കാർത്തികേയം – 2 2

ഇന്നാ…”

കാവ്യ അതിനിടെ Dairy Milk ന്റെ പാക്കറ്റ് പൊട്ടിച്ച് വലിയൊരു കഷ്ണം ഒടിച്ചെടുത്ത് അവളുടെ നേരെ നീട്ടിയിരുന്നു.

അത് കണ്ടതും അവളുടെ കണ്ണുകൾ ഒന്ന് വിടർന്നു.

“എനിക്കോ?”

“ആ.”

കാവ്യ തലയാട്ടി.

“ചേച്ചിക്ക് ഇതിഷ്ട്ടല്ലേ…”

“ഇത്രേം വലുതോ?”

ചിരിച്ചുകൊണ്ട് അവൾ ചോദിച്ചു.

“അതെ.”

കാവ്യ വീണ്ടും തലയാട്ടി.

അവസാനം അവളും ചിരിച്ചുകൊണ്ട് അത് വാങ്ങി.

അത് കണ്ടതും താര എങ്ങനെയാ വെറുതെ ഇരിക്കുന്നത്.

“എന്നാ എനിക്കും താ.”

കൈ നീട്ടിക്കൊണ്ട് അവൾ പറഞ്ഞു.

“ഇല്ല.”

കാവ്യ ഒറ്റയടിക്ക് വിധി പ്രസ്താവിച്ചു.

“എന്താ ഇല്ലാത്തെ?”

“ഇല്ലാന്ന്.”

“അത് എന്ത് ന്യായം?”

“അതാണ് എന്റെ ന്യായം.”

കാവ്യ ഒരു കൂസലുമില്ലാതെ പറഞ്ഞു.

പക്ഷേ താര വിടുന്ന മട്ടില്ല.

അഞ്ചാറ് സെക്കൻഡ് സ്വന്തം കേസ് വാദിച്ച ശേഷം അവസാനം കാവ്യ മനസ്സില്ലാമനസ്സോടെ ഒരു കഷ്ണം ഒടിച്ച് അവൾക്കും കൊടുത്തു.

“ഹാ… ഇപ്പൊ ശെരിയായി.”

താര വിജയഭാവത്തിൽ പറഞ്ഞു.

ഞാൻ ഇതെല്ലാം കണ്ട് ചിരിച്ചുനിന്നു.

“എന്നാ എനിക്കും താ.”

ഞാനും കൈ നീട്ടി.

കാവ്യ ആദ്യം എന്റെ മുഖത്തേക്ക് നോക്കി.

പിന്നെ ചോക്ലേറ്റിലേക്ക്.

വീണ്ടും എന്റെ മുഖത്തേക്ക്.

അതിന് ശേഷം വളരെ ഗൗരവത്തോടെ നഖം കൊണ്ട് ഒരു കുഞ്ഞു കഷ്ണം മാത്രം പൊട്ടിച്ചെടുത്തു എന്റെ കൈയിൽ വെച്ചു.

ഒരു ഉറുമ്പിന് പോലും മതിയാവുമോ എന്ന് സംശയമുള്ള അത്രേം ചെറിയ കഷ്ണം.

ഞാൻ കൈയിലിരുന്നത് ഒന്ന് നോക്കി.

പിന്നെ അവളെയും.

“ഇതെന്നാ?”

“ചോക്ലേറ്റ്.”

“അത് എനിക്കും അറിയാം.”

“എനിക്ക് ഇത്ര ചെറുതോ?”

അത് കേട്ടതും കാവ്യ ഒട്ടും ആലോചിക്കാതെ മറുപടി പറഞ്ഞു.

“അത് ഏട്ടൻ ചേച്ചിയോട് എപ്പോഴും പിണങ്ങി നടക്കുന്നതുകൊണ്ടാ.”

ഒരു നിമിഷം അവിടെ നിശ്ശബ്ദതയായി.

പിന്നെ താര പൊട്ടിച്ചിരിച്ചു.

അവളും ചിരി ഒളിപ്പിക്കാൻ പാടുപെട്ടു.

ഞാനോ…

കയ്യിലിരുന്ന ആ ചോക്ലേറ്റിന്റെ അവശിഷ്ടവും പിടിച്ച് അനിയത്തിയെ നോക്കി നിന്നു.

“ഞാൻ എപ്പോഴാ പിണങ്ങിയേ?”

“പിണങ്ങും.”

കാവ്യ ഉറപ്പിച്ചു പറഞ്ഞു.

“പണ്ട് ചേച്ചിയുടെ അടുത്ത് തന്നെയായിരുന്നു.”

“ഇപ്പൊ കണ്ടാൽ രണ്ടാളും രണ്ടുവഴിക്കാ.”

കാവ്യ പറഞ്ഞത് കേട്ട് ഞാൻ അറിയാതെ അവളുടെ നേരെ നോക്കി.

അവളും എന്നെത്തന്നെ നോക്കുകയായിരുന്നു.

ഒരു നിമിഷം…

ആരും ഒന്നും പറഞ്ഞില്ല.

താരയുടെ മുഖത്തെ ചിരിയും പതിയെ മങ്ങി.

കാവ്യ പോലും എന്തോ പറഞ്ഞിട്ട് നിശ്ശബ്ദയായി.

എന്തോ ഒരു വിചിത്രമായ നിശ്ശബ്ദത ഞങ്ങൾക്കിടയിൽ വന്ന് നിന്നു.

ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി.

ആ പഴയ കരിമഷിക്കണ്ണുകൾ.

വർഷങ്ങളായി കാണുന്ന അതേ കണ്ണുകൾ.

പക്ഷേ അന്നേരം അവയിൽ പതിവിലും കൂടുതൽ ചോദ്യങ്ങൾ ഉള്ളതുപോലെ തോന്നി.

‘എന്താ പറ്റിയെ നിനക്ക്?’

എന്ന് ചോദിക്കുന്നതുപോലെയും…

‘എപ്പോഴാ നമ്മൾ ഇങ്ങനെ ആയേ?’

എന്ന് പരാതിപ്പെടുന്നതുപോലെയും…

എനിക്ക് തോന്നി.

അവളും നോട്ടം മാറ്റിയില്ല.

ഞാനും.

പറയാൻ

ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നിട്ടും…

അവയിൽ ഒന്നുപോലും വാക്കുകളായി പുറത്തുവന്നില്ല.

പക്ഷേ ആ പത്ത് സെക്കൻഡിൽ…

ഞങ്ങൾ രണ്ടുപേരും തമ്മിൽ എന്തൊക്കെയോ സംസാരിച്ചുപോയതുപോലെ തോന്നി.

“എടി…”

അവസാനം താരയാണ് ആ നിശ്ശബ്ദത പൊളിച്ചത്.

“സമയം കുറേ ആയല്ലോ.”

“പോകണ്ടേ”

അവൾ ഒന്ന് ഞെട്ടിയപോലെ കണ്ണ് മാറ്റി.

“ആ…”

പതിയെ മൂളിക്കൊണ്ട് അവൾ ബാഗിന്റെ വള്ളി ശരിയാക്കി.

പിന്നെ കാവ്യയുടെ കവിളിൽ ഒന്ന് തട്ടി.

“പോട്ടേ കുരുപ്പേ.”

“ബൈ ചേച്ചി.”

കാവ്യ ഉടനെ കൈവീശി.

അവൾ ചെറുതായി ചിരിച്ചു.

അതിനുശേഷം…

ഒരു നിമിഷം കൂടി എന്റെ നേരെ നോക്കിനിന്ന ശേഷം താരയുടെ കൂടെ നടന്നു.

ഞാനോ…

അവൾ അകലുന്നതും നോക്കി അവിടെത്തന്നെ നിന്നു.

കയ്യിലിരുന്ന ചോക്ലേറ്റിന്റെ ആ കുഞ്ഞു കഷ്ണം പോലും കഴിക്കാൻ മറന്ന്.

“ഏട്ടനെതിനാ ചേച്ചിയോട് എപ്പോളും വഴക്കിടുന്നെ..? ചേച്ചി പാവല്ലേ..”

പതിയെ കാഴ്ച്ചയിൽ നിന്നും നടന്ന് മറയുന്നവളെ നോക്കിക്കൊണ്ട് നിഷ്കളങ്കമായി കാവ്യ ചോദിച്ചു.

എന്ത് മറുപടി പറയണമെന്ന് ഒരു നിമിഷം എനിക്കും അറിയില്ലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *