എന്നാലും നമ്മുടെ സ്വന്തം കൂടപ്പിറന്നപോലെ ആവില്ലല്ലോ… പക്ഷേ അമ്മു എന്നെ ഇത്രയും അധികം സ്നേഹിക്കുന്നതിൽ ഞാൻ ഒരുപാട് ഹാപ്പി ആണ്… ഏതൊരു കാര്യവും എന്നോട് പറഞ്ഞിട്ടേ നിത ആൻ്റി പോലും അറിയൊള്ളൂ…
“നന്ദുട്ടാ… ഡാ നോക്കിയേ.. ചേട്ടൻ ഒരു കാര്യം പറയട്ടെ…”
ഞാൻ അവനെ ഇടം കൈകൊണ്ട് ചേർത്ത് പിടിച്ച് മെല്ലെ തലയിൽ മുത്തിക്കൊണ്ട് പറഞ്ഞു…
“മ്മ്…..”
അവൻ മെല്ലെ വിളി കേട്ടു…
“മോൻ്റെ അമ്മുചേച്ചി പാവം അല്ലേടാ… നിന്നെ ഒരുപാട് ഇഷ്‌ടവാ ചേച്ചിക്ക്…”
നന്ദുട്ടൻ ഞാൻ എന്താ പറയുന്നത് എന്ന രീതിയിൽ എന്നെ നോക്കി…
“നമ്മുടെ കൂടെ തല്ല് പിടിക്കാൻ വേണ്ടിട്ടാ അമ്മുചേച്ചി മോനോട് അങ്ങനെ ഒക്കെ പറഞ്ഞേ…”
എൻ്റെ പറച്ചിൽ കേട്ട് അവൻ വിശ്വാസം വരാതെയുള്ള ഭാവത്തിലാണ്…
“ഇല്ല..ചേട്ടൻ ചുമ്മാ പറയുന്നതല്ലേ… എനിക്കറിയാ…”
നന്ദു അവൻ്റെ സംശയം പ്രകടിപ്പിച്ചു പറഞ്ഞു… അമ്മുവിൻ്റെ കുരുത്തക്കേട് അവനിൽ നല്ലോണം കൊണ്ട് എന്ന് എനിക്ക് മനസ്സിലായി… പാവം..
“അല്ലടാ..ഞാൻ കാര്യമായി പറഞ്ഞതാ… അല്ലെങ്കിൽ ഞങൾ രണ്ടാളും ഒരുമിച്ച് പുറത്ത് പോയപ്പോ നന്ദുട്ടന് ഇഷ്ടപ്പെട്ട ചോക്ലേറ്റും സ്ട്രോബറി ഐസ്ക്രീമും വാങ്ങിക്കാൻ പറയുമോ… ഞാൻ മറന്നപ്പോ മോൻ്റെ അമ്മു ചേച്ചിയാണ് അത് ഓർമ്മിപ്പിച്ചത്…”
ഞാൻ പറഞ്ഞതും നന്ദു എന്നെ ഞെട്ടലോടെ നോക്കി…
“ആണോ…? ”
അവൻ വിശ്വാസം വരാതെ എന്നോട് ചോദിച്ചു…
“അതെടാ… ആ കാര്യം ചേട്ടൻ പെട്ടെന്ന് ഓർത്തില്ല… അതാ… ചേച്ചിക്ക് മോനെ കുറെ ഇഷ്ടമുള്ളൊണ്ടല്ലേ ഇങ്ങനെ തല്ല് പിടിക്കുന്നെ… ഏഹ്…”
ഞാൻ ഒരു ചിരിയോടെ പറഞ്ഞു അവൻ്റെ തലയിൽ മെല്ലെ തലോടി…
“ഹും… പക്ഷേ… ചേച്ചിക്ക് ഏറ്റവുമിഷ്ടം ചേട്ടനെയാ….”
അവൻ ഒരു പ്രത്യേക ചിരിയോടും സന്തോഷത്തോടും കൂടി പറഞ്ഞു…
“അതെന്താ നന്ദുട്ടാ… നീ അങ്ങനെ പറഞ്ഞേ…”
അവൻ അങ്ങനെ പറഞ്ഞതിൻ്റെ കാര്യം അറിയാനായി ആകാംഷയോടെ ഞാൻ ചോദിച്ചു…
“അത്… അത്പിന്നെ… ചേച്ചി ചേട്ടനെ കാണാതെ ഇരിക്കുമ്പോള് ഫോണിൽ ചേട്ടൻ്റെ ഫോട്ടോ ഇടയ്ക്ക് എടുത്ത് നോക്കി ഇരിക്കും…”
അവൻ്റെ മനസ്സിലുള്ള കുഞ്ഞു കാര്യം വലിയ രഹസ്യം പോലെ എന്നോട് തുറന്ന് പറഞ്ഞു…
“ആഹാ… ഇതായിരുന്നോ…. അത് ചുമ്മാ നോക്കീതായിരിക്കൂടാ… അവൾക്ക് നമ്മളെ എല്ലാരേം നല്ല ഇഷ്ടം അല്ലേ…”
ഞാൻ അവൻ്റെ മനസ്സിൽ വെറെ ഒന്നും ഇനി തോന്നണ്ട എന്ന് കരുതി പറഞ്ഞു… അവൻ കുഞ്ഞല്ലെ… 7-ലാണ് പഠിക്കുന്നത് എങ്കിലും എനിക്ക് അവൻ കൊച്ച് കുഞ്ഞുപോലെ ആണ്..
“അല്ലാ…അമ്മു എന്നെ കാണാതെ ഇരിക്കുന്നത് എപ്പോഴാ… നമ്മൾ എല്ലാ ദിവസവും കാണുന്നത് അല്ലേ…?”
എൻ്റെ സംശയം ഞാൻ അവനോടായി ചോദിച്ചു… അങ്ങനെ കാണാതെ ഇരിക്കാറില്ല…ആരെങ്കിലും ഒരാള് അങ്ങോട്ട് അല്ലേല് ഇങ്ങോട്ട് വരുന്നതാണ്.. അത് അങ്ങനെ മുടക്കം വരാറില്ല.. വളരെ അപൂർവ്വം ആയെ ഒരു ദിവസം ഒക്കെ കാണാതെ ഇരിക്കോളൂ… കണ്ടില്ലെങ്കിൽ തന്നെ അതിൻ്റെ പിറ്റേന്ന് തന്നെ എന്തായാലും കാണും… അതൊക്കെ ഞാൻ ഓർത്തു…
“അപ്പോഴല്ല… നമ്മള് നാട്ടിൽ പോകാറില്ലേ ഇടയ്ക്ക്… അപ്പോഴൊക്കെ… പിന്നെ ചേട്ടൻ കോളജിൽ നിന്ന് ടൂറ് പോയില്ലേ…എന്നിട്ട് കുറച്ച് ദിവസം കഴിഞ്ഞ് അല്ലേ വന്നത്… അന്നൊക്കെ ചേച്ചി പഠിക്കുന്നതിൻ്റെ ഇടയ്ക്ക് ചേട്ടൻ്റെ ഫോട്ടോ നോക്കി ഇരിക്കും… എന്നിട്ട് എന്തൊക്കെയോ പറഞ്ഞിട്ട് ഫോണില് ഉമ്മ വെക്കുന്നത് ഞാൻ കണ്ടേണ്ട്…”
ആദ്യം ഒരു കഥ പറയുന്ന ഭാവത്തിലും പിന്നെ പിന്നെ ചെറിയ ചിരിയോട് കൂടി നന്ദുട്ടൻ അമ്മു സേച്ചിടെ കഥന കഥയെല്ലാം പറഞ്ഞുതീർത്തു…
അവസാനം അവൻ്റെ മുഖത്തുള്ള നാണം കണ്ടപ്പോൾ എനിക്ക് ആകെ ചമ്മലായി… ഈ പെണ്ണ് ഇത് നാണം കെടുത്തും… നന്ദു എന്ത് അർത്ഥത്തിലാവോ ഇതൊക്കെ കണ്ടിട്ടുള്ളത്… അവന് പ്രണയം, ഇഷ്ടം എന്നതിൻ്റെ അർത്ഥം ഒക്കെ അറിയുമോ ആവോ… ഇനി അമ്മു അങ്ങനെ ഒന്നും തോന്നിട്ടല്ല ഒരു സഹോദരനെന്ന പോലെ സ്നേഹവും വത്സല്യവും പ്രതീക്ഷിച്ചു ആണോ ഇങ്ങനെ പെരുമാറുന്നെ എന്ന് എനിക്ക് ഉറപ്പിക്കാൻ കഴിയാത്ത സ്ഥിതി… എങ്ങനെയെങ്കിലും അമ്മുവിൻ്റെ ഉള്ളിലുള്ളത് കണ്ടുപിടിക്കണം എന്ന് ഞാൻ തീരുമാനിച്ചു…

അടിപൊളി മോനെ