ദിവ്യാനുരാഗം – 10 2

” അല്ല മോനെന്താ ആലോചിക്കുന്നെ.. എന്നെ അറിയോ നിനക്ക്… ”

എൻ്റെ ആലോചന കണ്ട് അങ്ങേര് ചിരിച്ചുകൊണ്ട് ചോദിച്ചു…

” ഹാ കുറച്ചു തവണ അച്ഛനൊപ്പം കണ്ട ഓർമ്മയുണ്ട്…അച്ഛൻ്റെ കൂട്ടുകാരനല്ലേ… ”

ഞാനും തിരിച്ചൊരു ചിരിയോടെ മറുപടി നൽകി…

” ആ അത് തന്നെ അങ്ങനെ സംഭവിച്ചു പോയി… പിന്നെ കുറച്ചായി നാട്ടിൽ ഒന്നും ഉണ്ടായിരുന്നില്ല അതാ കാണാഞ്ഞത്…. ”

അങ്ങേരെന്നെ നോക്കി സൗഹൃദം പങ്കുവെക്കുപോലെ വിശേഷങ്ങൾ പറഞ്ഞു…അതൊക്കെ ഞാൻ കേട്ടിരുന്നു…അപ്പൊ നാട്ടിൽ ഇല്ലായിരുന്നു അതാ പുള്ളിക്കാരനെ കാണാതിരുന്നത്…

” പിന്നെ മോനെ പറ്റി ഇവളും…ആര്യയും ഓക്കെ പറയാറുണ്ടായിരുന്നു… ”

അങ്ങേര് ദിവ്യയെ നോക്കി പറഞ്ഞതും…ഇവളെന്നെ കൊണ്ട് എന്ത് തേങ്ങയാണ് പറയൽ എന്നായിരുന്നു എൻ്റെ ചിന്ത…അങ്ങനെ അല്പം സംസാരമൊക്കെ ആയപ്പോഴേക്കും സമയം കടന്നു പോയി…സൂര്യയുടെ വായിൽ നിന്ന് ഉള്ളിൽ കയറിയപ്പോൾ നല്ല തെറി കേട്ടു പോസ്റ്റാക്കിയതിന്… അല്ലേലും രാഹുവും കേതുവും കൂട്ടി കീഴിക്കുന്നെടുക്കെ നമ്മുക്കെന്ത് കാര്യം…അതല്ലേ മുങ്ങിയത്… പിന്നെ ഭക്ഷണവും കഴിച്ച് അവസാനം പോകാൻ ഒരുങ്ങി…എല്ലാവരും പരസ്പരം യാത്രപറഞ്ഞു… നിശ്ചയം രണ്ടാഴ്ച കഴിഞ്ഞ് നടത്താനായിരുന്നു തീരുമാനിച്ചത്…അത് പറയാൻ മറന്നു…അങ്ങനെ ഇറങ്ങാൻ നേരം ദിവ്യ നാളെത്തെ കാര്യം മറക്കരുതെന്ന് ഓർമ്മപെടുത്തിയിരുന്നു…അതിന് ഞാൻ ഇല്ലാ എന്ന് തലയാട്ടിയിറങ്ങി…
” അമ്മേ ദിവ്യ അങ്ങേരുടെ മോളാണെന്ന് എന്നോടെന്താ പറയാഞ്ഞെ… ”

കാറിൽ കേറുമ്പൊ തക്കം കിട്ടിയപ്പൊ ഞാൻ നൈസായി അമ്മയോട് ചോദിച്ചു…

” അതിന് നിനക്ക് വിനുവിനെ ഓർമ്മയുണ്ടെന്ന് എനിക്കെങ്ങനെ അറിയാനാ… അല്ലെങ്കിൽ തന്നെ ഇതൊക്കെ നിന്നോടെന്തിനാ പറയുന്നേ…നീയാരാ നാട്ടുരാജാവോ…ഒന്ന് പോടാ ചെക്കാ… ”

പുള്ളിക്കാരി എൻ്റെ തലക്കൊരു കൊട്ടും തന്ന് കാറിൽ കേറി…അതോടെ എല്ലാവരോടും ഒരിക്കൽ കൂടി യാത്ര പറഞ്ഞ് പുറകെ ഞാനും അച്ഛനും കുടെ കയറി അതോടെ അവിടെ നിന്നും വീട്ടിലേക്ക് തിരിച്ചു…വരുന്ന വഴിയാണ് അറിഞ്ഞത് ശരിക്കും അച്ഛനും ദിവ്യയുടെ അച്ഛനും കൂടിയായിരുന്നു കാര്യങ്ങൾ ഒക്കെ ഇതുവരെ എത്തിച്ചതെന്ന്… ചേട്ടത്തിയുടെ ഇളയച്ഛൻ ആണ് ദിവ്യയുടെ അച്ഛൻ…

അങ്ങനെ വീട്ടിലെത്തിയതും ആകെ ക്ഷീണിച്ചിരുന്നു…അതോടെ നൈസ് ആയി ഒന്ന് മയങ്ങാൻ തീരുമാനിച്ചു… അല്ലെങ്കിലും ബിരിയാണി കഴിച്ചാൽ ഉറക്കം വരുന്നത് ഒരു സത്യമായ കാര്യമല്ലേ….അവളുടെ വീട്ടീന്ന് തട്ടിയ ബിരിയാണിയുടെ കാര്യമാണ് പറഞ്ഞത്…അങ്ങനെ കുറച്ചു നേരം കിടക്കാമെന്ന് കരുതിയ എനിക്ക് പാടെ തെറ്റി… അമ്മ വന്ന് ചവിട്ടി എഴുന്നേൽപ്പിച്ചപ്പൊളായിരുന്നു സമയം രാത്രി ആയെന്ന് മനസ്സിലായത്…

” എന്തോന്നെടാ ഇത്… വൈകിട്ട് ചായ കുടിക്കാൻ വിളിച്ചത് പോലും അറിഞ്ഞില്ല…നേരം രാത്രിയായി… എഴുന്നേറ്റ് വല്ലതും കഴിച്ചിട്ട് കെടക്കടാ… ”

ഉറക്കം പിച്ചിൽ കണ്ണ് തുറന്ന എന്നെ നോക്കി അമ്മ പറഞ്ഞു… അതോടെ ഒന്ന് കണ്ണ് തിരുമ്മി എഴുന്നേറ്റ് ഞാൻ പുള്ളികാരിയോടൊപ്പം താഴേക്കിറങ്ങി…

അമ്മയും ഞാനും മാത്രമേ കഴിക്കാനുള്ളു…അച്ഛൻ ചപ്പാത്തിയാണ് പുള്ളിക്കാരൻ അത് നേരത്തെ കഴിച്ച് ന്യൂസ് കണ്ട് ടിവിക്ക് മുന്നിൽ ഉണ്ട്….അങ്ങനെ അമ്മയോടൊപ്പം അത്താഴം കഴിക്കുമ്പോഴായിരുന്നു… നാളെ രാവിലെ അവളോടൊപ്പം പോകുന്ന കാര്യം ഓർമ്മ വന്നത്…

” അമ്മേ എന്നെ നാളെ പുലർച്ചെ അഞ്ച് മണിക്ക് വീളിക്കണം… ”

ഞാൻ തൊട്ടടുത്തിരുന്ന് എൻ്റൊപ്പം കഴിക്കുന്ന അമ്മയെ നോക്കി പറഞ്ഞു

” എന്താടാ ഫുട്ബോൾ മേച്ചാണോ…അതോ വിജയിയുടെ വല്ല പടവും റിലീസുണ്ടോ… ”

പുള്ളിക്കാരി എന്നെ നോക്കി ഒരു ചിരിയോടെ ചോദിച്ചു…

” അല്ല എനിക്കൊരു അമ്പലത്തിൽ പോണം… ”

ഞാൻ നിസ്സാര ഭാവത്തിൽ പറഞ്ഞതും പെട്ടെന്ന് അമ്മയ്ക്ക് കഴിക്കുന്നത് തൊണ്ടയിൽ കിട്ടി…
” എന്തോന്ന്… ”

പുള്ളിക്കാരി വിശ്വാസം വരാതെ എന്നെ നോക്കി…

” എനിക്ക് ഒരു അമ്പലത്തിൽ പോവാനുണ്ട്…എന്തേ… ”

ഞാൻ പറഞ്ഞ് തീർന്നതും അതേ ഞെട്ടലോടെ എന്നെ മിഴിച്ചു നോക്കുകയാണ് അമ്മ ചെയ്തത്…പതിവില്ലാത്തതും ഞാൻ ഒട്ടും താല്പര്യം കാണിക്കാത്ത ഒരു സംഭവം ആണ് അമ്പലത്തിൽ പോക്ക്… വല്ല ഉത്സവങ്ങൾക്കും തിറകൾക്കു പിള്ളേരുടെ ഒപ്പം തെണ്ടി തിരിയുക എന്നല്ലാതെ രാവിലെ എണീറ്റ് അമ്പലത്തിൽ പോകുന്നത് അപൂർവങ്ങളിലും അപുർവ്വമാണ്…അതും അമ്മ നിർബന്ധിച്ചാൽ മാത്രം…അങ്ങനെ ഉള്ള എൻ്റെ നാവിന്ന് ഇത് കേട്ടാൽ പിന്നെ അമ്മയുടെ ഭാവം ഇതല്ല ഇതിലപ്പുറവും ഉണ്ടാവണം…

Leave a Reply

Your email address will not be published. Required fields are marked *