ദിവ്യാനുരാഗം – 10 2

” അത് ഞാൻ പറഞ്ഞിലെ ഒരു ഫ്രണ്ടിനെ…”

ഞാൻ രാവിലെ പറഞ്ഞത് ഒന്നൂടെ വിവരിക്കാൻ നോക്കി…

” ഓ വിവരിക്കേണ്ട രാവിലെ പറഞ്ഞല്ലോ ചുമ്മാ ചോദിച്ചതാ… എന്നാ കഴിക്കാൻ വല്ലതും എടുക്കട്ടേ ഫ്രണ്ടേ… “
പുള്ളിക്കാരി എന്തൊക്കെയോ അർത്ഥം വച്ചിട്ട് പറയുംപോലെ തോന്നി…

” വേണ്ട ഞാൻ കഴിച്ചായിരുന്നു…”

” അത് പിന്നെ അങ്ങനെ ആണല്ലോ കൂടെ വന്ന ഫ്രണ്ടിന് വിശന്ന് കാണും അല്ലേ ഫ്രണ്ടേ… ”

പുള്ളിക്കാരി വിടാൻ ഒരു ഉദ്ദേശവുമില്ല…അതോടെ എനിയും നിന്നാൽ പന്തിയല്ലെന്ന് തോന്നിയ ഞാൻ മുഖത്തൊരു പുഞ്ചിരി ഫിറ്റാക്കി മുകളിലേക്ക് വച്ചു പിടിച്ചു… റൂമിൽ എത്തിയതും ചാടി കേറി കിടക്കയിലേക്ക് വീണു…അല്ലേലും കട്ടിലൊരു വീക്ക്നസ്സാണ് എനിക്ക്… തെറ്റ്ധരിക്കല്ലേ…ഉറക്കം ആണ് ഉദ്ദേശം…

അങ്ങനെ എത്ര സമയം കിടന്നുറങ്ങിയെന്നറിയില്ല…പതിവ് പോലെ അമ്മയുടെ വിളി കേട്ടാണ് എഴുന്നേറ്റത്…

” നിന്നോട് പുറത്ത് പോയി വന്നാ ഡ്രസ്സ് മാറീട്ടെ കിടക്കാൻ പാടുള്ളൂന്ന് പറഞ്ഞിട്ടില്ലേ… അതെങ്ങനെയാ അച്ഛൻ്റെ അല്ലെ മോൻ… ”

അടുത്തിരുന്ന് അമ്മ ചീറുന്നത് ഉറക്ക പിച്ചിലാണേലും ഞാൻ കേൾക്കുന്നുണ്ടായിരുന്നു…

” എഴുന്നേറ്റ് വാടാ കുംഭകർണാ…നേരം ഒരുപാടായി…ചെന്ന് ഫ്രഷായി താഴേക്ക് വാടാ… ”

ഞാൻ ഉറക്കം എഴുന്നേൽക്കില്ല എന്ന് കണ്ടപ്പൊ പുള്ളിക്കാരി എൻ്റെ താടിയിലും മുടിയിലും പിടിച്ച് ചെറുതായി വലിക്കാൻ തുടങ്ങി…

” അയ്യോ…ഓടി വായോ…ന്നെ കൊല്ലുന്നേ… ”

ഞാൻ വേദനയിൽ അലറി…പക്ഷെ അവിടുന്ന് ഒരു മയവുമില്ല…ഈ താടി പിടിച്ച് വലിക്കുമ്പോൾ ഉള്ള വേദനാ…അത് ഒന്ന് വേറെ തന്നെയാ…

” ഹാ വേദനിക്കട്ടെ അങ്ങനെ…എല്ലാം മര്യാദയ്ക്ക് വെട്ടി വൃത്തിയിൽ നടക്കാൻ പറഞ്ഞാൽ മോൻ കേൾക്കില്ലാലോ…അപ്പൊ ഞാൻ ഇങ്ങനൊക്കെ ചെയ്യും… ”

പുള്ളിക്കാരി കുണുങ്ങി ചിരിച്ചുകൊണ്ട് പറഞ്ഞു…എന്നിട്ട് മെല്ലെ കൈ വിട്ടു…

” എന്തൊരു കഷ്ടാ ദൈവമേ… മനുഷ്യനെ മെനക്കെടുത്താൻ… ”

ഞാൻ താടിയും തടവിക്കൊണ്ട് എണീറ്റു…മറുപുറത്ത് ചിരി മാത്രം…

” ഈയെടയായി ശല്ല്യം കൂടുതൽ ആണ് കേട്ടോ ഡോക്ടറെ ഇങ്ങനെ ആണെ ഞാൻ എങ്ങോട്ടേലും എറങ്ങി പോവും നോക്കിക്കോ…. ”

ചുമ്മാ പുള്ളിക്കാരിയെ നോക്കി ഒരു കപട ദേഷ്യം കാണിച്ചതാ പക്ഷെ പെട്ടന്ന് അമ്മയുടെ മുഖം ഒക്കെ മാറി…ഒരു സങ്കടം കേറി വന്നു…ഫീലായി കാണും…

” സോറി അമ്മ ഒരു തമാശയ്ക്ക്… മോന് വേദനിച്ചോ… ”

നേർത്ത സ്വരത്തിൽ അത് പറയുമ്പോൾ അമ്മയുടെ സ്വരം ഇടറുന്നത് ഞാൻ അറിഞ്ഞു…
” ദേ തൊടങ്ങി മനുഷ്യനൊരു തമാശ പറഞ്ഞൂടെ എൻ്റമോ…ഇങ്ങനൊരു പൊട്ടി പെണ്ണ്…അതെങ്ങനെയാ എൻ്റെ ഡോക്ടറമ്മയ്ക്ക് ഇപ്പോഴും ആ കോളേജ് പെണ്ണിൻ്റെ സ്വഭാവം അല്ലേ…എല്ലാം പെട്ടെന്ന് ഫീലാകും…അച്ഛനെ പറഞ്ഞാ മതി… ”

ഞാൻ അമ്മയെ ചേർത്ത് പിടിച്ചു കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു…അതോടെ പുള്ളിക്കാരിയുടെ മുഖം ഇത്തിരി തെളിഞ്ഞു…

” എന്നാലും എന്ത് വലിയാ ഡോക്ടറേ…എനിക്ക് നൊന്തു… ”

ഞാൻ ഒരു കപട ദേഷ്യത്തോടെ പറഞ്ഞു…

” സോറി ”

പുള്ളിക്കാരി കുണുങ്ങി ചിരിച്ചുകൊണ്ട് പറഞ്ഞു…

” മ്മ് സോറി…അച്ഛനെങ്ങനെ ഈ സാധനത്തിനെ സഹിക്കുന്നോ എന്തോ… ”

അതിനും പുള്ളിക്കാരിയുടെ മുഖത്ത് ചിരി മാത്രം…

” സത്യം പറയ്…ഈ ചിരി കാണ്ടാണോ പുള്ളിക്കാരൻ വീണ് പോയത്…? ”

” എന്താ അങ്ങനെ ചോദിച്ചേ… ”

എൻ്റെ ചോദ്യം കേട്ട് അമ്മ ആകാംഷയോടെ പുരികമുയർത്തി…

” അല്ല എൻ്റെ ഡോക്ടറമ്മയുടെ ചിരിക്ക് വല്ലാത്തൊരു ലുക്കല്ലേ…പിന്നെ സൗന്ദര്യം ആണെങ്കിൽ പറേണ്ട…ശരിക്കും പുള്ളിക്കാരൻ ലക്കിയാ…പിന്നെ ഞാനും… ഇങ്ങനൊരു ചുന്ദരികോതയെ അമ്മയായി കിട്ടിയില്ലേ… ”

ഞാൻ ചിരിച്ചുകൊണ്ട് അമ്മയുടെ കവിളിൽ ഒരു മുത്തം കൊടുത്തു…

” പോടാ മതി പൊക്കിയത്…ചെന്ന് ഫ്രഷാവ്… ”

അമ്മെ എൻ്റെ താടിക്കൊരു തട്ടും തട്ടിക്കൊണ്ട് താഴേക്ക് നടന്നു…പക്ഷെ ആ മുഖത്തെ സന്തോഷം എനിക്ക് കാണാമായിരുന്നു…ആ സന്തോഷമാണ് ഈ വീടിന്റെ ഐശ്വര്യവും…

അങ്ങനെ കുളിച്ച് ഫ്രഷായി ഞാൻ പതിവിലും നേരത്തെ ഹോസ്പിറ്റലിലേക്ക് തിരിക്കാൻ തീരുമാനിച്ചു…താഴെ അമ്മയുടെ വക എറങ്ങിയപ്പോൾ നല്ല ചൂട് പഴംപൊരിയും ചായയും റെഡി…അപ്പോഴായിരുന്നു അച്ഛനെ കണ്ടതും… നേരത്തെ വന്നപ്പൊ കണ്ടില്ല…അങ്ങനെ ചായ കുടിക്കുമ്പോൾ പുള്ളിയോട് കുറേ കത്തിയടിച്ചു… പിന്നെ പഴംപൊരി സൂപർ ആണെന്ന് കാണിച്ച് അമ്മയെ പുകഴ്ത്തി…പക്ഷെ അച്ഛൻ അത്ര പോരാന്ന് പറഞ്ഞു… അത് അമ്മയെ ചുമ്മാ ചൂടാക്കാൻ ആണെന്ന് എനിക്കും അതിലേറെ അമ്മയ്ക്കും നന്നായിട്ടറിയാം…അത് അങ്ങനെ ഒരു കമിതാക്കൾ…

Leave a Reply

Your email address will not be published. Required fields are marked *