അവസാനം അവളുടെ തലയിൽ ഒന്ന് കൊട്ടിക്കൊടുത്തു.
“വല്യ ആളായല്ലോ.”
“ങ്‌ഹും, ഏട്ടാ..”
“നിന്നു കൊഞ്ചാതെ വാ ഇങ്ങോട്ട്”
അവളേം വലിച്ചോണ്ട് തിരികെ കടയിലോട്ട് കേറി.
“എന്തായി അളിയാ”
“കല്യാണം ഉറപ്പിച്ചോ..?”
കേറിയപാടെ അമൽ തുടങ്ങി.
“പോടാ.”
ഞാൻ അവന്റെ തോളിൽ ഒന്ന് ഇടിച്ചു.
“അല്ലേൽ engagement കഴിഞ്ഞോ?”
ഇത്തവണ വിഷ്ണുവും കൂടെ കൂടി.
“രണ്ടും കൂടെ മേടിക്കും.”
ഞാൻ ഭീഷണിപ്പെടുത്തി.
“അതേയ്, എന്റെ ഏട്ടനെ ഞാൻ പെണ്ണുകെട്ടിച്ചോളാം.”
കാവ്യ അവന്മാരുടെ നേരെ തിരിഞ്ഞ് പ്രഖ്യാപിച്ചു.
“നീ തന്നെ കെട്ടിക്കേണ്ടി വരും….”
അമൽ ഗൗരവത്തിൽ തലയാട്ടി.
“കാരണം ഇവനെക്കൊണ്ട് ഒറ്റയ്ക്ക് നടക്കുമെന്ന് എനിക്ക് യാതൊരു പ്രതീക്ഷയും ഇല്ല.”
“അമലേട്ടാ…”
കാവ്യ കണ്ണുരുട്ടി.
ഇനിയും പറഞ്ഞാൽ കുരുപ്പിന്റെ കയ്യിന്ന് കിട്ടുവെന്ന് ഉറപ്പുള്ളൊണ്ട് അവൻ തല്ക്കാലം നിർത്തി.
“എന്നാ ഞങ്ങൾ ഇറങ്ങുവാ.”
ഞാൻ കാവ്യയുടെ തോളിൽ കൈവച്ചുകൊണ്ട് പറഞ്ഞു.
ഗിരിയേട്ടനോടും അവന്മാരോടും സലാം പറഞ്ഞു ഇറങ്ങി.
കടയിൽ നിന്ന് ഇറങ്ങി കുറച്ചുദൂരം നടന്നിട്ടും കാവ്യയുടെ വർത്തമാനം തീർന്നിരുന്നില്ല.
സ്കൂളിലെ വിശേഷങ്ങൾ…
ക്ലാസ്സിലെ വഴക്കുകൾ…
ടീച്ചർമാരുടെ പുതിയ നിയമങ്ങൾ…
അങ്ങനെ എന്തൊക്കെയോ പറഞ്ഞുകൊണ്ട് അവൾ എന്റെ കൂടെ നടന്നു.
കയ്യിലോ…
അവൾ ജീവനേക്കാൾ വില കൊടുക്കുന്ന ആ Dairy Milk ന്റെ ബാക്കി ഭാഗം.
അത് കണ്ടപ്പോ എന്റെ തലയിൽ ഒരു ചെറിയ തമാശ തോന്നി.
“കാവ്യേ…”
“എന്തേ?”
“ഒന്നുമില്ല.”
ഞാൻ ഗൗരവത്തിൽ തലയാട്ടി.
അവൾ സംശയത്തോടെ എന്നെ ഒന്ന് നോക്കി.
പിന്നെ വീണ്ടും ചോക്ലേറ്റിൽ ശ്രദ്ധ കൊടുത്തു.
അവസരം.
ഒറ്റ വെട്ടത്തിന് ഞാൻ അവളുടെ കയ്യിലിരുന്ന ചോക്ലേറ്റ് തട്ടിപ്പറിച്ചു.
“ഏട്ടാ!”
കാവ്യ ഞെട്ടി അലറി.
അതിന് മുൻപ് ഞാൻ ഓട്ടം തുടങ്ങിയിരുന്നു.
“താ ഇങ്ങോട്ട്!”
“പിടിച്ചിട്ട് മേടിച്ചോ.”
ഞാൻ ചിരിച്ചുകൊണ്ട് ഓടി.
“ഏട്ടാ…!”
കാവ്യ പിന്നിൽ നിന്ന് കാറിക്കൂവി.
അവളുടെ ശബ്ദം കേട്ട് വഴിയിലൂടെ നടന്നുപോയ ആളുകൾ വരെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.
പക്ഷേ…
എനിക്കെന്ത്.
കിട്ടിയ അവസരം വെറുതെ കളയാൻ പറ്റുമോ?
“താ ഇങ്ങോട്ട്!”
“ഇല്ല.”
“തരുന്നോ?”
“ഇല്ല.”
“ഏട്ടാ…!”
ഞാൻ തിരിഞ്ഞു നോക്കി.
മുഖം വീർപ്പിച്ച് ഓടിവരുന്ന കാവ്യയെ കണ്ടതും ചിരി വന്നു.
അവളെ നോക്കിക്കൊണ്ട് തന്നെ ഞാൻ മുന്നോട്ട് ഓടി…
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
ബസ്സിൽ നല്ല തിരക്കായിരുന്നു.
വാതിലിനടുത്ത് എങ്ങനെയൊക്കെയോ കയറിപ്പറ്റി നിന്നതാണ്.
രാവിലെ കോളേജിലേക്ക് പോകുമ്പോൾ ഇത്ര തിരക്കില്ല.
പക്ഷേ വൈകുന്നേരമാകുമ്പോഴേക്കും നാട്ടിലേക്ക് മടങ്ങുന്ന ആളുകളും വിദ്യാർത്ഥികളും ജോലിക്കാരും ഒക്കെ കൂടെ കയറിയാൽ പിന്നെ പറയുകയും വേണ്ട.
ഒരു കൈ മുകളിലെ കമ്പിയിൽ പിടിച്ച് മറ്റേ കൈകൊണ്ട് ബാഗ് നെഞ്ചോട് ചേർത്തുപിടിച്ചാണ് ഗൗരി നിന്നിരുന്നത്.
അടുത്ത സ്റ്റോപ്പിൽ ബസ് നിന്നതും വീണ്ടും കുറച്ചുപേർ കൂടി കയറി.
“അകത്തോട്ട് നീങ്ങ്… ആ അങ്ങ് നീങ്ങിക്കെ..”
കണ്ടക്ടർ പതിവുപോലെ അലറി.
അകത്തോട്ട് നീങ്ങാൻ സ്ഥലം ഉണ്ടെങ്കിൽ അല്ലേ!
ഗൗരി മനസ്സിൽ പിറുപിറുത്തു.
അവസാനം സ്വന്തം സ്റ്റോപ്പ് എത്തിയതും ഒരു ദീർഘശ്വാസത്തോടെ അവൾ ബസ്സിൽ നിന്ന് ചാടി ഇറങ്ങി.
ശരീരം മുഴുവൻ ഒന്ന് അയഞ്ഞതുപോലെ തോന്നി.
ബാഗിന്റെ സ്ട്രാപ്പ് ശരിയാക്കി അവൾ വീട്ടിലേക്കുള്ള വഴിയിലൂടെ നടന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആ സീനിയർ അവളുടെ പിറകെ കൂടിയിട്ട്. സീനിയറാണെന്ന് പറഞ്ഞ് എന്തൊക്കെയോ തോന്നിവാസങ്ങളായിരുന്നു. വഴി തടഞ്ഞു നിർത്തുക… കാരണമില്ലാതെ സംസാരിക്കാൻ വന്ന് ശല്യം ചെയ്യുക… മനപ്പൂർവം തൊട്ടുരുമ്മി നടക്കുക… എതിർത്തപ്പോൾ കൈയിൽ കയറി പിടിച്ച് വേദനിപ്പിക്കുക… ഇതൊക്കെ ഓർക്കുംതോറും ഗൗരിയുടെ ഉള്ളിൽ ദേഷ്യവും വെറുപ്പും ഒരുപോലെ ഇരമ്പി. “വൃത്തികെട്ടവൻ…”
ദേഷ്യത്തേക്കാൾ കൂടുതൽ തോന്നിയത് അറപ്പായിരുന്നു.
