പക്ഷെ ദൗർഭാഗ്യവശാൽ അവളിപ്പോ പഴയത് പോലെ എന്നോട് മിണ്ടാറില്ല
അവിടെ നിന്നും വളകളുടെ ഒരു കൂമ്പാരം തന്നെ ഞാൻ വാങ്ങിയിരുന്നു. ഇവിടെ മുഴുവൻ പെൺകുട്ടികൾ അല്ലേ. എല്ലാവർക്കും ഞാൻ തന്നെ കൊണ്ട് കൊടുത്തു.
രേഷ്മ പഴയ പോലെ മിണ്ടാട്ടം ഇല്ലെങ്കിലും വള വാങ്ങി. വേദുവിന് കൊടുക്കുമ്പോ മീതുവിന് കൊടുക്കാത്തത് മോശം ആകുമല്ലോ എന്ന് കരുതി ആണ് അവൾക്ക് വാങ്ങിയത്.
അവൾ
അത് വാങ്ങില്ല എന്നാണ് ഞാൻ കരുതിയത്. പക്ഷെ എന്തോ അത്ഭുതം.. അവൾ അത് വാങ്ങുകയും കയ്യിൽ എടുത്തു ഇടുകയും ചെയ്തു..
ശിവ ചേച്ചിക്ക് വള വാങ്ങി കൊടുത്തപ്പോ അവളെന്നോട് ദേഷ്യപ്പെട്ടു. അവൾ കൊടുത്ത കാശിനു വള വാങ്ങി വന്നോടാ എന്ന് ചോദിച്ചു ആയിരുന്നു അവളുടെ ദേഷ്യം.
അതൊക്കെ വെറുതെ ആണ്. വാങ്ങിക്കാതെ വന്നാൽ അത് പറഞ്ഞു ദേഷ്യപ്പെടും. ഇടക്ക് ആ സാധനത്തിനു എന്നോട് എന്തേലും ഒക്കെ അടി ഉണ്ടാക്കി ഇരിക്കണം..
വള വാങ്ങിയത് മാത്രമല്ല നിന്നേ വളയ്ക്കാൻ ഉള്ള മാർഗം ദൈവത്തിന് തെളിക്കാൻ കൊടുത്തിട്ടാണ് ഞാൻ വന്നതെന്ന് ഞാൻ മനസ്സിൽ പറഞ്ഞു
എല്ലാവർക്കും ഓരോ സെറ്റ് വള വാങ്ങിയപ്പോൾ ആയിഷ കുട്ടിക്ക് കുറേ ജോഡികൾ ഞാൻ വാങ്ങി.. കമ്മൽ, കണ്മഷി, അങ്ങനെ ഒരുപാട് സാധനങ്ങൾ ഞാൻ അവൾക്ക് വാങ്ങി കൊണ്ട് വന്നിരുന്നു..
ഇവിടുന്ന് പോയപ്പോ തന്നെ എന്നെ അതെല്ലാം വാങ്ങണം എന്ന് ചട്ടം കെട്ടിയാണ് മൂപ്പത്തി വിട്ടത്.. ഉമ്മ അറിയാതെ ആണ് ഇതൊക്കെ ആവശ്യപ്പെട്ടത് എന്ന് മാത്രം.
കുഞ്ഞു ആയിഷ കുട്ടി ആ വളകൾ എല്ലാം ഒരുമിച്ച് കൈകളിൽ കയറ്റി നടന്നു അവസാനം ഉമ്മയുടെ വായിൽ നിന്ന് എനിക്ക് ചെറിയ ചീത്തയും കിട്ടി..
ഗോപു ചേച്ചിയുടെ അനിയൻ ഗോകുലിനു ഞാൻ ഒരു പൊട്ടാസ് തോക്കാണ് വാങ്ങിച്ചത്..
തിരിച്ചു വന്നു കഴിഞ്ഞാണ് ഞങ്ങളുടെ കടവിന് അടുത്തായി ഒരു ചങ്ങാടം കിടക്കുന്നത് ഞാൻ കണ്ടത്. ഞങ്ങൾക്ക് അക്കരേക്ക് പോയിട്ട് പ്രത്യേകിച്ച് പ്രയോജനം ഒന്നുമില്ല.
തൊട്ട് അക്കരെ വീടുകൾ ഒന്നുമില്ല. മുഴുവൻ കാടാണ്. ആ കരയിലേക്ക് പോകാൻ കുറച്ചു ദൂരം മാറി പാലവും ഉണ്ട്. അത് കൊണ്ട് ഇവിടെ ചങ്ങാടത്തിന്റെ ആവശ്യവും വരുന്നില്ല.
പിന്നെ എന്തിന് ആരാണ് ഇത് ഉണ്ടാക്കിയത് എന്ന് എനിക്ക് സംശയം തോന്നി. സുരേഷ് ചേട്ടൻ ആണ് ഇതിന്റെ ശില്പി..
ഗോപു ചേച്ചിയുടെ അച്ഛന് ശില്പ വിദ്യയിൽ ഒക്കെ നല്ല വിരുത് ഉണ്ട്. ഇങ്ങനെ ഓരോന്നൊക്കെ ഉണ്ടാക്കാൻ നല്ല താല്പര്യവും ആണ്. വെറുതെ പ്രയോജനം ഇല്ലാത്തത് ഉണ്ടാക്കാൻ സമയം കളയുകയും വീട് ആകെ താറുമാറായി കിടക്കുകയും ചെയ്യുന്നത് കൊണ്ട് സുരേഷ്
പേരപ്പന്റെ ഇത്തരം വാസനകളോട് സന്ധ്യ പേരമ്മയ്ക്ക്
കലിപ്പ് ആയിരുന്നു.. വെറുതെ ഒരു രസത്തിന് ഇരുന്നപ്പോൾ ചങ്ങാടം ഉണ്ടാക്കിയത് ആണെന്നാണ് പേരപ്പൻ പറഞ്ഞത്.
ഞങ്ങൾ രണ്ടും ചങ്ങാടത്തിൽ ഇരുന്നു ആറിന്റെ നടുവിലൂടെ കുറച്ചു ദൂരം പോയി.. പിള്ളേരെ ഒന്നും കൊണ്ട് നടുക്ക് വരെ പോകാൻ പേരപ്പന് പേടി ആയിരുന്നു..
എന്നെ ആകുമ്പോൾ ആ പേടി ഇല്ല. ആ കൂട്ടത്തിൽ ഇത് പോലെ ഓരോന്നൊക്കെ പണ്ട് ഉണ്ടാക്കിയത് പേരപ്പൻ എന്നോട് പറഞ്ഞു. പണ്ട് അവരുടെ ചെറുപ്പത്തിൽ ഇവിടെ ഉള്ള ഒരു മരത്തിന്റെ മേലേ ഏറു മാടം വച്ചതും അവിടെ എല്ലാവരും ഒരുമിച്ച് കയറി ഇരിക്കുന്നതും എല്ലാം പേരപ്പൻ
എന്നോട് പറഞ്ഞു. അമ്മ തല്ലാൻ വരുമ്പോൾ രക്ഷയ്ക്കായ് ഓടി വന്നു ഏറുമാടത്തിന്റെ മുകളിൽ കയറി ഇരുന്നു നേരം വെളുപ്പിച്ചത് ഒക്കെ പേരപ്പൻ ചിരിച്ചു കൊണ്ട് എന്നോട് പറഞ്ഞു.
പിന്നെ കുറച്ചു നേരം ഒന്നും മിണ്ടാതെ ആ ഓർമ്മകളിൽ മുഴുകി ഇരുന്നു.. കുറേ വർഷം കഴിഞ്ഞു അടുത്ത തലമുറയോട് ഇത് പോലെ കഥകൾ ഞാനും പറയണം എന്നോർത്തു ഞാനും ഇരുന്നു
ചങ്ങാടത്തിൽ തുഴഞ്ഞു ആശ തീർത്തെങ്കിലും പേരപ്പൻ പറഞ്ഞ മരത്തിനു മുകളിൽ ഉള്ള ഏറുമാടം എന്ന ചിന്ത എന്നെ വല്ലാതെ ആകർഷിച്ചു. മരത്തിന്റെ മുകളിൽ ഒരു വീട് എന്ന ചിന്ത എനിക്ക് അടിപൊളി ആയി തോന്നി.
എനിക്കും അങ്ങനൊരു വീട് പണിയണം എന്ന് ഞാൻ തീരുമാനിച്ചു. അതിനായ് വേണ്ട തടികളും കയറും എല്ലാം അടുത്ത ദിവസം തന്നെ ഞാൻ കണ്ട് പിടിച്ചു.
