കാർത്തികേയം – 2 2

അങ്ങനെ ഓരോന്ന് ആലോചിച്ചുകൊണ്ടായിരുന്നു നടത്തം.

പക്ഷേ…

കുറച്ചുദൂരം നടന്നപ്പോൾ മനസ്സിൽ പരിചിതമായ ആ അസ്വസ്ഥത വീണ്ടും വന്നു.

ആരോ നോക്കുന്നതുപോലെ.

അറിയാതെ അവൾ പിന്നിലേക്ക് ഒന്ന് തിരിഞ്ഞുനോക്കി.

റോഡിലൂടെ ആളുകൾ പോകുന്നുണ്ട്.

ബൈക്കുകൾ കടന്നുപോകുന്നുണ്ട്.

പ്രത്യേകിച്ച് ഒന്നും കാണുന്നില്ല.

“പിന്നേം തുടങ്ങിയോ…”

സ്വയം ശകാരിച്ചുകൊണ്ട് അവൾ മുന്നോട്ട് നടന്നു.

എപ്പോഴാണ് ഇത് തുടങ്ങിയതെന്ന് കൃത്യമായി ഓർമയില്ല. എന്നാലും കുറച്ച് ദിവസമായി…

ഇടയ്ക്കിടെ കണ്ണിൽപ്പെടുന്ന അതേ മനുഷ്യൻ.

മുഖം ഓർമ്മയിൽ നിൽക്കാറില്ല. പക്ഷേ തലയിലേക്ക് താഴ്ത്തിയിട്ടിരിക്കുന്ന ആ കറുത്ത ക്യാപും… തോളിലൂടെ കുറുകെ കിടക്കുന്ന തവിട്ടുനിറമുള്ള സ്ലിംഗ് ബാഗും… എവിടെ കണ്ടാലും അയാളെ തിരിച്ചറിയാൻ അത്ര മതി ആയിരുന്നു.

ടൗണിലേക്ക് ഇറങ്ങുമ്പോഴെല്ലാം…

എവിടെയെങ്കിലും അയാൾ ഉണ്ടാകും.

ആദ്യമൊക്കെ അതൊക്കെ യാദൃശ്ചികമാണെന്നാണ് അവൾ കരുതിയത്.

ഒരു ചെറിയ പട്ടണമല്ലേ…

ഒരേ ആളുകളെ വീണ്ടും കാണുന്നത് അത്ര അസ്വാഭാവികമല്ലെന്ന് സ്വയം പറഞ്ഞ് സമാധാനിച്ചിരുന്നു.

പക്ഷേ…

ദിവസങ്ങൾ കടന്നുപോകുംതോറും ആ ന്യായത്തിന് ബലം കുറഞ്ഞു.

റോഡരികിലെ കടകൾ ഒന്നൊന്നായി പിന്നിലാകുമ്പോൾ, മുന്നിലേക്ക് കണ്ണോടിച്ച അവൾ അറിയാതെ ഒന്ന് നിശ്ചലമായി.

റോഡിന്റെ മറുവശത്ത്…

സൈഡ് സ്റ്റാൻഡിലിട്ടിരുന്ന കറുത്ത ബൈക്കിൽ ചാരി നിന്നിരുന്നു അയാൾ.

അതേ കറുത്ത ക്യാപ്.

തോളിലൂടെ കുറുകെ കിടക്കുന്ന തവിട്ടുനിറമുള്ള സ്ലിംഗ് ബാഗ്.

ഒരു കൈ പോക്കറ്റിൽ.

മറ്റേ കൈ ഹാൻഡിലിൽ അലസമായി താങ്ങി.

ആരെയോ കാത്തുനിൽക്കുന്നെന്ന പോലെ അയാൾ അവിടെ തന്നെ നിന്നു.

എന്നാൽ…

ഇത്തവണ അവന്റെ നോട്ടം മറ്റെവിടെയുമായിരുന്നില്ല.

നേരെ…

ഗൗരിയിലായിരുന്നു.

ആ കണ്ണുകൾ അവളുടേതുമായി ഇടഞ്ഞ നിമിഷം, ഉള്ളിലൊരിടത്ത് എന്തോ

ഒന്ന് വല്ലാതെ മുറുകി.

അത്രയും ദിവസമായി തോന്നിയിരുന്ന സംശയത്തിന് ആദ്യമായി ഒരു രൂപം കിട്ടിയതുപോലെ.

അത് മനസ്സിലായതുപോലെയാവണം…

അടുത്ത നിമിഷം തന്നെ അയാൾ മുഖം വെട്ടിച്ചു.

ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ റോഡിന്റെ മറുവശത്തേക്ക് കണ്ണ് തിരിച്ചു.

പക്ഷേ ആ ഒരു നിമിഷം മതി ആയിരുന്നു.

അയാൾ നോക്കിയത് യാദൃശ്ചികമായിരുന്നില്ലെന്ന് ഗൗരിക്ക് ഉറപ്പിക്കാൻ.

തൊണ്ട വരണ്ടുപോയി.

ഹൃദയമിടിപ്പ് പതിയെ വേഗം കൂട്ടാൻ തുടങ്ങി.

ഒന്നുകൂടി അവിടേക്ക് നോക്കാനുള്ള ധൈര്യം പോലും കാണിക്കാതെ, അവൾ ചുവടുകൾ വേഗത്തിലാക്കി.

ബാഗിന്റെ സ്ട്രാപ്പിൽ അവളുടെ വിരലുകൾ അറിയാതെ മുറുകി.

കോളേജിലെ സീനിയറുടെ ശല്യം ഒരുവശത്ത്…

ഇപ്പോൾ ഈ അപരിചിതന്റെ സാന്നിധ്യം മറുവശത്ത്…

രണ്ടും കൂടി മനസ്സിന്റെ സ്വസ്ഥത പതിയെ കവർന്നെടുക്കുകയായിരുന്നു.

“പുല്ല്… ഓരോന്ന് ആലോചിച്ചുകൂട്ടാതെ വീട്ടിൽ ചെന്നാൽ മതി…”

സ്വയം പറഞ്ഞെങ്കിലും മനസ്സിലെ അസ്വസ്ഥത മാത്രം മാറിയില്ല.

അറിയാതെ തന്നെ അവളുടെ നടപ്പിന്റെ വേഗം കൂടി.

വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിയുമ്പോഴേക്കും അവൾ ഏതാണ്ട് ചാടി ചാടി നടക്കുകയായിരുന്നു.

ഇനി കുറച്ച് മിനിറ്റ്.

വീടെത്തും.

അത്രേയുള്ളൂ.

അങ്ങനെ ചിന്തിച്ചുകൊണ്ട് മുന്നോട്ട് നോക്കാതെ തിരിഞ്ഞുകയറാൻ നിന്നതും—

ധും!

ഏതോ ഒരു കുരുത്തം കെട്ട ചെക്കൻ പിന്നോട്ട് നോക്കിക്കൊണ്ട് ഓടിവന്നു ഒറ്റയിടി ആയിരിന്നു.

“അയ്യോ!”

ബാലൻസ് തെറ്റി അവൾ പിന്നോട്ട് ആഞ്ഞു.

മുന്നിൽ നിന്ന ആളും ഒപ്പത്തിനൊപ്പം ഞെട്ടിയിരുന്നു.

“ഗൗരിയേച്ചി?”

പരിചിതമായ ആ ശബ്ദം കേട്ടതും ഗൗരി തല ഉയർത്തി.

കാർത്തി.

അവനെ കണ്ട നിമിഷം തന്നെ മനസ്സിലെ ആ അസ്വസ്ഥത അല്പം കുറഞ്ഞിരുന്നു.

അടുത്ത നിമിഷം തന്നെ അവൾ അവന്റെ ചെവിക്ക് പിടിച്ചു.

“എവടെ നോക്കിയാടാ ചെറുക്കാ നടക്കുന്നെ?”

ചെവി നന്നായി ഒന്ന് തിരുമ്മിക്കൊണ്ട് ഗൗരി ചോദിച്ചു.

സത്യത്തിൽ മനസ്സിലെ പിരിമുറുക്കം മൊത്തം അവന്റെ ചെവിയിൽ തീർക്കുവായിരുന്നു അവൾ.

“അയ്യോ… ഏച്ചി… വിട് വിട്…”

Leave a Reply

Your email address will not be published. Required fields are marked *