ജീവിതമാകുന്ന നൗക – 13

രാഹുൽ കഴിപ്പ് അവസാനിപ്പിച്ചു എഴുന്നേറ്റപ്പോൾ അവളും എഴുന്നേറ്റു കഴിച്ച എൻ്റെയും രാഹുലിൻ്റെയും അടക്കം കഴിച്ച പാത്രമൊക്കെ എടുത്തു കിച്ചണിൽ പോയി. മണി ചേട്ടൻ്റെ ചെവിയിൽ എന്തോ തമാശ പറഞ്ഞു പുള്ളിയുടെ വിഷമം മാറ്റി.

ഞങ്ങൾ രണ്ടു പേരും ലാപ്ടോപ്പ് ബാഗുമായി ഇറങ്ങിയപ്പോൾ അവളും കൂടെ കൂടി.ഞങ്ങളുടെ ഒപ്പം തന്നെ ലിഫ്റ്റിൽ കയറി. കാര്യം ഏതോ വില കൂടിയ പെർഫ്യൂം ആണ് അവൾ ഉപയോഗിച്ചിട്ടുളത്. അതിൻ്റെ നേർത്ത മണം നാസികയിലേക്ക് ഒഴുകി എത്തുന്നുണ്ട് എങ്കിലും അവൾ ആ ചെറിയ സ്പേസിൽ അടുത്ത് നിന്നപ്പോൾ ആകെ ഒരു ശ്വാസം മുട്ടുന്ന പോലെ.

ലിഫ്റ്റിനുള്ളിൽ അവളുടെ റിഫ്ലക്ഷൻ കാണാം. മുഖത്തു ഗൂഢമായ ചിരിയുണ്ട്. ഇനി കാറിൽ ഇടിച്ചു കയറി ഇരിക്കാനാണോ പ്ലാൻ. അങ്ങനെ വല്ലതും സംഭവിച്ചാൽ അത് തടയാൻ ശ്രമിച്ചാൽ സീൻ ആകും. അതു കൊണ്ട് അവൾ കാറിൽ കയറി ഇരുന്നാൽ ഒന്നും ചെയ്യാൻ സാധിക്കില്ല. രാഹുലും ഇത് തന്നയാണ് ആലോചിക്കുന്നത് എന്ന് തോന്നുന്നു.

പുറത്തു സ്റ്റെപ്പിൻ്റെ അവിടെ കൊണ കൊണ ആന്റിമാർ നിൽക്കുന്നു. അപ്പുറത്തു സിങ്ങും. ഞങ്ങളെ കണ്ടതും പുള്ളി താക്കോൽ വാങ്ങാനായി കൈ നീട്ടി. അത് കണ്ടതോടെ കൊണ കൊണകൾക്ക് അന്ധാളിപ്പ് ആയി.

ഈ ആജാനബാഹു ഇവരുമായി എന്താണ് ബന്ധം എന്നായിരിക്കും ആലോചിക്കുന്നത്.

പുള്ളിയുടെ കൈയിൽ താക്കോൽ കൊടുത്തില്ല. പകരം പാർക്ക് ചെയ്‌ത കാറിനടുത്തേക്ക് ഞങ്ങൾ നടന്നു. അന്ന അവിടെ മുൻപിൽ തന്നെ നിന്നതല്ലാതെ ഞങ്ങളുടെ പിന്നാലെ വന്നില്ല.

സിങ് ജിക്ക് താക്കോൽ കൊടുത്തപ്പോളെക്കും രാഹുൽ ഓടി മുൻപിലെ സീറ്റിൽ കയറി ഇരുന്നു. അന്ന കയറിയാൽ ബാക്കിൽ എൻ്റെ ഒപ്പം.

ഞാൻ ഒന്നും മിണ്ടിയില്ല ബാക്ക് സീറ്റിൽ പോയിരുന്നു. കണ്ടിട്ട് അവൾ വരുമെന്ന് തോന്നുന്നില്ല. എങ്കിലും പറയാൻ അവളായതു കൊണ്ട് ചിലപ്പോൾ കാറ് തടഞ്ഞു അകത്തു കയറും.
സിങ് ജി അവളെ കയറ്റാൻ ആയി കാർ എടുത്തു നേരെ അവളുടെ മുൻപിൽ കൊണ്ട് പോയി ചവിട്ടി നിർത്തി. ഇങ്ങേര് ഇത് എന്തു പണിയാണ് കാണിച്ചത്.

പക്ഷേ അവൾ കയറാനായി ഓടി വന്നൊന്നുമില്ല.

“വോ ദൂസരെ ഗാഡി മേ ആ ജായേഗാ”

രാഹുൽ പറഞ്ഞപ്പോൾ അയാൾ അതുറപ്പിക്കാനെന്ന വണ്ണം എന്നെ നോക്കി. ഞാൻ ഒന്നും പറഞ്ഞില്ല. സിങ് ജി കാർ മുന്നോട്ട് എടുത്തപ്പോൾ ഞാൻ അവളെ ഒന്ന് തിരിഞ്ഞു നോക്കി.

ഗേറ്ററിനടുത്തേക്ക് നടന്ന് തുടങ്ങിയിരിക്കുന്നു.

ഗേറ്ററിനു പുറത്തേക്കിറങ്ങിയതും മുൻപിൽ ഇന്നോവ എത്തി.

രണ്ട് വാഹനങ്ങൾ കോളേജിലേക്ക് പോകുന്നു എന്നാലും എൻ്റെ ഒടുക്കത്ത ഈഗോ. അല്ലെങ്കിലും ഒഴുവാക്കാൻ ശ്രമിക്കുന്ന അവളോട് എന്തിന് ഇത്ര അനുകമ്പ. വല്ല യൂബെറും വിളിച്ചു വന്നോളും

കുറച്ചു നേരത്തേക്ക് രാഹുലും ഒന്നും മിണ്ടിയില്ല. ഫോണിൽ കുത്തിയിരിക്കുകയാണ്.

“ഡാ നമ്മൾ assignment ചെയ്‌തിട്ടില്ല. അതിൻ്റെ മാർക്ക് പോയി”

“അതൊന്നും കുഴപ്പമില്ല”

“നിനക്ക് കുഴപ്പമില്ല എന്ന് പറയാം

മാർക്ക് വരുമ്പോൾ ഫുൾ ആണെല്ലോ അതു കൊണ്ട് ഇതൊന്നും കുഴപ്പമില്ല. ബാക്കി ഉള്ളവർക്ക് ഇതൊക്കെ നുള്ളി പെറുക്കിയാലേ ജയിക്കാൻ പറ്റു. “

“നീ ജെന്നണിയുടെ അടുത്തു സൊള്ളി കൊണ്ടിരുന്ന സമയം ഇരുന്ന് ചെയ്യാമായിരുന്നില്ലേ. അല്ല മോനെ അവൾ നിന്നെ ഓർമ്മപെടുത്തിയൊന്നുമില്ലേ”

ഞാൻ പറഞ്ഞത് അവനിഷ്ടപ്പെട്ടില്ല എന്ന് അവൻ്റെ മുഖഭാവത്തിൽ നിന്ന് വ്യക്തം

“അന്ന വന്നത് കൊണ്ട് ചില ഗുണങ്ങളൊക്കെയുണ്ട്. മനഃസമാധാനമായി ഡ്രസ്സ് മാറി വരാൻ പറ്റി.”

എന്നെ ചൊറിയാൻ വേണ്ടി പറഞ്ഞതാണ്. സംഭവം ശരിയാണ്. ലേറ്റ് ആയി എഴുന്നേൽക്കുന്ന അവൻ്റെ അടുത്ത് പത്തു പ്രവിശ്യമെങ്കിലും റെഡി ആകാൻ പറയും. ഇന്ന് അങ്ങനെ ഉണ്ടായില്ല.

“ഡാ അത് നീ നേരത്തെ എഴുന്നേറ്റത് കൊണ്ടാണ്. ഇനി അങ്ങോട്ട് ഇന്നത്തെ പോലെ തന്നെ നേരത്തെ എഴുന്നേൽപ്പിക്കാം. “

ഇനി എഴുന്നേല്പിക്കാൻ അങ്ങോട്ട് വാ. പക്ഷേ വിട്ടു കൊടുക്കാൻ പറ്റില്ലല്ലോ.

ഓരോന്നൊക്കെ സംസാരിച്ചു കോളേജ് ഗേറ്റ് എത്തിയപ്പോളാണ് അറിഞ്ഞത്. മുൻപ് സിങ് ജി അല്ലെങ്കിൽ ദീപക് കാറിലുള്ളപ്പോൾ ഒരു വീർപ്പുമുട്ടൽ അനുഭവപ്പെട്ടിരുന്നു. അന്ന വന്നതിൽ പിന്നെ ഇതൊന്നും ഒന്നുമല്ല.
സിങ് ജി ഇറങ്ങി ഇന്നോവയിൽ കയറി പോയി. ഞാൻ സാരഥി സ്ഥാനം ഏറ്റെടുത്തു.

പാർകിങ്ങിലോട്ട് കയറിയപ്പോൾ അവിടെ സുമേഷും പോളും കാത്തു നിൽക്കുന്നുണ്ട്. അന്ന ഞങ്ങളുടെ ഒപ്പം കാറിൽ ആണോ വരുന്നത് എന്നറിയാനുള്ള നിൽപ്പാണ് എന്ന് ഞങ്ങൾക്ക് മനസ്സിലായി. ഞങ്ങൾ ഇറങ്ങി കഴിഞ്ഞിട്ടും കാറിലേക്ക് തന്നയാണ് നോട്ടം.

“എന്താടാ ?”

ചുമലു കോച്ചിയതല്ലാതെ എൻ്റെ ചോദ്യത്തിന് മറുപടി ഒന്നും പറഞ്ഞില്ല.

ഞാനും രാഹുലും ക്ലാസ്റൂമിലെക്ക് നീങ്ങി. സുമേഷും പോളും ബെൽ അടിക്കാറാകുമ്പോൾ മാത്രമാണ് വരിക. അത് വരെ പതിവ് വായ്നോട്ടം.

ക്ലാസ്സിൽ കയറിയതും രാഹുൽ ജെന്നിയുടെ അടുത്തേക്ക് പോയി. ഞാൻ പതിവ് സീറ്റിലേക്കും. ടോണിയും രമേഷും മാത്യവും ഒക്കെ ഞങ്ങളുടെ പിന്നാലെ അന്ന വരുന്നുണ്ടോ എന്ന് നോക്കുന്നുണ്ട്.

ക്ലാസ്സ് എടുക്കാൻ മിസ്സ് കയറി 10 സെക്കൻഡ്‌ കഴിഞ്ഞപ്പോളാണ് അന്ന ഓടി പിടിച്ചു വന്നത്. സോഫിയ മിസ്സ് അവളുടെ അടുത്ത് കയറിക്കോളാൻ പറഞ്ഞു. ചെറിയ ഒരു പുഞ്ചിരി ഉണ്ട്. നേരെ വന്ന് എൻ്റെ തൊട്ടരികിൽ തന്നെ ഇരുന്നു. കുറച്ചു ദിവസങ്ങളായി അവൾ ബാക്കിലെ കോർണർ സീറ്റിലാണ് ഇരിക്കാറുള്ളത്.

അവളുടെ ഈ പ്രവർത്തി കണ്ട് ക്ലാസ്സിൽ ഉള്ളവരെല്ലാം ഞങ്ങളെ തിരിഞ്ഞു നോക്കാൻ തുടങ്ങി. മിസ്സടക്കം സ്തംഭിച്ചു നിൽക്കുകയാണ്. ഇവര് വീണ്ടും തുടങ്ങിയോ എന്ന ഭാവമാണ് പലരുടെയും മുഖത്തു.

ഞാൻ അവളെ രൂക്ഷമായി നോക്കി. അവളുടെ മുഖത്തു അപ്പോഴും ആ പുഞ്ചിരിയുണ്ട്. രാവിലെ മുതൽ ഉള്ള ആ കൊലച്ചിരി.

“നോക്കേണ്ട ഇത് നിങ്ങളുടെ കാർ ഒന്നുമല്ലല്ലോ”

ഞാൻ മാത്രം കേൾക്കാവുന്ന ശബ്‌ദത്തിലാണ് അവൾ പറഞ്ഞത്

” Class Listen to me”

സോഫിയ മിസ്സ് വിളിച്ചു കൂകുന്നുണ്ട്.

ഞാൻ എൻ്റെ സീറ്റിൽ നിന്ന് എഴുന്നേറ്റ് അവൾ ഇരിക്കാറുള്ള കോർണർ സീറ്റിലേക്ക് നീങ്ങി.

“അർജ്ജുൻ!! ”

ക്ലാസ്സിൽ എഴുന്നേറ്റ് നടക്കുന്നത് കണ്ട് സോഫിയ മിസ്സ് ദേഷ്യത്തിൽ വിളിച്ചതാണ്. അന്നേരത്തെ ദേഷ്യത്തിൽ ഞാൻ മിസ്സിനെയും രൂക്ഷമായി നോക്കി. എൻ്റെ നോട്ടം കണ്ട് മിസ്സ് ചൂളി പോയ അവസ്ഥയിൽ ആയെന്ന് പറഞ്ഞാൽ മതി. പുള്ളിക്കാരി പിന്നെ ഒന്നും മിണ്ടിയില്ല.
പുള്ളിക്കാരി ക്ലാസ്സ് എടുക്കാൻ തുടങ്ങിയിട്ട് ആ ഫ്ലോ കിട്ടുന്നുണ്ടായിരുന്നില്ല.

വേണ്ടായിരുന്നു ഭയങ്കര ഓവറായി പോയി. അവിടന്ന് മാറി ഇരിക്കേണ്ടായിരുന്നു. ഞാൻ തോറ്റോടിയ പോലെ ആയില്ലേ. ഞാൻ രാഹുലിനെ ഒന്ന് നോക്കി. അവൻ ക്ലാസ്സിൽ ഫുൾ കോൺസെൻട്രേഷനിലാണ്. തെണ്ടി

Leave a Reply

Your email address will not be published. Required fields are marked *