ദിവ്യാനുരാഗം – 10 2

” എന്തേ… അപ്പോൾ നേരത്തെ പറഞ്ഞതോ… ഉറക്കം എഴുന്നേൽക്കുമോ ചേട്ടൻ… ”

അവളതെ ആക്കിയ ചിരിയോടെ എന്നെ വീണ്ടും ഒന്ന് കൊട്ടി…

” അതിന് ഞാൻ ഉറങ്ങുന്നേ ഇല്ല…പിന്നെന്തിനാ ഉറക്കം എഴുന്നേൽക്കുന്നത്… ”

ഞാൻ അവളെ നോക്കി കൈകൂപ്പി പറഞ്ഞു…അത് കണ്ടതും അവള് കെടന്ന് ചിരിക്കാൻ തുടങ്ങി…അപ്പോഴായിരുന്നു അമ്മയും ചേട്ടത്തിയും ഞങ്ങളുടെ അടുത്തേക്ക് വരുന്നത് കണ്ടത്…അതോടെ പെട്ടന്ന് ആ പൊട്ടികാളി ചിരി നിർത്തി…
” ഹാ എന്താ രണ്ടാളും കൂടെ പരിപാടി…എന്താ മോളെ ഇവൻ വീണ്ടും വല്ലതും ഒപ്പിച്ചോ… ”

എൻ്റെ മാതാശ്രീ പുള്ളിക്കാരിയുടെ പ്രിയ പുത്രിയായി കണക്കാക്കിയ ദിവ്യയോട് ചോദിച്ചു…

” ഹേയ് ഇല്ല മാഡം… ”

അവളമ്മയെ നോക്കി പുഞ്ചിരിയോടെ മറുപടി നൽകി…

” ഇതേ പെണ്ണേ ഒരെണ്ണം ഞാൻ അങ്ങ് തരും…മാഡവും കുന്തവും ഓക്കെ അങ്ങ് ഹോസ്പിറ്റലിൽ…അല്ലാത്തപ്പൊ നിന്നോട് ഞാൻ വിളിക്കാൻ പറഞ്ഞത് നിനക്കറിയില്ലേ.. നീ അത് വിളിക്കുന്നതാണ് എനിക്കിഷ്ടം… ”

അമ്മ അവളുടെ താടി തുമ്പ് പിടിച്ച് അവളെ നോക്കി വാത്സല്യത്തോടെ പറയുന്നത് കേട്ട് ഞാനും ചേട്ടത്തിയും എന്താണത് എന്ന് കേൾക്കാൻ കാതോർത്തു…

” ശരി അമ്മേ….. ”

അത് കേട്ടതും ഞാനൊന്ന് ഞെട്ടി… ഇത്രയേറെ അമ്മ ഇവളെ സ്നേഹിക്കുന്നുണ്ടോ…അവളത് ചിരിയോടെ പറഞ്ഞതും…അമ്മയവളുടെ നെറുകയിൽ ഒരു മുത്തം കൊടുത്തു…അത് കണ്ട് ചേട്ടത്തിക്ക് സന്തോഷകൊണ്ട് ഒരുപാട് ഫീലായി…എൻ്റെ കാര്യം പറയണോ… ഇച്ചിരി കുശുമ്പ് തോന്നി…അത് പിന്നെ എൻ്റെ മാതാശ്രീ അല്ലേ…ഒന്നുമില്ലേലും ന്വാമും മനുഷ്യൻ അല്ലേ പുള്ളേ….

” അപ്പൊ എല്ലാവരും വാ…ഭക്ഷണം കഴിക്കാൻ വിളിക്കുന്നുണ്ട്… ”

അമ്മ അതും പറഞ്ഞ് ദിവ്യയുടെ കൈ പിടിച്ച് മുന്നോട്ട് നടന്നു…ചേട്ടത്തിയും എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചതിന് ശേഷം അവരുടെ പുറകേ പോകാൻ ഒരുങ്ങി…പക്ഷെ ഞാൻ കൈയ്യിൽ കേറി പിടിച്ചു….

” നിൽക്ക് മോളെ…എന്നോട് ഈ ചതി വേണ്ടായിരുന്നു…ഇങ്ങനെ പണി തരാൻ ഞാൻ എന്ത് തെറ്റാ ചെയ്യ്തേ… ”

ഞാൻ ചേട്ടത്തിയെ നോക്കി ഇച്ചിരി കടുപ്പത്തിൽ പറഞ്ഞു…

” എന്താടാ…ഞാൻ എന്തോ ചെയ്യ്തെന്നാ… ”

പുള്ളിക്കാരി കാര്യം മനസ്സിലാകാതെ നിന്ന് ചിണുങ്ങി…

” തേങ്ങ….രാവിലെ 6 മണിക്ക് അമ്പലത്തിൽ പോണം പോലും…ഞാൻ 6 മണി അവസാനം കണ്ടത് എൻ്റെ ആറാം വയസ്സിലായിരിക്കും…അല്ലെങ്കിൽ അത്രയും പ്രധാനപ്പെട്ട വല്ല കാര്യവും ഉണ്ടാവണം… ആ എന്നോട് ഈ ചതി വേണ്ടായിരുന്നു… ”

ഞാൻ അവൾ പറഞ്ഞത് മൊത്തവും പുള്ളിക്കാരിയോട് വിവരിച്ചു..അതോടെ അവരെന്നെ എന്നെ നോക്കി ഒന്നും പറയാതെ ചിരിക്കാൻ തുടങ്ങി…

” നിനക്ക് അത് തന്നെ വേണം…അപ്പൊ നാളെ 6 മണിക്ക് റെഡി ആയിക്കോ…അല്ലെങ്കിൽ പറഞ്ഞത് പോലെ നീ കോളേജിൽ എത്തുന്നതിന് മുന്നേ അവൾ കോളേജിൽ എത്തും… “
അതും പറഞ്ഞ് ചേച്ചി ഒരു ചിരിയോടെ തിരിഞ്ഞു നടന്നു…ഒരു വഴിയും ഇല്ലല്ലോ…പിന്നെന്ത് ചെയ്യാനാ… പിന്നെ വയറ് കെടന്ന് തെറിവിളിക്കുന്നത് കൊണ്ട് ഞാനും പിന്നാലെ ചെന്നു…അപ്പോഴേക്കും ഉമ്മറത്ത് അച്ഛനും അമ്മയും ദിവ്യയും ഉണ്ടായിരുന്നു…പുറകേ ഞാനും ചേട്ടത്തിയും കേറി…അപ്പോഴായിരുന്നു പണ്ട് ഒരുപാട് തവണ അച്ഛനൊപ്പം കണ്ട അച്ഛൻ്റെ ചങ്ങാതിയേയും അവിടെ കണ്ടത്…ഇനി ഇങ്ങേര് ചേട്ടത്തിയുടെ റിലേറ്റിവാണൊ…

” മോള് വല്ലാതെ ക്ഷീണിച്ചല്ലൊ… ”

ഉമ്മറത്തുള്ള ദിവ്യയുടെ താടിക്ക് കൈ പിടിച്ച് കുലുക്കി അച്ഛൻ ചോദിച്ചു…അതിനവൾ പുഞ്ചിരിച്ച് തലയാട്ടി…ഇങ്ങേർക്കെങ്ങനെ ഇവളെ അറിയാം…ചെലപ്പൊ അമ്മ പറഞ്ഞു കൊടുത്തു കാണും…

” അവളല്ലേലും ഒന്നും മര്യാദയ്ക്ക് കഴിക്കില്ലടാ…എന്തേലും പറഞ്ഞാൽ നമ്മളെ ചാടിക്കടികും… ”

അച്ഛൻ്റെ കൂട്ടുകാരനായിരുന്നു ആ ശബ്ദത്തിന്റെ ഉടമ…അതോടെ ഞാൻ നിന്ന് പരുങ്ങി…ഇനി ഇത് ഇങ്ങേരുടെ സന്താനം ആണോ… ”

” അത് പിന്നെ അങ്ങനല്ലേടാ വിനൂ… നിന്റെ സ്വഭാവം കണ്ടല്ലേ അവള് പഠിക്കുക… ”

അച്ഛൻ്റെ വായിൽ നിന്ന് വീണത് കേട്ട് എൻ്റെ കിളി പാറി…അപ്പൊ ഇങ്ങേരുടെ കൂട്ടുകാരൻ്റെ മോളാണോ ഈ സാധനം….അന്നിവളുടെ ഐഡൻറിറ്റി കാർഡ് നോക്കി തെറി വിളിച്ചത് ഓർമ്മയുണ്ട് ദിവ്യ വിനോദ് അപ്പൊ വിനു മീൻസ് വിനോദ്….. ഞാൻ മനസ്സിൽ കണക്ക്കൂട്ടി ദിവ്യയെ ഒന്ന് പാളി നോക്കി…അപ്പൊ പിന്നെ ഇവളെ ഞാൻ എന്താ ഇതിന് മുന്നേ ഒന്നും കാണാതെ പോയെ…അമ്മയും ഇതൊന്നും അന്ന് പറഞ്ഞില്ലല്ലോ…

Leave a Reply

Your email address will not be published. Required fields are marked *