അമ്മു പഴയത് ഒക്കെ ഓർത്തിട്ടാണാവോ അങ്ങനെ ഒരു ചോദ്യം ചോദിച്ചു.. ശരിയാ.. ഇപ്പോ കുറച്ചായി ഇങ്ങനെ ഞങൾ മൂന്നുപേരും കൂടി തല്ലുകൂടിട്ട്… അല്ലെങ്കിൽ ആഴ്ചയിൽ ഒരെണ്ണം നിർബന്ധം ആയിരുന്നു.. എൻ്റെ കോഴ്സും അത് കഴിഞ്ഞുള്ള എക്സാംസ് ഇൻ്റർവ്യൂ അങ്ങനെ അങ്ങനെ മൊത്തം തിരക്കുകൾ ആയിരുന്നു… അതിനിടയിൽ ഇതൊക്കെ വിട്ടുപോയി..
“ഹമ്മ്… ശരിയാ… കുറച്ചായി… അല്ല അപ്പൊ അതിന് വേണ്ടിയാണോ സേച്ചി ഓരോന്ന് ഒപ്പിച്ചത്… ഏഹ്?
പെട്ടെന്ന് തലയിൽ ഒരു തോന്നൽ… ഇവളിത് മനപ്പൂർവ്വം ഒപ്പിച്ചതാണോ എന്ന്…
“ഹി… ഹിഹി….”
മറുപടിക്ക് പകരം ഒരു കുണുങ്ങി ചിരിയാണ് കേട്ടത്. … ഞാൻ പ്രതികരിക്കും മുന്നേ അവളെന്നെ തള്ളി മാറ്റി ബാത്ത്റൂം ഡോറിൻ്റെ വശത്തേക്ക് ഓടി എന്നിട്ട്
“നന്ദുട്ടനെ ഒന്ന് ഇളക്കി വിട്ടാല് അവൻ എട്ടനേം കൂട്ടിയെൻ്റെടുക്കെ വരൂന്നെനിക്കറിയാ… ഹിഹ് … ഹി.. ഹു….”
എന്നെ തിരിഞ്ഞ് നിന്ന് ചിരിച്ചുകൊണ്ട് ഗോഷ്ടികൾ കാണിച്ചുകൊണ്ട് പറഞ്ഞു..
“എടി കള്ളി…. നിന്നെ ഞാൻ…”
അത്രയും പറഞ്ഞുകൊണ്ട് അമ്മുവിന് നേരെ കൈ നീട്ടിയതും അവള് അയ്യോ എന്നലറിക്കൊണ്ട് ബാത്ത്റൂമിൽ കയറി വാതിൽ അടച്ചു…
ഞാനവളുടെ ഓരോ കാട്ടിക്കൂട്ടൽ കണ്ട് ചിരിച്ചു… ശേഷം റൂമിൻ്റെ പുറത്തേക്ക് നടന്നു…
നന്ദു സോഫയിൽ ഇരുന്നു ടിവിയിൽ കാർട്ടൂൺ കാണുന്നുണ്ട്. ടോം ആൻഡ് ജെറി ആണ്. ആദ്യമൊക്കെ ഞാനും ഇടയ്ക്ക് അവൻ്റെ ഒപ്പം ഇരുന്ന് കാണാറുണ്ടായിരുന്നു. കയ്യിൽ ഒരു ബൗളിൽ ബദാമും നട്‌സും ഉണ്ട്… ഇടയ്ക്ക് ഓരോന്ന് പെറുക്കി തിന്നുകൊണ്ട് ഇരുന്നു ചിരിക്കുന്നുണ്ട്…
ഞാൻ അവനോടൊപ്പം സോഫയിൽ ഇരുന്നു. കുറെ നാളായി ഇത് കണ്ടിട്ട്…ശേഷം രണ്ട് ബദാം എടുത്ത് വായിൽ ഇട്ടു.
“ജിത്തു ചേട്ടാ… ചേച്ചി എന്തേ…”
റൂമിലേക്ക് ഒന്ന് രണ്ട് തവണ ഇടം കണ്ണിട്ട് നോക്കിക്കൊണ്ട് നന്ദു എന്നോട് ചോദിച്ചു.
“കുളിക്കാൻ പോയി… എന്തേ.. ഡാ…?”
ഞാൻ നന്ദുട്ടൻ്റെ തലയിൽ ഇടത്തുകൈക്ക് തലോടിക്കൊണ്ട് പറഞ്ഞു…
“അതേ… ചേട്ടാ… നമക്ക് ചേച്ചിനെ നേരത്തെപോലെ… ഇനീം… ചെയ്താലോ…?”
നേരത്തെ ബെഡിൽ വെച്ച് അമ്മുവിനെ ഇക്കിളി ആക്കിയ കാര്യം ഓർത്ത് നന്ദുട്ടൻ വെളുക്കേ ചിരിച്ചുകാട്ടി പ്രതീക്ഷയോടെ എന്നോട് ഒന്നൂടെ അടുത്ത് ഇരുന്ന് എൻ്റെ ചെവിയിൽ സ്വകാര്യം പോലെ പറഞ്ഞു… ലേശം കൊഞ്ചൽ ഉണ്ട്.. പറഞ്ഞതിന് ശേഷം വീണ്ടും അമ്മുൻ്റെ മുറിയിലേക്ക് നോക്കി… ആൾക്ക് പ്രതികാരം ചെയ്ത് തൃപ്തി ആയില്ലാന്നു തോന്നുന്നു… അതിൻ്റെയാകും…
“വേണോ… ഹും..?”
ഇനിയും അമ്മുനേ ഉപദ്രവിക്കാൻ താത്പര്യം ഇല്ലാതെ ഞാൻ ചോദിച്ചു… കുറച്ചൊക്കെ ഓകെ ആണ്.. പക്ഷേ കൂടുതൽ ആയാൽ പെണ്ണ് എന്ത് ചെയ്യുന്ന് പറയാൻ പറ്റില്ല…അല്ലെങ്കിൽ തന്നെ ഞാൻ നന്ദുട്ടൻ്റെ ഒപ്പം നിക്കുന്നു എന്ന പരാതി അവൾക്ക് ഉണ്ട്… വീണ്ടും ഒരങ്കം ഇന്ന് ശരിയാവില്ല… ചിലപ്പോ അവൾക്ക് സങ്കടാവും… അവളെ അങ്ങനെ ഒരുപാട് വിഷമിപ്പിക്കാൻ എനിക്ക് താൽപര്യം ഇല്ല…
“ഹാ… വേണം വേണം….”
ചെറുക്കൻ വല്ലാത്ത താൽപര്യത്തോടെ കണ്ണൊക്കെ തള്ളി എന്നെ നോക്കി .. എന്നിട്ട് സോഫയിലിരുന്ന് തുള്ളിച്ചാടിക്കൊണ്ട് പറഞ്ഞു…
“അയ്യട… മോനേ… ഇത് കഴിച്ചിട്ട് പോയിരുന്നു ഹോംവർക്ക് ഒക്കെ ചെയ്ത് തീർക്ക്… ഇല്ലേൽ ആൻ്റിടെ കയ്യീന്ന് കിട്ടും നിനക്ക്…”
ഞാൻ പറഞ്ഞതും നന്ദുട്ടൻ കാറ്റഴിച്ച് വിട്ട ബലൂൺ പോലെയായി… എന്നെ നോക്കി മുഖം ചുളുക്കി.. ശേഷം നേരെ ടിവിയിൽ നോക്കി ഇരുന്നു… അങ്ങനെയുള്ള എൻ്റെ മറുപടി അവൻ്റെ കുഞ്ഞു മനസ്സ് പ്രതീക്ഷിച്ചു കാണില്ല.. സ്വന്തം ചേച്ചിയെ തല്ലുപിടിക്കാൻ എന്താ ഇൻ്ററസ്റ്റ്…
ശരിക്കും ഇതൊക്കെ കാണുമ്പോളെനിക്ക് നന്ദുട്ടനോടും അമ്മുനോടും ചെറിയ അസൂയ തോന്നാറുണ്ട്… വീട്ടിൽ തന്നെ കൂട്ടുകൂടാനും തലുപിടിക്കാനും നമുക്ക് ഒരു കൂടപ്പിറപ്പ് വീട്ടിൽ ഉള്ളത് ഒരു ഭാഗ്യം ആണ്…
എൻ്റെ നാലാം വയസ്സിൽ എനിക്ക് കൂട്ടായി അമ്മു വന്നതിനു ശേഷമാണ് അതിൽ നിന്നൊക്കെ കുറച്ച് ആശ്വാസം ആയത്. അമ്മ ഇടയ്ക്ക് പറയും അമ്മു ജനിച്ചതിൽ ഏറ്റവും സന്തോഷിച്ചത് ഞാൻ ആണെന്ന്… നിത ആൻ്റി അമ്മുവിനെ ഊട്ടുമ്പോഴും ഉറക്കുമ്പോഴും ഞാൻ പിന്നാലെ ഉണ്ടാവും… പിന്നീട് അമ്മു വലുതായി നടന്ന് തുടങ്ങിപ്പോ ഞാൻ അങ്ങോട്ട് ചെന്നില്ലേൽ ആള് ആൻ്റിയെ കൂട്ടി എൻ്റടുക്കൽ വരും… ഇടയ്ക്ക് അമ്മ ചെന്ന് കൊണ്ടുവരാറും ഉണ്ട്. കുറച്ച് അറിവൊക്കെ ആയപ്പോൾ നേരം വെളുത്താൽ ആള് ഇവിടെ ഉണ്ടാവും…

അടിപൊളി മോനെ