അവർ അത് മനസ്സിലാകാതെ അവനെ നോക്കി, നാലഞ്ചു പ്രാവശ്യം അതാവർത്തിച്ചപ്പോൾ കൂട്ടത്തിൽ പ്രായമുള്ള ഒരാൾ അവനടുത്തേക്ക് ചെന്നു,
കുട്ടൂസൻ വീണ്ടും കുരച്ചുകൊണ്ട് പിന്തിരിഞ്ഞു ഓടാൻ തുടങ്ങിപ്പോൾ അയാൾക്കെന്തോ ഉൾപ്രേരണ പോലെ കൂടെയുണ്ടായിരുന്ന രണ്ടുപേരെ കൂട്ടി അവന് പിന്നാലെ ചെന്നു,
കുട്ടൂസൻ കുളത്തിനടുത്തേക്ക് ഓടി, അവന് പിന്നാലെ ജോലിക്കാരും,
കുട്ടൂസൻ വെള്ളത്തിലേക്ക് നോക്കി കുരച്ചു
പിന്നാലെ വന്നവർ ആ കാഴ്ചകണ്ട് ഞെട്ടി
“അയ്യോ… ഇറങ്ങണ്ട വഴുക്കലാ അങ്ങോട്ടേക്ക് നീന്താൻ എളുപ്പമാ പക്ഷേ തിരികെ പാടായിരിക്കും, നീ പെട്ടെന്ന് പോയി ആ കയറിങ്ങു കൊണ്ടുവാ…”
മുതിർന്നയാൾ കൂടെയുണ്ടായിരുന്ന ആളോട് പറഞ്ഞു, അയാൾ അപ്പൊത്തന്നെ കയറെടുക്കാനായി ഓടി,
അപ്പോഴേക്കും ദേവടത്തൂന്ന് സീതലക്ഷ്മിയും നളിനിയും ബാക്കിയുള്ളവരും അലമുറയിട്ടുകൊണ്ട് അവിടേക്ക് വന്നു
അവിടുത്തെ കാഴ്ചക്കണ്ട സീതാലക്ഷ്മി നിലവിളിച്ചുകൊണ്ട് വെള്ളത്തിലേക്ക് ഇറങ്ങാൻ ശ്രമിച്ചു മറ്റുള്ളവർ അവളെ തടഞ്ഞു വച്ചു
അപ്പോഴേക്കും വൃന്ദ ഓടിപ്പാഞ്ഞെത്തി
നിലവെള്ളം ചവിട്ടി ക്ഷീണിച്ച കണ്ണനെ കണ്ട് അവൾ ഉച്ചത്തിൽ നിലവിളിച്ചു
“കണ്ണാ… മോനേ…”
അവൾ അലറിവിളിച്ചു,
അപ്പോഴേക്കും കയറുമായി ആളെത്തി
ആ പ്രായമായ ആള് തന്റെ അരയിൽ കയറുകെട്ടി, മറ്റേയറ്റം കരയിൽ നിന്നവർ പിടിച്ചു പതിയെ വെള്ളത്തിലേക്കിറങ്ങി,
പാറയിൽ നല്ല വഴുക്കലുണ്ടായിരുന്നു അയാൾ വേഗത്തിൽ നീന്തി കണ്ണനടുത്തെത്തി അപ്പോഴേക്കും കണ്ണൻ കുഴഞ്ഞുപോയിരുന്നു, അവന്റെ തോളിലൂടെ കാലുകളിട്ട് ക്ഷീണിച്ചവശയായി അവന്റെ തലയിൽ ചുറ്റിപ്പിടിച്ച് അവന്റെ ചുമലിലിരിക്കുന്ന കുഞ്ഞിയെ അപ്പോഴും അവൻ കാലുകളിൽ കൂടി ചേർത്ത് പിടിച്ചിട്ടുണ്ടായിരുന്നു,
കണ്ണനടുത്തെത്തിയ അയാൾ തന്റെ അരയിലെ കയറഴിച്ച് കണ്ണനേം കുഞ്ഞിയേം തന്റെ പിറകിലായി ചേർത്തുകെട്ടി, അപ്പോഴേക്കും അവർ രണ്ടുപേരും തളർന്ന് വീണുപോയിരുന്നു കരയിൽ നിന്നവർ കയറ് പതിയെ വലിച്ചു അവരെ കരക്കെത്തിച്ചു, അപ്പോഴേക്കും ആരോ വിളിച്ചു പറഞ്ഞതറിഞ്ഞു രുദ്രും ഭൈരവും അവിടെ പാഞ്ഞെത്തി…
സീതലക്ഷ്മിയും വൃന്ദയും കണ്ണന്റെയും കുഞ്ഞിയുടെയും അടുത്തി അവരെയെടുത്ത് മടിയിൽ കിടത്തി, കണ്ണൻ പതിയെ കണ്ണ് തുറന്ന് വൃന്ദയെ നോക്കി പുഞ്ചിരിച്ചു, എന്നിട്ട് കുഞ്ഞിയെ നോക്കി, കുട്ടൂസൻ അവന്റെ കാലിൽ നക്കിയും മണപ്പിച്ചു വാലാട്ടി നിന്നു,
കുഞ്ഞി ഒരുപാട് വെള്ളം കുടിച്ചിരുന്നു, രുദ്ര് അവളുടെ വയറ്റിലമർത്തി വെള്ളം പുറത്തേക്ക് കളഞ്ഞു പിന്നേ കുഞ്ഞി അവശതയോടെ കണ്ണ് തുറന്നു, കുറേ ചുമച്ചു
“കുഞ്ഞി… മോളേ… ഇപ്പേങ്ങനെയുണ്ട്… മോളേ…. ഏട്ടനെ നോക്കടാ… കുഞ്ഞി…”
രുദ്ര് വെപ്രാളത്തോടെ അവളുടെ കവിളിൽ തട്ടി പറഞ്ഞു
“ഏ… ഏട്ടാ…”
കുഞ്ഞി വിളിച്ചു
രുദ്ര് അവളെ കെട്ടിപ്പിടിച്ചുകൊണ്ട് കരഞ്ഞു,
ഭൈരവും സീതലാക്ഷ്മിയും കണ്ണ് നിറച്ചുകൊണ്ടിരുന്നു
“എങ്ങനാ പറ്റിയെ…??”
ആരോ ചോദിക്കുന്നത് കേട്ടു
“അവൻതന്നെ തള്ളിയിട്ടതായിരിക്കും…”
കൂട്ടത്തിൽ ശില്പ പറഞ്ഞു, എല്ലാരും അവളെ നോക്കി, നളിനി രൂക്ഷമായി അവളെ നോക്കി
“അവൾട നാവ് ചവിട്ടിപിഴുതെടുക്കാൻ ആരുമില്ലെടാ അവിടെ… ആ പയ്യനും ആ നായയും ഇല്ലാരുന്നേ കാണാരുന്നു…”
പ്രായമായ ജോലിക്കാരൻ ദേഷ്യത്തോടെ പറഞ്ഞു
ശില്പ ജാള്യതയോടെ നിന്നു
എല്ലാവരും കുഞ്ഞിയെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് പോയി
കണ്ണൻ വല്ലാതെ ക്ഷീണിച്ചിരുന്നു, വൃന്ദ അവനെ ചേർത്തുപിടിച്ച് ദേവടത്തേക്ക് നടന്നു,
വൈകിട്ടായപ്പോഴേക്കും കണ്ണന് ചെറുതായി പനിക്കുന്നുണ്ടായിരുന്നു,
വൃന്ദ അവന് പാരസെറ്റമോൾ കൊടുത്ത് കിടത്തി, പനിക്കാപ്പി ഇട്ടുകൊടുത്ത് അവനെക്കൊണ്ട് കുടുപ്പിച്ചിട്ടാണ് വൃന്ദ കാവിൽ വിളക്ക് വയ്ക്കാൻ പോയത്,
കാവിൽനിന്നും വന്ന് ദേവടത്തും വിളക്ക് വച്ച് തിരിച്ചു വന്നപ്പോ കണ്ണൻ കട്ടിലിൽ മൂടിപ്പുതച്ചു കിടക്കുന്നണ്ടായിരുന്നു വൃന്ദ അവന്റെ നെറ്റിയിലും കഴുത്തിലും കൈവച്ചു നോക്കി, നേരത്തേക്കാളും ചൂട് കുറവുണ്ട്, അവൾ അവനെ ഒന്നുകൂടെ പുതപ്പിച്ചിട്ട് അടുക്കളയിലേക്ക് പോയി…
