തെങ്ങിൻ തടി പാലവും പാടവും എല്ലാം കടന്ന് ഞങ്ങൾ തലയോട്ടിക്കാവിന്റെ മുൻപിലെത്തി. അവിടുന്ന് വഴി രണ്ടായി പിരിയുകയാണ്. വലത്തേക്ക് ഉള്ള വഴിക്ക് അവൻ ഓടിയപ്പോൾ എല്ലാരും ഉറങ്ങി എന്ന് ഉറപ്പ് വരുത്തിയിട്ട് മാത്രമേ കൂക്കി വിളിക്കാവുള്ളൂ എന്ന് പിന്നിൽ നിന്നും വിളിച്ചു പറഞ്ഞു ഓർമപ്പെടുത്തിയിട്ട് ഞാൻ തലയോട്ടിക്കാവിലേക്ക് ഒന്ന് നോക്കി.
ഇഞ്ചയും വള്ളിപ്പടർപ്പുകളും ഒന്ന് രണ്ടു കൂറ്റൻ മരങ്ങളുമായി ഇരുൾ മൂടിയ മട്ടിൽ അത് പ്രൗടിയോടെ തലയുയർത്തി നില്കുന്നു. അകത്തേക്ക് ചുമ്മാ ഒന്ന് കേറിയാലോ? വിലക്കപ്പെട്ടത് ആയത് കൊണ്ട് ചെയ്യാൻ ഒരു ത്വര. സമയമില്ല പക്ഷേ. നോക്കട്ടെ, ഗൂഢാലോചന പ്രകാരം ഇന്ന് രാത്രി പുറത്തിറങ്ങാൻ പറ്റിയാൽ തലയോട്ടിക്കാവിലും ഒരു സന്ദർശനം നടത്തണം. എന്ത് സംഭവിക്കും എന്ന് ഒന്ന് അറിയണമല്ലോ!
ഒരു കൂറ്റൻ പയ്യാനി പാമ്പ് അതിനുള്ളിൽ വാസമുണ്ടെന്ന് ആണു നാട്ടിലെ കഥ. പയ്യാനി കടിച്ചാൽ ആ മുറിവ് ഉണങ്ങില്ല. വർഷാവർഷം കടിയേറ്റ ഭാഗം പഴുത്തു വൃണമായി അഴുകും. ഒടുവിൽ ആ ഭാഗം മുറിച്ചു കളയേണ്ടി വരും. ആ ദുർവിധി ഭയന്ന് ആരും അതിനുള്ളിൽ ഇപ്പോ കയറാറില്ല.
കുഞ്ഞിലേ എപ്പോഴോ അമ്മയുടെ കയ്യും പിടിച്ച് ഈ വഴിക്ക് പോകുമ്പോൾ ഇതിന്റെ മുന്പിലെ കൽവിളക്കിൽ തിരികൾ തെളിഞ്ഞു നില്കുന്നത് കണ്ടത് ഒരു മങ്ങിയ ഓർമയുണ്ട്. എങ്ങനെയാണോ ആവോ തലയോട്ടിക്കാവ് ഇന്ന് ഈ കാണുന്ന പരുവത്തിൽ ഉപേക്ഷിക്കപ്പെട്ടത് എന്ന് ആലോചിച്ചു കൊണ്ട് ഞാൻ നടന്നു നടന്ന് പടിപ്പുര കയറി.
ദൂരെ നിന്ന് തന്നെ ഉമ്മറത്തു തെളിച്ചു വെച്ച സന്ധ്യദീപം കണ്ണിൽ മിന്നി. അച്ഛൻ സന്ധ്യാവന്ദനം കഴിച്ചു ചാരുകസേരയിൽ റേഡിയോയുടെ ആന്റിന പോലെ രണ്ടു കാലും പൊക്കി കയറ്റി വെച്ച് ‘ശരണം ഗച്ചാമി’ കിടപ്പ് കിടപ്പുണ്ട്. മുൻവശത്തു കൂടെ പോയാൽ പിടി വീഴുമെന്ന് ഉറപ്പുള്ളത് കൊണ്ട് ആരുടേയും കണ്ണിൽ പെടാതെ കൈകാലുകൾ കഴുകി അടുക്കള വാതിൽ വഴി അകത്തു കയറി.
വിരലിൽ കുത്തി നടക്കുന്ന പരുവത്തിൽ ഒച്ചയുണ്ടാക്കാതെ നീങ്ങി അകത്തളത്തിലെ പടിയിൽ ഇരുന്നു ചുറ്റുവട്ടം ഒക്കെ ഒന്ന് വീക്ഷിച്ചു. എന്നിട്ട് ഒന്നും സംഭവിക്കാത്ത മട്ടിൽ ഉമ്മറത്തു വന്നു വിളക്കിന്റെ അടുത്ത് ഇരുന്ന് ഗായത്രി ജപിക്കാൻ തുടങ്ങി
ഓം ഭുർ ഭുവ സ്വ തത് സവി തുർ വരേണ്യം,
ഭർഗോ ദേവ സ്യ ധീമഹി,
ധീയോ യോ ന പ്രചോദയാത്
ഓം ഭുർ ഭുവ…..
പ്രകടനം ഇത്തിരി കാര്യമായിട്ട് നടത്തിയിട്ടും അച്ഛൻ ഗൗനിക്കുന്ന ഭാവമില്ല. കുറച്ചു കഴിഞ്ഞപ്പോൾ അമ്മയും ചേച്ചിയും പടികയറി വരുന്നു. വലിയമ്പലത്തിൽ പോയ മട്ടുണ്ട്. എന്നെ തന്നെ രൂക്ഷമായി നോക്കികൊണ്ട് അവർ എന്നെ കടന്ന് പോയി. ഞാൻ പതിയെ ജപം അവസാനിപ്പിച്ചു. രാത്രി പുറത്തു ചാടാനുള്ള പദ്ധതി മനസ്സിലിട്ടു പെരുക്കി പെരുക്കി കഞ്ഞിയും കുടിച്ചിട്ട് മുറിയിൽ കേറി കസവ് ചാരി.
ആ സമയത്തും കുടിക്കാനുള്ള വെള്ളം എന്നും കൊണ്ട് വെച്ചിരുന്നത് ചേച്ചി ആയിരുന്നു. അതിവിദഗ്ദമായി കള്ളയുറക്കം നടിച്ചു കട്ടിലിൽ കിടന്ന എന്റെയടുത്തുള്ള മേശപ്പുറത്തു മൊന്ത കൊണ്ടു വെച്ചിട്ട് എന്നെ ഒന്ന് പാളി നോക്കികൊണ്ട് റാന്തലുമായി നടന്ന് നീങ്ങിയ ചേച്ചിയെ ഞാൻ ഒളികണ്ണാലെ കണ്ടു. രാത്രിയിൽ മതില് ചാടി മൂപ്പന്റെ കുടിയിൽ പോവുന്നത് മനസ്സിൽ ആലോചിച്ചു കൊണ്ട് ശേഖരന്റെ സിഗ്നൽ കിട്ടാൻ ഞാൻ കാതോർത്തു കിടന്നു.
കുക്കുറൂ കുക്കുറൂ കുർർർർ
കുർർർർർ കുക്കുറൂ കുർർർർർ
കുർർർർ കുക്കുറൂ കുക്കുറൂ കുർർർർ
ശേഖരൻ എത്തിയെന്നു ഉറപ്പായി. ഞാൻ കട്ടിലിൽ നിന്നും എഴുനേറ്റു. മുറിയിൽ നിന്നും ശബ്ദമുണ്ടാക്കാതെ എഴുനേറ്റ് മുകപ്പിൽ എത്തി. കൈവരിയുടെ അപ്പുറത്തേക്ക് കാലെടുത്തു വെച്ചു വശത്തുള്ള പാത്തിയിൽ ചവിട്ടി നിന്നു. മുറ്റത്ത് അടുക്കി വെച്ചിരുന്ന വൈക്കോൽ കൂനയിലേക്ക് എടുത്തു ചാടി.
പഞ്ഞിമെത്തയിൽ വീണത് പോലെ എന്റെ ശരീരം ഒന്ന് കുതിച്ചു പൊങ്ങി. ഉണങ്ങിയ വൈക്കോലിന്റെ മണം മൂക്കിലേക്ക് തുളച്ചു കയറി. കൂടെ ചൊറിച്ചിലും തുടങ്ങി. തടുപുട് എന്ന് ഉരുണ്ടു ഞാൻ മുറ്റത്തേക്ക് വീണിട്ട് ചാടിയോടി തൊടിയിൽ എത്തി ശേഖരനെ അവിടെയെല്ലാം പരതി.
