കാർത്തികേയം – 2 3

കാരണം തറവാട്ടിൽ മുത്തശ്ശന് ശേഷം അങ്ങനെ കണ്ണുകളുള്ള ഒരേയൊരു മനുഷ്യൻ നകുലേട്ടനായിരുന്നു.

അതിനപ്പുറം…

നിവേദ്യ ചേച്ചി.

നകുലേട്ടന്റെ പിന്നാലെ എപ്പോഴും കാണുന്ന മുഖം.

വീട്ടിലെ കുട്ടികൾ തമ്മിലുള്ള വഴക്കുകളിൽ പലപ്പോഴും വിധികർത്താവായി മാറുന്ന ആളും അവൾ തന്നെ.

മീനു…

അപ്പോൾ കാവ്യയുടെ അതേ പ്രായം.

രണ്ടുപേരും തറവാട്ടിലെ കുഞ്ഞു രാജകുമാരിമാരെപ്പോലെയായിരുന്നു.

എപ്പോഴും എന്തെങ്കിലും സംസാരിച്ചുകൊണ്ടോ ഓടിനടന്നുകൊണ്ടോ ഇരിക്കും.

പിന്നെ…

അച്ചുവും അഞ്ജുവും.

വീട്ടിലെ ഏറ്റവും ചെറിയ കുഞ്ഞുങ്ങൾ.

ഓർമ്മകളിൽ തെളിഞ്ഞുവരുന്നത് അവരുടെ മുഖങ്ങളേക്കാൾ…

ആരുടെയെങ്കിലും കൈകളിൽ കിടക്കുന്നതോ മുറ്റത്ത് തത്തിക്കളിക്കുന്നതോ ആയ കാഴ്ചകളാണ്.

കാരണം അപ്പോൾ അവർ വെറും കുഞ്ഞുങ്ങളായിരുന്നു.

ഓർമ്മകൾ ഒന്നൊന്നായി മനസ്സിലൂടെ കടന്നുപോയിക്കൊണ്ടിരുന്നു.

കാർത്തി പതിയെ ഒരു വശത്തേക്ക് തിരിഞ്ഞുകിടന്നു.

അരികിൽ ഗൗരിയേച്ചിയും കാവ്യയും നല്ല ഉറക്കത്തിലായിരുന്നു.

രണ്ടുപേരുടെയും ശ്വാസോച്ഛ്വാസത്തിന്റെ താളം പോലും വ്യക്തമായി കേൾക്കാമായിരുന്നു.

പുറത്താകട്ടെ മഴ ഇപ്പോഴും തകർത്തുപെയ്യുന്നുണ്ടായിരുന്നു.

ജനലിൽ തട്ടി ചിതറുന്ന മഴത്തുള്ളികളുടെ ശബ്ദം മുറിയിലാകെ നിറഞ്ഞു.

എത്ര ശ്രമിച്ചിട്ടും മനസ്സ് തറവാടിന്റെ ഓർമ്മകളിൽ നിന്ന് പൂർണമായി മടങ്ങിവരുന്നുണ്ടായിരുന്നില്ല.

എന്നിരുന്നാലും…

കണ്ണുകളെ പിടിച്ചുനിർത്താൻ അവന് അധികനേരം കഴിഞ്ഞില്ല.

ക്ഷീണവും ഉറക്കവും പതിയെ ചിന്തകളെ മറച്ചുതുടങ്ങി.

ഓർമ്മകൾ മങ്ങി.

മഴയുടെ ശബ്ദവും പതിയെ അകന്നുപോയി.

അധികം വൈകാതെ…

കാർത്തിയും ഉറക്കത്തിലേക്ക് വഴുതിവീണു.

ആരോ തോളിൽ പിടിച്ച് കുലുക്കുന്നുണ്ട്.

കാർത്തി മുഖം ഒന്നുകൂടി തലയിണയിലേക്ക് അമർത്തി.

“ടാ…”

ഉറക്കത്തിനിടയിലും ആ ശബ്ദം തിരിച്ചറിഞ്ഞു.

ഗൗരിയേച്ചി.

“എണീക്കെടാ…”

വീണ്ടും ഒരു കുലുക്ക്.

“ഉം…”

അവൻ എന്തോ മൂളി.

“ഉം അല്ല.”

അടുത്ത നിമിഷം അവന്റെ പുതപ്പ് താഴേക്ക് വലിഞ്ഞു.

തണുപ്പ് തട്ടിയതും കാർത്തി ചുളിഞ്ഞു.

മടിയോടെ കണ്ണ് പാതി തുറന്നു.

മുന്നിൽ ഗൗരിയേച്ചി.

മുടി

പാതി കെട്ടിവച്ചിരിക്കുന്നു.

ഒരു കയ്യിൽ ഫോൺ.

മറ്റേ കയ്യിൽ മുടിക്ക്ലിപ്പ്.

ആളെ കണ്ടാൽ തന്നെ അറിയാം.

പതിവുപോലെ ഓട്ടത്തിലാണ്.

“സമയം എത്രയായെന്ന് അറിയാമോ നിനക്ക്?”

അവൻ കണ്ണ് പാതി തുറന്ന് ക്ലോക്കിലേക്ക് നോക്കി.

കാണുന്നുണ്ട്.

പക്ഷേ മനസ്സിലാവുന്നില്ല.

“എണീക്ക് ചെക്കാ…”

അതും പറഞ്ഞ് അവൾ തിരിഞ്ഞ് ഡ്രസ്സിങ് ടേബിളിന്റെ മുന്നിലെത്തി.

മുടി ശരിയാക്കുന്നതിനിടയിലും സംസാരം നിർത്തിയില്ല.

“നിന്നെ വിളിച്ചുകൊണ്ട് നിന്നാൽ ഇന്നും ഞാൻ കോളേജിൽ കേറാൻ വൈകും”

കാർത്തി ഒരു നെടുവീർപ്പ് വിട്ട് വീണ്ടും കിടക്കാൻ തുണിഞ്ഞതും ഒരു ടവൽ  അവന്റെ നേരെ വന്നു വീണു.

“ബാത്ത്റൂമിലേക്ക് വിട്ടോ.”

“ചേച്ചി…”

“ഉം?”

“അഞ്ച് മിനിറ്റ്.”

“ഈ ചെറുക്കനെ കൊണ്ട്!”

“കാവ്യ താഴെ എണീറ്റിട്ടുണ്ട് അവസാനം ദോശ കിട്ടിയില്ലെന്നുമ്പറഞ് എന്റെ നേരെ ചീറിക്കൊണ്ട് വരാൻ നിക്കണ്ട.”

ഒരു നിമിഷം.

ഉറക്കം പകുതി പോയി.

മുടി ചീകികെട്ടിയശേഷം പുറത്തേക്കിറങ്ങാൻ പോയ ഗൗരി ഒരുനിമിഷം വാതിലിൽ ചാരി അവന്റെ നേരെ തിരിഞ്ഞു.

“വേണേൽ വേഗം ഇങ്ങ് പോരെ നിന്റെ ദോശക്ക് കാവലിരിക്കാൻ ഇന്നെനിക്ക് സമയമില്ല.”

അതും പറഞ്ഞ് അവൾ പുറത്തേക്ക് നടന്നു.

കാർത്തി കുറച്ചുനേരം അങ്ങനെ തന്നെ ഇരുന്നു.

പിന്നെ ഒരു ദീർഘശ്വാസം വിട്ട് കട്ടിലിൽ നിന്ന് എഴുന്നേറ്റു.

ഇനി കിടന്നിട്ട് കാര്യമില്ല.

ഗൗരിയേച്ചി എറിഞ്ഞിട്ട ടവൽ തോളിലിട്ടുകൊണ്ട് കാർത്തി ബാത്റൂമിലേക്ക് നടന്നു.

വാതിൽ അടച്ച ശേഷം ഒരു നിമിഷം കണ്ണാടിയിലേക്ക് നോക്കി.

മുഖം കണ്ടാൽ തന്നെ അറിയാം.

ഇന്നലെ രാത്രി ശരിക്കും ഉറങ്ങിയിട്ടില്ല.

ഒരു നെടുവീർപ്പ് വിട്ടുകൊണ്ട് അവൻ ഷവർ തുറന്നു.

തണുത്ത വെള്ളം തലവഴി ശരീരത്തിലേക്ക് പതിച്ചതും ഒരു വിറയൽ പാഞ്ഞുപോയി.

ഉറക്കത്തിന്റെ അവസാന അവശിഷ്ടങ്ങൾ പോലും അതോടെ ഒഴുകിപ്പോയതുപോലെ.

Leave a Reply

Your email address will not be published. Required fields are marked *