ഹരി അഞ്ജുവിനെ ഒന്ന് നോക്കി, പിന്നെ സുലോചനയെ നോക്കി പറഞ്ഞു : ഇല്ല അമ്മേ, ഇനി ഉണ്ടാവില്ല.. ഉറപ്പ്…
ഹരി സന്തോഷത്തോടെ തിരിച് ആ വീട്ടിൽ നിന്നും നടന്നിറങ്ങി…
അവസാനം കൊടുത്ത വാക്ക് മാത്രം ഹരിക്ക് നിറവേറ്റാൻ കഴിഞ്ഞില്ല. സുലോചന ഇല്ലാത്ത ദിവസം പിന്നെയും ഹരി അങ്ങോട്ടേക്ക് വന്നു പോയിക്കൊണ്ടിരുന്നു.
ഡിഗ്രി കഴിഞ്ഞ് സമയം പാഴാക്കാതെ ഹരി ജോലി തേടി ഇറങ്ങി. കുറച്ചു കഷ്ടപ്പെടേണ്ടി വന്നു ഹരിക്ക്. അവസാനം മാർക്കറ്റിങ് ഫീൽഡിൽ ആണ് ഹരിക്ക് ഒരു ജോലി കിട്ടിയത്. തുടക്കക്കാരൻ ആയത് കൊണ്ട് ശമ്പളവും തുച്ഛം ആയിരുന്നു എന്ന് പറയാം.
ഹരിയെ രണ്ടാമതുംമകളുടെ കൂടെ വീട്ടിൽ നിന്നും പൊക്കിയതോടെ ആണ് സുലോചന ഹരിയോട് പറഞ്ഞത്, കാര്യം വീട്ടിൽ അവതരിപ്പിക്കാൻ.
ഹരി പ്രതീക്ഷിച്ച പുച്ഛത്തോടെ ഉള്ള മറുപടി ഉടൻ തന്നെ വന്നു തന്റെ രണ്ടാനമ്മയുടെ വായിൽ നിന്നും : 21 വയസ്സ് തികഞ്ഞിട്ടില്ല, ചെക്കന് പെണ്ണ് കെട്ടണം അത്രേ…
ഇടയിൽ കയറി അച്ഛമ്മ കാര്യം കുറച് സോൾവ് ആക്കി എങ്കിലും, കൂടുതൽ കേട്ടപ്പോൾ, പ്രത്യേകിച്ച് കാസ്റ് വേറെ ആണെന്നറിഞ്ഞപ്പോൾ കൈ മലർത്തി.
നടന്നത് വള്ളി പുള്ളി വിടാതെ പിറ്റേന്ന് തന്നെ ഹരി അഞ്ജുവിന്റെ വീട്ടിൽ നേരിട്ട് എത്തി പറഞ്ഞു.
അഞ്ജുവിന്റെ മുഖം വാടുന്നത് സുലോചന കണ്ടു. ഒന്ന് ആലോചിച്ച ശേഷം സുലോചന ദൃഡമായി ഹരിയോട് ചോദിച്ചു : ഹരീ… ഹരിക്ക് എന്റെ അഞ്ജുവിനെ പോരെ?..
ഹരി : മതി അമ്മേ…
സുലോചന : എന്നാൽ ഒന്നും നോക്കണ്ട. ഉടനെ പോയി രജിസ്റ്റർ മാരേജ് ചെയ്യാനുള്ള ഏർപ്പാട് ചെയ്യാൻ നോക്ക് നീ. ഞാൻ തരാം എന്റെ മോളെ നിനക്ക്..
മുഖം മ്ലാനമായി ഇരിക്കുന്ന അഞ്ജുവിനെ നോക്കി പറഞ്ഞു : മോളെ, നിനക്ക് വില കിട്ടില്ല എന്ന് അറിയാവുന്ന വീട്ടിലേക്ക് പോവാതിരിക്കുന്നതാ നല്ലത്. അത് കൂടുതൽ പ്രശ്നങ്ങൾ വിളിച്ചു വരുത്തുകയെ ഉള്ളൂ…
ഹരിയും അഞ്ജുവും മുഖത്തോട് മുഖം നോക്കി…
സുലോചന ഹരിയെ നോക്കി പറഞ്ഞു : രജിസ്റ്റർ കാര്യം ഹരി വീട്ടിൽ പറയണ്ട. കഴിഞ്ഞ ശേഷം, ഹരി നേരെ ഇവളെയും കൊണ്ട് വീട്ടിൽ പോയാൽ മതി. പാതി മനസ്സ് ആണെങ്കിൽ പോകും അവിടെ കേറരുത്. ഇങ്ങോട്ട് വന്നോളണം. ഇവിടെ ഉള്ളത് ഉള്ള പോലെ ജീവിക്കാം നമുക്ക്.
ഗംഭീര്യത്തിൽ ഉള്ള സുലോചനയുടെ വാക്കുകൾ മതിയായിരുന്നു ഹരിക്ക്. രണ്ടാമത് ആലോചിക്കാതെ ഹരി ഇറങ്ങി തിരിച്ചു.
ഒന്നര മാസങ്ങൾക്കു ശേഷം അഞ്ജുവിനെ രജിസ്റ്റർ മാര്യേജ് ചെയ്തു കൊണ്ട് വീട്ടുപടിക്കൽ എത്തിയ ഹരിയെയും അഞ്ജുവിനെയും കണ്ട് ഹരിയുടെ രണ്ടാനമ്മ കലി തുള്ളി…
” കഴിഞ്ഞത് കഴിഞ്ഞു, അവരെ ഉള്ളിൽ കയറ്റാൻ നോക്ക് മാലതി “.. അച്ഛമ്മയുടെ സ്വരം ഉയർന്നു..
എനിക്ക് ജീവൻ ഉണ്ടെങ്കിൽ കയറ്റില്ല എന്നുള്ള അലർച്ച ആണ് പിന്നെ മാലതിയിൽ നിന്നും കേട്ടത്…
ഹരി അഞ്ജുവിനെ നോക്കി..
അഞ്ചു പതിയെ പറഞ്ഞു : നമുക്ക് എന്റെ വീട് മതി ഹരി……
ഹരിയെയും അഞ്ജുവിനെയും വിളക്ക് കാണിച്ചു കൊണ്ട് ഉള്ളിൽ കയറ്റാൻ സുലോചന ഒരു മടിയും കാണിച്ചില്ല പറഞ്ഞ പോലെ തന്നെ….
പിറ്റേന്ന് ആ കൊച്ചു വീട്ടു മുറ്റത്, തന്റെ ഒരുക്കൂട്ടി വച്ച സമ്പാദ്യത്തിൽ നിന്നും പൈസ എടുത്ത്, വീട്ടുമുറ്റത്ത് പന്തലിട്ട്, പിറ്റേന്ന് തന്നെ അറിയാവുന്നവരെയും നാട്ടുകാരെയും വിളിച്ചു സദ്യ കൊടുത്തു മാലതി, കൂടെ തന്റെ മകളുടെ വിവാഹ കാര്യം പരസ്യമാക്കി.
……………………………………………………………..
ഹരി നയാ പൈസ അനാവശ്യമായി ചിലവഴിച്ചില്ല പിന്നെങ്ങോട്ട്. ഒരു ചായ പോലും പുറത്തു നിന്നും കുടിക്കാതെ, എല്ലാ അനാവശ്യ ചിലവുകളും ഒഴിവാക്കി, തന്റെ പുതിയ കുടുംബത്തിലേക്ക് തനിക്ക് പറയുന്നതിന്റെ പരമാവധി സ്വയം അർപ്പിച്ചു. ഒപ്പം എം ബി എ ഓപ്പൺ ആയി ചെയ്യാനും തുടങ്ങി.
തന്റെ പുതിയ കുടുംബം ഒരു പുതിയ അനുഭവം ആയിരുന്നു ഹരിക്ക്. എന്നോ ഒരിക്കൽ നഷ്ടപ്പെട്ട അമ്മയുടെ സ്ഥാനത്ത് സുലോചനയെ, തന്റെ സുലു അമ്മയെ കണ്ടു.
ഹരിക്ക് യാതൊരുവിധ കുറവോ, അപകർഷാദബോധമോ വരാതെ സുലോചനയും സൂക്ഷിച്ചു. കൂടാതെ ജോലി കഴിഞ്ഞു വന്നാലും തന്റെ മെനങ്ങാ മടിച്ചി മോളെ പോലെ, വെറുതെ ഇരിക്കാതെ സുലോചനയുടെ കൂടെ കൂടി വീട്ടിലെ ഓരോ കാര്യങ്ങളിലും സഹായിച്ചു ഹരി. എന്തിനേറെ പറയുന്നു, പാചകം ചെയ്യുമ്പോൾ പോലും ഹരി സുലോചനയുടെ സഹായി ആയി അടുക്കളയിൽ കയറി…
