അവൻ- 2 7അടിപൊളി  

അതും പറഞ്ഞ് രാജീവ് കുറച്ചു മാറി നിന്ന് കോൾ ചെയ്തു, ഒരു 5 മിനുട്ട് സംസാരിച്ച ശേഷം അയാൾ വീണ്ടും തിരികെ വന്നു ചെയറിൽ ഇരുന്നു.

“തല്കാലം താൻ എന്റെ അസിസ്റ്റന്റ് ആയി നിന്ന് കാര്യങ്ങൾ പഠിക്കട്ടെ എന്നാണ് അർജുൻ സർ പറഞ്ഞത് “

അഭിജിത്തിന്റെ മുഖത്ത് അത്ഭുതം പ്രകടമായി.

“പേടിക്കേണ്ട. എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്യേണ്ടിവരില്ല. പരിചയമുള്ള ടീം കൂടെയുണ്ടാകും”

അഭിജിത്ത് സന്തോഷത്തോടെ തലയാട്ടി

“നാളെ മുതൽ ജോയിൻ ചെയ്യാൻ സാധിക്കുമോ?”

അയാൾ ചോദിച്ചു.

“യെസ് സർ.”

“ഓക്കെ. അപ്പോൾ നാളെതന്നെ വന്നോളൂ, തന്റെ ക്യാബിൻ റെഡി ആക്കാൻ ഞാൻ HR നോട്‌ പറയാം.“

അത്രയും നേരം ഉള്ളിൽ അടക്കിവെച്ചിരുന്ന സന്തോഷം അവന്റെ മുഖത്ത് തെളിഞ്ഞു.

കമ്പനിയുടെ പാർക്കിങ്ങിലേക്ക് നടക്കുമ്പോൾ കാളിദാസൻ അഭിജിത്തിന്റെ തോളിൽ തട്ടി.

“എന്താ മോനേ, സന്തോഷമായില്ലേ?”

അഭിജിത്ത് ചിരിച്ചു.

“എന്ത് പറയാനാ ചേട്ടാ. ഇത്രയും നാൾ എത്രയോ കമ്പനികളിൽ കയറിയിറങ്ങിയതാ. ഒടുവിൽ ഒരു ജോലി കിട്ടിയല്ലോ.”

“അതൊക്കെ ശരിയാകും. പിന്നെ മംഗലശേരി ഗ്രൂപ്പിൽ ജോലി ചെയ്യുമ്പോൾ കുറച്ച് അധികം ഉത്തരവാദിത്തമുണ്ടാവണം, അത് മറക്കരുത്.”

“ഇല്ല ചേട്ടാ.”

കാറിൽ കയറിയശേഷവും അവന്റെ സന്തോഷത്തിന് കുറവുണ്ടായിരുന്നില്ല.

ജനലിലൂടെ പുറത്തേക്ക് നോക്കുമ്പോൾ അവന്റെ മനസ്സിൽ പല ചിന്തകളും കടന്നുവന്നു.ഇതുവരെ താൻ അയച്ചിരുന്ന ജോബ് അപേക്ഷകൾ.വന്നുകൊണ്ടിരുന്ന നിരസിക്കൽ മെയിലുകൾ.

എക്സ്പീരിയൻസ് ഇല്ലെന്ന പേരിൽ ഒഴിവാക്കപ്പെട്ട ഇന്റർവ്യൂകൾ.എല്ലാം ഇന്നലെ കഴിഞ്ഞ ഒരു മോശം സ്വപ്നം പോലെ തോന്നി.ഇന്ന് ആദ്യമായി തന്റെ പേരിന് മുന്നിൽ ഒരു ജോലി പദവി ഉണ്ടാകാൻ പോകുന്നു.

അസിസ്റ്റന്റ് മാനേജർ.

അവൻ അറിയാതെ തന്നെ ചിരിച്ചുപോയി.

“എന്താ മോനേ, ഒറ്റയ്ക്കിരുന്ന് ചിരിക്കുന്നത്?”

കാളിദാസൻ ചോദിച്ചു.

“ഒന്നുമില്ല ചേട്ടാ. സന്തോഷം കൊണ്ടാണ്.”

“ഹഹ….”

അഭിജിത്ത് ഉടൻ ഫോൺ എടുത്തു.

അമ്മയെ വിളിക്കണമെന്നുണ്ടായിരുന്നു.

പക്ഷേ നേരിട്ട് വീട്ടിലെത്തി പറയാമെന്ന് അവൻ തീരുമാനിച്ചു.അമ്മയുടെയും ചേച്ചിയുടെയും മുഖത്ത് ആ സന്തോഷം നേരിട്ട് കാണണം. കാർ മംഗലശേരി തറവാടിന്റെ ഗേറ്റിനുള്ളിലേക്ക് പ്രവേശിച്ചു.

കാർ നിർത്തിയതും അഭിജിത്ത് വേഗത്തിൽ പുറത്തേക്കിറങ്ങി, വേഗത്തിൽ അകത്തേക്ക് നടന്നു, അനഘ നടുമുറ്റത്തിനടുത്തുള്ള വരാന്തയിൽ ഇരുന്ന് മൊബൈൽ നോക്കുകയായിരുന്നു.

അഭിയെ കണ്ടതും അവൾ എഴുന്നേറ്റു.

“ആഹാ… വന്നല്ലോ. എന്തായി?”

അഭിജിത്ത് ഒന്നും പറയാതെ കുറച്ചു നേരം അവളെ നോക്കി നിന്നു

“എന്താടാ? എന്തെങ്കിലും പ്രശ്നമുണ്ടോ?”

“ചേച്ചീ…”

“എന്താ?”

“ഞാൻ ആദ്യമായി ജോലിക്ക് പോകുന്ന ദിവസം അറിയണമെന്നല്ലേ പറഞ്ഞെ, എന്നാ കേട്ടോ ആ ദിവസം നാളെയാണ്!”

“ശരിക്കും?”

അനഘയുടെ കണ്ണുകൾ വിടർന്നു.

“അതെ .”

അവൾ സന്തോഷത്തോടെ അവനെ കെട്ടിപിടിച്ചു.

“അസിസ്റ്റന്റ് മാനേജർ അയിട്ടാണ് പോസ്റ്റ്‌.”

“എന്റെ പൊന്നോ!”

അനഘ അവന്റെ തോളിൽ തട്ടി.

“കണ്ടോ! ഞാൻ അന്നേ പറഞ്ഞതല്ലേ😌.”

അവളുടെ ശബ്ദത്തിൽ അഭിമാനവും സന്തോഷവും ഒരുപോലെ ഉണ്ടായിരുന്നു.

അപ്പോഴേക്കും ശോഭയും അവിടേക്ക് വന്നു.

“എന്താ രണ്ടുപേരും ഇത്ര സന്തോഷത്തിൽ?”

അനഘ അമ്മയുടെ അടുത്തേക്ക് ഓടിച്ചെന്നു.

“അമ്മേ… നമ്മുടെ അഭിക്ക് ജോലി കിട്ടി!”

“ആണോ?”

ശോഭയുടെ മുഖത്ത് പെട്ടെന്ന് സന്തോഷം നിറഞ്ഞു.അഭിജിത്ത് അമ്മയുടെ അടുത്തേക്ക് ചെന്നു.

“അതെ അമ്മേ. മംഗലശേരി ഗ്രൂപ്പിന്റെ കൺസ്ട്രക്ഷൻ കമ്പനിയിൽ. അസിസ്റ്റന്റ് മാനേജറായിട്ടാണ്.”

“എന്റെ കൃഷ്ണാ…”

ശോഭ അറിയാതെ കൈകൂപ്പി.

പിന്നീട് മകന്റെ മുഖത്ത് ഇരുകൈകളും ചേർത്തുപിടിച്ചു.

“എത്ര നാളായി മോനേ ഞാൻ ഇതൊന്ന് കേൾക്കാൻ

ആഗ്രഹിക്കുന്നു.”

അവളുടെ കണ്ണുകൾ നിറഞ്ഞു.

“ഇനി അമ്മ വിഷമിക്കണ്ട. എന്റെ ജോലി നാളെ മുതൽ തുടങ്ങും.”

ശോഭ മകനെ ചേർത്തുപിടിച്ചു.

അനഘയും അടുത്തേക്ക് വന്ന് രണ്ടുപേരെയും ചേർത്തുപിടിച്ചു.

“ഇനി നമ്മുടെ വീട്ടിൽ ഒരാൾ മാനേജരാണല്ലോ!”

Updated: November 22, 2026 — 12:44 pm

Leave a Reply

Your email address will not be published. Required fields are marked *