❤️ഒരിക്കൽക്കൂടി – 2❤️അടിപൊളി  

ഏഹ്! അവൾ വീണ്ടും ഞെട്ടി. നീയെന്താ ഈ പറേണത്? നീയെവിടെയായിരുന്നു?

കുമുദിൻ്റെയൊപ്പം!

ഒന്നിനുപിറകെയൊന്നായി വന്ന വെളിപ്പെടലുകൾ അവൾക്കു താങ്ങാനാവുമായിരുന്നില്ല…. സ്റ്റെല്ല അവൻ്റെ കൈകളിലേക്ക് കുഴഞ്ഞുവീണു.

ആവിപറക്കുന്ന ചായയുടെ ഗന്ധം അവളെയുണർത്തി. കണ്ണുകൾ തുറന്നപ്പോൾ മെത്തയിൽ അവൻ്റെ മടിയിൽ തലചായ്ച്ചു കിടപ്പാണ്. അവൻ്റെ വിരലുകൾ നെറ്റിയിലും മുടിയിഴകളിലും തലോടുന്നു… അവളാ വിരലുകൾ പിടിച്ചുമ്മവെച്ചു… ജീവിതകാലം മുഴുവനും ഈ ഇളം ചൂടിൽ…ഈ സുരക്ഷിതത്വത്തിൽ മുഴുകിയിരുന്നെങ്കിൽ!

നീ ചായ കുടിക്ക്.. അവളെ ചാരിയിരുത്തി എബി ചായക്കോപ്പ നീട്ടി.

നീയാരാണ്? ചായ മൊത്തിയിട്ട് സ്റ്റെല്ല നിവർന്നിരുന്നു…

ഞാനെബിയാണ്. ഒപ്പം എവിടെയെല്ലാമോ ശ്യാമും. അവൻ സൗമ്യത കൈവെടിയാതെ പറഞ്ഞു. ഒപ്പം അവളുടെ കരങ്ങൾ കവർന്നു… നീ ഞാൻ പറയാൻ പോവുന്ന കാര്യങ്ങൾ ശാന്തമായി രക്തസമ്മർദ്ദം കൂട്ടാതെ കേൾക്കാമോ?

സ്റ്റെല്ല ആ സുന്ദരമായ മുഖത്തേക്കു നോക്കി. കുറ്റിത്താടി വളർന്നിരിക്കുന്നു… മുടിയും നീണ്ടു… പഴയ ശ്യാമിൻ്റെ ഒരു മുതിർന്ന പതിപ്പ്. ശരി. അവൾ തലയാട്ടി.

അവൻ പറഞ്ഞുതുടങ്ങി.. അവനെ കെട്ടിയിട്ടു പീഡിപ്പിച്ചതറിഞ്ഞപ്പോൾ അവളുടെ കണ്ണുകളിൽ വേദന നിഴലിച്ചു.. നൊറീൻ്റെ ശരീരം കണ്ടത് അവൾ ഞെട്ടലോടെയാണ് കേട്ടത്!

നൊറീൻ! അവളാണ്….അവളാണ്…. സ്റ്റെല്ല മന്ത്രിച്ചു. അപ്പൊഴേക്കും അവളവൻ്റെ നെഞ്ചിലേക്കു വീണിരുന്നു. കുമുദവനെ കണ്ടതും അവൻ്റെ ക്ഷതം പറ്റിയ ദേഹമവൾ അരുമയോടെ പരിചരിച്ചതുമെല്ലാം അവൻ വിവരിച്ചപ്പോൾ അവൻ്റെ നെഞ്ചിൽ അവളുടെ ചൂടുള്ള കണ്ണുനീരു വീണുപടർന്നു… നിശ്ശബ്ദമായി അവൾ തേങ്ങിക്കരഞ്ഞു… അവളുടെ വിറയ്ക്കുന്ന തോളുകളിലവൻ തഴുകി. തേങ്ങലടങ്ങിയപ്പോൾ അവൾ മുഖമുയർത്തി.
നിനക്കറിയാമോ? ഞാൻ കരയുന്നത് ഞങ്ങളുടെ നഷ്ട്ടമായ ദിവസങ്ങളെയോർത്താണ്… ചെറുപ്പത്തിനെയോർത്താണ്…. നിഷ്കളങ്കതയോർത്താണ്…

ശ്യാമിനെന്തു സംഭവിച്ചു? എബി മാർദ്ദവമുള്ള സ്വരത്തിൽ ചോദിച്ചു…

ആ വേനലവധി മുഴുവനും ഞങ്ങൾ മൂവരുമാസ്വദിച്ചു. വീ ഹാഡ് എ ഗ്രേറ്റ് റ്റൈം. ഡാഡി ശ്യാമിനെ എൻ്റെ ഡ്രൈവറായി വിട്ടുതന്നു… പ്രെഗ്നൻസി ഗുളികകളിറങ്ങിയ കാലമായിരുന്നു. കൽക്കട്ടയിൽ നിന്നും ആൻ്റി അഞ്ചാറു സ്റ്റ്രിപ്പ് ടാബ്സെൻ്റെ ബാഗിലിട്ടു തന്നിരുന്നു… എൻജോയ് കിഡ്! ആൻ്റീടെ ചിരിയിപ്പോഴും ഓർമ്മയുണ്ട്…

പിന്നെന്തുണ്ടായി? അവൻ ചോദിച്ചു.

ശ്യാമിൻ്റെ മിയാൻ മരിച്ചതിൻ്റെ രണ്ടു വർഷം തികഞ്ഞപ്പോൾ അവനു കാശിയിൽപ്പോയി കർമ്മങ്ങൾ നടത്തണമെന്നൊരു തോന്നൽ. രണ്ടാഴ്ച കഴിഞ്ഞാണ് തിരിച്ചുവന്നത്. വന്നു രണ്ടുദിവസം കഴിഞ്ഞപ്പോൾ കാണാതായി…

ഇവറ്റകളൊന്നും ഒരിടത്തും നിൽക്കുകേല… നൊറീനാണ് ഡാഡിയോടു പറഞ്ഞത്… എന്നാൽ മൂന്നിൻ്റന്ന് മീൻപിടിത്തക്കാരുടെ വലയിൽ നിന്നും അവൻ്റെ ബോഡി കിട്ടി.. തലയില്ലായിരുന്നു… മീനുകൾ കൊത്തിയ കഴുത്ത്…വെള്ളത്തിൽ കിടന്നു ചീർത്ത ബോഡി… അവളൊന്നു വിറച്ചു… അവൻ്റെ പുറത്തുള്ള മുറിപ്പാടിൻ്റെ കലയും കൈത്തണ്ടയിൽ പച്ചകുത്തിയതും കണ്ടു കുമുദാണ് തിരിച്ചറിഞ്ഞത്…

നിനക്കറിയാമോ? സ്റ്റെല്ല നിറഞ്ഞ കണ്ണുകൾ അവൻ്റെ നേർക്കുയർത്തി… ഞങ്ങൾ തളർന്നുപോയടാ… പിന്നെയവൾ നിശ്ശബ്ദയായി…എബിയവളുടെ പുറത്തു മെല്ലെത്തലോടി… ആ വർഷം തന്നെ കുമുദും പോയി..പിന്നെ ഡാഡീടെ മനസ്സമാധാനത്തിനു വേണ്ടി സന്തോഷം നടിച്ചു… മറക്കാൻ ശ്രമിച്ചു…

ജോണെവിടെ? എബി ചോദിച്ചു.

രണ്ടാഴ്ച്ചത്തെ ടൂർ. മിനിഞ്ഞാന്ന് പോയി.. ആ…ജോണുള്ളതും ഇല്ലാത്തതും ഒരുപോലാണ്… നിനക്കറിയാമോ? ജോൺ ബോംബെയിലൊരു ഫ്ലാറ്റു വാടകയ്ക്കെടുത്തു. അങ്ങോട്ടു മാറുവാണ്. കമ്പനി വാടക കൊടുക്കും. ഞാൻ കൂടെ വരുന്നോ എന്നൊന്നും ചോദിച്ചില്ല. എനിക്കിവിടം വിടാൻ വയ്യടാ…. സ്റ്റെല്ല വീണ്ടും അവൻ്റെ നെഞ്ചിൽ മുഖമമർത്തി.. ഒരു കുഞ്ഞിനെപ്പോലെ അവളെ എബി മെല്ലെ തട്ടിയുറക്കി… ശാന്തമായ ശ്വാസം കേട്ടപ്പോൾ അവളെ മെല്ലെ തലയണയിലേക്ക് കിടത്തിയിട്ട് അവനെണീറ്റു. മത്തായി ചാടിയെണീറ്റു വാലാട്ടി. വാതിലടച്ചിട്ട് അവൻ ആൽബിയുടെ വില്ലയിലേക്ക് വണ്ടി തള്ളി സ്റ്റാൻഡിൽ വെച്ചു. വില്ല വൃത്തിയായിക്കിടക്കുന്നു. പോയി ചൂടുവെള്ളത്തിലൊന്നു കുളിച്ചു.. വേഷം മാറി സ്റ്റെല്ലയ്ക്കൊരു മെസേജുമയച്ചിട്ട് അവൻ മത്തായീടെ കൂടെ നടന്നു…

തലച്ചോറിനുള്ളിൽ പലതരം ചിന്തകളായിരുന്നു. ശ്യാമാരാണ്? താനെങ്ങിനെ ആ മൂന്നുപേരുടെ ജീവിതചക്രത്തിനുള്ളിൽ വന്നുപെട്ടു? ഇതൊക്കെ എബി മനസ്സുകൊണ്ട് അംഗീകരിച്ചിരുന്നു… സ്വീകരിച്ചിരുന്നു… അപ്പോഴേക്കും. പക്ഷേ ശ്യാമെങ്ങിനെ മരിച്ചു? ടീനയ്ക്കെന്തു പറ്റി? ഈ ചോദ്യങ്ങളാണ് ഉള്ളിൽ കരണ്ടുകൊണ്ടിരുന്നത്… ഒപ്പം ഇനിയെന്താവും എന്ന ഇത്തിരി ഭീതിയുളവാക്കുന്ന ചോദ്യവും.
കാലുകളവനെ പള്ളിമുറ്റത്തെത്തിച്ചു… ഉള്ളിൽ കയറി. ഒന്നോ രണ്ടോ പേർ മുട്ടുകുത്തി നിന്നു പ്രാർത്ഥിക്കുന്നു. ഒരു പെൺകുട്ടി മെഴുകുതിരികൾക്ക് തിരികൊളുത്തുന്നു. വേറെയാരുമില്ല… അവനറിയാതെ മുട്ടുകുത്തി. കുമുദിൻ്റെ നിർബ്ബന്ധം കാരണം വില്ലയിലെത്തി ജപമാലയണിഞ്ഞിരുന്നു… കഴുത്തിൽ നിന്നുമൂരി… ഓരോ മുത്തുകൾ കൈവിരലുകളിലൂടെ നീങ്ങിയപ്പോൾ മനസ്സു പതിയെ ശാന്തമായി… അധികം വൈകില്ല…ഒരവസാനമുണ്ടാവും… ഉള്ളിലിരുന്നാരോ മന്ത്രിച്ചു…

വെളിയിൽ ചുറ്റിനടന്നിരുന്ന മത്തായി അവനെ വില്ലയിലേക്കു തിരിയാൻ സമ്മതിച്ചില്ല. ട്രാക്സിൽ മത്തായി കടിച്ചുവലിച്ചപ്പോൾ ചിരിച്ചുകൊണ്ട് എബിയവനു വഴങ്ങി.. വയലുകൾ അതിരിട്ട റോഡിലൂടെയവൻ നടന്നു.. വൈകുന്നേരത്തിൻ്റെ തുടക്കമായിരുന്നു… പാടങ്ങൾ കഴിഞ്ഞ് ചതുപ്പുനിലങ്ങൾക്കപ്പുറം വിശാലമായ തടാകങ്ങൾ പോലെ റോഡിനിരുപുറവും വെള്ളക്കെട്ടുകൾ… ചിലർ അരമതിലുകളിൽ നിന്നു ചൂണ്ടയിടുന്നുണ്ടായിരുന്നു…

എബിയൊരു കലുങ്കിലിരുന്നു. സൈക്കിളിൽ വന്ന ചെക്കൻ്റെ കയ്യിൽ നിന്നും കോഴിക്കാലുകൾ പൊരിച്ചതു വാങ്ങി മത്തായിക്കു സമ്മാനിച്ചു. പിന്നെ ചെക്കൻ നീട്ടിയ വറുത്ത അണ്ടിപ്പരിപ്പു കൊറിച്ചുകൊണ്ട് കാലുകൾ താഴേക്കിട്ട് ദൂരെ ആകാശത്തിൻ്റെ നിറം മാറുന്നതു നോക്കിയിരുന്നു… പിന്നെ കഴുത്തിൽ തൂക്കിയ ചെറിയ സഞ്ചിയിൽ നിന്നും ടാബെടുത്ത് മുടങ്ങിപ്പോയ കഥയെഴുത്തു വീണ്ടും തുടങ്ങി..

“ദുരൂഹതയുടെ ചുരുളുകൾ മെല്ലെയഴിഞ്ഞു തുടങ്ങിയിരുന്നു… എങ്കിലും ഇനിയെങ്ങോട്ട് എന്ന ചോദ്യമെന്നെ വേട്ടയാടി….”

എപ്പൊഴോ ചുമലിലൊരടി! ബ്രോ… നീയെവിടെയായിരുന്നു? തടിയൻ ഫ്രെഡ്ഢി! തടിയൻ മത്തായീടെ ചെവിക്കുപിനിൽ ചൊറിഞ്ഞു…ഇവനെക്കണ്ടപ്പോഴാണ് നീയാണെന്നറിഞ്ഞത്. മമ്മാ ഈസ് ഓക്കെ?

യെസ്! എബി ചിരിച്ചു…

Leave a Reply

Your email address will not be published. Required fields are marked *