വിദ്യാഭ്യാസമുള്ള എന്നാൽ സ്വന്തമായി ഭൂസ്വത്തുക്കൾ ഒന്നും ഇല്ലാത്തതുമായ ആരോ ഒപ്പിച്ച പണിയാണെന്നും, അവർ ഐകകണ്ടേന പ്രഖ്യാപിച്ചു. അപ്രകാരം ഈ നാട്ടിൽ ഉള്ളവർ ആയിട്ട് അഞ്ചാലുമ്മൂട്ടിൽ നമ്പിമാർ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നുള്ളത് കൊണ്ട് അതും അവരുടെ പിടലിക്ക് ആയി. അപഖ്യാതി കേൾക്കുന്നത് ഒരു പുതിയ കാര്യം അല്ലാതിരുന്നത് കൊണ്ട് അന്നത്തെ നമ്പിയങ്ങുന്നു നീലകണ്ഠൻ നമ്പി (ധനശ്രീയുടെ അച്ഛൻ) അതിനെ ചൊല്ലി പ്രതികരിക്കാനും പോയില്ല.
എഴെട്ടു വയസ്സുള്ള സമയത്ത് ചേച്ചിയുടെ കൈയ്യും പിടിച്ചു ഇതുവഴി പോകുമ്പോൾ ഈ കടവുകളിൽ നിന്നും കനപ്പ് പിടിച്ച വെളിച്ചെണ്ണയുടെയും ഉപ്പുമാങ്ങ ഭരണിയുടെ ഉള്ളിലെ ചുനയുടെ മണവും ആയിരുന്നു അലയടിച്ചിരുന്നത്. പതിയെ പതിയെ അത് വില കുറഞ്ഞ വാസന സോപ്പിന്റെയും ചെറിയ പ്ലാസ്റ്റിക് കൂടുകളിൽ കടകളിൽ നിന്നും ലഭിക്കുന്ന ഹെയർ ഓയിലുകളുടെയും മണമായി മാറി.
സ്കൂളിൽ ശേഖരൻ ഉൾപ്പടെ കീഴ്ജാതിയിൽ പെട്ട പലർക്കും വരാൻ ഉണ്ടായിരുന്ന വിലക്കുകൾ മാറി. അവരിൽ പ്രായം എത്തിയവർക്കു ആറാം തരത്തിൽ നേരിട്ട് പ്രവേശനം കൊടുക്കുവാൻ തുടങ്ങി. മഞ്ഞല പിടിച്ച പഴകിയ വെളുത്ത തുണികൾക്കു പകരം പണിക്കാരുടെ മക്കൾ പലരും നിറമുള്ള തുണികൾ ധരിക്കാൻ തുടങ്ങി. എങ്കിലും ജന്മിമാരുടെ ഉള്ളിലെ അമർഷവും മുറുമുറുപ്പും വിധേയരുടെ ഉള്ളിലെ മുറിവുകളും അതുപോലെ തന്നെ നില നിന്നിരുന്നു.
കവുങ്ങിൻ തോട്ടത്തിന്റെ അരികു പിടിച്ചു കിഴക്കോട്ടു നടന്നു ഞങ്ങൾ അരുവിയിൽ നിന്നും തോട് ഉത്ഭവിക്കുന്ന സ്ഥലത്ത് എത്തി. അവിടെ വെള്ളത്തിൽ അധികം ശക്തിയില്ലാത്ത ചുഴികൾ കാണാമായിരുന്നു. സാമാന്യം നല്ല മുഴുപ്പുള്ള പരൽ മീനുകളുടെ കളകൾ കണ്ണാടി പോലെയുള്ള വെള്ളത്തിൽ കൂട്ടം കൂടി നിന്നിരുന്നു. സന്ധ്യ മയങ്ങുമ്പോൾ ഈ മീനുകൾ അരുവിയിലെ തണുത്ത വെള്ളത്തിലേക്ക് കയറും.
അതേ പോലെ തന്നെ താഴെ പാടത്തെ ചേറ്റിൽ കുത്തി മറിയുന്ന വരാലുകളും വാകമീനുകളും തണുത്ത വെള്ളത്തിന്റെ ഹരം നുകരാൻ നീന്തി കയറും. ഇവിടെയാണ് പറയ ചെറുക്കന്മാർ സ്ഥിരമായി മുളങ്കൂടുകൾ ഇട്ടു മീൻ പിടിക്കുന്നത്. തോട് ഒഴുകി പുഴയിൽ ചെന്ന് ചേരുന്നിടത്തെ സ്ഥിതിയും ഇത് തന്നെ. ഞാൻ നിലത്തു നിന്നും ഒരു ചെറിയ കല്ലെടുത്തു പരൽ മീനുകളുടെ ഒരു കൂട്ടത്തിലേക്ക് എറിഞ്ഞു. വേലയ്ക്കു ആകാശത്തു പൊട്ടുന്ന കുട വിരിഞ്ഞത് പോലെ മീനുകൾ പല വഴിക്കായി ചിന്നി ചിതറി.
“തമ്പ്രാനെ ഞാനിവിടെ കൊണ്ടുവന്നത് മത്സ്യക്കൂതിയിൽ മാക്രിക്കുണ്ണ കേറുന്നത് കാണാനല്ല” അവന്റെ വർത്തമാനം കേട്ട് എനിക്ക് ചിരിപൊട്ടി. ചിരിയടക്കാൻ കഴിയാതെ ഞാൻ അവിടെ നിലത്തു കുത്തിയിരുന്ന് ചിരിക്കാൻ തുടങ്ങി.
“എന്റെ തമ്പ്രാ ഒന്ന് വരുന്നുണ്ടോ. പിന്നെ ചിരിക്കാം” അവൻ ഭാവഭേദമന്യേ പറയുന്നത് കണ്ടപ്പോ എനിക്ക് വീണ്ടും ചിരി വന്നു. കണ്ണിൽ നിന്നും വന്ന വെള്ളം തുടച്ചു കൊണ്ട് ഞാൻ അവന്റെ പിന്നാലെ വീണ്ടും വെച്ചു പിടിച്ചു. അരുവിയിൽ ഇറങ്ങി മുട്ടോളം വെള്ളത്തിൽ കൂടെ നടന്നു. അവന്റെ ലക്ഷ്യം കുറച്ചു അകലത്തായി അരുവിയുടെ നടുക്കുള്ള ചെറുതുരുത്തു ആയിരുന്നു. പണ്ടേപ്പോഴോ ഒഴുകി വന്നു ഉറച്ച ഉരുളൻ പാറകളിൽ ചെളി അടിഞ്ഞു രൂപപ്പെട്ട ആ തുരുത്തിൽ പിന്നീട് കൈതകാടുകളും ഒട്ടൽ മുളകളും വളർന്നു പന്തലിച്ചു.
അരുവിയെ രണ്ടായി വകഞ്ഞു മാറ്റി നിലകൊള്ളുന്ന മാതേവത്തുരുത്തു മഴക്കാലത്തു അരുവിയിൽ വെള്ളം ഉയരുമ്പോൾ മുങ്ങി പോകും. ആ സമയത്ത് അതിൽ വളർന്നു നിൽക്കുന്ന ചെടികളുടെയും മുളകളുടെയുടെയും തലപ്പു മാത്രമേ വെള്ളത്തിനു മുകളിൽ കാണാൻ കഴിയു. മുൻപൊരിക്കൽ അവന്റെ കൂടെ അവിടെ പോയത് മൈന കുഞ്ഞുങ്ങളെ പിടിക്കാൻ ആയിരുന്നു. ഇന്നിപ്പോ എന്ത് മന്ത്രവാദത്തിന് ആണോ ഇവൻ എന്നെ വിളിച്ചോണ്ട് പോകുന്നത് എന്ന് ഞാൻ ഓർത്തു.
തുരുത്തിൽ കയറിയപ്പോൾ ശേഖരൻ എന്റെ നേരെ തിരിഞ്ഞിട്ട് ശബ്ദം ഉണ്ടാക്കരുത് എന്ന് ചുണ്ടത്തു വിരൽ വെച്ചു ആംഗ്യം കാണിച്ചു. കാടുകൾ പതിയെ വകഞ്ഞു മാറ്റി നിലത്തെ ചുള്ളിലുകളിൽ ചവിട്ടുമ്പോൾ ഉള്ള ഒച്ച പോലും അമുക്കി കൊണ്ട് മുന്നോട്ട് നീങ്ങിയ അവന്റെ പിന്നാലെ ഞാനും പതിയെ നീങ്ങി. അല്പം മുന്നോട്ട് ചെന്നപ്പോൾ നില്കാൻ ആംഗ്യം കാണിച്ചിട്ട് അവൻ വീണ്ടും മുന്നോട്ട് നടന്നു. കൈത കാടിന്റെ മുൻപിൽ കുത്തിയിരുന്നിട്ട് ഒരു ചെറിയ കമ്പെടുത്തു അവൻ പതിയെ ഇലകൾ വകഞ്ഞു മാറ്റി അതിന്റെ ഇടയിലെ വിടവിലൂടെ എവിടേക്കോ എത്തി നോക്കി.
