കാർത്തികേയം – 2 6

“ക്ലാസ്സിൽ കിടന്ന് ഉറങ്ങിയാൽ അങ്ങനെയൊക്കെ പറ്റും.”

അവളുടെ തൊട്ടടുത്ത് നിന്നിരുന്ന താരയാണ് അത് പറഞ്ഞത്.

താര…

അവളുടെ ബെസ്റ്റ് ഫ്രണ്ടും എന്റെ ക്ലാസ്സ്മേറ്റും.

ഇന്ന് ലത മിസ്സിന്റെ കയ്യിൽ നിന്ന് എനിക്ക് കിട്ടിയ പൊങ്കാലയുടെ ലൈവ് ടെലികാസ്റ്റ് കണ്ടവളും അവൾ തന്നെയായിരുന്നു.

പുല്ല്…

വല്ല ഇംഗ്ലീഷോ ഹിന്ദിയോ ചോദിച്ചിരുന്നെങ്കിൽ എങ്ങനെയെങ്കിലും തട്ടി വിടാമായിരുന്നു.

പറയാൻ വന്ന കൗണ്ടർ ഞാൻ അപ്പാടെ വിഴുങ്ങി. എന്തോ, ഇവളുടെ മുന്നിൽ തറയാവാൻ ഞാൻ മുതിർന്നില്ല.

താരയെ ഒന്ന് ദഹിപ്പിക്കുന്ന നോട്ടം നോക്കിയിട്ട് ഞാൻ വീണ്ടും അവളുടെ നേരെ തിരിഞ്ഞു.

ചെറുതായി ചിരിച്ചുകൊണ്ട് അവൾ ബാഗിൽ നിന്ന് നോട്ട്‌ബുക്ക് എടുത്ത് എന്റെ നേരെ നീട്ടി.

ഞാനും അത് വാങ്ങാൻ കൈ നീട്ടി.

പക്ഷേ…

എന്തോ ഓർത്തതുപോലെ അവൾ പെട്ടെന്ന് നോട്ട് പിടിച്ച കൈ പിന്നോട്ട് വലിച്ചു.

ഞാൻ സംശയത്തോടെ അവളെ നോക്കി.

“അല്ല…”

“ഇന്നലെ ഇവിടെ എന്തായിരുന്നു പ്രശ്നം?”

“ങേ?”

“ഞങ്ങൾ പോകുമ്പോ ഇവിടെ നല്ല ആൾക്കൂട്ടം ഉണ്ടായിരുന്നു.”

അവൾ റോഡരികിലേക്കൊന്ന് കണ്ണോടിച്ചു.

“ആൾക്കൂട്ടത്തിന്റെ ഇടയിൽ നിന്നെയും കണ്ടല്ലോ.”

“ഓ… അതോ.”

ഇന്നലത്തെ ബഹളം ഓർത്തതും അറിയാതെ ഞാൻ ചുമൽ കുലുക്കി.

“അത് വെല്ല്യ scene ഒന്നും ഇല്ലാ.plusone പിള്ളേർ രണ്ടെണ്ണം അടികൂടിയതാ.”

“നീ എന്തിനാ അതിലൊക്കെ തല കൊണ്ടിടുന്നെ”

കയ്യ് രണ്ടും അരക്ക് കുത്തി ദേഷ്യഭാവത്തിൽ എന്നെ ചോദ്യം ചെയ്യുന്നവളെ ഒരു നോക്ക് നോക്കി നിന്നു പോയി.

“എടി…”

“അവന്മാർ രണ്ടും ജൂനിയർ ഫുട്ബോൾ ടീമിലെയാ.”

“ഞാൻ ടീം ക്യാപ്റ്റനും.”

“അപ്പൊ പ്രശ്നമുണ്ടെന്ന് അറിഞ്ഞിട്ട് ഞാൻ നോക്കി നിക്കണോ?”

അവളോ കുറച്ചുനേരം ഒന്നും പറയാതെ എന്നെത്തന്നെ നോക്കി നിന്നു.

പിന്നെ പതിയെ തല കുലുക്കി.

“നീ എന്തേലും കാണിക്ക്,അല്ലെങ്കിലും എന്റെ വാക്കിന് നിനക്ക് പണ്ടേ ഒരു വിലയും ഇല്ലാലോ”

ശബ്ദം വളരെ പതിഞ്ഞതായിരുന്നു.

പക്ഷേ അത് വ്യക്തമായി കേട്ടു.

ഒരു നിമിഷം ഞാൻ മിണ്ടാതെ നിന്നുപോയി.

അതൊരു വെറുമൊരു പരാതിയായിരുന്നില്ല.

കളിയാക്കി പറഞ്ഞതുമല്ല.

എപ്പോഴോ ഞങ്ങൾക്കിടയിൽ സ്വാഭാവികമായിരുന്ന എന്തോ ഒന്ന് നഷ്ടമായതിന്റെ ചെറിയൊരു പരിഭവം ആ വാക്കുകളിൽ ഒളിഞ്ഞുകിടക്കുന്നുണ്ടായിരുന്നു.

ഇപ്പോൾ തമ്മിൽ സംസാരിക്കാൻ പോലും ഓരോ കാരണങ്ങൾ കണ്ടെത്തേണ്ട അവസ്ഥയാണ്.

“അങ്ങനെ ഒന്നുമില്ല.”

ഞാൻ അറിയാതെ പറഞ്ഞു.

അവൾ അതിന് മറുപടിയായി ഒന്ന് മൂളുക മാത്രം ചെയ്തു.

വിശ്വസിച്ചെന്നോ അല്ലെന്നോ മനസ്സിലാകാത്തൊരു മൂളൽ.

പിന്നെ കയ്യിലിരുന്ന നോട്ട് എന്റെ നേരെ നീട്ടി.

“ഇന്നാ…”

ഞാൻ നോട്ട് വാങ്ങി.

വിരലുകൾ ഒരു നിമിഷം തമ്മിൽ തട്ടിയോ ഇല്ലയോ എന്നുപോലും ഉറപ്പില്ല.

പക്ഷേ…

എന്തോ പറയാൻ ബാക്കിയുണ്ടെന്ന തോന്നൽ മാത്രം അവിടെ അവശേഷിച്ചു.

പെട്ടെന്ന് “ചേച്ചീ….”ന്നും വിളിച്ചോണ്ട് ഒരു കുരുപ്പ് ഞങ്ങളുടെ ഇടയിലേക്ക് ഓടിക്കേറി.

പെട്ടെന്നായതുകൊണ്ട് അവൾ ചെറുതായൊന്നു ഞെട്ടി. പക്ഷെ കയ്യിൽ ഒരു ഡയറിമിൽക്ക് ഉം പിടിച്ചോണ്ട് ഓടിവരുന്ന കാവ്യയെ കണ്ടതും അവളുടെ മുഖമൊന്ന് തെളിഞ്ഞു.

കുരുപ്പ് കള്ളച്ചിരുയോടെ വന്ന് എന്റെ പള്ളക്കൊരു കുത്തും വെച്ചുതന്നിട്ട് അവളുടെ കയ്യിൽ പോയി തൂങ്ങി.

“ഇവിടെ ഉണ്ടായിരുന്നോ നീ?”

“കുറച്ചു നേരമായി.”

കാവ്യ കിതച്ചുകൊണ്ട് പറഞ്ഞു.

“ഞാൻ ഗിരിയേട്ടന്റെ കടേൽ നിക്കുവാരുന്നു.”

അത് പറഞ്ഞ് അവൾ കൈയിലിരുന്ന Dairy Milk പൊക്കിക്കാണിച്ചു.

“അമലേട്ടൻ മേടിച്ചു തന്നതാ.”

“അമലോ?”

താര സംശയത്തോടെ ചോദിച്ചു.

(റോക്കോർഡ് എഴുതിക്കൊടുത്തതിന് മച്ചാന് താരക്ക് 2 ഡയറി മിൽക്ക് കടം ഒണ്ട്.)

“ആ.”

കാവ്യ തലയാട്ടി.

“ഇന്നലെ ബെറ്റ് തോറ്റില്ലേ.”

അത് കേട്ടതും എനിക്ക് ചിരി വന്നു.

കടയിൽ നിന്ന് കുറച്ചകലെ നിന്നിരുന്ന അമലിനെ നോക്കിയപ്പോൾ അവൻ മുഖം തിരിച്ചു കളഞ്ഞു.

എനിക്കുവേണ്ടി ആ തെണ്ടിയോട് കണക്ക് തീർത്തുവന്ന കുരുപ്പിനെ നോക്കിയപ്പോൾ മനസ്സിന് ഒരു പ്രത്യേക സുഖം തോന്നി.

Leave a Reply

Your email address will not be published. Required fields are marked *