെറിയ കിണർ പോലെ രൂപപ്പെട്ട അതിനുള്ളിൽ ആഴ്ന്നുവീണ ആർക്കും അപായം ഒന്നും സംഭവിച്ചില്ല എന്നു മാത്രമല്ല അവർ ചെന്ന് വീണത് മരംകോച്ചുന്ന തണുപ്പുള്ള അരയോളം താഴ്ചയുള്ള വെള്ളത്തിലേക്ക് ആയിരുന്നു
അടിയിൽ നിന്നും മുകളിലേക്കു നുരഞ്ഞു പൊന്തി മലരികൾ സൃഷ്ടിച്ചു ഉയർന്നു മറിഞ്ഞു അവിടെ എവിടേക്കോ തന്നെ ഒഴുകി മറഞ്ഞ ഒരു ജലസ്രോതസ്
ചെറു കിണറിൽ നിന്നും മുകളിലേക്ക് സഹായത്തിനായി വിളിച്ചു കൂവിയ അവരോടു ശാന്തമായി അവിടെ മറ്റെന്തെങ്കിലും ഉണ്ടോയെന്നു നോക്കാൻ മുതുമുത്തച്ഛൻ വിളിച്ചു പറഞ്ഞു
ജലത്തിൽ പരതിയ അവരുടെ കൈയിൽ അനേകം വള്ളി പടർപ്പുകൾ തടഞ്ഞു
ഒപ്പം ഒരു നീണ്ടുരുണ്ട പാറക്കല്ലും
അവർ വിളിച്ചു പറഞ്ഞത് കേട്ടപ്പോൾ അവരെ മുകളിൽ എത്തിക്കാൻ അദ്ദേഹം കൂടെയുള്ള മറ്റുള്ളവരോട് പറഞ്ഞു
ഉടുമുണ്ടുകൾ കൂട്ടിക്കെട്ടി അവരെയെല്ലാം മുകളിൽ എത്തിച്ചു
ഈ സ്ഥലത്ത് ജല സ്രോതസ്സിനോടൊപ്പം ഒരു സ്വയംഭൂ വിഗ്രഹവും ഉണ്ടെന്നും ഇതിനെ ഇനി അനാഥമാക്കാൻ കഴിയില്ല എന്നും തനിക്കിനി ഇവിടെ തങ്ങേണ്ടതായി ഉണ്ടെന്നും അറിയിച്ചു അദ്ദേഹം അവിടെത്തന്നെ ഇരുന്നു
എന്നിട്ട് രാജാവിന് കൊടുക്കാൻ ചെന്തമിഴിൽ ഉള്ള ഒരു ഓല ഏല്പിച്ച ശേഷം ധ്യാനത്തിൽ മുഴുകി
നാലാം നാൾ ഓല കൈപ്പറ്റിയ രാജാവിനു അതിന്റെ ഉള്ളടക്കം പണ്ഡിതന്മാർ തർജ്ജിമ ചെയ്ത് കൊടുത്തു
“ആയതിനാൽ ഇന്നേക്ക് മുപ്പത്തിയൊന്നു വർഷം തികയുന്ന ദിവസം മലയാള ദേശത്തു നിന്നും ഒരു വീശിഷ്ട വ്യെക്തി നിന്റെ മകനെ അന്വേഷിച്ചു എത്തും
അവൻ ആ ക്ഷണം സ്വീകരിച്ചു പോകേണ്ടതാകുന്നു
അവന്റെ കർമവിധിയിൽ മലയാള ദേശത്തു പണ്ട് മണ്മറഞ്ഞു പോയൊരു മൂകാംബികാ ദേവിയുടെ സ്വയംഭൂ വിഗ്രഹം അനാച്ഛാദനം ചെയ്യുവാനും പിന്നീട് അതിനു മുടങ്ങാതെ തേവാരം കഴിച്ചു കൂടുവാനും പറയപ്പെട്ടിരിക്കുന്നു
അവനെ കൂട്ടികൊണ്ട് പോകുന്ന വ്യക്തിയുടെ കൈവശം ഈ സന്ദേശം എത്തിക്കുവാൻ അവനെ ശട്ടം കെട്ടുക
ഈ സന്ദേശം വായിക്കുന്നത് അവനെ കൂട്ടികൊണ്ട് പോയവൻ എങ്കിൽ മൂകാംബികാ ദേവിയുടെ നിലയാത്ത കടാക്ഷത്തിനായി തേവാരം കഴിച്ചു കൂടുവാൻ അവനു വേണുന്നത് ചെയ്തു കൊടുക്കുക – എന്ന് മധുര വാഴും പൊന്ന് തമ്പുരാന്റെ പ്രിയമുള്ള ദാസൻ ഭവിഷ്യവാണി ദണ്ഡപാണി നായ്ക്കർ”
മുൻപേതോ കാലത്ത് തന്നെ ഇതെല്ലാം പ്രവചിക്കപ്പെട്ടത് ആയിരുന്നെന്നും മധുര രാജാവിന്റെ കൊട്ടാരത്തിലെ ജ്യോൽസ്യൻമാരിൽ ആരുടെയോ സന്ദേശത്തിന്റെ ഒരു ഭാഗമാണ് കേട്ടതെന്നും ബോധ്യമായ രാജാവ് ആദിശേഷൻ അയ്യർക്ക് സാമൂതിരിയുടെ സഹകരണത്തോടെ ആ സ്ഥലം അത്രയും തുല്യം ചാർത്തി കൊടുക്കുകയും അവിടെ തേവാരത്തിനു വേണ്ടുന്ന എല്ലാ ഒരുക്കങ്ങൾക്കുമായി ഒരു കൂട്ടം ആളുകളെ വിട്ടു കൊടുക്കുകയും ചെയ്തു
ആളുകളുടെ സഹായത്തോടെ ആദിശേഷൻ അയ്യർ ആ ഇടിഞ്ഞു താഴ്ന്ന ഭാഗത്തിന് ചതുരത്തിൽ കുറച്ചു വിസ്താരം വരുത്തിച്ചു ജലസ്രോതസ്സും വിഗ്രഹവും അതിന്റെ കൃത്യം മദ്ധ്യത്തിൽ വരത്തക്ക രീതിയിലാക്കി
അതിനോട് ചേർന്ന് ഒരു തേവാരപ്പുരയും അവിടേക്ക് മുകളിൽ നിന്നും ഇറങ്ങാൻ പടവുകളും പണി കഴിപ്പിച്ചു
പറമ്പിൽ നിന്നും നോക്കിയാൽ ചതുരത്തിൽ ഉള്ളൊരു കുഴിയുടെ നടുവിൽ നുരഞ്ഞു പൊന്തുന്ന ഒരു അരുവിയും അതിനോട് ചേർന്ന് ചെങ്കല്ലിൽ തീർത്ത ഒരു കൊച്ചു മുറിയും അവിടേക്ക് ഇറങ്ങാൻ പടവുകളും ഉള്ളൊരു കുഴിയമ്പലം
മുകളിൽ പറമ്പിൽ തന്നെ അദ്ദേഹത്തിന് തങ്ങാൻ മറ്റൊരു ചെറിയ മുറിയും പണികഴിപ്പിച്ചു
മുടങ്ങാതെ തേവാരം നടത്തി പോന്ന അദ്ദേഹത്തിനെ രണ്ടു രാജാക്കന്മാരും ഇടയ്ക്കിടെ വന്നു സന്ദർശിക്കുകയും ഭഗവതിയുടെ അനുഗ്രഹം വാങ്ങുകയും ഒക്കെ ചെയ്തു പോന്നു
