ഞാൻ നിന്റെയാടി പട്ടി… ഞാൻ പല്ല് കടിച്ചുകൊണ്ട് അവളോട് പറഞ്ഞു.
അവളെന്നെ മുറുക്കെ കെട്ടിപ്പിടിച്ച് തോളിൽ കടിച്ചു. എന്നിട്ട് എന്റെ മുഖത്ത് നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.
പട്ടി കടിക്കും.
പോകുന്ന മുന്നേ കുറെ കാര്യങ്ങൾ ചെയ്ത് തീർക്കാൻ ഉണ്ടായിരുന്നു.
ഞാൻ ലാൻഡ് ലോഡിനെ നേരിട്ട് കണ്ട് എനിക്ക് ഉടനെ പോകേണ്ടിവരുമെന്ന് പറഞ്ഞു.
നിമ്മി അധികം താമസിക്കാതെ വീട്ടിലെ സാധനങ്ങൾ എല്ലാം ഒഴിച്ച്, വാടകയും തീർത്ത്, താക്കോൽ തരുമെന്നും പറഞ്ഞു.
പുള്ളി, നല്ലത് വരട്ടെ എന്ന് ആശംസിച്ചു. സിറ്റിയിൽ വീടെടുക്കാൻ റഫറൻസിന് വേണമെങ്കിൽ ഫോൺ നമ്പർ കൊടുത്തോളാനും പറഞ്ഞു.
ഞാൻ നന്ദി പറഞ്ഞിറങ്ങി.
തിരിച്ചുവന്ന് കൊണ്ടുപോകാനുള്ള സാധനങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കി. പിന്നെ അത്യാവശ്യം ഇവിടെനിന്ന് വാങ്ങിക്കൊണ്ട് പോകാനുള്ള സാധനങ്ങളുടെയും ഒരു ലിസ്റ്റ് ഉണ്ടാക്കി.
നിമ്മി എന്നെ സഹായിക്കാനായി റസ്റ്റോറന്റിൽ കുറച്ചുദിവസം ലീവ് പറഞ്ഞു.
ഞങൾ സാധനം വാങ്ങാൻ പുറത്തിറങ്ങി ഒരു ദിവസം തീർന്നു.
കുറച്ചു ദിവസങ്ങൾ ഉണ്ടായിരുന്നിട്ടും എല്ലാം വളരെ തിരക്കിട്ട് ചെയ്യേണ്ടി വരുന്നത് പോലെ തോന്നി.
മിക്ക ദിവസങ്ങളിലും ഞങ്ങൾ അലഞ്ഞുതിരിഞ്ഞ് എത്തുമ്പോൾ പാതിരാത്രിയാവും, പിന്നെ കുളിക്കാതെ പോലും കയറി കിടന്നുറങ്ങും.
ഇതിനിടയ്ക്ക് ഞങ്ങൾക്ക് നേരാംവണ്ണം സംസാരിക്കാനുള്ള അവസരം പോലും ഇല്ലാതായി.
അവൾ അടുത്തുണ്ടായിട്ടും അവളെ ഒരുപാട് മിസ്സ് ചെയ്യുന്നത് പോലെ തോന്നി. അവളെ പിരിഞ്ഞിരിക്കേണ്ടത് ഓർത്ത് എനിക്കിപ്പോൾ തന്നെ നെഞ്ചിൽ വേദന തുടങ്ങി
പോകുന്നതിന് ഒരു ദിവസം മുൻപേ കുറച്ച് റസ്റ്റ് എടുക്കണം എന്ന് ഞങ്ങൾ തീരുമാനിച്ചു. അന്ന് പുറത്തുനിന്ന് ഭക്ഷണം വാങ്ങി കഴിച്ച്, കുറച്ചുദിവസത്തെ ഉറക്കെ ക്ഷീണം മുഴുവൻ ഉറങ്ങി തീർത്ത്, ഒന്നും ചെയ്യാതെ വീട്ടിൽ തന്നെ വെറുതെയിരുന്നു.
എനിക്ക് അവളോട് എന്തൊക്കെയോ സംസാരിക്കണം എന്നുണ്ടായിരുന്നു പക്ഷേ സംസാരിച് വരുമ്പോൾ പോകേണ്ട കാര്യം പറഞ്ഞ് അവൾ വിഷമത്തിൽ ആകുമെന്ന് തോന്നിയതുകൊണ്ട് ഞാൻ അധികം മിണ്ടിയില്ല. അവൾ സങ്കടപ്പെട്ടിരിക്കുന്നത് എനിക്ക് കാണാൻ വയ്യ.
നീ എന്താ ഇപ്പൊ എന്നോട് ഒന്നും മിണ്ടാത്തത് ജോമോനെ?
എന്റെ ആലോചനകളെ മുറിച് അവളുടെ ചോദ്യം വന്നു.
ഒന്നുമില്ലെടി ഓരോന്നാലോചിച്ചിരുന്നതാ.
എന്താ ആലോചിച്ചേ?എന്നോട് കൂടി പറഞ്ഞാൽ ഞാനും ആലോചിക്കതില്ലേ?
അത്… ഞാൻ പുതിയ ജോലി കിട്ടിയ കാര്യം ഇതുവരെ വീട്ടിൽ പറഞ്ഞിട്ടില്ലലോ എന്ന്.
ഞാൻ പെട്ടെന്ന് ഒരു കള്ളം പറഞ്ഞു.
അത് പറഞ്ഞ് കഴിഞ്ഞപ്പോൾ എനിക്ക് നെഞ്ചിൽ ഒരു വിങ്ങൽ. ഞാനവളോട് ഒരാവശ്യവുമില്ലാതെ കള്ളം പറഞ്ഞു, അത് വേണ്ടായിരുന്നു എന്നൊരു തോന്നൽ
അതെന്താ നിനക്ക് വീട്ടിൽ പറയാൻ മടി? അവൾ ചോദിച്ചു.
ഡി, സത്യം പറഞ്ഞാൽ ഞാൻ അതല്ല ആലോചിച്ചേ. നമ്മൾ സംസാരിച്ചാൽ ഞാൻ പോകുന്ന കാര്യം ഡിസ്‌കസ് ചെയ്ത് നിനക്ക് വിഷമമാവുമോ എന്നൊക്കെ ആലോചിച്ചാ. നിന്റെ വിഷമം എനിക്ക് കാണാൻ വയ്യ.
പിന്നെ നീ എന്തിനാ കള്ളം പറഞ്ഞെ?
അറിയില്ല, ചിലപ്പോ സത്യം പറഞ്ഞാരുന്നേൽ നമ്മൾ ആ വിഷയത്തെപ്പറ്റി സംസാരിക്കേണ്ടി വരത്തില്ല, അതുകൊണ്ടായിരിക്കും.
എന്നിട്ട് ഇപ്പൊ എന്തിനാ സത്യം പറഞ്ഞെ?
നിന്നോട് കള്ളം പറഞ്ഞപ്പോൾ വല്ലാത്തൊരു വിഷമം, അതുകൊണ്ടാ.
അല്ല, നീയെന്താ വീട്ടിൽ പറയാത്തെ ജോലി കിട്ടിയ കാര്യം?
വീട്ടിൽ പറഞ്ഞാൽ. നല്ല ജോലി ഓക്കെ ആയില്ലേ, ഇത്രയും ശമ്പളവും ഉണ്ട്. അപ്പോൾ ഇനി കല്യാണം വല്ലതും ആലോചിച്ചു കൊണ്ടുവന്നാലോ എന്ന് ഓർത്തിട്ടാ.
അപ്പോ വേണ്ടാ എന്ന് പറയണം. എന്നെ കണ്ടില്ലേ? പറഞ്ഞ് മടുക്കുമ്പോൾ പിന്നെ ചോദിക്കത്തില്ല.
നിന്റെ വീട്ടിലെ പോലെ അല്ലല്ലോ നിമ്മി ഞങ്ങടെ അവിടെ.
അത് പറഞ്ഞ് കഴിഞ്ഞപ്പോൾ, പറഞ്ഞതിൽ എന്തോ അപാകത പോലെ എനിക്ക് തോന്നി.
അവൾ അതിന് മറുപടിയൊന്നും പറഞ്ഞില്ല. പെട്ടെന്ന് തന്നെ വിഷയം മാറ്റി.
