അവൻ- 2 6അടിപൊളി  

അതിനുശേഷം രാജീവ് അവനെ കമ്പനിയിലെ വിവിധ വിഭാഗങ്ങളിലേക്ക് പരിചയപ്പെടുത്തി.അക്കൗണ്ട്സ് വിഭാഗത്തിലെ ജീവനക്കാർ, പ്രോജക്ട് മാനേജർമാർ, HR വിഭാഗം, അഡ്മിനിസ്ട്രേഷൻ ടീം എന്നിവരെയെല്ലാം പരിചയപ്പെട്ടു.

“ഇതാണ് നമ്മുടെ പുതിയ അസിസ്റ്റന്റ് മാനേജർ അഭിജിത്ത്.”

രാജീവ് പരിചയപ്പെടുത്തുമ്പോൾ പലരും പുഞ്ചിരിയോടെ കൈകൊടുത്തു.

“വെൽക്കം ടു മംഗലശേരി ഗ്രൂപ്പ്.”

അക്കൗണ്ട്സ് വിഭാഗത്തിലെ സീനിയർ എക്സിക്യൂട്ടീവായ മനോജ് പറഞ്ഞു.

“താങ്ക്യൂ.”

ഉച്ചയോടെ അഭിജിത്ത് തന്റെ ക്യാബിനിലേക്ക് തിരിച്ചെത്തി.

മേശപ്പുറത്ത് രാജീവ് നൽകിയിരുന്ന ചില ഫയലുകൾ തുറന്നുനോക്കി.

അവൻ ഓരോ കണക്കുകളും ശ്രദ്ധയോടെ പരിശോധിച്ചു.ചില കണക്കുകളിൽ ചെറിയ വ്യത്യാസങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ അവൻ അവ പ്രത്യേകം കുറിച്ചുവെച്ചു.

അൽപ്പസമയത്തിനുശേഷം രാജീവ് അവന്റെ ക്യാബിനിലേക്ക് വന്നു.

“എന്താ അഭിജിത്ത്, ആദ്യത്തെ ദിവസം എങ്ങനെയുണ്ട്?”

“നല്ല അനുഭവമാണ് സർ. കുറച്ചധികം കാര്യങ്ങൾ പഠിക്കാനുണ്ട്.”

“പെട്ടന്ന് പഠിച്ചാൽ അഭിജിത്തിന് അത്രത്തോളം കാര്യങ്ങൾ എളുപ്പമാവും. പിന്നെ ആ ഫയൽ നോക്കിയോ?”

“നോക്കി സർ. അതിൽ രണ്ട് പ്രോജക്ടുകളിലെ ചെലവുകണക്കുകളിൽ ചെറിയ വ്യത്യാസങ്ങൾ കണ്ടിട്ടുണ്ട്. ഒന്ന് വീണ്ടും പരിശോധിക്കണമെന്ന് തോന്നുന്നു.”

രാജീവ് ഫയൽ വാങ്ങി നോക്കി.

“ഹും… നന്നായിട്ടുണ്ട്. ആദ്യദിവസം തന്നെ കാര്യങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങിയല്ലോ.”

അഭിജിത്ത് ചിരിച്ചു.

“എനിക്ക് കിട്ടിയ അവസരം നന്നായി ഉപയോഗിക്കണമെന്നാണ്

രാജീവ് അവന്റെ തോളിൽ തട്ടി.

“ഗുഡ്. അങ്ങനെയൊരു

മനോഭാവം തന്നെയാണ് വേണ്ടത്.”

ആദ്യദിവസം തന്നെ ജോലിയോട് അവൻ കാണിച്ച താൽപര്യം രാജീവിന് ഇഷ്ടമായി.

അതേസമയം രാവിലെ തറവാട്ടിൽ,

അനഘ അടുക്കളയിൽ അമ്മയെ സഹായിച്ചുകൊണ്ടിരിക്കുകയായിരുന്നു.

അപ്പോഴാണ് ആര്യ അവിടേക്ക് വന്നത്.

“അനഘേച്ചി”

“എന്താ ആര്യ…”

“എന്താ പരിപാടി?”

“പ്രത്യേകിച്ചൊന്നുമില്ലല്ലോ”

“എന്നാൽ ഇന്ന് നമുക്ക് പുറത്തേക്ക് പോയാലോ?”

അനഘ അവളെ നോക്കി.

“എവിടേക്ക്?”

“നമ്മുടെ നാടൊക്കെ കാണാൻ. ചേച്ചി ഇവിടെ വന്നിട്ട് വീടും പരിസരവും അല്ലാതെ നമ്മുടെ നാടൊന്നും കണ്ടിട്ടില്ലോ.

“അത് കൊള്ളാം. എനിക്കും ഇവിടൊക്കെ ഒന്ന് ചുറ്റി കാണണമെന്നുണ്ട്.”

“എന്നാ നമ്മക്ക് പോവാം”

അപ്പോഴേക്കും ആരതി അവിടേക്ക് വന്നു.

“എന്താ രണ്ടുപേരും കൂടി ഒരു രഹസ്യ ചർച്ച?”

” അനഘേച്ചിയെ നമ്മുടെ നാടൊക്കെ കാണിക്കാൻ കൊണ്ടുപോകുന്ന കാര്യം പറയുകയായിരുന്നു.”

“ആഹാ! എന്ന ഞാനും വരും.”

മൂവരും പുറത്ത് പോകാൻ റെഡിയായി, അരുണിമയെയും അശ്വതിയെയും വിളിച്ചെങ്കിലും അവർ മറ്റു ജോലിയുണ്ടെന്ന് പറഞ്ഞ് പോയില്ല.

അനഘ ഇളം പിങ്ക് നിറത്തിലുള്ള ചുരിദാറും അതിന് ചേരുന്ന ദുപ്പട്ടയും ധരിച്ചിരുന്നു. ആര്യ നീല നിറത്തിലുള്ള കുർത്തിയും ആരതി ഒരു ലളിതമായ കോട്ടൺ ചുരിദാറുമായിരുന്നു ധരിച്ചിരുന്നത്.

“എന്നാൽ പോയാലോ?”

ആരതി ചോദിച്ചു.

“പോകാം.”

മൂവരും വീടിന്റെ മുറ്റത്തേക്ക് ഇറങ്ങി.

അവരെ കണ്ട അമ്പിളി ചോദിച്ചു.

“എങ്ങോട്ടാ മക്കളേ?”

“അമ്മേ, അനഘേച്ചിയെ നമ്മുടെ നാടൊക്കെ കാണിക്കാൻ കൊണ്ടുപോകുകയാണ്.”

ആരതി മറുപടി പറഞ്ഞു.

“ആഹാ, നല്ല കാര്യം. സൂക്ഷിച്ച് പോയിട്ട് വാ.”

“ശരി അമ്മായി.”

അനഘ ചിരിച്ചുകൊണ്ട് മറുപടി നൽകി.

അവർ കാറിൽ കയറി, ആര്യ തന്നെയാണ് വണ്ടി ഓടിക്കുന്നത്, ഗേറ്റ് കടന്ന് വാഹനം പ്രധാന റോഡിലേക്ക്

പ്രവേശിച്ചു.

വഴിയരികിലെ പച്ചപ്പും

തെങ്ങിൻതോപ്പുകളും ചെറിയ വീടുകളും കടന്നുപോകുമ്പോൾ അനഘ കൗതുകത്തോടെ പുറത്തേക്ക് നോക്കുകയായിരുന്നു.

“എന്ത് ഭംഗിയാണല്ലേ ഈ സ്ഥലം!”

അവൾ പറഞ്ഞു.

“ഇതൊക്കെ എന്ത് . ഇനിയും എന്തൊക്കെ കാണാൻ കിടക്കുന്നു.” ആരതി

ആദ്യം അവർ ഗ്രാമത്തിലെ പഴയൊരു അമ്പലത്തിലേക്കാണ് പോയത്.

അമ്പലത്തിന് ചുറ്റുമുള്ള വലിയ ആൽമരവും അതിനടുത്തുള്ള കുളവും ശാന്തമായ അന്തരീക്ഷവും അനഘയ്ക്ക് ഒരുപാട് ഇഷ്ടമായി.

“ഇവിടെ വരുമ്പോൾ എന്തോ ഒരു പ്രത്യേക സമാധാനം തോന്നുന്നു.”

Updated: November 22, 2026 — 12:44 pm

Leave a Reply

Your email address will not be published. Required fields are marked *