കാർത്തികേയം – 2 2

അവൻ ചെവി വിടുവിക്കാൻ നോക്കി.

“സോറി!”

“നോക്കി നടക്കണ്ടേ?”

“ഞാൻ കണ്ടില്ല.”

അവൾ വീണ്ടും ചെവി ഒന്ന് തിരിച്ചു.

“കണ്ടിരുന്നെങ്കിൽ നേരെ വന്ന് ഇടിക്കുവോ?”

“ആഹ്… ഏച്ചി…”

അപ്പോഴേക്കും പിന്നിൽ നിന്ന് കാവ്യ ഓടിയെത്തി.

“ഗൗരിയേച്ചി!”

അവൾ നേരെ ഗൗരിയുടെ അടുത്തെത്തി.

“വീണോ?”

“കയ്യ് മുറിഞ്ഞോ?”

“കാലിന് വേദനയുണ്ടോ?”

ഒറ്റ ശ്വാസത്തിൽ മൂന്ന് ചോദ്യങ്ങൾ.

ഗൗരിയുടെ കൈ അപ്പോഴേക്കും അവന്റെ ചെവിയിൽ നിന്ന് വിട്ടിരുന്നു.

“ഒന്നുമില്ല കുരുപ്പേ.”

അവൾ ചിരിച്ചു.

“നിന്റെ ഏട്ടനാ വന്ന് ഇടിച്ചേ.”

“ആ അത് ഞാനും കണ്ടു.”

കാവ്യ വളരെ ഗൗരവത്തിൽ പറഞ്ഞു.

പിന്നെ ഗൗരിയെ ഒന്ന് തിരിച്ചു നോക്കി.

“ഉറപ്പായിട്ടും ഒന്നും പറ്റിയില്ലല്ലോ?”

“ഇല്ല.”

“വേദനയും ഇല്ലേ?”

“ഇല്ലെന്ന് പറഞ്ഞില്ലേ.”

അപ്പോഴാണ് കാവ്യയ്ക്ക് സമാധാനമായത്.

അത് കണ്ടതും ചെവിയും തിരുമ്മി നിന്നവന്റെ നെറ്റി ചുളിഞ്ഞു.

“ഡി…”

രണ്ടും അവന്റെ നേരെ നോക്കി.

“ഞാൻ ഒരുത്തൻ ഇവിടെ നിപ്പിണ്ട് എന്നേം കൂടി ഒന്ന് നോക്കാം.”

“അവിടെ തന്നെ നിന്നോ. സ്വയം വരുത്തി വെച്ചതല്ലേ.”

കാവ്യ കയ്യൊഴിഞ്ഞു.

“ആഹ്ഹ് വന്നവനും നിന്നവനും ഒന്നായപ്പോൾ എന്നെ അങ്ങ് വില്ലൻ ആക്കിയല്ലേ…”

“മതി മതി വരുന്നേൽ വായോ ഞാൻ വീട്ടിലേക്ക്

പോകുവാ”

അതുംപറഞ്ഞ ഗൗരി മുന്നിൽ കേറി നടന്നു.

“ചേച്ചീ ഞാനും വരുന്നു…”

അവളുടെ കൂടെ കൂടിയ കാവ്യ ഒരുനിമിഷം ഒന്ന് സ്റ്റക്ക് ആയി നിന്നു.

“എന്താടി”

ഗൗരിയുടെ ചോദ്യം വകവെക്കാതെ ഒറ്റ കുതിപ്പിന് കാർത്തിടെ കയ്യിൽ നിന്നും ബാക്കി വന്ന ഡയറി മിൽക്കും തിരിച്ചു വാങ്ങി ഒറ്റ ഓട്ടമായിരുന്നു. പ്രതീക്ഷിക്കാത്ത ചെയ്തായതിനാൽ അവന് എന്തേലും ചെയ്യാൻ പറ്റുന്നതിന് മുന്നേ അവൾ തിരികെ ഗൗരിയുടെ കരവലയത്തിനുള്ളിൽ തിരിച്ചു കയറിയിരുന്നു.

“കള്ളിപ്പെണ്ണേ…!”

അവന്റെ വിളി കേട്ട് ചിരിച്ചുകൊണ്ട് തന്നെ കാവ്യ വീണ്ടും ഗൗരിയുടെ കയ്യിൽ തൂങ്ങി.

“വാ… ഇനി പോകാം.”

ഒന്നും സംഭവിച്ചിട്ടില്ലെന്ന ഭാവത്തിൽ ചോക്ലേറ്റിന്റെ ഒരു കക്ഷണം കടിച്ചുകൊണ്ട്  അവൾ പറഞ്ഞു.

കാർത്തി അവളെ നോക്കി തലകുലുക്കി.

“നിന്നെ ഞാൻ വീട്ടിൽ ചെന്നിട്ട്  എടുത്തോളാം.”

അതിനുള്ള മറുപടിയെന്നോണം കാവ്യ നാക്ക് നീട്ടി കാണിച്ചതും ഗൗരിക്ക് ചിരിയടക്കാനായില്ല.

അത്രയും നേരം മനസ്സിൽ കിടന്നു പുകഞ്ഞ എല്ലാ കാര്യവും ആ ചിരിയോടെ തന്നെ അലിഞ്ഞുതീർന്നു.

തന്റെ കയ്യിൽ തൂങ്ങി കിടക്കുന്ന കുരുപ്പിനെയും ഒരു നിമിഷം പിണക്കം ഭാവിച്ചു നിന്നവനെയും വാരിയെടുത്തുകൊണ്ടവൾ വീട്ടിലേക്ക് നടന്നു.

എന്നാൽ അവരറിയാതെ രണ്ടു കണ്ണുകൾ ഇപ്പോളും അവരുടെ മേൽ ഉണ്ടായിരുന്നു.

റോഡിന്റെ മറുവശത്ത്…

തലയിലേക്ക് താഴ്ത്തിയിട്ടിരുന്ന കറുത്ത ക്യാപ്പിനടിയിൽ നിന്ന് അവൻ അവരെ തന്നെ നോക്കി നിന്നു.

ഗൗരിയും കാർത്തിയും കാവ്യയും കാഴ്ചയിൽ നിന്ന് മറയുന്നതുവരെ അവൻ അനങ്ങിയില്ല.

അവർ അവസാന വളവും കടന്ന് കണ്ണിൽ നിന്ന് മറഞ്ഞതും അവൻ മെല്ലെ നിവർന്നു.

ഒരിക്കൽക്കൂടി അവർ പോയ ദിശയിലേക്ക് നോക്കി.

എന്തോ മനസ്സിൽ കണക്കുകൂട്ടുന്നതുപോലെ കുറച്ചുനേരം നിശ്ശബ്ദനായി നിന്നു.

പിന്നെ…

ചുണ്ടിന്റെ കോണിൽ നേർത്തൊരു പുഞ്ചിരി വിരിഞ്ഞു.

തൊട്ടരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിന് സമീപത്തേക്ക് നടന്ന്, ക്യാപ്പ് ഒന്ന് നേരെയാക്കി.

“ട്ര്ര്…”

എഞ്ചിൻ പതിയെ മുരണ്ടുണർന്നു.

അടുത്ത നിമിഷം ബൈക്ക് മെല്ലെ റോഡിലേക്കിറങ്ങി.

നിമിഷങ്ങൾക്കകം നഗരത്തിന്റെ തിരക്കിൽ അലിഞ്ഞ്…

അവനും കാഴ്ചയിൽ നിന്ന് മറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *