തുളസിദളം – 4 1അടിപൊളി  

രാജേന്ദ്രൻ ഒരു നിമിഷം നിശബ്ദനായി

“മനോജ്‌ പേടിക്കണ്ട… ഞാനൊരു പോംവഴി കാണാം…”

“മ്… ശരി… പിന്നേ അഡ്വക്കേറ്റ് ഭരതന്‍റെ ഓഫീസിൽനിന്നും മെയിൽ ഉണ്ടായിരുന്നു, വൃന്ദ മേഡത്തിന് പ്രോപ്പർട്ടി ഹാൻഡ്ഓവർ ചെയ്യാനുള്ള നടപടിയെടുക്കുന്നു എന്നും പറഞ്ഞ്”

രാജേന്ദ്രൻ ഞെട്ടി

“ശരി മനോജേ… ഞാനേറ്റു…”

അയാൾ ഫോൺ കട്ട് ചെയ്ത് കട്ടിലിലേക്ക് ചാരി കണ്ണടച്ചെന്തോ ചിന്തിച്ചുകൊണ്ടിരുന്നു…

പിന്നീട് അഡ്വക്കേറ്റ് വേണുവിനെ വിളിച്ച് കാര്യം പറഞ്ഞു, എന്നിട്ട് വക്കീൽഓഫീസിലേക്ക് ചെല്ലാന്ന് പറഞ്ഞു,

••❀••

“ഇതിപ്പോ വല്യ പ്രശ്നമാണല്ലോ…”

മനോജ്‌ അയച്ചുകൊടുത്ത മെയിൽ നോക്കിക്കൊണ്ട് വക്കീൽ രാജേന്ദ്രനോട് പറഞ്ഞു,

“തന്റെ കുടുംബ ക്ഷേത്രത്തിൽ എന്നാ ഉത്സവം തുടങ്ങുന്നത്…??”

വേണു ചോദിച്ചു

“ഈ വരുന്നയാഴ്ച… എന്താ വക്കീലേ…??”

“അപ്പൊ താനൊരു കാര്യം ചെയ്യ്… ഉത്സവം കഴിയുംവരെ ഒരു നടപടികളും എടുക്കാൻ കഴിയില്ലായെന്ന് തിരിച്ചൊരു മെയിൽ അയക്കാൻ പറ, അതും തനിക്ക് മെയിൽ കാർബൺ കോപ്പി വച്ച്…”

“അപ്പൊ…???”

“അപ്പൊ തല്ക്കാലം ഒരു സാവകാശം കിട്ടും… അതിനിടയിൽ പ്രോപ്പർട്ടി കയ്യിൽ വരേണ്ടയാൾ ഇല്ലാതാവുകയാണെങ്കിൽ അടുത്ത അവകാശിക്ക് പ്രായപൂർത്തിയാകാൻ കുറച്ചു വർഷങ്ങൾ കൂടി വേണ്ടേ… ഞാൻ പറഞ്ഞത് തനിക്ക് മനസ്സിലാകുന്നുണ്ടോ…??”

രാജേന്ദ്രന്റെ കണ്ണുകൾ തിളങ്ങി…

“അപ്പൊ… വക്കീൽ പറഞ്ഞുവരുന്നത്…???”

“അതുതന്നെ…”

“മ്…”

അയാളുടെ കണ്ണുകൾ ചുവന്നു, മുഖം എന്തോ തീരുമാനിച്ചുറപ്പിച്ചപോലെ കടുത്തു

••❀••

കുട്ടികളെല്ലാം കളിക്കാനും മറ്റും തറവാടിനടുത്തുള്ള തൊടിന്റെ അരികിലേക്ക് പോകും അവിടെ നിറയെ മരങ്ങളും തൊട്ടടുത്തായി വയലും ഒരിക്കലും വറ്റാത്ത തോടുമുണ്ട്… തൊട്ടടുത്തുള്ള കുന്നിമലയിൽ നിന്നാണ് ആ തോട് ഉത്ഭവിക്കുന്നത് അതുകൊണ്ട് നല്ല തെളിഞ്ഞ തണുത്ത വെള്ളമാണ്,

ആരും കളിക്കാൻ കൂട്ടില്ലെങ്കിലും കണ്ണനും അവരോടൊപ്പം പോയി, കുട്ടികൾ കളിക്കുമ്പോ അവൻ അവിടെയുള്ള വലിയ മരത്തിന്റെ ചുവട്ടിൽ ചാരിയിരുന്ന് മറ്റുള്ള കുട്ടികൾ കളിക്കുന്നത് കണ്ടുകൊണ്ടിരുന്നു, തൊട്ടടുത്തായി കുട്ടൂസൻ കിടന്നിരുന്നു, ഐഡനും റോണും അവനെ വിളിച്ചെങ്കിലും അവനെ കളിക്കാൻ കൂട്ടില്ലെന്നറിവുന്നതുകൊണ്ട് അവൻ പോയില്ല,

അപ്പോഴാണ് കുഞ്ഞി ഒരു ടെഡ്ഢിയുമായി അവിടേക്ക് വരുന്നത് കണ്ണൻ കണ്ടത്, കണ്ണന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു അവൻ കുഞ്ഞികാണാതെ, മരത്തിന്റെ പിന്നിൽ മറഞ്ഞു നിന്നു അവളെടുത്തെത്തിയതും കണ്ണൻ കുഞ്ഞിയെ നോക്കി ഈണത്തിൽ നീട്ടി വിളിച്ചു

“മ്യാവൂ…. മ്യാവു… കുഞ്ഞിപ്പൂച്ചേ… മ്യാവൂ… ചൊറിയൻ പൂച്ചേ… മ്യാവൂ…”

കുഞ്ഞി ദേഷ്യത്തോടെ ചുറ്റും നോക്കി,

“കുഞ്ഞിപ്പൂച്ചേ…. ചൊറിയൻ പൂച്ചേ… മ്യാവൂ… മ്യാവൂ…”

കണ്ണൻ വീണ്ടും പറഞ്ഞു

“വേണ്ടാട്ടോ ചെക്കാ… ഞാൻ ഏട്ടന്മാരോട് പറയും… സത്യായിട്ടും പറയും… വീട്ടിലും പറയും… നെനക്ക് തല്ലും കിട്ടും…”

അവൾ ചുറ്റും നോക്കി ദേഷ്യത്തോടെ പറഞ്ഞു,

കണ്ണൻ പതിയെ മരത്തിന്റെ മറവിൽ നിന്ന് പുറത്തുവന്ന് അവളെ നോക്കി കളിയാക്കിചിരിച്ചു

അതുകണ്ട് കുഞ്ഞിക്ക് ദേഷ്യം വന്നു, അവൾ അവനരികിലേക്ക് ധൃതിയിൽ നടന്നതും കാല് വഴുതി തോടിലേക്ക് വീണു വീഴ്ചയിൽ അവളുടെ ടെഡി തോട്ടിലൂടെ ഒഴുകിപ്പോയി,

അതുകൂടിക്കണ്ടപ്പോൾ അവൾക്ക് ദേഷ്യവും സങ്കടവും വന്നു, അപ്പോഴേക്കും അതുകണ്ട് മറ്റുള്ള കുട്ടികൾ അവളുടെ അടുത്തേക്ക് വന്നു, അവളെ കൈപിടിച്ച് കരയ്ക്ക് കയറ്റി… അവളുടെ ദേഹത്തും ഡ്രെസ്സിലും ചെളി പുരണ്ടു

അവൾ ദേഷ്യത്തോടെ കണ്ണനെ നോക്കി അവനടുത്തു ചെന്ന് എല്ലാംകണ്ട് അന്തംവിട്ടു നിൽക്കുന്ന കണ്ണനെ നെഞ്ചിൽ പിടിച്ചു പുറകിലേക്ക് തള്ളി… കണ്ണൻ പുറകിലേക്ക് മലർന്നടിച്ചു വീണു,

കുട്ടൂസൻ മുരണ്ടുകൊണ്ട് മുന്നോട്ടാഞ്ഞു കണ്ണൻ അവനെ ഒന്ന് തടവി അപ്പോൾ അവൻ ഒന്നടങ്ങി കണ്ണനെനോക്കി വാലാട്ടി

“ഞാൻ ഞാൻ കാണിച്ചു തരാം…”

കുഞ്ഞി ദേഷ്യത്തോടെ പറഞ്ഞ് കരഞ്ഞുകൊണ്ട് ദേവടത്തിലേക്ക് നടന്നു, അതിനു പിന്നിലായി മറ്റുള്ള കുട്ടികളും,

Leave a Reply

Your email address will not be published. Required fields are marked *