കോ ഡ്രൈവർ സീറ്റിൽനിന്ന് വിശ്വനാഥൻ പുറത്തേക്കിറങ്ങി, തന്റെ തറവാട് മൊത്തത്തിൽ ഒന്ന് നോക്കി
അപ്പോഴേക്കും തറവാട്ടിലുള്ളവർ പന്തലിനടുത്തായി നിരന്നു
ഡോറു തുറന്ന് സീതാലക്ഷ്മിയും പുറത്തിറങ്ങിയിരുന്നു,
അവർ മുന്നോട്ട് നടന്നു, വിശ്വനാഥൻ നേരേ അവരെ നോക്കി നിന്ന നളിനിക്കരികിലായി ചെന്ന് നിന്ന്, പതിയെ വിളിച്ചു
“മോളേ നളിനി…”
നളിനി ഒരു നിമിഷം വിശ്വനാഥനെ സൂക്ഷിച്ചു നോക്കി പിന്നീട് കണ്ണുകൾ തിളങ്ങി, എന്നിട്ട് അയാളെ കെട്ടിപ്പിടിച്ചു
“വിശ്വേട്ടൻ…”
അവർ പതിയെ മന്ത്രിച്ചു കൊണ്ട് കണ്ണീർ പൊഴിച്ചു
“എവിടായിരുന്നു ഏട്ടൻ ഇത്രേം നാളും, ഏട്ടനിവിടുന്ന് പോയതിനു ശേഷം ഒരു ദിവസം പോലും അച്ഛൻ ഏട്ടനെക്കുറിച്ചു പറയാതിരുന്നിട്ടില്ല, ഏട്ടനെ എവിടെല്ലാം അന്വേഷിച്ചു, അച്ഛൻ മരണ സമയത്തും ഏട്ടനെയൊർത്തു കരഞ്ഞിട്ടുണ്ട് അറിയാമോ…”
നളിനി എന്തൊക്കെയോ പതം പറഞ്ഞു
“പറ്റിപ്പോയി മോളേ, വാശിയായിരുന്നു, ചെയ്യാത്ത കുറ്റത്തിന് അച്ഛൻ ശിക്ഷിക്കുമ്പോ, മനസ്സ് നൊന്തുപോയി…”
അയാൾ സങ്കടത്തോടെ പറഞ്ഞു
“സാരോല്ല എന്നായാലും വിശ്വേട്ടൻ എത്തീലോ…”
നളിനി അയാളുടെ കവിളിൽ തഴുകിക്കൊണ്ട് പറഞ്ഞു
“ഇന്നെന്താ ഇവിടെ വിശേഷം…??”
വിശ്വൻ ചുറ്റും നോക്കി ചോദിച്ചു,
ഇപ്പോഴും അവിടെ അവരെത്തന്നെ നോക്കി നിൽക്കുന്നവർക്ക് അതാരാണെന്ന് ഒരൂഹവും കിട്ടിയില്ല…
“ഇന്നെന്റെ മോൾടെ വിവാഹ നിശ്ചയമാ… ഞാൻ വിളിക്കാം അവളെ, ഏട്ടന് എന്റെ ഭർത്താവിനേം മോളേം പരിചയപ്പെടേണ്ടേ…”
നളിനി സന്തോഷത്തോടെ ഒറ്റ വാക്കിൽ പറഞ്ഞ, കൂട്ടത്തിൽ നിന്നും ശില്പയെയും രാജേന്ദ്രനെയും വിളിച്ചു,
“രാജേട്ടാ… എന്റെട്ടൻ…. പണ്ട് നാടുവിട്ടുപോയ വിശ്വേട്ടൻ… മോളേ നിന്റമ്മാവനാടി…”
അവരോടായി നളിനി പറഞ്ഞു
ശില്പ അത്ഭുതത്തോടെ അയാളെ നോക്കി, രാജേന്ദ്രൻ ചിരിച്ചുകൊണ്ട് കൈകൊടുത്തു…
“ഇന്നിവളുടെ എൻഗേജ്മെന്റാ… നല്ല ദിവസം നോക്കിത്തന്നാ അളിയൻ എത്തിയത്….”
ചിരിച്ചുകൊണ്ട് രാജേന്ദ്രൻ പറഞ്ഞു,
വിശ്വൻ ശില്പയെ ഒന്ന് തലോടി…
“എന്താ മോൾടെ പേര്…?? “
“ശില്പ…”
അവൾ മറുപടി പറഞ്ഞു
“മീനാക്ഷീടെ മക്കൾ…??”
അയാൾ നളിനിയോട് ചോദിച്ചു
“ഇവിടുണ്ട് ഞാൻ വിളിക്കാം… ഉണ്ണിമോളേ… കണ്ണാ…”
അവൾ അകത്തേക്ക് നോക്കി വിളിച്ചു, രണ്ടുപേരും മുന്നോട്ട് വന്നു, കണ്ണൻ വൃന്ദയുടെ കയ്യിൽ മുറുകെ പിടിച്ചിരുന്നു, വിശ്വനാഥൻ പുഞ്ചിരിയോടെ അവരെ നോക്കി അടുത്തെത്തിയപ്പോ വാത്സല്യത്തോടെ രണ്ട് പേരെയും ചേർത്തുപിടിച്ചു
“എന്റെ മീനാക്ഷീടെ മക്കൾ…”
അയാളുടെ കണ്ണുകൾ നിറഞ്ഞു
“അമ്മേടെ ഭംഗി മുഴുവൻ കിട്ടീരിക്കുന്നത് ഇവൾക്കാ… അല്ലേ നളിനി… മീനാക്ഷിക്കുപോലും അമ്മേടെ നിറം കിട്ടിയിട്ടില്ല…”
വിശ്വനാഥൻ സ്നേഹത്തോടെ അവളെ നോക്കി നളിനിയോട് പറഞ്ഞു, അതുകേട്ട ശില്പയുടെ മുഖം വലിഞ്ഞു മുറുകി,
നളിനി പുഞ്ചിരിയോടെ തലയാട്ടി
“എന്താ നിങ്ങളുടെ പേര്…?”
കണ്ണനോട് ഒരു പുഞ്ചിരിയോടെ ചോദിച്ചു
“കണ്ണൻ…”
“വൃന്ദ…”
രണ്ടുപേരും പറഞ്ഞു
“ഏട്ടനാരേം പരിചയപ്പെടുത്തീല്ലല്ലോ…”
നളിനി പുഞ്ചിരിയോടെ സീതാലക്ഷ്മിയെ നോക്കി പറഞ്ഞു
“അത് മറന്നു…
ഇതെന്റെ ഭാര്യ സീതലക്ഷ്മി ഞങ്ങൾക്ക് രണ്ടുമക്കൾ…”
വിശ്വനാഥൻ കാറിലേക്ക് നോക്കി കയ്യാട്ടി
ഡോർ തുറന്ന് രുദ്ര് കുഞ്ഞിയുമായി പുറത്തിറങ്ങി,
തിളങ്ങുന്ന വെള്ളാരംകല്ലുകൾ പോലുള്ള കണ്ണുകളും നീളം കുറഞ്ഞു പോണി ടൈൽ കെട്ടിയിരിക്കുന്ന മുടിയും ചുവന്ന ഫ്രോക്കും അവളെ ഒരു പാവക്കുട്ടിയെപ്പോലെ തോന്നിച്ചു.
“ഇതാരാടി… താടി വച്ച ഋതിക് റോഷനോ… എന്താ പൊക്കം എന്താ മസ്സിൽ… ആ നീലക്കണ്ണ്കൾ നോക്ക് കട്ടിപ്പുരികം നോക്ക് എന്തൊരു ഭംഗി…. എന്താ ഗ്ലാമർ… എന്തൊരു മൊതല്…”
രുദ്രിനെക്കണ്ട് കണ്ണ് മിഴിഞ്ഞ ശില്പയുടെ കൂട്ടുകാരി കാവ്യയുടെ ചെവിയിൽ പറഞ്ഞു, അവിടുണ്ടായിരുന്ന എല്ലാരുടേം അവസ്ഥ അത് തന്നെയായിരുന്നു…
രുദ്രിനെക്കണ്ട വൃന്ദയുടെ ഹൃദയതാളം വല്ലാതെ ഉയർന്നു ഹൃദയമിപ്പോ പൊട്ടും എന്നവസ്ഥയിലായിരുന്നു അവൾ, താനൊരുപാട് കാണാൻ കൊതിച്ച ഒരാൾ തന്റെ മുന്നിൽ വന്ന് നിൽക്കുന്നപോലെ തോന്നിയവൾക്ക്, അവൻ തന്റെയാരോ ആണെന്ന് അവളുടെ ഉള്ള് പറയുംപോലെ, അവൾക്ക് അവനിൽനിന്ന് കണ്ണെടുക്കാൻ കഴിയുന്നുണ്ടായിരുന്നില്ല… അവൻ അടുത്ത് വരുമ്പോൾ അവളുടെ കൈകളും ചുണ്ടുകളും വല്ലാതെ വിറകൊണ്ടു, അവൾ അവന്റെ നീലക്കണ്ണുകളിൽ നോക്കി, അവൾ അവന്റെ മിഴികളിൽ മിഴിചിമ്മാതെ നോക്കിനിന്നു,
