പിന്നെ പതിയെ കാർത്തിയുടെ തല തന്റെ മടിയിൽ നിന്ന് മാറ്റി തലയിണയിലേക്ക് കിടത്തി.
കാവ്യയെയും ഒന്ന് നീക്കി കിടക്കാൻ സ്ഥലം ഉണ്ടാക്കി.
“പോവുന്നില്ലേ?”
കാർത്തി ചോദിച്ചു.
“ഇല്ല.”
ഗൗരിയേച്ചി കട്ടിലിന്റെ മറുവശത്തേക്ക് കിടന്നുകൊണ്ട് പറഞ്ഞു.
“ഇന്ന് ഇവിടെ കിടക്കാമെന്ന് വെച്ചു.”
“അഹാ…”
കാവ്യ ഉടനെ പുതപ്പ് വലിച്ചെടുത്ത് അവളുടെ അരികിലേക്ക് ചുരുണ്ടുകൂടി.
ഗൗരി ഒന്നും പറയാതെ അവളുടെ തലയിൽ ഒന്ന് തലോടി.
കുറച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ കാവ്യയുടെ സംസാരം കുറഞ്ഞു.
പിന്നെ പൂർണ്ണമായും നിന്നു.
ഐസ്ക്രീമും കഴിച്ച് വയറും നിറഞ്ഞ് കിടന്ന അവൾ ഉറക്കത്തിലേക്ക് വഴുതിവീഴാൻ അധികനേരം വേണ്ടിവന്നില്ല.
ഗൗരിയും ക്ഷീണം കാരണം അധികം വൈകാതെ കണ്ണുകളടച്ചു.
മുറിയിലാകെ വീണ്ടും നിശ്ശബ്ദത നിറഞ്ഞു.
മഴയുടെ താളം മാത്രം.
പക്ഷേ…
കാർത്തിക്ക് മാത്രം ഉറക്കം വന്നില്ല.
അവൻ കണ്ണുകൾ തുറന്ന് മേൽക്കൂരയിലേക്ക് നോക്കി കിടന്നു.
മനസ്സ് വീണ്ടും വീണ്ടും ആ സ്വപ്നത്തിലേക്ക് മടങ്ങിപ്പോകുകയായിരുന്നു.
തറവാട്…
പരിചിതമായ മുഖങ്ങൾ…
പിന്നെ…
അവൻ ആരോടും പറയാതിരുന്ന ആ നിഴൽ രൂപം.
അതിനെക്കുറിച്ച് ഓർക്കുമ്പോൾ പോലും ഉള്ളിൽ എന്തോ മുറുകുന്നതുപോലെ തോന്നി.
ഒരു വശത്ത് ശാന്തമായി ഉറങ്ങിക്കിടക്കുന്ന ഗൗരിയേച്ചിയെയും കാവ്യയെയും നോക്കിയ ശേഷം അവൻ വീണ്ടും മേൽക്കൂരയിലേക്ക് നോക്കി കിടന്നു.
പുറത്തുള്ള മഴയുടെ ശബ്ദത്തിനൊപ്പം…
അവന്റെ മനസ്സും പതിയെ വർഷങ്ങൾ പിന്നിലേക്ക് സഞ്ചരിക്കാൻ തുടങ്ങി.
പനയൂർ…
ആ പേര് മനസ്സിലൂടെ കടന്നുപോയ നിമിഷം തന്നെ കാർത്തിയുടെ ഓർമ്മകൾക്ക് മീതെ അടിഞ്ഞിരുന്ന വർഷങ്ങളുടെ പൊടി പതിയെ ഇളകിത്തുടങ്ങി.
ചില സ്ഥലങ്ങൾ അങ്ങനെയാണ്.
വർഷങ്ങൾ കഴിഞ്ഞാലും…
എത്ര ദൂരെ പോയാലും…
അവിടം മനസ്സിൽ നിന്ന് പൂർണ്ണമായി മാഞ്ഞുപോകില്ല.
കാർത്തിക്ക് പനയൂർ അങ്ങനെയൊരു ഇടമായിരുന്നു.
കുട്ടിക്കാലത്ത് കാർത്തിയുടെ ലോകം തുടങ്ങുകയും അവസാനിക്കുകയും ചെയ്തിരുന്നത് അവിടെയായിരുന്നു.
നാലുഭാഗവും പച്ചപ്പാൽ ചുറ്റപ്പെട്ട ഒരു പഴയ നാട്ടിൻപുറം.
ഇടയ്ക്കിടെ നെൽപ്പാടങ്ങൾ.
അവയെ മുറിച്ചുകടന്നുപോകുന്ന ഇടുങ്ങിയ വഴികൾ.
വഴിയോരങ്ങളിൽ തലയുയർത്തി നിൽക്കുന്ന തെങ്ങുകൾ.
അവയുടെ ഇലകൾക്കിടയിലൂടെ വീശിയെത്തുന്ന കാറ്റിന് പോലും അവന് ഇന്നും ഒരു പരിചിതമായ മണമുണ്ടായിരുന്നു.
ആ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായിരുന്നു തറവാട്.
കാലത്തിന്റെ അടയാളങ്ങൾ പതിഞ്ഞ
ചുവന്ന ഓടുമേഞ്ഞ ഒരു വലിയ വീട്.
മുറ്റത്തിന് നടുവിൽ തുളസിത്തറ.
അതിനെ ചുറ്റി എപ്പോഴും ആളുകളുടെ ശബ്ദങ്ങൾ.
രാവിലെ ഉണരുന്നതിന് മുൻപേ അടുക്കളയിൽ നിന്ന് പാത്രങ്ങളുടെ കിലുക്കം കേൾക്കും.
മുറ്റത്ത് കോഴികൾ ചിക്കിച്ചിക്കി നടപ്പുണ്ടാകും.
വരാന്തയിൽ ആരെങ്കിലുമൊക്കെ പത്രം വായിക്കുന്നുണ്ടാകും.
വീടിന്റെ ഏതെങ്കിലും കോണിൽ നിന്ന് കുട്ടികളുടെ ബഹളവും.
എപ്പോഴും ജീവൻ തുടിക്കുന്ന ഒരു ഇടം.
തറവാടിന് പിന്നിലായിരുന്നു കാർത്തിയുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥലം.
വലിയ കുളം.
കരിങ്കല്ല് പാകിയ വിശാലമായ കടവുകൾ.
അതിന്റെ ഒരു വശത്ത് പഴക്കം തോന്നിക്കുന്ന കുളപ്പുര.
ചെറുപ്പത്തിൽ അത് ഒരു കുളപ്പുരയേക്കാൾ വലിയൊരു കൊട്ടാരമായിട്ടാണ് അവന് തോന്നിയിരുന്നത്.
വേനലവധിക്കാലങ്ങളിൽ കൂട്ടുകാരുമൊത്ത് മണിക്കൂറുകളോളം അവിടെ കളിച്ചുനടക്കും.
കുളത്തിലെ മീനുകളെ നോക്കിയിരിക്കും.
വെള്ളത്തിലേക്ക് കല്ലെറിഞ്ഞ് തിരമാലകൾ എണ്ണും.
ചില ദിവസങ്ങളിൽ മുത്തശ്ശന്റെ കണ്ണുവെട്ടിച്ച് വെള്ളത്തിലിറങ്ങാനും ശ്രമിക്കും.
പിടിക്കപ്പെട്ടാൽ വഴക്ക് ഉറപ്പ്.
എന്നിട്ടും അടുത്ത ദിവസം വീണ്ടും അതുതന്നെ ആവർത്തിക്കും.
മറ്റേ വശത്ത്…
മരങ്ങൾക്കിടയിൽ പാതി മറഞ്ഞുനിൽക്കുന്ന ഒരു ചെറിയ കല്ലമ്പലം.
ഒറ്റനോട്ടത്തിൽ അതൊരു സാധാരണ കൽമണ്ഡപം മാത്രമായി തോന്നും.
നാല് കൽത്തൂണുകൾ.
മുകളിൽ പായൽ പിടിച്ച മേൽക്കൂര.
കാലം കൊത്തിവച്ച അടയാളങ്ങൾ നിറഞ്ഞ കല്ലുകൾ.
