അത്രയും നേരം കള്ളചിരിയോടെ നിന്ന ഗൗരിയേച്ചി എന്റെ അവസാനത്തെ വാക്പ്രയോഗത്തിൽ അരിശം പൂണ്ടു.
“ഇവനെയിന്ന് ഞാൻ…!”
“ഡീ ചേച്ചീ…!”
അവൻ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
അടുത്ത നിമിഷം ഗൗരിയേച്ചി അവനേം കൂട്ടിയെടുത്ത് കട്ടിലിലേക്ക് മറിഞ്ഞു.
“അയ്യോ!”
കാർത്തി ചിരിച്ചുകൊണ്ട് അലറി.
“വിട് ചേച്ചി…!”
“കാര്യം പറഞ്ഞിട്ട് മതി.”
ഗൗരിയേച്ചി അവന്റെ തലയ്ക്ക് ചെറുതായി ഒരു കൊട്ട് കൊടുത്തു.
“ആഹ്…!”
“ഏത് കാര്യം?”
“ഏത് കാര്യമെന്നോ?”
അവൾ കണ്ണുരുട്ടി.
“അതെ. ഏത് കാര്യം?”
അവൻ മനഃപൂർവം അറിയാത്ത ഭാവം നടിച്ചു.
“എനിക്കൊന്നും അറിയില്ല.”
“ഓഹോ… അങ്ങനെയാണോ?”
ഗൗരിയേച്ചി വീണ്ടും അവന്റെ നേരെ നീങ്ങി.
ചിരിച്ചുകൊണ്ടവൻ കട്ടിലിന്റെ മറുവശത്തേക്ക് ഉരുണ്ടു.
“നിന്നെ ഇന്ന് ഞാൻ…”
“രക്ഷിക്കണേ!”
“ഡ്രാമ ഇറക്കല്ലേ ചെക്കാ.”
അവൾ അവന്റെ കാലിൽ പിടിച്ച് വലിച്ചു.
“ഭക്ഷണം കഴിക്കുമ്പോൾ മുതൽ നിന്റെ മുഖം കടന്നൽ കുത്തിയ പോലെ ആയിരുന്നു.”
“അങ്ങനെയൊന്നുമില്ല.”
“ഉണ്ടായിരുന്നു.”
“ഇല്ല.”
“ഉണ്ടായിരുന്നു!!!”
ഗൗരിയേച്ചി ഉറപ്പിച്ച് പറഞ്ഞു.
“കോടതിയിൽ വക്കീലായിരുന്നെങ്കിൽ നന്നായേനെ.”
“വിഷയം മാറ്റാൻ നോക്കണ്ട.
“താഴെ എല്ലാവരും സംസാരിച്ചുകൊണ്ടിരുന്നപ്പോൾ നീ മാത്രം വേറെ ഏതോ ലോകത്തായിരുന്നു.”
“ഹും…”
“കാവ്യ രണ്ട് തവണ നിന്നെ വിളിച്ചു.”
“വിളിച്ചോ?”
“കണ്ടോ?”
ഗൗരിയേച്ചി വിജയഭാവത്തിൽ കൈ മലർത്തി.
“അതുപോലും ഓർമ്മയില്ല.”
“ഞാൻ ചോറ് വിളമ്പുമ്പോൾ പോലും നീ കേൾക്കുന്നുണ്ടായിരുന്നില്ല.”
“അതൊക്കെ നീ ശ്രദ്ധിച്ചിരുന്നോ?”
“മ്മ് ”
ആ മറുപടി കേട്ടതും കാർത്തിയുടെ ചിരി പതിയെ മങ്ങി.
ഗൗരിയേച്ചിയുടെ മുഖത്തും തമാശ കുറഞ്ഞു.
“ഓ നിനക്ക് എന്നോട് പറയാൻ പറ്റുന്നതാണെങ്കിൽ പറഞ്ഞ മതി.”
വേറെ വഴിയൊന്നും ഇല്ലാത്തപ്പോൾ അവളുടെ വജ്രായുധമായ പിണക്കം തന്നെ അങ്ങ് പ്രയോഗിക്കാൻ അവൾ നിർബന്ധിതയായി. അവനും തന്നോട് പിണങ്ങി അധികനേരം ഇരിക്കാൻ ഒക്കത്തില്ലെന്ന് അവൾക്കറിയാം.
മുറിയിൽ കുറച്ചുനേരം നിശ്ശബ്ദത നിറഞ്ഞു.
പുറത്ത് മഴയുടെ ശബ്ദം മാത്രം.
കാർത്തി കുറച്ചുനേരം അവളെ നോക്കി.
പിന്നെ പതിയെ തല ചായ്ച്ചു.
ഗൗരിയേച്ചിയുടെ മടിയിലേക്ക്.
ചെറുപ്പം മുതൽ മനസ്സിലെ എല്ലാ ഭാരവും ഇറക്കിവെക്കാൻ അവൻ തേടിയിരുന്ന ഇടം അതായിരുന്നു.
അവളും ഒന്നും പറയാതെ അവന്റെ മുടിയിലൂടെ വിരലോടിച്ചുകൊണ്ടിരുന്നു.
“ഞാൻ ഒരു സ്വപ്നം കണ്ടു…”
കാർത്തി പറഞ്ഞതും ഗൗരിയേച്ചി ശ്രദ്ധയോടെ അവനെ നോക്കി.
“എന്ത് സ്വപ്നം?”
അവൾ ചോദിക്കാൻ തുടങ്ങിയ അതേ നിമിഷം…
ധടാം!
“ഏട്ടാ..!”അവളുടെ സ്റ്റിരം ഐറ്റം ആയ ആ കാറികൂവലോടുകൂടി കൂടി ഒറ്റതള്ളിനു വാതിൽ തുറന്നുകൊണ്ട് കാവ്യ മുറിയിലേക്ക് ചാടിക്കേറി വന്നു.
“ഏട്ടാ ഞാൻ എന്താ കൊണ്ടുവന്നെന്ന് നോ__”
ഗൗരിയേച്ചിയുടെ മടിയിൽ തലവെച്ച് കിടക്കുന്ന കാർത്തിയെ കണ്ടതും കാവ്യയുടെ കണ്ണുകൾ വട്ടമായി.
“ആഹാ…”
മുഖത്ത് ഒരു കള്ളച്ചിരി വിരിഞ്ഞു.
“ഇവിടെയിതാണോ പരിപാടി?”
“എന്ത് പരിപാടി?”
ഗൗരിയേച്ചി ചോദിച്ചു.
“അമ്മ കുഞ്ഞാവേനെ
ഉറക്കുവാരുന്നോ?”
അത് കേട്ടതും ചാടി എഴുന്നേൽക്കാൻ നോക്കിയവന്റെ തലക്കിട്ടു ഒരു വീക്ക് കൊടുത്തുകൊണ്ട് അവൾ വീണ്ടും അവനെ മടിയിലേക്കമർത്തി.
“കിടക്കെടാ അവിടെ”
പിന്നെ അവനും എണീക്കാൻ പോയില്ല. തലക്ക് കീറുകികിട്ടിയിടം തിരുമിക്കൊണ്ട് അവൻ ആ മടിയിൽ തന്നെ ചുരുണ്ട്കൂടി.
“ഓഹ്… അപ്പോ ഏട്ടന്റെ പിണക്കം മാറാൻ ഇതും കൊണ്ടുവന്ന ഞാൻ ആരായി!?”
കയ്യിലിരുന്ന ഐസ്ക്രീം ഫാമിലി പാക്ക് ബക്കറ്റ് നെഞ്ചോട് ചേർത്ത് പിടിച്ചുകൊണ്ട് കാവ്യ ചോദിച്ചു.
ആ ശബ്ദത്തിൽ പരിഭവമുണ്ടായിരുന്നു.
അതിലുപരി…
സ്വന്തം ശ്രമം ആരും ശ്രദ്ധിച്ചില്ലെന്നൊരു കുഞ്ഞ് പരാതിയും.
കാര്യം ഐസ്ക്രീം കഴിഞ്ഞേ അവൾക്ക് മറ്റെന്തും ഒള്ളൂ.
പക്ഷേ…
കാർത്തിയുടെയോ ഗൗരിയുടെയോ മുഖം ഒന്ന് മങ്ങിയാൽ…
ഫ്രിഡ്ജിലിരിക്കുന്ന ഐസ്ക്രീമോ…
അവൾ ഒളിപ്പിച്ചുവെച്ച ചോക്ലേറ്റോ…
