“ഇന്ന് വൈകുന്നേരം നമുക്ക് പുറത്ത് പോകാം. ഞാൻ ഒരു സ്ഥലം കണ്ടെത്തിയിട്ടുണ്ട്.”
മീനാക്ഷി കണ്ണുകൾ ചിമ്മി.
“ബോസ്സിന് സമയമുണ്ടോ?”
“നിനക്ക് വേണ്ടി എപ്പോഴും ഉണ്ടാകും.”
അവൻ തിരികെ തന്റെ സീറ്റിലേക്ക് നടന്നു. അവൾ ദീർഘശ്വാസം വിട്ടു. പുറമെ അവർ ബോസ്സും ജീവനക്കാരിയും. പക്ഷേ ഉള്ളിൽ, അവർ പരസ്പരം തിരിച്ചറിയുന്ന രണ്ട് ആത്മാക്കളായിരുന്നു.
വൈകുന്നേരം ചെന്നൈയിലെ ഏറ്റവും പ്രശസ്തമായ ഒരു റെസ്റ്റോറന്റിലേക്ക് അവർ എത്തി. മങ്ങിയ വെളിച്ചം, പശ്ചാത്തലത്തിൽ ഒഴുകുന്ന മൃദുവായ സംഗീതം, ചുറ്റും ആളുകളുടെ മർമ്മരം. അവർ ഒരു മൂലയിലുള്ള സ്വകാര്യമായ ഒരു ടേബിളിൽ ഇരുന്നു.
ജിതിൻ അവളുടെ മുഖത്തേക്ക് നോക്കി. അവളുടെ കണ്ണുകളിൽ എന്തോ ഒരു ഭാരം ഉണ്ടെന്ന് അവന് തോന്നി.
“എന്താണ് മീനാക്ഷീ? നീ ഇന്ന് വല്ലാതെ നിശബ്ദയാണ്.”
അവൾ തന്റെ ഗ്ലാസിലെ വെള്ളത്തിലേക്ക് നോക്കി. വിരലുകൾ ഗ്ലാസിന്റെ വക്കിൽ തട്ടി ശബ്ദമുണ്ടാക്കി.
“ജിതിൻ… എനിക്ക് നിന്നോട് ഒരു കാര്യം പറയണം.”
ജിതിൻ അവളുടെ കൈകൾ ചേർത്തുപിടിച്ചു.
“എന്താണ്? നീ ഇത്ര ഗൗരവത്തിലാണല്ലോ.”
അവൾ ഒരു നിമിഷം മൗനമായി. പിന്നെ പതുക്കെ പറഞ്ഞു തുടങ്ങി.
“എന്റെ ജീവിതത്തിൽ നീ വരുന്നതിന് മുൻപ്… ഒരാൾ ഉണ്ടായിരുന്നു. സന്തോഷ്.”
ജിതിൻ്റെ വിരലുകൾ ഒന്ന് വിറച്ചു. അവൻ ഒന്നും മിണ്ടാതെ അവളെ കേട്ടു.
“കോളേജ് കാലമായിരുന്നു അത്. സന്തോഷ്… അവൻ എന്റെ ലോകമായിരുന്നു. നമ്മൾ തമ്മിലുള്ള ബന്ധം വാക്കുകൾക്ക് അപ്പുറമായിരുന്നു. അവൻ്റെ ചിരിയും, അവൻ എന്നെ നോക്കുന്ന രീതിയും… എനിക്ക് അവനെ മറക്കാൻ ഒരിക്കലും കഴിയില്ലായിരുന്നു.”
മീനാക്ഷിയുടെ ശബ്ദം ഇടറി. അവൾ ദൂരേക്ക് നോക്കി.
“അന്ന് കോളേജ് ടൂർ പ്ലാൻ ചെയ്ത സമയമായിരുന്നു. എല്ലാവരും വലിയ ആവേശത്തിലായിരുന്നു. മുന്നാറിലേക്കായിരുന്നു യാത്ര. എനിക്കും പോകണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ വിധി മറ്റൊന്നായിരുന്നു.”
“എന്തുപറ്റി?”
“എനിക്ക് കഠിനമായ പനിയായിരുന്നു. ഡോക്ടർ വിശ്രമം നിർദ്ദേശിച്ചു. സങ്കടത്തോടെ ഞാൻ ആ യാത്ര വേണ്ടെന്ന്
വെച്ചു. സന്തോഷും ആ യാത്രയിൽ ഉണ്ടായിരുന്നു.”
അവൾ ഒരു ദീർഘനിശ്വാസം വിട്ടു. കണ്ണുകൾ നിറയാൻ തുടങ്ങി.
“യാത്ര കഴിഞ്ഞ് കുറച്ചു ദിവസങ്ങൾക്ക് ശേഷം ഞാൻ ആ വാർത്ത കേട്ടു. മുന്നാറിലേക്ക പോയിരുന്ന കോളേജ് ടൂർ ബസ് കൊക്കയിലേക്ക് മറിഞ്ഞുവെന്ന്. എല്ലാവരും ഞെട്ടിപ്പോയി. ഞാൻ വിശ്വസിക്കാൻ തയ്യാറായില്ല. സന്തോഷ് അങ്ങനെ പോകില്ല എന്ന് ഞാൻ ഉറച്ചു വിശ്വസിച്ചു.”
ജിതിൻ അവളുടെ കൈകളിൽ അമർത്തിപ്പിടിച്ചു.
“പിന്നെ?”
മീനാക്ഷിയുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ താഴെ വീണു.
“അന്ന് ടൂർ ബസ്സിലുണ്ടായിരുന്ന കുറേ പേർ മരിച്ചിരുന്നു… ഞാൻ ഓടിച്ചെന്ന് അവനെ കണ്ടു. ആ വെള്ള പുതച്ച ശവശരീരം… അത് സന്തോഷ് തന്നെയായിരുന്നു. എന്റെ മുന്നിൽ അവൻ നിശ്ചലനായി കിടന്നു. ആ കാഴ്ച… ആ വെള്ളത്തുണിക്ക് താഴെയുള്ള അവന്റെ മുഖം… അത് ഇന്നും എന്റെ ജീവിതത്തിൽ ഒരു മുറിവായി അവശേഷിക്കുന്നു….
അവൾ വിതുമ്പി. റെസ്റ്റോറന്റിലെ സംഗീതം അവൾക്ക് കേൾക്കാതെ പോയി. അവൾക്ക് ചുറ്റും പഴയ ഓർമ്മകൾ വട്ടം ചുറ്റി.
“അത്രയ്ക്കും വേദനയായിരുന്നു ജിതിൻ. ഞാൻ തകർന്നുപോയി. വർഷങ്ങളോളം ഞാൻ ആ വേദനയോടെ ജീവിച്ചു. ആരോടും പറയാതെ, ഉള്ളിൽ ഒളിപ്പിച്ചുവെച്ച്.”
ജിതിൻ ഒന്നും സംസാരിച്ചില്ല. അവന്റെ നെഞ്ചിൽ ഒരു വിങ്ങൽ അനുഭവപ്പെട്ടു. അവൾ അനുഭവിച്ച വേദന അവനിലേക്കും പടരുന്നതുപോലെ.
മീനാക്ഷി അവന്റെ കണ്ണുകളിലേക്ക് നോക്കി.
“പിന്നെയാണ് ഞാൻ നിന്നെ കണ്ടത്. ആദ്യമായി നിന്നെ കണ്ടപ്പോൾ… നിന്റെ ആ ചിരി, നിന്റെ ആ നോട്ടം… എനിക്ക് തോന്നി സന്തോഷ് തിരിച്ചുവന്നുവെന്ന്. നിന്റെ ഓരോ ചലനങ്ങളിലും ഞാൻ അവനെ തിരഞ്ഞു.”
ജിതിൻ ഞെട്ടിപ്പോയി.
“അപ്പോൾ… നീ എന്നെ സ്നേഹിച്ചത്…?”
“അതെ. തുടക്കത്തിൽ എനിക്ക് തോന്നിയത് നീ അവൻ ആണെന്നാണ്. നിന്റെ രൂപത്തിലല്ല, പക്ഷേ നിന്റെ സ്വഭാവത്തിലും നിന്റെ പെരുമാറ്റത്തിലും ഞാൻ സന്തോഷിനെ കണ്ടു. എനിക്ക് അവനോടുള്ള സ്നേഹം നിന്നിലേക്ക് പകർന്നു നൽകാൻ ഞാൻ ശ്രമിച്ചു. നിന്നെ സ്നേഹിക്കുമ്പോൾ ഞാൻ യഥാർത്ഥത്തിൽ സ്നേഹിച്ചത് അവനെയായിരുന്നു.”
