” ഹാ അങ്ങനങ്ങ് പോയാലോ…. എന്തൊക്കെയുണ്ട് കാമുകാ വിശേഷം… ”
അവളെന്നോട് കള്ളനെ കവലയിൽ വെച്ചു കാണുന്ന പോലീസുകാരെ പോലെ ചോദിച്ചു…
” എന്തോന്നടീ…ഒന്ന് പതുക്കെ പിള്ളാരുണ്ട്… ”
ഞാൻ റൂമിലുള്ള അവന്മാരെ ഒന്ന് പാളി നോക്കിയ ശേഷം അവളോട് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു…
” ഓ ഇയാൾക്ക് ഓരോന്ന് കാണിക്കാം…നമ്മള് പറഞ്ഞാ കുറ്റം…അതേ ഞാൻ ബാക്കിയുള്ളവരോട് പറയാനാ ഈ ഓടി കിതച്ച് വന്നത്…മാറങ്ങോട്ട്… “
അവളെന്നേം തള്ളി ഉള്ളി കേറാൻ ശ്രമിച്ചു…പക്ഷെ ഞാൻ വിട്ടില്ല…
” എൻ്റെ പൊന്നുമോളല്ലെ…നീ കരുതും പോലെ ഒന്നുമല്ല…അജ്ജുവേട്ടൻ പറയട്ടെ… ”
” ഒരു തേങ്ങയും പറയണ്ട…ഈയാളോട് ഇന്നലെ എന്നെ ഡ്രൊപ്പ് ചെയ്യാൻ പറഞ്ഞപ്പോ തിരക്കുള്ള പരിപാടി അല്ലേ…ഞാൻ കണ്ടു പരിപാടി…ഇതെപ്പൊ ഒപ്പിച്ചു…അല്ല അത് അവിടെ നിക്കട്ടെ…ഇന്നലെ കണ്ട പെണ്ണ് വന്നപ്പൊ നമ്മൾ ഔട്ടല്ലേ…ഇത് വിടാൻ ഉദ്ദേശമില്ല… ”
അവൾ വീണ്ടും പിടിച്ച് തള്ളാൻ നോക്കി ഞാൻ ചത്താലും സമ്മതിക്കില്ല എന്ന നിലയിൽ നിന്നു…കാരണം ഇവളെങ്ങാനും ഉള്ളിൽ കേറി പറഞ്ഞാൻ പിന്നെ ചാകേണ്ടി വരില്ല ലവന്മാര് കൊന്നോളും…
” നീതു നീ വിചാരിക്കും പോലല്ല സത്യായിട്ടും…ഞങ്ങൾ പ്രണയത്തിലൊന്നുമല്ല… നിനക്കെന്നെ വിശ്വാസമില്ലേ…അങ്ങനെ എന്തേലും ഉണ്ടേൽ നിങ്ങളൊക്കെ അറിയില്ലേ… ”
ഞാൻ അവളെ സത്യാവസ്ഥ ബോധിപ്പിക്കാൻ ശ്രമിച്ചു…അത് ഏതായാലും ഏറ്റു അവളൊന്ന് അയഞ്ഞു അതോടെ ഇതുവരെ നടന്നതൊക്കെ ഞാൻ അവളോട് പറഞ്ഞു…
” ഹേ അപ്പൊ ഒന്നൂല്ല്യേ… പിന്നെ അവരൊക്കെ അറിഞ്ഞാൽ എന്താ പ്രശ്നം… ”
പറഞ്ഞ് തീർന്നതും അവളുടെ സംശയമുയർന്നു….
” എടി അത് പിന്നെ ഇന്നലത്തെ കാര്യം അവന്മാർക്കറിയില്ല…അറിഞ്ഞാൽ എന്നെ കാളിയാക്കി നശിപ്പിക്കൂന്ന് നിനക്കറിയില്ലേ… ”
” പറഞ്ഞത് ശരിയാണ്… എന്നാലും… ശരിക്കും അജ്ജുവേട്ടന് ആ ചേച്ചിയോട് അങ്ങനൊന്നുമില്ലാ…? ”
എന്തൊക്കെ പറഞ്ഞിട്ടും വിശ്വാസം വരാത്ത പോലെയാണ് അവളുടെ മുഖഭാവം….
” എടി അങ്ങനൊക്കെ ചോദിച്ചാ…എനിക്കറിയില്ല…ഞങ്ങൾ റിലേഷനിലൊന്നുമല്ല…പക്ഷെ അവളെ അടുത്തറിഞ്ഞപ്പൊ അവളുടെ ക്യാരക്ടറും ഓക്കെ എന്തൊ എന്നെ വല്ലാതെ ആകർഷിക്കും പോലെ തോന്നുന്നു… നിനക്കറിയില്ലേ എന്നെ…എനിക്കിങ്ങനൊന്നും തോന്നാത്തതാ…പക്ഷെ അവളോട് സമയം ചിലവഴിക്കുമ്പൊ എന്തോ ഒരു ഇത്… ”
ഞാൻ ഒരു ചമ്മിയ മുഖഭാവത്തോടെ അവളെ നോക്കി പറഞ്ഞു…അതോടെ അവളെന്നെ നോക്കി ഒരാക്കിയ ചിരി മുഖത്ത് വരുത്തുന്നത് കണ്ടു…
” മോനെ ഇത് അതന്നെ…പ്രണയം….അപ്പൊ ഞാൻ പറഞ്ഞത് വെറുതെയല്ല… ”
അതിന് ഞാൻ മറുപടിയൊന്നും പറഞ്ഞില്ല…പകരം സെയിം ചമ്മിയ മുഖഭാവത്തോടെ നിന്നു…
” മ്മ്…നടക്കട്ടെ… നടക്കട്ടെ…ഞാൻ ആരോടും പറയുന്നില്ല… ”
” ഓ വല്ല്യ ഉപകാരം തമ്പുരാട്ടി…എന്നാൽ ഞാൻ പൊക്കോട്ടെ… “
ഞാൻ അവളെ നോക്കി ഒരു ചിരിയോടെ പറഞ്ഞ് തിരിഞ്ഞു നടക്കാൻ തുടങ്ങി…
” പിന്നെ അജ്ജുവേട്ടാ കാര്യം നടന്നാൽ ചിലവുണ്ട് കേട്ടോ…വെറൊന്നുമല്ല എന്തോ ഇന്നലെ നിങ്ങളെ രണ്ടാളേം കണ്ടപ്പൊ നല്ല മാച്ചായിരുന്നു… ഒരുമാതിരി ദൈവം അറിഞ്ഞ് ശ്രഷ്ഠിച്ചപോലെ… ”
പുറകീന്നുള്ള അവളുടെ പറച്ചില് കേട്ടതോടെ ഞാൻ തിരിഞ്ഞു നിന്ന് അവളെ ഒന്ന് നോക്കി…അപ്പൊ അവളെന്നെ നോക്കി ഇളിച്ച് നിക്കുന്നു…
” സത്യാ പറഞ്ഞത്…എനിക്കങ്ങനെ തോന്നി…പിന്നെ എൻ്റോടി ചെറുതായൊന്ന് പണി പാളിപ്പോയി…അത് അജ്ജുവേട്ടന് വഴിയെ കിട്ടും…ഇപ്പൊ പറഞ്ഞാൽ എനിക്കിട്ട് കിട്ടും എന്നുള്ളത് കൊണ്ട് പറയുന്നില്ല…അപ്പൊ ബൈ കാമുകാ… ”
അവളൊരു ചിരിയോടെ കാര്യവും പറഞ്ഞ് തിരിഞ്ഞ് നടന്നു…ഞാനും ഒരു ചിരിയോടെ പാർക്കിംഗിലേക്ക് വച്ചു പിടിച്ചു..അപ്പോളും അവള് പറഞ്ഞ പണിയെ പറ്റി എനിക്ക് ചിന്തിക്കാൻ തോന്നിയില്ല…കാരണം അതിന് മുന്നേ അവൾ പറഞ്ഞ വാക്കായിരുന്നു മനസ്സ് മുഴുവൻ…
” നിങ്ങൾ നല്ല മാച്ചാട്ടോ… ഒരുമാതിരി ദൈവം അറിഞ്ഞ് ശ്രഷ്ഠിച്ചപോലെ… ”
അത് മാത്രം മനസ്സിലിട്ടാലോജിച്ച് വണ്ടിയും എടുത്ത് വീട്ടിലേക്ക് വിട്ടു…വീടെത്തിയതും സ്ഥിരം പരിപാടികൾ തന്നെ…അമ്മയും അച്ഛനും പോയതിന് ശേഷം പരിപാടി ആയതിനാൽ നേരെത്തെ പോവേണ്ട എന്നുള്ളത് കൊണ്ടും കിടന്നുറങ്ങാൻ കട്ടിലിൽ കേറി…കൂടെ നീതുവിന്റെ വായിൽ നിന്ന് വീണ് കിട്ടിയ നല്ല അയവുള്ള വാക്കുകളുടെ ഓർമ്മകളും….
