പ്രതീക്ഷിച്ചത് പോലെ..ഇന്ന് തന്നെ തിരികെ പോകുമെന്ന് പറഞ്ഞതും അവളുടെ വക ഓട്ടംതുള്ളല്‍ ആരംഭിച്ചു. എത്ര പറഞ്ഞിട്ടും അടുക്കുന്നതേയില്ല. അര മണിക്കൂറോളം അവളുടെ കാലില്‍ വീണു എന്ന് തന്നെ പറയാം. ഒടുക്കം രണ്ടായിരത്തഞ്ഞൂറു രൂപയുടെ ഹെഡ്സെറ്റിന്റെ ഓഫറില്‍ അവള്‍ വീണു.
അവള്‍ക്ക് വല്ലതും മേടിച്ചു കൊടുക്കെന്നും പറഞ്ഞു മേമയാണ് കാശ് തന്നെതെന്ന സത്യം ഞാനങ്ങു വിഴുങ്ങി. അത് പറഞ്ഞാ പണി പാളും.. ഇല്ലാത്ത കാശിന് ഏട്ടന്‍ വാങ്ങിത്തരുന്ന സ്നേഹസമ്മാനമാവുമ്പോള്‍ അതിനു മാറ്റ് കൂടും.
തട്ടിപ്പാണ്..മോശമാണ്..എന്നാലും വേറെ വഴിയില്ല..!
അമസോണില്‍ സാധനം ഓര്‍ഡര്‍ ചെയ്ത്..വാങ്ങാനുള്ള കാശ് കയ്യിലും കൊടുത്തപ്പോള്‍ അവള്‍ പാട്ടിലായി.
ഇടയ്ക്ക് ഭക്ഷണം എടുത്തു തരാന്‍ വന്നപ്പോള്‍ അമ്മയോടും കാര്യം അവതരിപ്പിച്ചു. സൊസൈറ്റിയില്‍ പോകുന്ന കാര്യം പറഞ്ഞാണ് പ്രതിരോധിച്ചു പിടിച്ചത്. സമരമാണെന്ന കാര്യമൊന്നും അമ്മയ്ക്കറിയില്ലല്ലോ.
എനിക്ക് അത്യാവശ്യം കാര്യപ്രാപ്തിയൊക്കെ ആയെന്ന സന്തോഷത്തിലാവണം..,അമ്മയും..അമ്മയിലൂടെ അച്ഛനും സമ്മതിച്ചു.
അങ്കിളിനെ അധോലോകത്തിലേക്ക് പറഞ്ഞു വിട്ടപ്പോഴേക്കും സമയം ആറുമണി കഴിഞ്ഞു. എങ്കിലും ഒരു ഉപചാരത്തിനെങ്കിലും കുറച്ചു നേരം മരണവീട്ടില്‍ തന്നെ ഇരിക്കാന്‍ അമ്മ നിര്‍ബന്ധം പിടിച്ചു.
ആന്‍മേരിയുമായുള്ള ഫ്രണ്ട്ഷിപ്പ് അമ്മയ്ക്കറിയാം. ഇതുപോലൊരവസ്ഥയില്‍ ഇരിക്കുമ്പോള്‍ അവള്‍ക്ക് ഒരു ആശ്വാസമാകുമെന്ന് കരുതിയാവാം അങ്ങനെ പറഞ്ഞത്. ഒഴിഞ്ഞു മാറാന്‍ ശമിച്ചെങ്കിലും വേറെ വഴിയില്ലാതിരുന്നതിനാല്‍ സമ്മതിക്കേണ്ടി വന്നു.
അങ്ങനെ എല്ലാം കഴിഞ്ഞ് ഏഴരയോടെയാണ് ഇറങ്ങിയത്. Ksrtc സ്റ്റാന്റില്‍ എത്തിയപ്പോഴാണ് അമ്മച്ചന്റെ ‘വര്‍ത്തായി’ക്കാര്യം ഓര്‍മ്മ വന്നത്. അപ്പോത്തന്നെ ഓട്ടോ പിടിച്ച് പാരഗണിന്റെ അടുത്തുള്ള ‘കുമാരി’യില്‍ പോയി ഫ്രഷ് സാധനം തന്നെ മേടിച്ചു. കൂടെ പഴം വറുത്തതും കുറെ പലഹാരങ്ങളുമൊക്കെ വാങ്ങിക്കഴിഞ്ഞപ്പോഴേക്കും ഒരു വലിയ കവറിലേക്കുള്ളതുണ്ടായിരുന്നു.
തിരികെ എത്തുമ്പോള്‍ ബത്തേരിയ്ക്കുള്ള സൂപ്പര്‍ഫാസ്റ്റ് വന്നു കിടപ്പുണ്ട്. കഷ്ടകാലം…സീറ്റില്ല..! കൊറോണ കാലമായിട്ടും ആളുകള്‍ ഇതെങ്ങോട്ടാ ഈ പായുന്നതെന്ന ഈര്‍ഷ്യയോടെ ബസ്സിനകത്തേക്ക് കയറി.
ആ സമയത്താണ് ഫോണ്‍ റിംഗ് ചെയ്തത്.
മേമ..!!!!
ഈശ്വരാ…സംഗതി അറിഞ്ഞിട്ടു വിളിക്കുന്നതാണോ…?! ഒരു സര്‍പ്രൈസ് കൊടുത്ത് ഞെട്ടിക്കാമെന്നു വിചാരിച്ചതായിരുന്നു.
ഞാന്‍ വേഗം അറ്റന്റ് ചെയ്തു.
“ചേച്ചിയ്ക്ക് ഒന്ന് കൊടുക്ക് കണ്ണാ..വിളിച്ചിട്ട് എടുക്കുന്നില്ലല്ലോ..!”
എനിക്ക് ആശ്വാസമായി. അപ്പൊ സംഗതി അറിഞ്ഞിട്ടില്ല.
“അമ്മ ആന്റീടെ അടുത്താവും മേമേ..അതാ ഫോണ്‍ എടുക്കാത്തത്..!”
“നീ പുറത്താണോ..?”
“ങ്ഹാ…ഫ്രെണ്ട്സിന്റെ അടുത്താ..!”
വാഹനങ്ങളുടെ ശബ്ദം കേട്ടതുകൊണ്ടാവും മേമ ചോദിച്ചതെന്ന് തോന്നിയിരുന്നു.അതാണ് ഒരു മുട്ടന്‍ നുണയില്‍ കാര്യമൊതുക്കിയത്.
അവരത് വിശ്വസിച്ചപോലെ ഒന്ന് മൂളി.
“എന്നാ വച്ചോ…! പിന്നെ..മറ്റന്നാള്‍ തന്നെ ഇങ്ങു പോന്നേക്കണം.. കേട്ടല്ലോ..!”
ഒരു മധുരമൂറുന്ന ചിരി എന്റെ കാതുകളില്‍ കുളിമഴയായി വന്നു പതിച്ചു. വാത്സല്യമോ സ്നേഹമോ അതിനുമപ്പുറമെന്തോ ഒരു വികാരം ആ സ്വരത്തില്‍ തെളിഞ്ഞു നിന്നിരുന്നു.
“നോക്കട്ടെ…ചിലപ്പോ വൈകിയേക്കും..!”
ഒരിത്തിരി ഗൗരവത്തിലാണ് ഞാനത് പറഞ്ഞത്. ഉള്ളില്‍ നുരഞ്ഞു പതയുകയാണ് സന്തോഷം. ഒരു ദിവസം പോലും മാറി നിക്കാന്‍ കഴിയാതെ തിരികെ ഓടി വരികയാണെന്ന് പറയണമെന്നുണ്ട്..പക്ഷെ അപ്രതീക്ഷിതമായി മുന്നില്‍ കാണുമ്പോള്‍ ആ മുഖത്ത് വിരിയുന്ന അമ്പരപ്പ് നേരില്‍ കാണണം…അതൊരു ഒന്നൊന്നര സംഭവമായിരിക്കും.
“അതെന്തിനാ വൈകുന്നേ…മര്യാദയ്ക്ക് മറ്റന്നാള്‍ ഇങ്ങു പോന്നോണം… അല്ലേല്‍ ഈ വഴി വരികയെ വേണ്ട..!”
മേമയുടെ വാക്കുകളില്‍ ഒരു കലിപ്പ് ഫീല്‍ ചെയ്യുന്നുണ്ട്.
