കുറച്ചു നേരം കഴിഞ്ഞ് തറവാടിൻ്റെ മുറ്റത്തിൽ ഫോണും പിടിച്ച് നടക്കുമ്പോഴാണ് ചേട്ടത്തി അങ്ങോട്ട് വരുന്നത്…
” എന്താ മോനെ മാറി നിക്കുന്നെ…ഒരു സ്റ്റേഷൻ കിട്ടാത്ത പോലുണ്ടല്ലോ… ”
എൻ്റെ അടുത്തെത്തിയതും ഒരു ചിരിയോടെ ചേട്ടത്തി ചോദിച്ചു…അതിന് ഒന്നൂല്ല്യാന്നുള്ളർത്ഥത്തിൽ ഞാൻ തലയാട്ടി…
” അല്ല ചടങ്ങൊക്കെ ഇത്ര പെട്ടെന്ന് കഴിഞ്ഞോ ചേട്ടത്തി… ”
” ഇല്ലെടാ…ഇനി നിശ്ചയത്തിൻ്റെ തീയതിയെ പറ്റി സംസാരിക്കുന്നുണ്ട്…അത് ആണുങ്ങൾ സംസാരിക്കുന്നതല്ലേ…അപ്പൊ നീയിവിടെ പോസ്റ്റായിരിക്കുന്നത് കണ്ടപ്പൊ ഇങ്ങോട്ട് പോന്നു… ”
ചേട്ടത്തി ഒരു ചിരിയോടെ കാര്യം പറഞ്ഞു… പിന്നെ ഞങ്ങൾ ഒന്നും രണ്ടും സംസാരിച്ചിരിന്നു… ദിവ്യയെ പറ്റി ചോദിക്കണം എന്നുണ്ട് പക്ഷെ ചെറിയോരു മടി… അതോണ്ട് വേണ്ടാന്ന് വെച്ചു…
” അല്ല അത് പോട്ടെ ഇന്നലെ സിനിമയ്ക്ക് പോയ വിശേഷമൊക്കെ ഇവിടൊരാൾ വന്ന് പറഞ്ഞു…അല്ല ചെറുക്കാ നിനക്കിത് തന്നെയാണോ പണി…ആ പെണ്ണ് ശരിക്കും പേടിച്ചു…ഇന്നലെ തൊട്ടേ മുഖം ദേഷ്യം കൊണ്ട് രണ്ട് കൊട്ടയുണ്ട്… ”
പെട്ടന്ന് രോഗി ഇച്ചിച്ചതും വൈദ്യൻ കൽപിച്ചതും മിൽമ എന്ന് പറയും പോലെ ചേച്ചി അവളുടെ കാര്യം പറഞ്ഞപ്പോൾ എനിക്ക് ആകാംക്ഷയായി…
” അത് പിന്നെ പെട്ടന്നുള്ള ദേഷ്യത്തിൽ…അത്രയ്ക്ക് വല്ല്യ കൊഴപ്പം ഒന്നുമില്ലായിരുന്നു… ”
ഞാൻ ഒരു ചിരിയോടെ മറുപടി നൽകി..
“മ്മ് പിന്നേ… നിന്റെ കാര്യം ഞാനും ഇന്നലെ കണ്ടതാണല്ലോ…അതോണ്ട് കൂടുതൽ ന്യായികരണം ഒന്നും വേണ്ട…നിനക്കെവിടുന്നാ ഇത്രയ്ക്ക് ദേഷ്യം… ”
ചേച്ചി എന്നെ നോക്കി ഒരു കപട ദേഷ്യത്തോടെ ചോദിച്ചു…അതിന് തമ്പുരാനറിയാം എന്നർത്ഥത്തിൽ ഞാൻ കൈ മലർത്തി…
” മ്മ് ആ പെണ്ണ് ദേഷ്യത്തിലാ…അതാ നിന്നെ കാണാനൊന്നും വരാത്തെ… ”
” ഞാൻ സോറി ഒക്കെ പറഞ്ഞു പക്ഷെ ആള് കലിപ്പിലിണെന്നെനിക്കറിയാം…എന്താ ഒരു വഴി ചേട്ടത്തി ആ കലിപ്പ് മാറ്റാൻ… ”
” നിനക്കൊരു പ്രശ്നം പോകാൻ പറഞ്ഞ വഴിയാണ് ഇപ്പൊ അതിനെക്കാൾ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ഇടയായത്… ”
ചേച്ചി ഒരു ചിരിയോടെ എൻ്റെ കൈയ്യിലൊരു തല്ല് വെച്ചു തന്നു…
” ഹേയ് എനിയങ്ങനെ ഒന്നും ഉണ്ടാവില്ല…ഒരു വഴി പറഞ്ഞു താടോ… ”
ഞാൻ ചെറിയ കുട്ടിയെ പോലെ വാശിപിടിച്ചു…
” വഴി….മ്മ് ഒരു കാര്യമുണ്ട്…അതിൽ ചെലപ്പൊ കക്ഷി വീഴും… ”
ചേച്ചി എന്നെ നോക്കി ഒരു ചിരിയോടെ പറഞ്ഞു…അതിന് ഞാൻ എന്താ അതെന്ന് ചോദിച്ചു…
” അവളെന്നോട് കുറച്ചു ദിവസ്സമായി ഇവിടെ കുറച്ചു മാറിയുള്ള ഒരു ഗൗരിശങ്കര ക്ഷേത്രമുണ്ട്… അവിടെ പോകണം എന്ന് പറയുന്നു…അവളുടെ ഇഷ്ടപെട്ട സ്ഥലം ആണത്… ഒരുപാട് തവണ പോയിട്ടുണ്ട് പക്ഷെ അവൾക്ക് ഇടയ്ക്കിടയ്ക്ക് അവിടെ പോകണം…ആള് വല്ല്യ മഹാദേവ ഭക്തയാ…നീ അവളെ അവിടെ കൂട്ടി പോ…നമ്മുക്കത് വച്ചൊന്ന് നോക്കാം… ”
ചേച്ചി എന്നെ നോക്കി കാര്യം പറഞ്ഞു…ആദ്യം സ്ഥലം മനസ്സിലാകാത്തപ്പോൾ ചേച്ചിയോട് കൂടുതൽ ചോദിച്ചപ്പോൾ എനിക്കും അവിടം മനസ്സിലായി….വല്ല്യ പ്രശ്നമില്ല…ഞാനും ആ ക്ഷേത്രത്തെ പറ്റി അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്…ഒരു കുന്നിൻ്റെ താഴാവരയിൽ ഉള്ള ഒരു ക്ഷേത്രം….കാണാൻ മനോഹരമാണെന്നാ അമ്മ പറഞ്ഞത്…
” എനിക്ക് പ്രശ്നമൊന്നുമില്ല…പക്ഷെ അവള് വരുമൊന്നുമില്ല…ഇന്നലെ ഒപ്പം വന്ന് തന്നെ മതിയായി കാണും… ”
ഞാൻ ഒരു ചമ്മിയ ചിരിയൊടെ പറഞ്ഞു…അത് കേട്ടിട്ട് ചേച്ചിക്കും ചെറുതായി ചിരി വന്നു…
” ഹേയ്…അവിടെ അവൾ എന്താലും വരും…ശംശയമുണ്ടേൽ ഇപ്പൊ ശരിയാക്കിത്തരാം…”
എന്നിട്ട് ചേച്ചി ഫോണെടുത്ത് അവളെ വിളിച്ചു…അതോടെ അത്ര നേരം എന്നിൽ നിന്നും മറഞ്ഞു നിന്ന ദിവ്യ അകത്ത് നിന്നും മുറ്റത്തേക്ക് വന്നു…ഒരു പിങ്ക് ചൂരിദാറിൽ…കണ്ണൊക്കെ എഴുതി…മുടിയൊക്കെ ഒരു വശത്തേക്ക് മാറ്റി ഒരു കുഞ്ഞ് പൊട്ടും അതിന് മേലെ ചന്ദനകുറിയും…കുഞ്ഞ് മൂക്കുത്തിയും… ഓ….ഇവളെന്താ അപ്സരസ്സോ…ഞാൻ അവളുടെ സൗന്ദര്യത്തിൽ ഭ്രമിച്ചു നിന്നുപോയി…ഇതൊക്കെ ചേട്ടത്തി ശ്രദ്ധിക്കുന്നുണ്ടെന്ന് ഞാൻ അറിഞ്ഞിരുന്നില്ല എന്നത് മറ്റൊരു സത്യം… അപ്പോഴേക്കും അവളടുത്തെത്തിയിരുന്നു…
