കാർത്തികേയം – 2 2

അല്ലെങ്കിൽ തനിക്കേറ്റവും ഇഷ്ടപ്പെട്ട എന്തെങ്കിലും സാധനമോ…

അതിൽ ഒന്ന് എടുത്തുകൊണ്ട് അവൾ ഓടിയെത്തും.

അവളുടെ ചെറിയ ലോകത്ത് വിഷമങ്ങൾക്ക് മരുന്ന് അതൊക്കെയായിരുന്നു.

ചിലർ ആശ്വസിപ്പിക്കുന്നത് വാക്കുകൾ കൊണ്ടാണ്.

കാവ്യ…

അവൾക്ക് ഇഷ്ടപ്പെട്ട സാധനങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു.

പണ്ടുമുതലേ അങ്ങനെയാണ്.

അത് മാറിയിട്ടുമില്ല.

കാവ്യയെ നോക്കിനിന്നപ്പോൾ കാർത്തിയുടെ ഉള്ളിൽ ബാക്കിയുണ്ടായിരുന്ന പിരിമുറുക്കവും പതിയെ അയഞ്ഞുതുടങ്ങി.

സ്വപ്നം ഉണ്ടാക്കിയ അസ്വസ്ഥതയും…

മനസ്സിൽ കെട്ടിക്കിടന്ന ചോദ്യങ്ങളും…

ഒരു നിമിഷത്തേക്കെങ്കിലും അകലേക്ക് മാറിനിന്നു.

“ഇങ്ങ് വാടീ…”

അവൻ കൈ നീട്ടിക്കൊണ്ട് പറഞ്ഞു.

ആ വാക്കിന് വേണ്ടി കാത്തിരുന്നതുപോലെയായിരുന്നു കാവ്യ.

അടുത്ത നിമിഷം തന്നെ അവൾ ഒരൊറ്റ ചാട്ടത്തിന് കട്ടിലിലേക്ക് കയറി.

ഗൗരിയേച്ചിയുടെ കയ്യിൽ ചുറ്റിപിടിച്ച് തോളിലേക്ക് തല ചായ്ച്ചുവെച്ചു.

ഗൗരിയേച്ചി രണ്ടുപേരെയും മാറിമാറി നോക്കി.

ഒരു വശത്ത് തന്റെ മടിയിൽ തലവെച്ച് കിടക്കുന്ന കാർത്തി.

മറുവശത്ത് തോളിൽ ചാരിയിരിക്കുന്ന കാവ്യ.

വർഷങ്ങൾ കടന്നുപോയിട്ടും…

അവളുടെ കണ്ണിൽ ഇവർ രണ്ടുപേരും ഇപ്പോഴും അതേ കുട്ടികൾ തന്നെയായിരുന്നു.

പുറത്ത് മഴ താളമിട്ട് പെയ്യുന്നുണ്ടായിരുന്നു.

അകത്ത്…

ആ ചെറിയ മുറിക്കുള്ളിൽ മാത്രം ഒരു വേറിട്ട ചൂടുണ്ടായിരുന്നു.

വാക്കുകളേക്കാൾ കൂടുതൽ സംസാരിക്കുന്ന ഒരുതരം അടുപ്പത്തിന്റെ ചൂട്.

ആഹ്ഹ് അപ്പൊ നീ എന്താ പറഞ്ഞു വന്നേ? നിശബ്ദത കീറികൊണ്ട് ഗൗരിയേച്ചി ചോദിച്ചു.

“ഞാൻ ഒരു സ്വപ്നം കണ്ടു.”

“അതിന് ഇത്ര ടെൻഷൻ അടിക്കാനെന്താ കണ്ടത്?”

കാവ്യ ഉടനെ ചോദിച്ചു.

“സ്വപ്നത്തിൽ ഞാൻ ഒരു സ്ഥലത്തായിരുന്നു.”

“എവിടെ?”

കാർത്തി ഒരു നിമിഷം മിണ്ടാതെ കിടന്നു.

ശേഷം പതിയെ പറഞ്ഞു.

“പനയൂർ,

തറവാട്ടിൽ…”

ആ പേര് കേട്ടതും കാവ്യ നെറ്റി ചുളിച്ചു.

“ഏത് തറവാട്?”

“അവിടെ നിന്ന് പോരുമ്പോൾ നിനക്ക് മൂന്ന് വയസ്സല്ലേ ഉണ്ടായിരുന്നുള്ളൂ.”

“ഓഹ്…”

കാവ്യ പതിയെ തലയാട്ടി.

അതിന് ശേഷം കുറച്ചുനേരം ആരും ഒന്നും പറഞ്ഞില്ല.

സത്യത്തിൽ, പനയൂരെന്ന നാടിനെക്കുറിച്ചോ അവിടുത്തെ തറവാടിനെക്കുറിച്ചോ കാവ്യയ്ക്ക് ഓർമ്മകളൊന്നും ഇല്ലായിരുന്നു.

ഓർമ്മിക്കാൻ മാത്രം പ്രായവും അന്നവൾക്കുണ്ടായിരുന്നില്ല.

അതിന് പുറമേ, ആ വിഷയത്തിൽ സംസാരിക്കുന്നത് തന്നെ കാർത്തിയുടെ അച്ഛൻ ബാലൻ പണ്ടേ വിലക്കിയ കാര്യമായിരുന്നു.

ഈ നാട്ടിലേക്ക് വന്ന നാൾ മുതൽ വീട്ടിൽ ഒരു നിയമം പോലെ അത് നിലനിന്നു.

“പനയൂർ തറവാടിനെക്കുറിച്ച് അനാവശ്യ ചർച്ചകളൊന്നും വേണ്ട.”

എന്തുകൊണ്ടാണെന്നോ…

അതിന് പിന്നിൽ എന്താണ് സംഭവിച്ചതെന്നോ…

ഒരിക്കലും അദ്ദേഹം വിശദീകരിച്ചിരുന്നില്ല.

അതുപോലെ

തന്നെ കാർത്തിയുടെ അമ്മയുടെ നാവിൽ നിന്നും ആ തറവാടിനെക്കുറിച്ചുള്ള കഥകളോ ഓർമ്മകളോ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല.

ഗൗരിയേച്ചിയുടെ കാര്യവും വ്യത്യസ്തമായിരുന്നില്ല.

ചെറുപ്പത്തിൽ രണ്ടോ മൂന്നോ തവണ കേട്ട ചില പേരുകളും മങ്ങിയ ഓർമ്മകളുമല്ലാതെ അവൾക്കും കൂടുതലൊന്നും അറിയില്ലായിരുന്നു.

എന്തിന്…

ബാലന്റെ ഏറ്റവും അടുത്ത സുഹൃത്തായ രാജീവിന് പോലും ആ വിഷയത്തിൽ വ്യക്തമായ ധാരണയുണ്ടായിരുന്നില്ല.

അറിയാവുന്നതെന്തോ അത് അദ്ദേഹം ഒരിക്കലും പങ്കുവെച്ചിട്ടുമില്ല, അല്ലെങ്കിൽ പങ്കുവെക്കാൻ അനുവദിച്ചിട്ടില്ല എന്നായിരുന്നു എല്ലാവരുടെയും തോന്നൽ.

കുറച്ചുനേരം കൂടി ഓരോന്നും പറഞ്ഞും കളിയാക്കിയും സമയം കടന്നുപോയി.

ഐസ്ക്രീം ബക്കറ്റും പതിയെ കാലിയായി.

പുറത്തുള്ള മഴയ്ക്ക് മാത്രം യാതൊരു കുറവും ഉണ്ടായിരുന്നില്ല.

ഒടുവിൽ ഗൗരിയേച്ചി ഒരു നെടുവീർപ്പ് വിട്ടുകൊണ്ട് എഴുന്നേൽക്കാൻ ശ്രമിച്ചു.

“മതി രണ്ടും.”

“സമയം എത്രയായെന്ന് വല്ല ബോധവും ഉണ്ടോ?”

“ഇല്ല.”

കാവ്യ ഒട്ടും ആലോചിക്കാതെ മറുപടി പറഞ്ഞു.

“അത് മുഖത്ത് നിന്ന് വായിച്ചെടുക്കാം.”

ഗൗരിയേച്ചി അവളുടെ നെറ്റിയിൽ ഒന്ന് കൊട്ടി.

Leave a Reply

Your email address will not be published. Required fields are marked *