ഇതുവരെ അത് എനിക്ക് നൽകിയ ധൈര്യത്തിന് പകരമായി, ഞാൻ തിരിച്ച് അതിന് ധൈര്യം പകരുകയായിരുന്നു!
ആ നിമിഷം, എന്റെ നെറ്റിയിലെ ആ ചെറിയ രത്നം വീണ്ടും ജ്വലിച്ചു! മങ്ങിപ്പോയ ചുവന്ന പ്രകാശം ഇരട്ടി ശക്തിയോടെ തിരികെ വന്നു. എന്റെ സിരകളിൽ മരവിച്ചുപോയ ചോര വീണ്ടും തിളക്കുന്ന ലാവ പോലെ ഒഴുകാൻ തുടങ്ങി.
നഷ്ടപ്പെട്ട ശക്തിയും വേഗതയും ഇരട്ടിയായി എന്നിലേക്ക് ഇരച്ചുകയറി.
ശേഷം വല്ലാത്തൊരു വന്യമായ ഗർജ്ജത്തോടെ ഞാൻ മുന്നോട്ട് കുതിച്ചു. രുധിരമണി എനിക്ക് നൽകിയ സർവ്വശക്തിയും, ഇതുവരെ ഞാൻ പരീക്ഷിച്ചിട്ടില്ലാത്ത അതിവേഗതയും ഞാൻ ഒന്നിപ്പിച്ചു. എന്റെ കയ്യിലെ ആ ഭീമാകാരമായ കറുത്ത വാൾ ഒരു മിന്നൽപ്പിണർ പോലെ വായുവിനെ കീറിമുറിച്ചു.
ഒരു നിമിഷം കൊണ്ട് ഞാൻ മാനസയുടെ മുന്നിലെത്തി. എന്റെ വാളിന്റെ മൂർച്ചയേറിയ തലപ്പ് അവളുടെ മൃദുവായ കഴുത്തിന് തൊട്ടു മുന്നിലെത്തി! വെറും ഒരു നൂലിഴയുടെ വ്യത്യാസം!
“ഞാൻ ജയിച്ചു!” എന്റെയുള്ളിൽ ആ ചിന്ത മിന്നിമറഞ്ഞു.
പക്ഷേ… ആ വാൾത്തലപ്പ് അവളുടെ ചർമ്മത്തിൽ തൊടുന്നതിന് തൊട്ടുമുമ്പുള്ള ആ നിമിഷം, അവൾ ഒരടിയോ, ഒരു കണ്ണിമ പോലുമോ ഇളകിയില്ല…
അവളുടെ സർപ്പ കണ്ണുകളിൽ യാതൊരു ഭയമോ വികാരമോ ഉണ്ടായിരുന്നില്ല. ഒരു മരപ്പാവയെപ്പോലെ അവൾ അനങ്ങാതെ നിന്നു.
അടുത്ത നിമിഷം, അത് സംഭവിച്ചു!
പ്രകാശത്തിന്റെ വേഗതയിൽ കണ്ണിമവെട്ടുന്ന നേരം കൊണ്ട് അവൾ എന്റെ മുന്നിൽ നിന്നും അപ്രത്യക്ഷയായി! വെറും ശൂന്യതയെയാണ് എന്റെ വാൾ കീറിമുറിച്ചത്. വായുവിൽ മുന്നോട്ട് ആഞ്ഞുപോയ ഞാൻ സ്തംഭിച്ചുപോയി. എനിക്ക് വല്ലാത്തൊരു അനുഭൂതിയാണ് ഉണ്ടായത്.
ഞാൻ അതിവേഗതയിലാണ് ചലിക്കുന്നത് എന്ന് എനിക്ക് ഉറപ്പാണ്, പക്ഷേ മാനസയുടെ ആ നീക്കത്തിന് മുന്നിൽ സമയം തന്നെ നിലച്ചതുപോലെ എനിക്ക് തോന്നി!
എന്റെ സർവ്വ ശക്തിയുമെടുത്ത് ഞാൻ വായുവിൽ കുതിക്കുകയാണെങ്കിലും, എനിക്ക് തോന്നിയത് ഞാൻ ഒരു ആമയെപ്പോലെ അതിദാരുണമായി പതുക്കെയാണ് ചലിക്കുന്നത് എന്നാണ്. അത്രത്തോളം അമാനുഷികവും അവിശ്വസനീയവുമായിരുന്നു അവളുടെ വേഗത. ഞാൻ വായുവിൽ അങ്ങനെ സ്തംഭിച്ചു നിൽക്കുമ്പോൾ തന്നെ… പൊടുനെ എന്റെ പിന്നിൽ നിന്നും അതിശക്തമായ ഒരു അടി കിട്ടി!
ഇരുമ്പ് മുഷ്ടി കൊണ്ട് ഇടിച്ചതുപോലെയുള്ള ആ അടിയിൽ പെട്ട്, ഒരു പന്തുപോലെ ഞാൻ വായുവിൽ മലക്കം മറിഞ്ഞ് ദൂരേക്ക് തെറിച്ചുപോയി!
ആ അടിയുടെ ആഘാതത്തിൽ എന്റെ വാരിയെല്ലുകൾ ഒന്നാകെ നുറുങ്ങിയതുപോലെ എനിക്ക് തോന്നി. വായുവിൽ വട്ടം കറങ്ങി, വലിയൊരു ശബ്ദത്തോടെ ഞാൻ ആ ചുവന്ന മണ്ണിലേക്ക് മുഖമടിച്ച് വീണു. നിലത്ത് വീണയുടനെ എന്റെ നെഞ്ചിലൊരു കൊളുത്തിവലിക്കുന്ന വേദനയുണ്ടായി, അടുത്ത നിമിഷം എന്റെ വായിൽ നിന്നും ചൂടുള്ള ചോര മണ്ണിലേക്ക് കുതിച്ചൊഴുകി. എന്റെ ജീവനായ ആ കറുത്ത വാൾ പിടിവിട്ട് എങ്ങോട്ടോ തെറിച്ചുപോയിരുന്നു.
ചുമച്ചുകൊണ്ട്, മണ്ണും ചോരയും കലർന്ന മുഖം പതുക്കെ ഉയർത്തി ഞാൻ മാനസയെ നോക്കി. എന്നെ ഒരൊറ്റയടിക്ക് നിലംപരിശാക്കിയ ആ സംഹാരരൂപത്തിന്റെ കണ്ണുകളിൽ വിജയത്തിന്റെ വന്യതയും ആവേശവുമൊക്കെ കാണാമെന്ന പ്രതീക്ഷയിലായിരുന്നു ഞാൻ.
പക്ഷേ… അവിടെ കണ്ട കാഴ്ച എന്നെ ശരിക്കും അപമാനിക്കുന്നതായിരുന്നു!
അവളുടെ മുഖത്ത് യുദ്ധത്തിന്റെ യാതൊരു ഗൗരവവുമില്ല! എന്നെ പഞ്ഞിക്കിട്ടതിന്റെ യാതൊരു ആവേശവും ആ കണ്ണുകളിലില്ല. പകരം, താൻ പ്രതീക്ഷിച്ചത്ര നിലവാരമില്ലാത്ത ഒരു കളിപ്പാട്ടം കിട്ടിയ കൊച്ചുകുട്ടിയെപ്പോലെ, വലിയൊരു നിരാശയോടെ അവൾ എന്നെ നോക്കി ചിറി കോട്ടുകയായിരുന്നു! “ഇത്രയേ ഉള്ളൂ നിന്റെയീ പ്രകടനം?” എന്ന് ചോദിക്കുന്നതുപോലെ വല്ലാത്തൊരു പുച്ഛം നിറഞ്ഞ ഭാവം.
ഇങ്ങനെയൊരു പ്രതികരണം ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അവളെന്നെ അക്ഷരാർത്ഥത്തിൽ കളിയാക്കുകയായിരുന്നു.
അവളുടെ ആ പുച്ഛം എന്നിലെ ഈഗോയെ വീണ്ടും ആളിക്കത്തിച്ചു. ഞാൻ തോൽവി സമ്മതിക്കാൻ തയ്യാറായിരുന്നില്ല. ചോര തുടച്ചുമാറ്റി, മണ്ണിൽ കുത്തി ഞാൻ വീണ്ടും എഴുന്നേറ്റു. തെറിച്ചുവീണ വാൾ വേഗത്തിൽ കയ്യിലെടുത്തു. നെറ്റിയിലെ രുധിരമണിയിൽ നിന്നും അവസാന തുള്ളി ശക്തിയും വലിച്ചെടുത്ത് ഒരലർച്ചയോടെ ഞാൻ വീണ്ടും അവൾക്ക് നേരെ പാഞ്ഞടുത്തു. ഇത്തവണ സർവ്വ ശക്തിയുമെടുത്ത്, വായുവിൽ വെട്ടിത്തിരിഞ്ഞ് പല കോണുകളിൽ നിന്നും ഞാൻ അവളെ തുടർച്ചയായി ആക്രമിച്ചു. ചുറ്റും കാറ്റിന്റെ ചുഴികൾ സൃഷ്ടിച്ചുകൊണ്ട് എന്റെ വാൾ അവൾക്ക് നേരെ പാറിനടന്നു.
