അമ്മ സ്നേഹത്തോടെ നന്ദുട്ടനെ വിളിച്ചു…
“മോൻ വല്യമ്മേടെ അടുത്ത് ചെല്ല്ട്ടാ… വല്യമ്മ ചോക്ലേറ്റും ഐസ്ക്രീമും എടുത്ത് തരും… ചേട്ടൻ്റെ നന്ദു കുട്ടൻ ആവശ്യംപോലെ കഴിച്ചോട്ടാ… ചേട്ടനെ നമ്മുടെ അമ്മുചേചിക്ക് രണ്ട് കൊടുത്തിട്ട് വരാം… ഒകെ…”
ഞാൻ അത്രയും പറഞ്ഞു കൈ വിരൽ ചുരുട്ടി തള്ള വിരൽ മാത്രം പൊക്കി ഒരു തമ്സപ്പ് കാണിച്ചു…
“ഒകെ ….”
വളരെ സന്തോഷത്തോടെ ചെക്കൻ മറുപടി പറഞ്ഞുകൊണ്ട് തമ്സപ്പ് തിരിച്ചും തന്നു…
നന്ദൂട്ടൻ്റെ നെറ്റിയിൽ ഒരു ഉമ്മയും കൊടുത്ത് ഞാൻ ഡോർ തുറന്ന് അവരുടെ ഫ്ലാറ്റിലേക്ക് പോയി… ബെൽ അടിച്ചു ഒപ്പം നിത ആൻ്റിയെ വിളിച്ചു…… ഉടനെ ആൻ്റി വന്ന് തുറന്നു… ഒരു റോസ് കോട്ടൺ മാക്സി ആണ് വേഷം.. സാധാരണ വീട്ടിൽ ആൻ്റി മാക്സി ആണ് ധരിക്കാറ്…
“എന്തേ ആ കൊരങ്ങത്തി… എൻ്റെ കൊച്ചിനോട് തല്ലുകൂടി കരയിച്ചിട്ട്… എവിടെ…അവൾ…”
ഞാൻ ആൻ്റിയോട് ചിരിച്ചുകൊണ്ട് ചോദിച്ചു…
“ഓ… നീയല്ലേ അവൾടെ താളത്തിന് ഒപ്പം നിന്ന് തെണ്ടാൻ പോയത്…. ദേ ചെറുക്കാ.. നിനക്കാ ആദ്യം ഒന്ന് തരേണ്ടത്…”
ആൻ്റി എനിക്ക് നേരെ തിരിഞ്ഞു… കപട ദേഷ്യം കാണിച്ചുകൊണ്ട് പറഞ്ഞു… അമ്മുവും ഞാനും ചങ്കും കരളും പോലെ ആണെന്ന് ആൻ്റിക്ക് അറിയാലോ.. അതുകൊണ്ട് ഞാൻ നീട്ടി ഒരു ഇളി ഇളിച്ചു…..ശേഷം..
“അത് പിന്നെ ആൻ്റിടെ അല്ലേ സന്തതി… അതുകൊണ്ട് ആൻ്റിടെ അതേ സ്വഭാവം അതേപടി അമ്മുന് കിട്ടിയേണ്ട്…”
ഞാൻ ചിരിച്ചുകൊണ്ട് ജയൻ അങ്കിൾ സ്ഥിരം പറയുന്ന ഡയലോഗ് എടുത്ത് ആൻ്റീടെ മണ്ടക്ക് വെയ്ക്കാൻ നോക്കി…
“ദേ… ഒന്നങ്ങ് തന്നാൽ ഉണ്ടല്ലോ… ചെറുപ്പം മുതലേ ജിത്തേട്ടാ..ജിത്തേട്ടാ എന്നും പറഞ്ഞ് ഒരുത്തി പിന്നാലെ നടക്കും… വേറൊരുത്തൻ ആണെങ്കിൽ അത് കേട്ടപാടെ ഓടിച്ചെല്ലും…. ഞാൻ ഒരു കണക്കിന് അവളെ നേരെയാക്കാൻ നോക്കുമ്പോൾ നീ എത്തും… പിന്നെ എന്ത് തോന്ന്യാസം വേണോങ്കിൽ പുന്നാര ജിത്തെട്ടൻ ചെയ്ത് കൊടുക്കുന്ന് ആ പെണ്ണിന് അറിയാം… എന്നിട്ട് എനിക്ക് കുറ്റം അല്ലേ…”
ആൻ്റി ഉള്ള സത്യങ്ങൾ വിളിച്ചു പറഞ്ഞു ഒപ്പം എന്നെ ചെവിക്ക് പിടിച്ച് മെല്ലെ വലിച്ചു…
“യ്യോ… എൻ്റെ പൊന്നാര ആൻ്റിയെ ഞാൻ കുറ്റപ്പെടുത്തുമോ… ഇത്രയും നല്ല ഒരു അമ്മയെ അമ്മൂനു വെറെ കിട്ടുവോ?…”
ഞാൻ പെട്ടെന്ന് ആൻ്റിയുടെ പിടിയിൽ നിന്ന് ഒഴിഞ്ഞുമാറി ആൻ്റിയെ സുഖിപ്പിച്ച് പറഞ്ഞുകൊണ്ട് ചിരിയോടെ അകത്തേക്ക് കയറി…
“ദാസേട്ടൻ എപ്പോഴും പറയും… നിന്നെയാ ആദ്യം തല്ലേണ്ടതെന്ന്…”
ആൻ്റി ഒരു ഉപമ പോലെ അച്ഛൻ്റെ ഡയലോഗ് പറഞ്ഞു.
അച്ഛനെ ദാസേട്ടൻ എന്നാണ് എല്ലാവരും വിളിക്കാറ്. ചിലപ്പോ ശങ്കർദാസ് എന്ന പേരിൽ ശങ്കരേട്ടൻ എന്ന് വിളിക്കാൻ ഉള്ള ബുദ്ധിമുട്ടുകൊണ്ട് ആയിരിക്കും അങ്ങനെ വിളിക്കുന്നെ. പക്ഷേ നമ്മുടെ ഗാനഗന്ധർവൻ ദാസേട്ടൻ ആയിട്ട് യാതൊരു ബന്ധവും ഇല്ല. സ്വഭാവവും ശബ്ദവും വളരെ കാഠിന്യമേറിയതാണ്.
അമ്മുൻ്റെ ഓരോ ഉടായിപ്പുകളും കുറുമ്പുകളും ചർച്ചാവിഷയം ആവുമ്പോൾ അച്ഛൻ സ്ഥിരം എന്നെയാണ് പറയാറ്. ആദ്യം മുതലേ എൻ്റെ ഒപ്പം എവിടെയിലെങ്കിലും പോകുമ്പോഴോ കളിക്കുമ്പോഴോ അമ്മൂന് എന്തേലും പറ്റിയാൽ ആൻ്റിയും അങ്കിളും അമ്മുവിനെ പറയുമ്പോൾ മേരാ പിതാജി എൻ്റെ മണ്ടക്ക് ആണ് വെക്കാറ്. എന്നിട്ട് എന്നോട് പ്രത്യേകം പറയും “അമ്മു ചെറുത് അല്ലേ. നീയല്ലേ മൂത്തത്. അപ്പൊൾ നിൻ്റെ ഒപ്പം ഉള്ളപ്പോൾ നീയാണ് കൊച്ചിനെ ശ്രദ്ധിക്കേണ്ടത്” എന്നൊക്കെ പറഞ്ഞ് എന്നെ ഉപദേശിക്കും. ചെറുപ്പം മുതൽക്കേ അവൾക്ക് എന്തേലും പറ്റിയാൽ എനിക്കും സഹിക്കില്ല. അത് വെറെ കാര്യം.
“എവിടെ അവള്… റൂമിലാണോ…?”
അമ്മുനെ കാണാത്തതുകൊണ്ട് ഞാാൻ ആൻ്റിയോട് തിരക്കി…
“ആയ്… നീ വരുന്നത് വരെ ഇവിടെ ഐസ്ക്രീമും തിന്ന് ഇരിപ്പുണ്ടായി… ആ ചിലപ്പോ റൂമിൽ കാണും..അല്ലാതെ എവിടെ പോകാൻ..”
കിച്ചണിലേക്ക് നടക്കുന്ന വഴി ആൻ്റി മറുപടി നൽകി…
“നിനക്ക് കുടിക്കാൻ വല്ലതും വേണോ ജിത്തു…?”
ആൻ്റി ഒരു ഫ്ലോയിൽ ചോദിച്ചു…
“ഓ ഇപ്പോ വേണ്ട… ഇവിടുത്തെ യക്ഷികുഞ്ഞിനെ ഒന്ന് കാണട്ടെ… എന്നിട്ട് പറയാം…”

അടിപൊളി മോനെ