“അതിനെന്താ ആശാനേ… ഞാനാണ് കാര്യസ്ഥനെ കൊന്നതെന്ന് പറഞ്ഞാ പോരേ… ?..അപ്പോ എന്നെ മാത്രമല്ലേ തമ്പ്രാക്കൾ പകരം കൊല്ലൂ…”..
കുമാരൻ ധൈര്യത്തോടെ പറഞ്ഞു..
“മണ്ടത്തരം പറയാതിരിക്കൂ കുമാരാ… ഒരു കാര്യസ്ഥനെ കൊന്ന് സ്വയം ചാകാനാണോ നീ ഈ പണിക്കിറങ്ങുന്നത്… ?.. അതല്ല വേണ്ടത്… അവസാനത്തെ ശത്രുവിനേയും നിഗ്രഹിക്കുന്നത് വരെ നമ്മൾ പിടിക്കപ്പെടാനോ, നമ്മുടെ ജീവൻ നഷ്ടപ്പെടാനോ പാടില്ല… അതിനുള്ള മാർഗമാണ് നമ്മൾ നോക്കേണ്ടത്…”..
“പിന്നെ എന്താ അഛാ വേണ്ടത്… ?..
പിടിക്കപ്പെടാതെ അവരെയെല്ലാം തീർക്കാൻ നമുക്കെങ്ങിനെ പറ്റും… ?”..
നീലി ചോദിച്ച സംശയം തന്നെയാണ് കുമാരനും, കുട്ടിരാമനും ഉണ്ടായത്..
“ പറയാം… രാത്രി പാടത്തൂടെ നടന്ന് പോകുന്ന കൈമൾ… അവിടെ വെച്ച് അയാളെ ഒരു പശു കുത്തുന്നു… അലെങ്കിൽ ഒരു കാള… അതുമല്ലെങ്കിൽ ഒരു പന്നിയുടെ കുത്തേറ്റ് കൈമൾ മരിക്കുന്നു… ഒരു മനുഷ്യന്റെ ഇടപെടൽ അതിലുണ്ടായിട്ടേ ഇല്ല… ഇങ്ങിനെ സംഭവിച്ചാൽ തമ്പ്രാക്കൾ ആരെ സംശയിക്കും… ?”..
ആശാന്റെ ചോദ്യം കേട്ട് മൂന്നാളും പരസ്പരം നോക്കി.. അവർക്കതങ്ങോട്ട് മനസിലായില്ല..
“ആശാൻ പറഞ്ഞ് വന്നത് മനസിലായില്ല…”..
“മനസിലാക്കിത്തരാം… ഓരോരുത്തരെ കൊല്ലുമ്പോഴും തികച്ചും സ്വാഭാവികമായ രീതിയിൽ സംഭവിക്കുമ്പോലെ കാളയുടെയോ, പന്നിയുടേയോ കുത്തേറ്റ് മരിച്ചതാകാം… അങ്ങനെയല്ലെന്ന് ഒരാൾക്കും തെളിയിക്കാൻ പറ്റില്ല… എന്നാൽ അത് ചെയ്യുന്നത് നമ്മളായിരിക്കും…”..
ഇപ്പഴും മൂന്നാൾക്കും സംഭവം മനസിലായില്ല..
“ഒന്നുകൂടി വ്യക്തമാക്കിത്തരാം…
നമ്മൾ കൊല്ലാൻ തീരുമാനിച്ചയാൾ – അയാൾ തമ്പ്രാനോ കാര്യസ്ഥനോ ആയ്ക്കോട്ടെ… അയാളെ സമയവും സന്ദർഭവും നോക്കി നമ്മൾ കൊല്ലുന്നു… പക്ഷേ, പുലരുമ്പോൾ അയാളുടെ ജഡം കാണുന്ന ആർക്കും മനസിലാവുക അയാളേതോ മൃഗത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു എന്നാണ്… സ്വാഭാവികമായി സംഭവിക്കുന്ന കാര്യമായത് കൊണ്ട് ഒരു മനുഷ്യന് നേരെ സംശയം നീളില്ല… “..
“അതെങ്ങിനെ സംഭവിക്കും ആശാനേ..?..നമ്മളല്ലേ കൊല്ലുന്നത്… പിന്നെങ്ങിനെ മൃഗത്തിന്റെ ആക്രമണമാണെന്ന് മനസിലാവും… ?”..
“മനസിലാകും… കൊല്ലുന്നത് നമ്മളാണെങ്കിലും കാണുന്നവനും, കൊല്ലപ്പെടുന്നവനും അത് മൃഗത്തിന്റെ ആക്രമണമായേ തോന്നൂ… അതാണ് ഒടിവിദ്യ… കേട്ടിട്ടുണ്ടോ മൂന്നാളും… “..
മൂന്നാളും പരസ്പരം നോക്കി.. കുമരനാ വാക്ക് കേട്ടിട്ടുണ്ടെങ്കിലും കുട്ടിരാമനും നീലിയും ഒടിവിദ്യയെന്ന വാക്ക് പോലും കേട്ടിട്ടില്ല..അതെന്താണെന്ന് കുമാരനും അറിയില്ല..
“ അങ്ങിനെ ഞാൻ കേട്ടിട്ടുണ്ട് ആശാനേ… പക്ഷേ അതെന്താണെന്നറിയില്ല…”..
കുമാരൻ പറഞ്ഞു…
“ ഈ ഒടിവിദ്യ എന്ന് പറഞ്ഞാൽ ആർക്കും ചെയ്യാൻ പറ്റും…ഒടിയനായി മാറിയ ഒരാൾക്ക് അയാളാഗ്രഹിക്കുന്ന ഏത് രൂപവും സ്വീകരിക്കാനാകും… ആ രൂപം സ്വീകരിച്ച് അയാൾക്ക് ശത്രുവിനെ നിഗ്രഹിക്കാൻ സാധിക്കും… ഇവിടെ നമുക്കതാണ് വേണ്ടത്… ഒടിയനായി മാറി ഇഷ്ടപ്പെടുന്ന രൂപം സ്വീകരിച്ച് ശത്രുവിനെ ഇല്ലാതാക്കുക… അങ്ങിനെ ചെയ്താൽ നമ്മൾ പിടിക്കപ്പെടില്ല…
ചെറിയൊരു പിഴവിന് പോലും നമുക്ക് മരണം വിധിക്കുന്ന ജന്മിത്തമ്പ്രാക്കളോട് പകരം ചോദിക്കാൻ ഒടിവിദ്യയോളം പോന്ന വേറൊരുപായമില്ലെന്നാണ് എന്റെ അഭിപ്രായം…”…
അത്രയും പറഞ്ഞ് ആശാൻ കുറച്ച് നേരം ചുമച്ചു.. നീലി അടുത്തേക്ക് വന്ന് ആശാന്റെ നെഞ്ച് തടവിക്കൊടുത്തു.. കുറച്ച് നേരം കഴിഞ്ഞപ്പോ ആശാന് ചുമ നിന്നു… എന്നാലും അയാൾ ശക്തിയായി കിതച്ച് കൊണ്ടിരുന്നു..
“ ഇത്ര നേരമൊന്നും അഛൻ സംസാരിക്കാറില്ല… അതാ ഈ കിതപ്പ്…”..
നീലി രണ്ടാളെയും നോക്കി പറഞ്ഞു..
“ആശാൻ പതുക്കെ സംസാരിച്ചാ മതി…”..
കുമാരൻ പറഞ്ഞത് കേട്ട് ആശാനൊന്ന് ചിരിച്ചു..
“ജീവൻ തിരിച്ച് കിട്ടിയത് ഭാഗ്യാ കുമാരാ…നെഞ്ചിൻ കൂട് ചവിട്ടിക്കലക്കിക്കളഞ്ഞു ആ ദുഷ്ടൻ… അന്ന് തുടങ്ങിയതാ ഈ ചുമ… “..
