കാർത്തികേയം – 2 2

പക്ഷെ…

എന്തുകൊണ്ടോ ആ ഭാഗത്തേക്കുള്ള പോക്ക് മുത്തശ്ശൻ വിലക്കിയിരുന്നു.

കുളത്തിന് അപ്പുറത്തേക്ക് ഒരു ചെറിയ തോട്ടമുണ്ടായിരുന്നു.

മാവും പ്ലാവും ജാമ്പക്കയും പേരക്കയും നിറഞ്ഞൊരു തോട്ടം.

അവിടുത്തെ ഓരോ മരങ്ങൾക്കും ഓരോ കഥകൾ ഉണ്ടായിരുന്നു.

ഓരോ കൊമ്പും…

ഓരോ വഴിയും…

ഓരോ മൂലയും…

അവന്റെ ബാല്യത്തിന്റെ ഭാഗമായിരുന്നു.

ഇന്ന് ഓർക്കുമ്പോൾ…

എന്നാൽ പല അനുഭൂതികളും ഇപ്പോഴും മനസ്സിൽ അതേപടി ബാക്കിയുണ്ട്.

കാറ്റിൽ ഇളകുന്ന തെങ്ങോലകളുടെ ശബ്ദം…

സന്ധ്യയാകുമ്പോൾ കുളക്കരയിൽ നിന്ന് ഉയരുന്ന ചീവീടുകളുടെ കരച്ചിൽ…

മുത്തശ്ശിയുടെ ഉച്ചത്തിലുള്ള വിളി…

ഇതെല്ലാം ഇന്നും എവിടെയോ മനസ്സിന്റെ ആഴങ്ങളിൽ ജീവനോടെ കിടക്കുന്നുണ്ടായിരുന്നു.

തറവാട് മനസ്സിലൂടെ കടന്നുപോയതും ഓർമ്മകൾ ഒന്നൊന്നായി തെളിഞ്ഞുവരാൻ തുടങ്ങി.

വ്യക്തമായി അല്ല.

മഴ നനഞ്ഞ ഒരു പഴയ ചിത്രത്തിന്റെ മങ്ങിയ കഷണങ്ങൾ പോലെ.

ആദ്യം തെളിഞ്ഞത് മുത്തശ്ശന്റെ മുഖമായിരുന്നു.

അല്ല…

മുഖമല്ല.

ആ കണ്ണുകൾ.

അസാധാരണമായ പച്ചനിറമുള്ള കണ്ണുകളായിരുന്നു മുത്തശ്ശന്റേത്.

ചെറുപ്പത്തിൽ കാർത്തി ഏറ്റവും കൂടുതൽ അത്ഭുതപ്പെട്ടിരുന്നതും അതിനെക്കുറിച്ചായിരുന്നു.

നാട്ടിലോ സ്കൂളിലോ അങ്ങനെ കണ്ണുകളുള്ള മറ്റാരെയും അവൻ കണ്ടിട്ടില്ല.

പലപ്പോഴും മുത്തശ്ശന്റെ മടിയിലിരുന്ന് ആ കണ്ണുകളിലേക്ക് തന്നെ നോക്കിയിരിക്കാറുണ്ടായിരുന്നു.

“എന്താടാ ചെക്കാ ഇങ്ങനെ നോക്കുന്നെ?”

എന്ന് ചോദിച്ചാൽ പോലും മറുപടി പറയാതെ വീണ്ടും അതിലേക്ക് തന്നെ നോക്കും.

മഴ കഴിഞ്ഞ് തെളിയുന്ന പാടത്തെ പച്ചപ്പുപോലെയായിരുന്നു ചിലപ്പോൾ ആ കണ്ണുകൾ.

വേറെ ചില സമയങ്ങളിൽ…

എന്തോ പറയാതെ പറഞ്ഞുകൊണ്ടിരിക്കുന്നതുപോലെയും.

കുട്ടിക്കാലത്ത് കാർത്തിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്…

ആ കണ്ണുകൾക്ക് എല്ലാം അറിയാമെന്ന്.

താൻ എന്ത് കുസൃതി ഒപ്പിച്ചാലും…

എന്ത് കള്ളം പറഞ്ഞാലും…

മുത്തശ്ശൻ ഒന്നും ചോദിക്കാതെ തന്നെ അത് മനസ്സിലാക്കുമെന്ന്.

അതുകൊണ്ടാവാം,

വർഷങ്ങൾ കടന്നുപോയിട്ടും…

തറവാടിന്റെ പല മുഖങ്ങളും ഓർമ്മയിൽ മങ്ങിയിട്ടും…

മുത്തശ്ശന്റെ ആ പച്ചക്കണ്ണുകൾ മാത്രം ഇന്നും മനസ്സിൽ അതേ വ്യക്തതയോടെ നിൽക്കുന്നത്.

അവയെ ഓർക്കുമ്പോൾ പോലും കാർത്തിക്ക് ആദ്യം മനസ്സിൽ

വരുന്നത് ഒരു മുഖമല്ല.

സുരക്ഷിതത്വത്തിന്റെ ഒരു തോന്നലാണ്.

ലോകം മുഴുവൻ എതിരായി നിന്നാലും തന്റെ വാക്ക് കേൾക്കാൻ ഒരാൾ അവിടെയുണ്ടെന്ന ഉറപ്പ്.

പിന്നെ…

അടുക്കളയിൽ നിന്ന് എന്തോ വിളിച്ചുപറയുന്ന മുത്തശ്ശി.

മുറ്റത്തുകൂടെ ഗൗരവത്തിൽ നടന്നു പോകുന്ന വല്യച്ഛൻ.

അദ്ദേഹത്തെ കാണുമ്പോൾ അറിയാതെ ഒന്ന് ഒതുങ്ങിനിൽക്കുന്ന കുട്ടിക്കാലത്തെ കാർത്തി.

അതേ സമയം എല്ലാവരോടും ഒരേ സ്വാതന്ത്ര്യത്തിൽ സംസാരിക്കുന്ന വല്യമ്മ.

എപ്പോഴും എന്തെങ്കിലും ജോലിത്തിരക്കിൽ ഓടിനടക്കുന്ന അമ്മ.

അമ്മയുടെ പുറകിൽ നിന്ന് സഹായിക്കുന്ന ഇളയമ്മ.

വയലിലോ തോട്ടത്തിലോ എവിടെയെങ്കിലും കണ്ടുമുട്ടുന്ന ഇളയച്ഛൻ.

ജോലിക്ക് പോയിരുന്നതിനാൽ അച്ഛൻ പലപ്പോഴും വീട്ടിൽ കാണത്തില്ലായിരുന്നു.

പിന്നെ…

നകുലൻ ചേട്ടൻ.

തറവാട്ടിലെ കുട്ടികൾക്കിടയിലെ നേതാവ്.

മരത്തിൽ കയറാനും…

കുളത്തിൽ ചാടാനും…

പുതിയ കുസൃതികൾ ഒപ്പിക്കാനും…

എന്തിനും ഏതിനും മുന്നിൽ നിൽക്കുന്നത് അവനായിരുന്നു.

ചേട്ടൻ ചെയ്യുന്നത് നോക്കിനിന്ന് അതുപോലെ ചെയ്യാൻ ശ്രമിച്ച കാലമുണ്ടായിരുന്നു കാർത്തിക്ക്.

ഒരുപക്ഷേ…

ചേട്ടനെ പോലെ ആകണമെന്ന് പോലും പലപ്പോഴും ആഗ്രഹിച്ചിരുന്നു.

അതിന് മറ്റൊരു കാരണവും ഉണ്ടായിരുന്നു.

മുത്തശ്ശന്റെ ആ പച്ചക്കണ്ണുകൾ.

പൂർണമായല്ലെങ്കിലും…

അതിന്റെ ഒരു നേർത്ത അടയാളം നാകുലേട്ടനും കിട്ടിയിരുന്നു.

മുത്തശ്ശന്റെ കണ്ണുകൾ പോലെ ആദ്യകാഴ്ചയിൽ തന്നെ ആരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നവയല്ല.

സൂക്ഷിച്ചു നോക്കിയാൽ മാത്രം കാണാവുന്ന ഒരു നേർത്ത ഇളം പച്ചനിറം.

എന്നിട്ടും ഓരോ തവണ അത് കാണുമ്പോഴും കാർത്തിക്ക് ഒരു അത്ഭുതമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *