രാജാവ് അവനെ ചോദ്യം ചെയ്ത് ശേഷം കൊള്ളിക്കോൽ കൊണ്ടുള്ള ’ഉടവാൾ’ എടുത്ത് ‘ശിരച്ചേധം’ നടത്തും. അഞ്ചാലുമ്മൂട്ടിൽ നമ്പിമാരുടെ തറവാട്ടിലെ ‘ധനശ്രീ ഇളയകത്തമ്മ’ ആയിരുന്നു സ്ഥിരമായി എന്റെ മഹാറാണി.
അഞ്ചാലുമ്മൂട്ടിൽ നമ്പിമാർ ഒരുകാലത്തു മലയാളദേശത്തു തന്നെ വളരെ കേൾവിപെട്ട മാന്ത്രീകന്മാർ ആയിരുന്നു. പുഴക്കരയിലെ ഇഞ്ചക്കാവിൽ വർഷം തോറും നടന്നു പോന്നിരുന്ന പൂരുരുട്ടാതി വേലയ്ക്ക് പങ്കെടുക്കാൻ ആയി വേണാട്ടിൽ ഉള്ള നമ്പിമാരുടെ തറവാട്ടിൽ നിന്നും അന്നത്തെ അവരുടെ കാരണവർ ആയിരുന്ന വലിയ മാന്ത്രികൻ മാർഖണ്ഡയൻ നമ്പി ഈ ദേശത്തു ആദ്യമായി എത്തി.
പൂരുരുട്ടാതി വേലയ്ക്കു നടക്കുന്ന തർക്കത്തിൽ പങ്കെടുത്തു വിജയിക്കുന്നവർക്ക് കൊടുക്കാൻ സാമൂതിരി കോവിലകത്തു നിന്നും 999 സ്വർണ നാണയങ്ങൾ എല്ലാ വർഷവും വക നീക്കിയിരുന്നു. അതു മറ്റൊരു സൂത്രപ്പണി ആയിരുന്നു താനും.
വേലയ്ക്കു പങ്കെടുക്കാൻ പല നാട്ടിൽ നിന്നും ആളുകളെ വരുത്തുകയും വേണം എന്നാൽ വരുന്ന പുറം ദേശക്കാരുടെ കയ്യിലേക്ക് ദ്രവ്യം കൈമറിഞ്ഞു പോകാതിരിക്കുകയും വേണം എന്നൊരു നിർബന്ധബുദ്ധി സാമൂത്തിരിയ്ക്കു ഉണ്ടായിരുന്നു. രണ്ടിനും ചേർത്ത് കണ്ടുപിടിച്ച ഉപായം ആയിരുന്നു പുറമെ നിന്നും പങ്കെടുക്കാൻ വരുന്നവർക്ക് കറുപ്പ് കൊടുത്തു മന്ദരാക്കിയ ശേഷം മത്സരത്തിൽ പങ്കെടുപ്പിക്കുകയെന്നു ഉള്ളത്.
വേല തുടങ്ങുന്നത് ഉച്ചപ്പൂജ കഴിഞ്ഞിട്ടാണ്. ഉച്ചപ്പൂജയ്ക്കു ശേഷം നൽകുന്ന പാൽപായസം തർക്കത്തിൽ പങ്കെടുക്കുന്നവർ എല്ലാവരും സേവിച്ചിരിക്കണം എന്നുള്ളത് നിർബന്ധമായിരുന്നു. അന്നെ ദിവസത്തെ സകല പൂജകളുടെയും കർമികത്വം ഉള്ള നെടുംകോവിപേരൂരിൽ നിന്നുള്ള ആരും തന്നെ പാല്പായസം സേവിക്കുന്നതിനോടൊപ്പം അല്പം ഉന്മാദമുക്തി ചൂർണം സേവിക്കാതെ പങ്കെടുക്കാത്തിരുന്നത് കൊണ്ട് ജയിക്കുമെന്ന് ഉള്ളത് ഉറപ്പായിരുന്നു.
ആ വക നീക്കിയ നാണയങ്ങൾ അത്രയും നാട് വിട്ട് പോയില്ല എന്ന് മാത്രമല്ല സാമൂത്തിരിക്ക് പ്രിയപ്പെട്ടവരായ ആളുകളുടെ കയ്യിൽ തന്നെയിരുന്നു താനും. അങ്ങനെ വിജയിച്ച ഒരു വേലയുടെ അന്ന് വൈകുന്നേരം കോവിലകത്തിന്റെ ഇറയത്തു ഇരുന്ന് അതേ കറുപ്പ് ചേർത്ത പാൽപായസം കഴിച്ചു കൊണ്ട് അന്നത്തെ കാരണവർ ആയിരുന്ന ആദി ദേവേശൻ അയ്യർ വിജയരഹസ്യം തന്നത്താൻ പറഞ്ഞുകൊണ്ട് ഇത്തിരി അഹന്തയോടെ അട്ടഹാസിച്ചു.
തോൽവിയുടെ ഭാരവും പേറി, മത്സര സമയത്തു തന്റെ ബുദ്ധി എന്തെ തെളിയാത്തെ പോയി എന്നോർത്ത് സ്വയം പഴിച്ചു കൊണ്ട് തറവാട്ടിലേക് മടങ്ങുകയായിരുന്ന നമ്പി ‘കർണസ്ഫുലി’ സേവ ഉണ്ടായിരുന്ന ആളായത് കൊണ്ട് ഇത് കൃത്യമായി അദ്ദേഹത്തിന്റെ ചെവിയിലെത്തി. ഇതൊന്നു പൊളിച്ചടുക്കണം എന്നുള്ള ഉറച്ച മനസ്സോടെ ആയിരുന്നു പിറ്റേ വർഷം അദ്ദേഹം വന്നത്. ആ മത്സരത്തിൽ പങ്കെടുക്കും മുൻപേ പായസം സേവിച്ച ശേഷം ആദി ദേവേശൻ അയ്യരോട് “ഉന്മാദ മുക്തി ചൂർണം കുറവ് വന്നാൽ പറയണം,
അല്പം ഞാനും കൊണ്ടുവന്നിട്ടുണ്ട്” എന്നു പരിഹാസത്തോടെ ചെവിയിൽ പറഞ്ഞു. കള്ളി വെളിച്ചത്തായി എന്നും മത്സരത്തിൽ തോറ്റേക്കാൻ സാധ്യത ഉണ്ടെന്നും മനസ്സിലാക്കിയ അയ്യർ വിപദിധൈര്യം വിടാതെ മറ്റൊരു കുരുക്ക് ഉണ്ടാക്കി നമ്പിയെ തന്ത്രപരമായി പൂട്ടി. തർക്കത്തിനിടയിൽ അദ്ദേഹം ഒരു ചോദ്യം ചോദിച്ചു:
“അടുത്ത ചോദ്യത്തിന് ഉത്തരം പറഞ്ഞില്യച്ചാൽ തോൽവി സമ്മതിക്കാൻ തയ്യാറുണ്ടോ?”
മത്സരം തുടങ്ങി നിമിഷങ്ങൾക്കുള്ളിൽ അങ്ങനെ ഒരു ചോദ്യം വന്നത് തന്നെ പരിഹസിക്കാൻ ആണെന്ന് കരുതി നമ്പി അല്പം ഗർവ്വോടെ തിരിച്ചു പറഞ്ഞു:
“ന്താ തോൽക്കുമെന്ന് ഭയപ്പെട്ടു പോയത് കൊണ്ടാണോ ധൃതിയിൽ തർക്കം അവസാനിപ്പിക്കാൻ നോക്കുന്നത്?”
നമ്പി ചൊടിച്ചെന്നും കാര്യങ്ങൾ താനുദ്ദേശിച്ച വഴിക്ക് നീങ്ങുന്നുണ്ട് എന്നും കണ്ട അയ്യർ ഒരു ഗൂഢ സ്മിതത്തോടെ പറഞ്ഞു:
“നമ്പിയുടെ വാശിയെ പറ്റി ഏറെ കെട്ടിരിക്കണ്. ന്നാലും ഒരു തീർച്ച വരുത്തണോല്ലോ ന്ന് ണ്ടാർന്നു… അതാ ചോദിച്ചേ… ന്താ സമ്മതൊണ്ടോ? ണ്ടാച്ചാൽ ദാ… ഈ വെറ്റില ഒന്ന് മുറിച്ചിട്ട് കൊണ്ട് ദൃഡനിശ്ചയം കാട്ട്കാ”
